Tuesday, April 29, 2014

"ഒച്ചുകള്‍" - സാമൂഹിക പ്രതിരൂപാന്തരം

കെ.ജി.ശങ്കരപ്പിള്ളയുടെ പുതിയ കവിത ഒച്ചുകള്‍ ഏറ്റവും ലളിതമായി നