Thursday, August 21, 2014

എ.അയ്യപ്പന് സ്തുതിയായിരിക്കട്ടെ



പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പേരില്‍ ഏഷ്യാനെറ്റ് ഒ.എന്‍.വി യെ ആദരിക്കുന്നു...ചിലതങ്ങനെയാണ്..എല്ലാം ഇങ്ങോട്ട് വന്നു ചേരും..മലയാള സാഹിത്യത്തെ ആഴത്തില്‍ പഠിച്ചവര്‍ അറിഞ്ഞവര്‍ ഒ.എന്‍.വി യെ മാറ്റൊലിക്കവി എന്ന് വിളിച്ചു... അലങ്കാര വടിവുകള്‍ ഞൊറി വിടര്‍ത്തുന്ന, വൃത്തശുദ്ധിയുള്ള, സംഗീത സാന്ദ്രമായ മലയാള പദ്യങ്ങള്‍, ഗാനങ്ങള്‍..ഈ കാവ്യ സപര്യ ,  അക്കാടെമിക്/സിനിമ നിലവാരത്തിനപ്പുറം മലയാളിക്ക് എന്ത് നല്‍കി എന്നത് ആഴത്തില്‍ ചിന്തിക്കേണ്ടുന്ന ഒന്നാണ്. പക്ഷെ അതെന്തായാലും അദ്ദേഹം എന്നും സാംസ്കാരിക കേരളത്തിന്‍റെ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു ..ഭാഗ്യ ജാതകം

മലയാളിയുടെ മനസ്സില്‍ വാക്കുകളില്‍ കൂടി തീ കോരിയിട്ട അനേകം കവികള്‍/എഴുത്തുകാര്‍  ഉണ്ട് , ഉണ്ടായിരുന്നു !! സമൂഹത്തെ എടുത്തു അണിഞ്ഞു നടക്കുന്നവര്‍ അല്ല..അതിന്‍റെ ഭാഗമായവര്‍...അവര്‍ എഴുതിയത് മലയാളിയുടെ നെഞ്ചില്‍ ഉണ്ട് ...ജ്ഞജ്ഞാനപീഠങ്ങള്‍ ഒന്നും തേടി വന്നിട്ടില്ലത്തവര്‍....വെയില്‍ തിന്ന പക്ഷിയായി എങ്ങോ മറഞ്ഞ അയ്യപ്പനു വേണ്ടി ഒരു ചാനലും അനുസ്മരണം നടത്തിയില്ല ...ഒരു സ്മാരകവും പണിയിച്ചുമില്ല.. വി.കെ.എന്‍. നിന്‍റെ മരണാനന്തര ചടങ്ങുകളില്‍   സാംസ്ക്കാരിക നായകനെയോ  മന്ത്രിയെയോ കണ്ടില്ല.

ശരാശരികള്‍ക്കും മുകളില്‍, മിട്ടായി/ഐസ്ക്രീം നിലവാരതിനപ്പുറം എഴുതുന്നവര്‍, ബ്രാന്‍ഡ്‌ ചെയ്യപ്പെടാത്ത, വിപണന മൂല്യം കുറഞ്ഞ  എഴുത്തുകാര്‍ - ഒരു പുരസ്ക്കാരവും , ഒരു ചാനലും, ഒരു മന്ത്രിയും  അവരെ തേടി വരില്ല. കാരണം ടെലിവിഷന്‍ റേറ്റിംഗ്കൂട്ടാന്‍ പാകത്തില്‍
commodatized അല്ല അവര്‍ എന്നത് തന്നെ.

അയ്യപ്പാ ...ഓര്‍ക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു . മലയാളമല്ലാത്ത ഒരു മലയാളത്തിന്റെ വഷളന്‍ ഉച്ചാരണത്തില്‍ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് വിളിക്കുന്നതും, അക്ഷര വിരോധിയായ ചാനല്‍ മുതലാളി  ചൊറിയുന്ന പട്ടു കോണകം പുതപ്പിക്കുന്നതും , ആഴ്ചപതിപ്പിലെ പുളകം കൊള്ളിക്കുന്ന കിളി തുടരനുകള്‍ മാത്രം വായിച്ചിട്ടുള്ള മന്ത്രി, നിങ്ങളുടെ സാഹിത്യ സംഭാവനയെപ്പറ്റി വാചാലനാകുന്നതും, തീ പോലെ പൊള്ളിക്കുന്ന നിങ്ങളുടെ കവിതകള്‍, അവ ലക്ഷണം നിറഞ്ഞ താളത്തില്‍ പാടി,  റിമി ടോമി നൃത്തം ചെയ്യുന്നതും...ഇതൊന്നും വേണ്ടി വന്നില്ലല്ലോ !!! ഒരു പക്ഷെ അതായിരിക്കാം നിങ്ങളോടും നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാഹിത്യകാരന്മാരോടും കാണിക്കാവുന്ന ഏറ്റവും വലിയ ആദരവ്. നിങ്ങള്ക്ക് സ്തുതിയായിരിക്കട്ടെ ..... 

Thursday, August 7, 2014

ഭ്രാന്തിന്‍റെ അടരുകള്‍


മഞ്ഞുമലയുടെ തുമ്പ് എന്നൊരു പ്രയോഗം ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ട്...ഏതാണ്ട് സമാനമായ ഒരു അനുഭവം ആയിരുന്നു സംഗീത ശ്രീനിവാസന്‍റെ “അപരകാന്തി” വായിച്ചപ്പോള്‍ ലഭിച്ചത് .  ഭ്രാന്തിന്‍റെ അടരുകള്‍ - ഈ കൃതിയെ ചുരുങ്ങിയ വാക്കുകളില്‍ അങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നു. ഭ്രാന്തിനെ അതിന്‍റെ ആഴത്തില്‍ അറിഞ്ഞ / അനുഭവേദ്യമാക്കിയ   മലയാള കൃതികള്‍ കുറവാണ്. നാറാണത്ത്‌ ഭ്രാന്തന്‍ തുടങ്ങി ഏതാണ്ട് ഒരുപാട് കഥാപാത്രങ്ങള്‍ ഈ വഴിയില്‍ നടന്നിട്ടുണ്ടെങ്കിലും വളരെ ഉപരിപ്ലവമായി മാത്രമാണ് ഭ്രാന്ത്‌ എന്ന പ്രതിഭാസത്തെയും, അതിന്‍റെ ജീവിത ചുറ്റുപാടുകളെയും , അതിലേക്കു നയിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെയും മലയാളി വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും. പലപ്പോഴും ജനകീയ കലാരൂപങ്ങളില്‍ കഥാകഥനത്തിനെ ഹാസ്യവല്ക്കരിക്കാനും, അതിനാടകീയത കൊണ്ടുവരാനുമുള്ള  ഒരു ഉപാധി മാത്രമായി ഭ്രാന്ത്‌ ലളിതവല്ക്കരിക്കപ്പെട്ടു. ഭ്രാന്തിന്റെ അടിത്തട്ടുകള്‍, അതിന്‍റെ വേറിട്ട തലങ്ങള്‍, കാല്‍പനിക ഭാവങ്ങള്‍, സാമൂഹിക സമസ്യകള്‍ ഇവയിലേക്കു ഒന്നും എത്താതെ, ഭ്രാന്തന്‍ അല്ലെങ്കില്‍ ഭ്രാന്തി ദൈനംദിന ജീവിതത്തില്‍ ശ്രിഷ്ടിക്കുന്ന അനുരണനങ്ങള്‍ ഏതാനും കോണുകളില്‍ നിന്നും മാത്രം നോക്കി കാണുകയാണ് ഇതുവരെ നമ്മള്‍ അറിഞ്ഞ ഭ്രാന്ത്‌. ഓഷോ, ജിദ്ദു തുടങ്ങി,  വേറൊരു തലത്തില്‍ നിന്ന് ഭ്രാന്തിനെ നിര്‍വചിക്കാന്‍ മുതിര്‍ന്നവര്‍ എല്ലാം തന്നെ, അതിനെ  ദാര്‍ശനികമായി  മാത്രം സമീപിച്ചവര്‍ ആയിരുന്നു.

“നാമെല്ലാം ഭ്രാന്തരായി ജനിക്കുന്നു ..ചിലര്‍ അങ്ങനെ തന്നെ തുടരുന്നു”, വെയിറ്റിംഗ്ഗ് ഫോര്‍ ഗോദോയില്‍ Samuel Becket കുറിച്ച വരികള്‍ ആണ് ഇത് . ഈ അര്‍ഥത്തില്‍ നമ്മളില്‍ എല്ലാം ഭ്രാന്തിന്‍റെ ഏറ്റകുറച്ചിലുകള്‍ അടങ്ങിയിരിക്കുന്നു. ഏതു സാഹചര്യത്തില്‍ എങ്ങനെ നമ്മള്‍ അതിനോട് പ്രതികരിക്കുന്നു അഥവാ സഹകരിക്കുന്നു എന്നത് മാത്രം ആണ്,  ഭ്രാന്തനായ ഞാനും ഭ്രാന്തനല്ലാത്ത ഞാനും തമ്മിലുള്ള വെത്യാസം. യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് നിന്നും ബന്ധം വിഛെദിക്കപ്പെട്ട മാനസിക  അവസ്ഥയെ പരാമര്‍ശിക്കപ്പെടുന്നത് സൈക്കൊസിസ് എന്ന പേരിലാണ്. ഇതിനെ പൊതുവില്‍ ഭ്രാന്തിന്‍റെ ലക്ഷണമായി കരുതിപ്പോരുകയും ചെയ്യുന്നു. മെഡിക്കല്‍ ഭാഷയില്‍ സമീപിക്കുമ്പോള്‍ ഏറെ ന്യായീകരണങ്ങള്‍  ഉള്ള ഈ വിവക്ഷയില്‍ , പക്ഷെ മറ്റേതൊരു കോണില്‍ നിന്നും നോക്കിയാലും വലിയ കുഴപ്പം പിടിച്ച ചില ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് കാണാം. എന്താണ് യാഥാര്‍ഥ്യം ? ജോര്‍ജ് ഓര്‍വെല്‍ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ “1984”  ഇങ്ങനെ കുറിക്കുന്നു, “Perhaps a lunatic was simply a minority of one. At one time it had been a sign of madness to believe that the Earth goes round the Sun; today, to believe the past is inalterable. He might be alone in holding that belief, and if alone, then a lunatic. But the thought of being a lunatic did not greatly trouble him; the horror was that he might also be wrong.”  അത് കൊണ്ട്തന്നെ,  ഞാന്‍ കാണുന്നതാണ് യാഥാര്‍ഥ്യം എന്ന് ശഠിക്കുക തീരെ വയ്യ. അല്ലെങ്കില്‍ എല്ലാവരും എന്ത് കാണുന്നുവോ അത് അവനവന്റെ യാഥാര്‍ഥ്യം എന്ന് അങ്ങീകരിക്കേണ്ടി വരും. അങ്ങെനെ വരുമ്പോള്‍ ആര്‍ക്കും  യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് നിന്നും ബന്ധം വിഛെദിക്കപ്പെട്ട മാനസിക അവസ്ഥ  എന്നൊന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നുകില്‍ എല്ലാവര്‍ക്കും ഭ്രാന്ത്‌ അല്ലെങ്കില്‍ ആര്‍ക്കും  ഭ്രാന്ത്‌ ഇല്ല. ഇതില്‍ എല്ലാവര്‍ക്കും ഭ്രാന്ത്‌ എന്ന കല്‍പ്പന വികസിപ്പിക്കുകയാണ് സംഗീത ശ്രീനിവാസന്‍ തന്‍റെ അപരകാന്തി എന്ന നോവലില്‍ ചെയ്തിട്ടുള്ളത്. ഈ ഒരു കോണില്‍ നിന്നും സമീപിക്കുമ്പോള്‍ പുസ്തകം ഇത് വരെയുള്ള സമീപനങ്ങളില്‍ നിന്നും തികച്ചും പുതുമ പുലര്‍ത്തുന്നു. ഒരു ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തെ നോക്കികാണുന്നതും, ബാക്കി സമൂഹം അവനെ നോക്കി കാണുന്നതും ആണ് നോവലിന്റെ വണ്‍ ലൈനര്‍. അതിന് അപ്പുറം, ഈ രണ്ടു കാഴ്ചകളിലെക്കും നയിക്കുന്ന സാമൂഹിക യാധാര്‍ധ്യങ്ങള്‍ ആണ് കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നത്.  
പുറത്തു നിന്നുള്ള ഇതൊരു ആക്രമണത്തിനെയും പ്രതിരോധിക്കുക എന്നത്, മനുഷ്യന്‍റെ സാമൂഹികവും ജൈവികവുമായ ഒരു പ്രത്യേകത ആണ്, ഇത് സമൂഹത്തിനും ശരീരത്തിനും എന്നത് പോലെ മനസിനും ബാധകമാണ്. ഇത് കൊണ്ടാണ്, മുറിവ് ഉണങ്ങുന്നതു പോലെയാണ് മറവിയും എന്ന് നാം പറയുന്നത്. അങ്ങനെ ഒരു പ്രതിരോധ രൂപമാണ് ഭ്രാന്തും. idiotic, crazy, insane, lunatic, mad  എന്നൊക്കെ നാം പല പേരില്‍ , പല വേളയില്‍ വിളിക്കുന്നു എങ്കിലും അടിസ്ഥാനപരമായി ഇവ എല്ലാം മനസിന്‍റെ reaction patterns ആണ്, പ്രതികരണത്തിന്റെ സ്വഭാവവും സാഹചര്യങ്ങളെയും അടിസ്ഥാനപ്പെടുത്തി നാം അവയെ വെവ്വേറെ അടയാളപ്പെടുത്തുന്നു എന്ന് മാത്രം. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ എങ്ങനെയാണ്, എന്തിനെയാണ്  നാം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് എന്നുള്ളത് അനുസരിച്ച് നമ്മുടെ ഓരോരൂത്തരുടേയും ഭ്രാന്തും, നടേ പറഞ്ഞ  ഏതെങ്കിലും ഒക്കെ ഗണങ്ങളില്‍ ഉള്‍പ്പെടുത്താം.

José Enrique Rodó എന്ന ലാറ്റിന്‍ അമേരിക്കന്‍ കവിയുടെ വളരെ പ്രശസ്തമായ ഒരു നിരീക്ഷണം a man is many men” ഇവിടെ തികച്ചും പ്രസക്തമാണ്. നാമെല്ലാം ഒരു വ്യക്തി എന്ന നിലയില്‍ പല വ്യക്തിത്വങ്ങള്‍ പേറുന്നവരാണ്. അതില്‍ തന്നെ, പല വ്യക്തിത്വങ്ങളില്‍ പല നിറങ്ങളില്‍, പല രുചികളില്‍, പല അളവില്‍ , ഭ്രാന്തും പേറുന്നവര്‍.  അതിലൊരു ഭ്രാന്തിന്‍റെ രുചി അതാണ്‌ “അപരകാന്തി” അനുഭവിപ്പിക്കുന്നത്.  

Thursday, May 8, 2014

ഒരു ലൈന്‍മാന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍ - മലയാളി സ്വത്വത്തിനു നേരെ പിടിച്ച കണ്ണാടി

ഏതാണ്ട് മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് “ഒച്ചുകള്‍” എന്ന പേരില്‍ കെ.ജി.ശങ്കരപ്പിള്ള ഒരു കവിത ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ രണ്ടാം ഭാഗം എന്ന പോലെ വായിക്കാവുന്ന മറ്റൊരു കവിത ഈ കഴിഞ്ഞ ലക്കം ഭാഷാപോഷിണിയില്‍ “ഒരു ലൈന്‍മാന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു . പോസ്റ്റ്‌മോഡേണ്‍ മലയാളിയുടെ , പ്രത്യേകിച്ചും മലയാളി മധ്യവര്‍ഗത്തിന്റെ പേടിപ്പിക്കുന്ന നിസംഗത തിരനിവര്‍ത്തുകയാണ് കെ.ജി.എസ് ഈ കവിതയിലൂടെ. പ്രത്യേകിച്ച് ഒന്നും നേടാനില്ലാത്ത, ജനിച്ചു പോയത് കൊണ്ട് ജീവിക്കുന്ന, പത്തായങ്ങള്‍ പെറ്റ് , യന്ത്രങ്ങള്‍ കുത്തിയത് ഉണ്ണുന്ന ഉണ്ണികള്‍.....അരാഷ്ട്രീയത, മതം ആയി മാറുന്ന ഉപഭോഗം, അസാമൂഹികമായ  ധാരണകള്‍, അന്യം നില്‍ക്കുന്ന ചില പാരമ്പര്യങ്ങള്‍, ചരിത്ര ബോധങ്ങള്‍, അസഹനീയമായ, ആസുരമായ ഓര്‍മപ്പെടുത്തലുകള്‍ ......

ഇരുട്ട് അജ്ഞാനം ആല്ല, അറിയാനാകയ്മയാണ്  എന്ന് ആദ്യം നമ്മോടു സൂചിപ്പിച്ചത് “ഓഷോ” ആണ്. ഇവിടെ കെ.ജി.എസ് അത് നമ്മോടു വീണ്ടും പറയുന്നു. ഇരുട്ടില്ലെങ്കില്‍ നിലാവില്ല, കൈ എത്തി നീട്ടിയാല്‍ തൊടാവുന്ന ഗന്ധരാജന്‍ പൂക്കളുടെ നേര്‍ത്ത പ്രകാശം ഇല്ല , നാസികകളെ ത്രസിപ്പിച്ചു നിലവില്‍ നിറഞ്ഞിരുന്ന കൈതപ്പൂ മണം ഇല്ല, അങ്ങിങ്ങ് കമ്പുവേലികള്‍ കൊണ്ട് അതിര്‍ തിരിച്ചിരുന്ന തൊടികളെ ചുറ്റി കിടന്ന ഗ്രാമ പാതകളില്‍ മിന്നി മിന്നി തെളിഞ്ഞിരുന്ന വഴിച്ചൂട്ടുകള്‍, മണ്ചെരാതുകള്‍ മുനിഞ്ഞു കത്തുന്ന ഗ്രാമ ചന്തകള്‍, ഇരുട്ടില്‍ മാടനും മറുതയും പൊട്ടനും നടന്ന ഇടവഴികള്‍, പാണലിലയും പച്ചിരുമ്പും തലയിണക്കീഴില്‍  വച്ച് അര്‍ജുനപ്പത്തു ജപിച്ചുറങ്ങിയ പാലപ്പൂ മണത്ത, മഞ്ഞിന്‍റെ നേര്‍ത്ത കുളിര് പടര്‍ന്നു കിടന്ന നീളമുള്ള രാത്രികള്‍, കര്‍ക്കിടക വാവിന് രാത്രിയില്‍ ഇരുട്ട് നിറഞ്ഞ തെക്കേ മുറിയില്‍, മരോട്ടി എണ്ണയില്‍ തെളിഞ്ഞ ഒരുതിരി വെളിച്ചത്തില്‍ , നാക്കിലയില്‍ നേദിച്ച വാവട രുചിച്ചു തിരിച്ചു നടക്കുന്ന പിതൃക്കള്‍ ....... നഷ്ടപ്പെടലുകള്‍..... എന്നേക്കുമായുള്ള  നഷ്ടപ്പെടലുകള്‍.... ഇപ്പോള്‍ എനിക്കെന്റെ ഇരുട്ടിനെയും നഷ്ടപ്പെടുന്നു  .....ഇരുട്ട് ഭയപ്പെടുന്നത് പോലെ...എവിടെയും പകല്‍ മാത്രം ...വെളിച്ചം മാത്രം.... വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു നിറഞ്ഞു നിന്നു ഞാന്‍ എന്നെ തന്നെ നഷ്ടപ്പെട്ടു തുടങ്ങും....പിന്നെ തിളയ്ക്കുന്ന വെളിച്ചം നിറഞ്ഞ, ഈ പുതിയ കമ്പോളത്തില്‍ നിന്നും പോളിത്തീന്‍ കവറില്‍  നിറച്ച  ഇരുട്ടും ഞാന്‍ വാങ്ങി തുടങ്ങും....

  
സാമൂഹികമായി നമ്മള്‍ക്ക് നമ്മളെ ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു . തകര്‍ന്ന സാമൂഹിക പ്രത്യയശാസ്ത്രങ്ങളും,  ദര്‍ശനങ്ങളും, ഭരണകൂടത്തിന്‍റെ നിലപാടില്ലായ്മയും , നിലയില്ലായ്മകളും..ദിശയറിയാതെ ആപ്പുകളുടെ വിര്‍ച്വല്‍ ലോകത്ത് അഭിരമിച്ചു ജീവിക്കുന്ന ഒരു യുവ തലമുറ(Alfred Tennyson  അദ്ദേഹത്തിന്‍റെ The Lotos-Eaters എന്ന കവിതയില്‍ വരച്ചു കാട്ടുന്നത് പോലെ )

 “വീഴാതിരിക്കാന്‍ ഓടാതിരുന്നവന്‍” കളി ജയിക്കുമ്പോള്‍, ഈ സമൂഹത്തിന് ഓടിയവന്‍ പരിഹാസപാത്രമാണ് . ( മദ്യപാന സദസുകളിലെയും, കോമഡി പരിപാടികളിലെയും പട്ടാള കഥകള്‍, നക്സല്‍ കഥകള്‍ ഇവ   സാക്ഷ്യം) ,  . “ all are equal, some are more equal. എന്ന് ജോര്‍ജ് ഓര്‍വെല്‍ തന്‍റെ പ്രസിദ്ധമായ ആനിമല്‍ ഫാം എന്ന നോവലില്‍ പറയുന്നത് പോലെ, നിഷ്ക്രിയത്വം, അവസരവാദം, അഴിമതി, ഇതെല്ലാം മഹത്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍, “അര്‍ഥം വാക്കിനു അടുത്തു നില്‍ക്കുന്നവന് മാത്രം” ...   വി.കെ.എന്‍ ഒരിടത്ത് പറയുന്നുണ്ട് “വിപ്ലവം പോലും നിയമനിര്‍മാണത്തില്‍ കൂടി കൊണ്ട് വരാവുന്ന ഒരു സമൂഹമാണ്” നമ്മുടേതെന്ന്.... ഇനി നമുക്ക് നഷ്ടപ്പെടാന്‍ നമ്മളും നമ്മുടെ നിഴലുകളും മാത്രം എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ ആണ് ഈ കവിത...

Tuesday, April 29, 2014

"ആലിയ" - ആദ്യവായന

സേതുവിന്‍റെ പുതിയ നോവല്‍ "ആലിയ"  വായിച്ചു. 
ഒരു യാത്രയില്‍, തികച്ചും വിദേശികള്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ മലയാളം പറയുകയും, അവിയല്‍, പപ്പടം തുടങ്ങിയ വിഭവങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് കേട്ടാണ് ഞാന്‍ അവരോടു സംസാരിചത്. കൊച്ചിയില്‍ നിന്നും ടെല്‍ അവീവിലേക്ക് പറിച്ചു നടപ്പെട്ട ജൂത കുടുംബങ്ങളിലെ  പിന്മുറക്കാര്‍. വേരുകള്‍ തേടി എത്തി, തിരികെ മടങ്ങുന്നവര്‍. വലിയ ആവേശത്തോടു കൂടി പഴയ തലമുറയെ ഇപ്പോഴും സ്മരിക്കുന്നവര്‍. അതൊരു വിസ്മയമായിരുന്നു എനിക്ക്.
ലോക ചരിത്രത്തില്‍ സമാന്തരതകള്‍ ഇല്ലാത്ത ഒന്നാണു ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള  ഒരു വാഗ്ദത്ത ഭൂമിയിലേക്ക്‌ പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൌതിക/സാംസ്‌കാരിക/സാമൂഹിക  സാഹചര്യങ്ങളെ, അവയുടെ  സ്വാധീനത്തെ  എങ്ങനെ നേരിട്ടു ? 
ലിയോണ്‍ യൂറിസിന്‍റെ  “എക്സോഡസ്” എന്ന നോവല്‍ ആ കുടിയേറ്റത്തിന്റെ ഒരു വലിയ കാന്‍വാസ് വരച്ചു തന്നു. പക്ഷെ കൊച്ചി ജൂതന്മാരുടെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു എന്നാണു കേട്ടറിവ്. അതുകൊണ്ട് തന്നെ പോകാന്‍ നിര്‍ബന്ധിതമല്ലാത്ത നല്ല ജീവിത സാഹചര്യങ്ങളില്‍ നിന്നും,  തീര്‍ത്തും അപരിചിതമായ മരുഭൂമിയിലേക്ക് ഒരു പലായനം എങ്ങനെ ആണ് അവര്‍ നേരിട്ടത് എന്നത് അംബരപ്പിക്കുന്ന  വസ്തുതയാണ്. ഒരു പരിധി വരെ സേതു “ആലിയ” യിലൂടെ  അതു വരച്ചു കാണിക്കുന്നു.
നോവല്‍ കാണാതെ/പറയാതെ  പോകുന്ന വശം, കുടിയേറ്റത്തിനു ശേഷം കുടിയേറിയ ജനത,വ്യക്തി ഇവ എങ്ങനെ പുതിയ ജീവിത സാഹചര്യങ്ങളോടു പോരുത്തപെട്ടു, കുടിയേറിയവരില്‍ ഇന്നും ജീവിച്ചിരിക്കുന്നവര്‍, അവരുടെ പിന്‍തലമുറ ഇവരൊക്കെ നമ്മുടെ നാടിനെ എങ്ങനെ കാണുന്നു? അവരുടെ മാനസിക വ്യാപാരം എന്ത് ? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി അവശേഷിക്കുന്നു. “മറുപിറവി”യില്‍  കിട്ടാതിരുന്ന ഉത്തരങ്ങള്‍ “ആലിയ”യിലൂടെ  തന്ന സേതു തന്നെ ഇതിനും ഉത്തരങ്ങള്‍ തരും എന്ന് കരുതാം. കാരണം ഈ ഉത്തരങ്ങള്‍ തരാന്‍ ഒരു ചേന്ദമങ്ങലത്തുകാരന് മാത്രമേ കഴിയൂ.

മണ്ടോദരി - ആദ്യ വായന

എന്‍. എസ് മാധവന്‍റെ പുതിയ കഥ മണ്ടോദരി വായിച്ചു ... പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പുരുഷ ബന്ധം ഒരു നിലവിളി പോലെ ഈ കഥയില്‍ വെളിപെടുന്നു. മിത്തോളജിയും ഇന്നത്തെ  കാലത്തിന്‍റെ പ്രക്ഷുബ്ധമായ സാമൂഹിക അന്തരീക്ഷവും മാറി മാറി  ഇടകലരുന്ന പ്ലോട്ടില്‍, അമര്‍ഷവും പകയും തന്പോരിമയും ഉള്ളില്‍ ഒതുക്കുന്ന ....ഒറ്റയാന്‍ കളിയായ പഞ്ചഗുസ്തിഉടെ പശ്ചാത്തലം ഇന്നത്തെ സാമൂഹികമായ ചുറ്റുപാടുകളുടെ നേര്കാഴച്  വരച്ചു കാട്ടുന്നു.  "ഞാന്‍ , തനിയെ നെടുന്നതെന്തോ അതാണ് വിജയം" എന്ന സമകലീന യുവ – വൈയക്തിക വീക്ഷണത്തെ കഥാകൃത്ത്‌ അനാവരണം ചെയൂന്നു – അതിന്‍റെ ശരി തെറ്റുകളിലേക്ക് പോകാതെ തന്നെ. ഇതിന്‍റെ മറുവശം എന്ന നിലയില്‍ ,ഇന്നത്തെ സ്ത്രീ, പുരുഷനില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്നും, ആ പ്രതീക്ഷകളുടെ  പ്രദര്ശ്നപരത, അതിനോട് സമൂഹം വച്ചുപുലര്‍ത്തുന്ന അലസമായ നിസംഗത, പുരുഷനില്‍ അന്തര്‍ലീനമായ അധീശത്വ മനോഭാവം, എല്ലാം കൂടി പിരിച്ചു പിരിച്ചു ഒരു വലിയ കയര്‍ പോലെ ആക്കിയിരിക്കുന്നു എന്‍.എസ് . ആദ്യ വായനയില്‍ ഈ കഥ  എനിക്ക് മുമ്പില്‍ ഒരു വലിയ ചോദ്യ ചിന്ഹമായ് നില്‍ക്കുന്നു. ബാലരമയില്‍ കാനരുണ്ടായിരുന്ന ഒരു ചിത്രപ്രശ്നം പോലെ- “വഴിയറിയാത്ത കൊച്ചു കരടികുട്ടനെ വീട്ടില്‍ എത്തിക്കുമോ” ?  നിറയെ ചോദ്യങ്ങള്‍ ഉള്ള ..ഒരുപാടു ഉത്തരങ്ങള്‍ ഒളിപ്പിച്ച ഒരു വന്‍ കോട്ട പോലെ എന്‍. എസ് ഈ കഥ നമുക്ക് തരുന്നു .... ക്രാഫ്റ്റ് ദൈവമായ മാധവന്‍ ഇതിലും ആ വിളി അന്ന്വര്ധമാക്കുന്നു. Hats off to you…..ഒരു V.K.N ലൈനില്‍ പറഞ്ഞാല്‍ “തോപ്പിയൂര് മാപ്പിളെ”
P.S : സ്ത്രീ ശാക്തീകരണ വീക്ഷണ/നിരീക്ഷണങ്ങള്ളെ കുറിച്ച്  മൈക്ക് വെച്ച് പൂരപ്പരമ്പുകളില്‍ ഉറഞ്ഞു തുള്ളുന്ന വനിതാ വിമോചക പ്രവര്‍ത്തകര്‍ - ആണും പെണ്ണും ..അക്ഷരം അറിയുമെങ്കില്‍ മണ്ടോദരി വായിക്കുക...
പത്തില്‍

ഫ്രാന്‍സിസ് ഇട്ടിക്കോര – വ്യക്തിഗത ഇടങ്ങളുടെ സുവിശേഷം

  

എന്നെ ഈ പുസ്തകത്തിലേക്ക് നയിച്ചത് സ്വാമി സന്ദീപ് ചൈതന്യയുടെ ഒരു  പ്രസംഗത്തിലെ പരാമര്‍ശവും, ആഷാ മേനോ‍ന്‍റെ അവതാരികയും മറ്റു ചില സുഹൃത്തുക്ക‍ളുടെ നിരീക്ഷണങ്ങളും ആണ്. അതേ  കാരണത്താല്‍ വലിയ പ്രതീക്ഷയോടെ (അല്ലെങ്കില്‍ മുന്‍വിധികളോടെ) ആണ് വായിച്ചു  തുടങ്ങിയത്..പക്ഷെ  പുസ്തകം തീര്‍ത്തും നിരാശപ്പെടുത്തി. ഡാവിഞ്ചി കോഡ് മാതൃകയില്‍, ശരാശരിയിലും താഴെ നില്‍ക്കുന്ന ഭാഷയില്‍ എഴുതിയ  ഒരു ബെസ്റ്റ് സെല്ലെര്‍ എന്ന് അതിന്‍റെ സാഹിത്യമൂല്യത്തെ ലളിതമായി വരച്ചിടാം .
പക്ഷെ ചില കാര്യങ്ങളില്‍ നോവല്‍ ശ്രദ്ധ അര്‍ഹിക്കുന്നു .  പ്രത്യേകിച്ചും അത് കേരളത്തിന്‍റെ സന്മാര്‍ഗ ചിന്താ പദ്ധതിയെ അടിമുടിയുലയ്ക്കുന്ന  ഒരു കൂട്ടം ആക്ടിവിറ്റികളെ വരച്ചുകാട്ടുന്നു എന്നത് തന്നെ. കാനിബാളിസം, മാസോകിസം , അനാര്‍ക്കിസം തുടങ്ങി  സമൂഹത്തിന്റെ, അല്ലെങ്കില്‍ കുറച്ചുകൂടി ക്രത്യമായി , വ്യക്തിഗതമായി മനസിന്റെ  അടിത്തട്ടില്‍ നിലനില്‍ക്കുന്നതും  എന്നാല്‍ പ്രത്യക്ഷത്തില്‍ അത്രയൊന്നും പ്രകടമാല്ലാത്തതും ആയ ചില ഹിംസാത്മകമായ ചിന്താധാരകളെയും , അതു സമൂഹത്തിന്‍റെ ഏതു തലത്തിലും സജീവമാവാം  എന്നുള്ള തിരിച്ചറിവും ഈ കൃതി നമ്മോടു പറയുന്നു. സാമൂഹികമായ് വിഘടനം – (social fission -- joint family à extended family ànuclear familyàindividual living spaces )   നടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, അരാജകത്വത്തെ ഒരു ചിന്താ രീതിയായും,  പിന്നീട്  ജീവിത രീതിയായും കൈവരിക്കാനുള്ള പ്രവണത കേരള സമൂഹം ഇപ്പോള്‍ തന്നെ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫ്രാന്‍സിസ് ഇട്ടിക്കോര മുന്നോട്ടു വയ്ക്കുന്ന ഈ ഹിംസാത്മക നിലപാടുകള്‍ കേരള സമൂഹം ആഴത്തില്‍ പഠിക്കേണ്ട  ഒന്നാണ്.
രണ്ടാമതായി , സന്മാര്‍ഗീക/അസാന്മാര്‍ഗീകതകളെ കുറിച്ചുള്ള വിചാരം അല്ലെങ്കില്‍ വീണ്ടുവിചാരം ആണ്. “നല്ലതായിരുന്നു എന്ന് പിന്നീടു തോന്നുന്നത് സന്മാര്‍ഗവും,  ചീത്തയായിരുന്നു എന്ന് പിന്നീടു തോന്നുന്നത്, അസാന്മാര്‍ഗവും” എന്ന് രാമകൃഷ്ണന്‍ ഹെമിങ്ങവേയെ, ഉദ്ധരിച്ചു   പറയുമ്പോള്‍, കേരളീയ സമൂഹത്തിന്‍റെ പുതിയ മുദ്രാവാക്യമാണോ ഇതു എന്ന് നാം സംശയിച്ചുപോകും. മാറുന്ന ജീവിത സാഹചര്യങ്ങളും, സാമ്പത്തികമായി കൈവന്ന സ്വാതന്ത്ര്യവും , വിവരസാങ്കേതികവിദ്യയുടെ നവീന മേഘലകള്‍ തുറന്നിടുന്ന സാധ്യത്കളും, ആഗോളവല്‍ക്കരണം കൊണ്ട് വരുന്ന  ലോക വീക്ഷണവും , ചേരുമ്പോള്‍ ഉണ്ടാവ്വുന്ന ഒരു pseudo virtual reality ആണ് ഇന്നത്തെ തലമുറയുടെ ലോക വീക്ഷണം രൂപപ്പെടുത്തുന്നത്. നേട്ടം, ലാഭം തൃപ്തി, സുഖം തുടങ്ങിയ സംജ്ഞകളെ അടിസ്ഥാനമാക്കി സ്വയം കേന്ദ്രീകൃതമായ ഒരു ലോകം മെനഞ്ഞ് എടുക്കുകയും (അല്ലെങ്കില്‍ ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തുകയും),  കൊടുക്കല്‍ വാങ്ങല്‍ പോലുള്ള ക്രയവിക്രയങ്ങളുമായി  ബന്ധപ്പെടുത്തി   സാമൂഹികമായ ബന്ധങ്ങളും, ബന്ധങ്ങള്‍ നില്നിര്തുന്നതിനുള്ള ആവ്ശ്യകതയുമെല്ലാം നോക്കിക്കാണാന്‍ യുവ തലമുറ പഠിച്ചു കഴിഞ്ഞു. വ്യക്തിഗതമായ ഇടങ്ങള്‍ (Individual space) ആണ് ഇന്നു അണുകുടുംബങ്ങളില്‍പോലും കാണാന്‍ കഴിയുന്നത്‌. സാമൂഹികജീവിതത്തിന്‍റെ ആണിക്കല്ലായ  altruism, collective existence മുതലായവ പൂര്‍ണമായി തിരസ്കരിക്കപ്പെട്ട ഒരു മനസ് ,  ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നു  എന്ന കാര്യം വിസ്മരിക്കാനാവില്ല. ഈ കണ്ണാടിയിലൂടെ വേണം  രാമകൃഷ്ണന്‍ വരച്ചുകാട്ടുന്ന സന്മാര്‍ഗ /അസാന്മാര്‍ഗ സുവിശേഷത്തിനെ വായിക്കാന്‍. ഇനി ഇതിനെ  മുന്‍പ് നാം കണ്ട ഹിംസാത്മകമായ ഇസങ്ങളുമായി ചേര്‍ത്ത് വായ്ക്കുമ്പോള്‍ ആണ് അതിന്‍റെ അപാരമായ ഭീകരത ബോധ്യമാവുക.
മൂന്നാമതായി ,മറ്റൊരു ആലോരസപ്പെടുത്തുന്ന ചിന്താവഴിയും രാമകൃഷ്ണന്‍ തുറന്നിടുന്നു. കുടുംബം എന്ന സമൂഹ്യമായ് സ്ഥാപനത്തെ, ശരീരങ്ങളുടെ ആഘോഷത്തിന്റെ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് കാണാന്‍ ശ്രമിക്കുന്നു എന്നതാണു അത്. പ്രണയം ശരീരത്തിന്റെ ആവശ്യം ആണെന്നും , അങ്ങനെ തുടങ്ങുന്ന ശാരീരിക ആവശ്യത്തിന്റെ നിരവഹണം ,  ബലം, പണം, അധികാരം എന്നിവയില്‍ അധിഷ്ഠിതമായി തുടരുന്നത് ആണ് കുടുംബം എന്നും കൂടി സ്ഥാപിക്കുന്നു നോവലിസ്റ്റ്‌. ഒരു സിദ്ധാന്തം എന്ന നിലയില്‍ ഇതില്‍ തെറ്റില്ല താനും . പക്ഷെ കുടുംബം എന്ന സ്ഥാപനം, ഒരു സാമൂഹിക ക്രമം (social order) ഉണ്ടാക്കിയെടുക്കാന്‍ വഹിക്കുന്ന പങ്കു നോവല്‍ പൂര്‍ണമായും തിരസ്കരിക്കുന്നു, എന്ന് മാത്രമല്ല വിവാഹം വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നാണ് എന്നും വിവക്ഷിക്കുന്നു ഈ ആഖ്യായിക. മുന്‍പ് പറഞ്ഞ രണ്ടു വീക്ഷണങ്ങളുടെ ഒരു contributing  line ആയി ഇതിനെ വിലയിരുത്തുമ്പോള്‍, ഏറെ ഏറെ ഏറെ  ഹിംസാത്മകമായ സാമൂഹിക അവസ്ഥ. ലളിതവല്‍കരിച്ചാല്‍ - പാമ്പിന്റെ വായില്‍ പെട്ട  തവളയുടെ നാവില്‍ പറ്റിയ പുല്‍ച്ചാടിയുടെ അവസ്ഥ.

ലാഭം ഉണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യാം എന്നും അതിനായി എന്തു മാര്‍ഗവും ഉപയോഗിക്കാം എന്നും, ജീവിതത്തില്‍  നേര്‍മപുലര്‍ത്തുന്നത് ശുദ്ധ മണ്ടത്തരം ആണെന്നും , ജീവിതം ആഘോഷം ആണെന്നും ഉള്ള ഒരു philosophy  ഈ പുസ്തകംവച്ച് നീട്ടുന്നു . തീര്‍ച്ചയായും അത് എന്നെ വല്ലാണ്ട് പേടിപ്പിക്കുന്നു , പ്രത്യകിച്ചും ആസുരമായ് ഈ കാലത്ത്‌.  

പത്തില്‍

"പട്ടാള വിപ്ലവം" - ആദ്യ വായന

മനോരമ വാര്‍ഷികപ്പതിപ്പില്‍ എന്‍ .എസ് .മാധവന്‍റെ പട്ടാള വിപ്ലവം എന്ന കഥ വായിച്ചു.   മടുപ്പിന്‍റെ  വിപ്ലവം എന്നും ജീവിത നിരാസത്തിന്റെ വിപ്ലവം എന്നും , എന്‍ .എസ് .മാധവന്‍ തന്നെ പറയുന്ന കഥ.  സാധാരണ എന്‍.എസ് കഥകളില്‍ കാണുന്ന, അടരുകള്‍ പോലുള്ള മാനങ്ങള്‍, ക്രാഫ്റ്റിലെ കൈയടക്കത്തിലൂടെ തെളിഞ്ഞു തെളിഞ്ഞു വരുന്ന   അര്‍ദ്ധ വിന്യാസങ്ങളുടെ ഭ്രമണപധങ്ങള്‍  കാണുവാന്‍ കഴിഞ്ഞില്ല എന്നത് ഒരു പരിധി വരെ നിരാശപ്പെടുത്തി.
പക്ഷെ  ജീവിതത്തെ സംബന്ധിച്ച ഒരു പുതിയ കാഴ്ചപ്പാട് അല്ലെങ്കില്‍ ഒരു പുതിയ പ്രശ്നത്തിനെ ലളിതമായി വിവക്ഷിക്കാന്‍ എന്‍.എസിന് കഴിഞ്ഞിരിക്കുന്നു . ജീവിതത്തിന്റെ ചാക്രികത  വളരെയധികം കേട്ടറിഞ്ഞ/വായിച്ച വിഷയം ആണ്. രേഖീയമായ ജീവിതം എന്നത് നമ്മള്‍ അറിയുന്ന നിത്യജീവിത പ്രശ്നം ആണെങ്കിലും രേഖീയ ജീവിത ക്രമം , ചാക്രീക ജീവിതക്രമം എന്നിവയ്ക്കിടയിലുള്ള സാമൂഹികമായ  വ്യത്യസ്തത നമ്മള്‍ പലപ്പോഴും തിരിച്ചറിഞ്ഞു എന്ന്  തോന്നുന്നില്ല;  നമ്മള്‍ ഇതിന്‍റെ രണ്ടിന്‍റെയും ഭാഗമാണെങ്കില്‍ കൂടി.  
ചാക്രികമായ ജീവിതക്രമം  പലപ്പോഴും നമ്മളെ സമാനമായ്‌ സാമൂഹിക സാഹചര്യങ്ങളില്‍ കൂടി തുടരെ തുടരെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.  പലപ്പോഴും സമാനമായ്‌ സാഹചര്യങ്ങളില്‍ എത്തിച്ചേരുന്ന ഇടവേളകള്‍ക്കിടയിലെ ദൂരം  വലുതും, ഈ ദൂരത്തിനിടയില്‍  ഉള്ള സാമൂഹികമായ് ഇടപഴകലുകള്‍/ഇടപെടലുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുകയും  ചെയ്യുന്നു. അതുകൊണ്ട് തന്നെ ചാക്രികത ഒരു വലിയ അര്‍ഥത്തില്‍ സമൂഹത്തില്‍ നിലനിന്നു പോരുകയും, അതില്‍ നമ്മള്‍ വലിയ അസ്വാഭാവികത കാണാതെ ജീവിച്ചു പോരുകയും, ഇടയില്‍ ഉണ്ടാവുന്ന തുടര്‍ച്ചയായ സമാന സാഹചര്യ നേരിടലുകളെ , വിധി എന്നോ അസ്വാഭാവികം എന്നോ വിളിച്ചു അതുമായി സമരസപ്പെടാന്‍ സമൂഹ മനസിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പൊതുവില്‍ പ്രശ്നം  വൈയക്തികമായി  അവശേഷിക്കുന്നു എന്നുള്ളത് കൊണ്ട് സാമൂഹികമായ മാനം പലപ്പഴും അതിനു കൈവരുന്നില്ല.

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് രേഖീയമായ ജീവിതക്രമം. തുടങ്ങിയ ബിന്ദുവില്‍ മുറതെറ്റാതെ തിരികെ എത്തുന്ന  ദൈനംദിന ജീവിതത്തിന്‍റെ അചിലിട്ട കണിശതയും  കണക്കിന്റെ കൃത്യതയും, കൃത്യമായ കളങ്ങളില്‍ നിര്‍വചിക്കപെട്ട സാമൂഹിക ബന്ധങ്ങള്‍, തികച്ചും സാമൂഹികമല്ലാത്ത ബന്ധങ്ങള്‍ (virtual/fake),  സാമൂഹിക ജീവിത്തില്‍ നിന്നും  മനുഷ്യനെ അകറ്റി അവന്‍റെ വൈയക്തികമായ ഇടങ്ങളില്‍ (personal space)  ഒതുക്കി നിര്‍ത്തുന്ന പുത്തന്‍ സാങ്കേതിക വിദ്യകള്‍, അല്ലെങ്കില്‍ വ്യക്തി ജീവിതത്തിലെ അവയുടെ ഇടപെടലുകള്‍, ഇവയെല്ലാംകൂടി ഉണ്ടാക്കി കൊടുത്ത യാന്ത്രികമായ ചുറ്റുപാടുകള്‍ വ്യക്തി ജീവിതത്തില്‍ സ്ഥായിയായി ഒരു സമാന ഭാവം സൃഷ്ടിക്കുന്നു. ഇത്,  ഇനി എങ്ങോട്ട് ചുരുങ്ങണം എന്നറിയാത്ത ഒരു ദിശാസന്ധിയില്‍ മനുഷ്യ രാശിയെ എത്തിച്ചിരിക്കുന്നു.  ഈ അവസ്ഥയെ ആണ് അല്‍ബേര്‍ കമുവിന്‍റെ “സിസിഫസിന്റെ ഐതിഹ്യം” കൂട്ട് പിടിച്ച് എന്‍.എസ് വരച്ചിടുന്നത്. ഇനി മുന്നോട്ടുള്ളത് രണ്ടു മാര്‍ഗങ്ങള്‍ ആണ്. രണ്ടും ഉന്മൂലനം, ആദ്യത്തേത് സ്വയം ഉന്മൂലനം എങ്കില്‍  രണ്ടാമത്തേത്‌ സാമൂഹിക ക്രമത്തിന്‍റെ ഉന്മൂലനം – കുറേക്കൂടി കൃത്യമായി - രേഖീയമായ ജീവിത ക്രമത്തിലേക്ക് നയിച്ച സാമൂഹികമായ അവസ്ഥയുടെ ഉന്മൂലനം . ഇതാണ് പട്ടാള വിപ്ലവം പ്രതിനിധാനം ചെയുന്നത്.  

"ഒച്ചുകള്‍" - സാമൂഹിക പ്രതിരൂപാന്തരം

കെ.ജി.ശങ്കരപ്പിള്ളയുടെ പുതിയ കവിത ഒച്ചുകള്‍ ഏറ്റവും ലളിതമായി നിര്‍വചിച്ചാല്‍, അത് ഇങ്ങനെ ആയിരിക്കും....
ഞാന്‍, സമൂഹം, ഇന്നലെ.
ഞാന്‍ സമൂഹം ഇന്ന് !
ഞാന്‍ സമൂഹം നാളെ ?

കാഫ്ക പോലും വിസ്മയിക്കുന്ന കയ്യടക്കതോട് കൂടിയാണ് കെ.ജി.എസ് ഇന്ത്യന്‍ സമൂഹത്തിന്‍റെ , പ്രത്യേകിച്ച് കേരള സമൂഹത്തിന്‍റെ രൂപന്തരീകരണത്തെ വരച്ചിടുന്നത്. കവിയുടെ വാക്കുകളില്‍ തന്നെ രൂപാന്തരീകരണവും , പ്രതിരൂപാന്തരവും .....

ഊണിനു മുമ്പിലും പടക്ക് പിമ്പിലും എന്ന് വിവക്ഷിച്ചിരുന്ന ഒരു നമ്പൂതിരി ഫലിതത്തില്‍ നിന്നും, സ്വാതന്ത്ര്യ സമരം എന്നാല്‍ കോണ്‍ഗ്രസ്‌, ദണ്ടി യാത്ര, ഗാന്ധി, വൈക്കം സത്യാഗ്രഹം എന്ന് ചുരുക്കി വായിക്കുകയും, സ്വാതന്ത്ര്യ സമര പെന്‍ഷന്‍ തരപ്പെടുത്തി, താമ്രപത്രം വാതില്‍ പടിയില്‍ തൂകുകയും ചെയ്ത തല മുതിര്‍ന്ന ത്യാഗികളുടെ പാരമ്പര്യം ഉള്ളവരാണ് നമ്മള്‍ മലയാളികള്‍ . ഇവിടെ നിന്ന് അല്പം വഴി മാറി നടന്നു നമ്മള്‍ സോഷ്യലിസവും, അതിലും അല്പം ഗ്രേഡ് കൂടി കമ്മ്യൂണിസവും എല്ലാം പരീക്ഷിച്ചു, മൂര്‍ധന്യാവസ്തയില്‍ നക്സല്‍ പ്രസ്ഥാനങ്ങളില്‍ എത്തി , ഇതായിരുന്നു കേരള സമൂഹത്തില്‍  metamorphosis ഇന്റെ പാരമ്യം. പിന്നെ മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിതയുടെ പേര് പോലെ “തിരികെ യാത്ര” . അതിന്‍റെ അവസ്ഥാന്തരങ്ങളില്‍, പരിസരങ്ങളില്‍ ജീവിച്ചു തുടങ്ങിയ കേരളീയ സമൂഹത്തെ മറ്റൊരു ചാലിലേക്ക് തിരിച്ചു വിട്ടത്  ഗള്‍ഫ്‌ വിപ്ലവമായിരുന്നു . കേരളീയ സാമൂഹിക സാമ്പത്തിക ജീവിത ക്രമത്തെ അടിമുടി ഉലക്കാന്‍ പോന്നതായിരുന്നു പുത്തന്‍ ഗള്‍ഫ്‌ പണത്തിന്റെ വരവ്. മലയാളി തികച്ചും പ്രവാസി ആയി. അറബി പണവും പൊന്നും സ്വപ്നം കാണാത്തവന്‍ മലയാളി അല്ല എന്നുള്ള നിലയിലെത്തി കാര്യങ്ങള്‍. സദ്ദാം ഹുസൈന്‍ കുവൈറ്റ്‌ പിടിച്ചടക്കുന്നത് വരെ പിന്നീട് കാര്യങ്ങള്‍ നേര്‍ വരയില്‍ സഞ്ചരിച്ചു. ഇതിനിടയില്‍ എപ്പോഴോ ഉദ്ഭവിച്ച മദ്ധ്യ തിരുവതാംകൂര്‍  നഴ്സിംഗ് migration കാണാതെ പോകാന്‍ കഴിയില്ല എങ്കിലും അതൊരു mass movement ആയി മാറിയില്ല എന്നതാണ് സത്യം. ഒന്നുകില്‍ പ്രവാസി, അല്ലെങ്കില്‍ സര്‍ക്കാര്‍ ഗുമസ്തന്‍ എന്ന ഈ രണ്ടു പൊതു സ്വപനങ്ങളില്‍ ആണ് ഒരു ശരാശരി മലയാളി  അവന്‍റെ      വിദ്യാഭ്യാസം ക്രമപെടുത്തിയിരുന്നത്. വിരലില്‍ എണ്ണാവുന്ന അതിബുധിമാന്മാര്‍ വൈദ്യം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് പഠിച്ചു അമേരിക്കയ്ക് പോയി. അതിനും മുകളിലെ വിരലുകള്‍ സിവില്‍ സര്‍വീസ്കാരായി. ഇതിനിടയില്‍ ചാതുര്‍വര്‍ണ്യത്തില്‍ നിന്നും കുത്തനെ ഇറങ്ങി വന്നതുപോലെ ഒരു കൂട്ടര്‍ അടിസ്ഥാന ഗണിതം മാത്രം അറിഞ്ഞു  കച്ചവടക്കാരായി. അവര്‍ മൂലധനം വായിക്കാതെ, പെട്ടിയില്‍ ഇടുക മാത്രം ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അരാഷ്ട്രീയ വാദത്തിന്‍റെ ആദ്യത്തെ അപോസ്ഥലന്മാരായി .
സമൂഹം പൊതുവില്‍ ഈ മൂന്നു  തലങ്ങളെ ജീവിതോപാധിയായി കണ്ടതോടെ സാമൂഹികമായ് അടിയൊഴുക്കുകള്‍,  ഈ ക്രമങ്ങളെ തങ്ങള്‍ക്കു അനുകൂലമാക്കി മാറ്റാന്‍ ഉള്ള ശ്രമങ്ങളില്‍ മുഴുകി. സംവരണവും, മണ്ഡല്‍ കമ്മീഷനും ഒക്കെ മലയാളിക്ക് പെട്ടന്ന് പ്രസകതമായതും,  അറബി രാജ്യങ്ങളില്‍ ജോലി തേടി പോകുന്ന അമുസ്ലീം ഇന്ത്യന്‍ ജനത്തിനെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചു കാണിക്കുവാന്‍ ഉള്ള പ്രവണതയും ഒക്കെ അങ്ങനെ ആണ് നമ്മള്‍ കേരളീയരില്‍ വേരൂന്നിയത്.  ഷിയാ സുന്നി തുടങ്ങി മതാചാരാധിഷ്ടിതമായ ചില മുസ്ലിം ഗ്രൂപ്പുകള്‍, എന്‍.എസ്.എസ്, എസ്.എന്‍ ഡി.പി, പോലുള്ള സാമുദായിക സംഘടനകള്‍, മിഷനറി മൂടുപടമണിഞ്ഞ ക്രിസ്തീയ സഭാ പ്രവര്‍ത്തനങ്ങള്‍ ഇവയുടെ എല്ലാം വേരുകള്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ഭൂമിക ഈ സാമൂഹിക പരിസരങ്ങള്‍ ആണ്. ഇതിന്‍റെ ഭാഗമായി തന്നെ രാഷ്ട്രീയമായ പ്രസ്ഥാനങ്ങള്‍ (പലതും സ്ഥാപനവല്കരിക്കപെടുകയും, അല്ലങ്കില്‍ പ്രസ്ഥാനങ്ങള്‍ ആകാതെ ഒരു one time movement മാത്രമായി അകാല ചരമം അടയുകയും ചെയ്തതു കൊണ്ട്  പ്രസ്ഥാനങ്ങള്‍ എന്നുള്ള വിളി ശരി ആണോ എന്നറിയില്ല) വ്യവസ്ഥാപിതമായ വഴികളില്‍ കൂടി ഈ സാമൂഹിക പരിസരങ്ങളില്‍ അവരുടെ നിലനില്പിനായി ശ്രമിക്കുകയും, അതില്‍ തന്നെ പ്രധാനമായും ട്രേഡ് യുണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ, വര്‍ഗ സിദ്ധാന്തത്തെ ഇതേ  സമൂഹികമായ കാലിഡോസ്കോപില്‍ പ്രതിനിധാനം ചെയ്തു തുടങ്ങുന്നതോടെയാണ് കെ.ജി.എസ്. പറയുന്ന ഒച്ചുകള്‍ കേരളത്തില്‍ നിറയുന്നത്. പുറമേക്ക് രാഷ്ട്രീയമായ് മേലങ്കി ഉള്ള, സമൂഹത്തോട് തികച്ചും അന്യതാബോധം വെച്ചു പുലര്‍ത്തുന്ന, രൂപാന്തരീകരണത്തിനു വിധേയമായ കൂറകള്‍. അരാഷ്ട്രീയ നിലപാടുകളിലേക്ക്‌ നടന്നു കയറിയ ഒച്ചുകള്‍ ...

എവിടെ നിന്നോ വരാനുള്ള വിസയും കാത്ത്, അല്ലെങ്കില്‍ പബ്ലിക്‌ സര്‍വീസ് കമ്മിഷനില്‍ നിന്നും ഒരു പക്ഷെ വന്നേക്കാവുന്ന നിയമന ഉത്തരവ് കാത്ത്  ഒന്നും ആകാനാവാതെ വിരിയാതെ കൊഴിഞ്ഞ ഒരു തലമുറ ഇതിന്‍റെ മറു പുറമാണ്. ദൈവത്തിലേക്കോ കമ്യുണിസത്തിലെക്കോ എന്തിന് കോകേയ്നിലേക്കോ പോലും തിരിയാന്‍ കഴിയാതെ , ഒരു ഹിപ്പി പോലും ആവനാവാതെ സത്വം മറന്ന ഒരു  തലമുറ. പ്രതികരണ ശേഷി ഇല്ലാത്ത, ചിന്തിക്കാനറിയാത്ത ഒരു തലമുറ. അവര്‍ക്കും ഒച്ചുകള്‍ക്കും തമ്മില്‍ വലിയ വെത്യാസം ഉണ്ടായിരുന്നില്ല അതല്ലെങ്കില്‍ ഒച്ചുകള്‍ ആകണം എന്ന് സ്വപ്നം കണ്ട തലമുറ. പെണ്ണ് കെട്ടാന്‍ , പാതി കടം വാങ്ങി വീട് എന്ന പേരില്‍ കോണ്ക്രീറ്റ് വൈകൃതം ചമയ്ക്കാന്‍, ലീവ് എടുക്കാന്‍, കൈക്കൂലി വാങ്ങാന്‍ സ്വപ്നം കണ്ട തലമുറ. കാലാന്തരത്തില്‍  അവര്‍ക്കും  ഒച്ചുകള്‍ക്കും ഇടയില്‍ വിടവുകള്‍ ഇല്ലാതെ ആയി മാറി , അവര്‍ എന്തൊക്കെയോ ആയി അല്ലെങ്കില്‍ എന്തൊക്കെയോ ആകാതെയായി. ഈ പരിസരത്തു നിന്നു മാറാനുള്ള ആക്കം സമൂഹത്തിനോ  മാറ്റത്തിന്‍റെ ദിശ കാട്ടികൊടുക്കാന്‍ തക്ക ക്രാന്തദര്‍ശിത്വം ഭരണ/സമൂഹ  നേതൃത്വത്തിനോ ഉണ്ടോയിരുന്നില്ല. പടിഞ്ഞാറോട്ട് നോക്കി വേഴാമ്പലിനെ പോലെ മാറ്റം വരുന്നുണ്ടോ എന്ന് നോക്കി നില്ക്കാന്‍ മാത്രം ആയിരുന്നു നമ്മുടെ നിയോഗം. അതുകൊണ്ട് തന്നെ പിന്നീടിങ്ങോട്ട്‌ ഒച്ചുകളുടെ സാമ്രാജ്യം ആയി കേരളത്തിന്റെ proliterian സംസ്കാരം. തൊണ്ണൂറുകളുടെ രണ്ടാം പകുതി വരെ ഇതായിരുന്നു കേരളസമൂഹം.

സാമ്പത്തിക ഉദാരവല്‍ക്കരണവും ഗ്ലോബലൈസേഷനും എല്ലാം ചേര്‍ന്ന തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ആണ് വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ തോഴിലുകളെ കുറിച്ചും, ജീവിതക്രമങ്ങളെ കുറിച്ചും  വിപ്ലവകരമായ അറിവുകള്‍ ഇന്ത്യയില്‍ പൊതുവില്‍ ലഭ്യമാവുന്നത്. ഇവിടുന്നാണ്‌  അടുത്ത അടിസ്ഥാനപരമായ മാറ്റം ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കാന്‍ കഴിയുന്ന ജോലികള്‍, അതിലൂടെ നേടാന്‍ കഴിയുന്ന ഉയര്‍ന്ന വരുമാനം മെച്ചപ്പെട്ട ജീവത സാഹചര്യങ്ങള്‍ ഇതൊക്കെ കേരളീയ യുവസമൂഹത്തിന്‍റെ പുതിയ ലക്ഷ്യങ്ങള്‍ ആയി. പക്ഷെ സാമൂഹിക സാഹചര്യങ്ങള്‍ , പശ്ചാത്തലങ്ങള്‍, രാഷ്ട്രീയ ഗതി വിഗതികള്‍ ഇതൊക്കെ ഇന്നും പഴയ ഒച്ചുകളുടെ സാമ്രാജ്യത്തില്‍ തന്നെ. ചിറകുകള്‍ പ്രതീക്ഷിക്കുന്ന ഒച്ചുകള്‍. പ്രതിരൂപാന്തരം.....ആഗ്രഹിച്ചാലും മാറാനാവാതെ, കാഫ്കയുടെ ഗ്രെഗോറിനെ പ്പോലെ ഒരു സമൂഹം...  

കവി പറയുന്നില്ല എങ്കില്‍ പോലും വായനയുടെ അടുത്ത പടിയില്‍, പറയാതെ പറയുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ വിയോജിക്കാതെ വയ്യ...ഇതൊരു സ്വര്‍ഗ്ഗം അല്ല, ഉടോപ്യ പോലും അല്ല, പക്ഷെ സാമൂഹിക യാഥാര്‍ഥ്യമാണ്. അവിടെ കോടി കുത്തി വാഴുന്നത് അരാഷ്ട്രീയ വാദവും, അന്യതാബോധവും, സ്വകാര്യ ഇടങ്ങളും, ആള്‍ ദൈവങ്ങളും ആണ്. സമൂഹത്തിന്‍റെ അടിസ്ഥാന സ്വഭാവങ്ങള്‍ ആയ മാക്രോ ബിഹേവിയറുകള്‍ അപ്പ്രത്യക്ഷമാവുകയാണ്. സമൂഹം അല്ല ഇതൊരു വെറും ആള്‍ക്കൂട്ടം മാത്രമാണ്..വെറും ഒരു മരുപച്ച. ഒരു സമൂഹമായി ഇനിയും നമ്മള്‍ ദിശകള്‍ തേടേണ്ടി ഇരിക്കുന്നു...

തീരജീവിതത്തിന് ഒരു ഒപ്പീസ്”-ഒരു എത്തിനോട്ടം

.എഫ്.മാത്യൂസിന്‍റെ “തീരജീവിതത്തിന് ഒരു ഒപ്പീസ്” വായിച്ചു
ചരിത്രവും  മാജിക്കല്‍ റിയലിസവും കൂടിക്കലരാതെ ഒരാള്‍ക്കും കൊച്ചിയെ പറ്റി എഴുതാന്‍ ആവില്ല. കാരണം ഇവ രണ്ടും വേണ്ടതിനും  എത്രയോ മടങ്ങ്‌ കൂടുതലായി  കൊച്ചിയുടെ തീരങ്ങളില്‍ ലഭ്യം.

കാപ്പിരി മുത്തപ്പന്‍, വല്ലാര്‍പാടത്തമ്മ, “കാറല്‍സ്മാന്‍ ചരിതം” ചവിട്ടു നാടകം, ചിന്ന തമ്പി അണ്ണാവി, കൂനന്‍ കുരിശ്, തിളങ്ങുന്ന ഗന്ധകവുമായി പാതി ഉറക്കത്തില്‍ നീങ്ങുന്ന ബാര്‍ജ്ജുകള്‍, രാത്രി വിളക്കുകള്‍ അണച്ച് രണ്ട്‌ മാനങ്ങളിലേക്ക് ചുരുങ്ങുന്ന കപ്പലുകള്‍, കാവായയും തേവര കൈലിയും ഇട്ടു കച്ചവട്ത്തിനിറങ്ങിയ ചൂച്ചിമാര്‍, പത്തുമുറിയിലെ തോട്ടികള്‍, സര്‍ റോബര്‍ട്ട്‌ ബ്രിസ്ടോ എന്ന പരദേശി പരശുരാമന്‍ , ലേഡി വെല്ലിംഗ്ടന്‍ എന്ന മണ്ണ് മാന്തികപ്പലിന്റെ തൊട്ടികള്‍ കായലിന്റെ അടിത്തട്ടില്‍ നിന്നും കോരി എടുത്ത അത്ഭുതം -വെല്ലിംഗ്ടന്‍ ഐലണ്ട്, മെഹബൂബിന്റെ കള്ള് മണക്കുന്ന പാട്ടുകള്‍, ജൂതപ്പള്ളി,  കപ്പിത്താന്റെ പള്ളി, സേലം കോച്ച എന്ന ജൂത ഗാന്ധി, മുട്ട വില്ക്കുന്ന  കറുത്ത ജൂതര്‍, ചാള പറങ്കികള്‍, തുരുത്തുകള്‍ പരന്നു കിടന്ന കായല്‍... അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്.

മൂന്നു വിദേശ അധിനിവേശങ്ങളും അവയുടെ അവശേഷിപ്പുകളും , ജൂതരും പാര്‍സികളും അടക്കം   തികച്ചും വ്യത്യസ്തമായ  വിദേശ  സംസ്കാര പ്രാതിനിധ്യം, രാജാവും രാജഭരണവും അടങ്ങിയ നാട്ടുരാജ്യ മുഖം , തദ്ദേശീയമായ തീരദേശ ജീവിത പരിസരങ്ങള്‍ ഇങ്ങനെ  ബഹുമുഖമാര്‍ന്ന ഒരു സംസ്കാര പരിസരം കൊച്ചിക്കുണ്ട്. ഒരു കൊച്ചു ഭൂപ്രദേശത്തിനു എങ്ങനെ ഇത്രത്തോളം വിസ്ത്രിതമായ ഒരു സംസ്കാര പാരമ്പര്യം ഉള്ളില്‍ ഒളിക്കാന്‍ പറ്റും എന്നത് ഒരു അത്ഭുതം ആണ്. ഒരുപാട് വിദേശ അധിനിവേശങ്ങളെ പെരേണ്ടി വന്ന ദില്ലിയോടോ  അല്ലെങ്കില്‍ പുരാതന കോണ്‍സ്ടാന്റിനോപ്പിലിനോടോ ആണ് കൊച്ചിയെ  ഉപമിക്കാനാവുക. ഇതുകൊണ്ട് തന്നെ കൊച്ചിയുടെ സംസ്കാരത്തിനെ ഏതെങ്കിലും തരത്തില്‍ വിവരിക്കുന്ന കൃതികള്‍ വളരേയധികം ആകര്‍ഷകങ്ങള്‍ ആവാറുമുണ്ട്.

ഈ നഗരത്തില്‍ ജീവിക്കുവാന്‍ എത്തുന്നതിനും ഒരു പതിറ്റാന്ടിനും മുമ്പ് , ഒരു കുടിയേറ്റ മലയോര കര്‍ഷക ഗ്രാമത്തില്‍ ഇരുന്നു വായിച്ച ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍ ഇന്നും എന്‍റെ കൊച്ചി സങ്കല്‍പത്തിന്‍റെ  അലകും പിടിയുമായി  നില്‍ക്കുന്നു. മുളവുകാട്, വ്യ്പിന്‍, പോഞ്ഞിക്കര തുരുത്തുകള്‍ കൂട്ടി ചേര്‍ത്ത് മാധവന്‍ സ്വപ്നത്തില്‍ പണിത ലന്തന്‍ബത്തേരി, ഫോര്‍ട്ട്‌ കൊച്ചിയിലും മട്ടാഞ്ചേരിയിലും വ്യ്പിനിലും വല്ലാര്‍പാടത്തും  ഞാന്‍ ഇപ്പോഴും  തിരയുന്നു.. ലന്തന്‍ബത്തേരി എന്ന ഒറ്റ കൃതിയിലൂടെ എന്‍.എസ്.മാധവന്‍ വരച്ചിട്ട തീരദേശ കൊച്ചി, പിന്നീട് വിക്ടര്‍ ലീനസിന്റെയും, ജോര്‍ജ് ജോസഫ്‌ കെ യുടെയും, ജെകോബിയുടെയും, പി.എഫ്.മാത്യൂസിന്റെയും,  പോഞ്ഞിക്കര റാഫിയുടെയും  കഥകളില്‍ കൂടി അറിഞ്ഞ കൊച്ചി, ഇപ്പോഴും അറിയാന്‍ ഒരു പാട് ബാക്കിയുള്ള  ആ കൊച്ചിയുടെ  തീരദേശ ജീവിതത്തിന്റെ ഒരു നേരിയ അടര് ആണ് “തീരജീവിതത്തിന് ഒരു ഒപ്പീസ്” എന്ന പുതിയ പുസ്തകത്തില്‍ കൂടി  പി.എഫ്.മാത്യൂസ് കുറിച്ചിടുന്നത്. ഇതു കൊച്ചിയുടെ ചരിത്രം അല്ല, എന്നാല്‍ ഒരു അന്വേഷി എപ്പോളും തേടുന്ന ചരിത്ര ബോധം വേണ്ടുവോളം ഉള്ള ഒരു കൃതി.  ജൂത തെരുവില്‍ ജൂതന്മാര്‍ ഇല്ലെന്നും പകരം കാശ്മീരികള്‍ ആണെന്നും, ചൂച്ചിമാര്‍ ഇനി ഒരിക്കലും കച്ചവടത്തിനിറങ്ങില്ലെന്നും പകരം റിലയന്‍സും ലുലുവും ഒരു പക്ഷെ വാള്‍മാര്‍ട്ടും ആണെന്നും, ബോള്‍ഗാട്ടിയും വയ്പിനും ഇനി തുരുത്തുകള്‍ അല്ലെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന കൃതി.

“ഒരു കാലത്ത്‌ തൃക്കാക്കര മുതല്‍ കൊച്ചി തുറമുഖം വരെയുള്ള വഴി,
ഒരു നേര്‍ രേഖ പോലെ വിശ്വാസം നിറഞ്ഞതായിരുന്നു,
ഒരു പഴഞ്ചൊല്ല് പോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നു
..............................................
ഒഴികഴിവുകളുടെ  പച്ച വിറകിന്മേല്‍, നമ്മുടെ ജന്മ ദീര്‍ഖമായ ശവദാഹം
സാവധാനം പുകയുടെ തുമ്പിക്കൈ ചുറ്റി പടരുന്നു
എണീക്കാന്‍ ധൃതിപ്പെടെണ്ട, സമയം ഉണ്ടല്ലോ വേണ്ടുവോളം”
____ കൊച്ചിയിലെ വൃക്ഷങ്ങള്‍ (കെ.ജി.ശങ്കരപ്പിള്ള)

കെ.ജി.എസ്സിന്‍റെ  വീക്ഷണപരമായ ഉല്ഘണ്ടകള്‍  ശരി  എന്ന് തെളിയിക്കുന്ന നേര്‍ കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുന്നു ഈ പുസ്തകം. ഇതു കൊച്ചിയുടെ തനത് സംസ്കാരത്തിന്റെ ഒപ്പീസ് ചൊല്ലുന്നു.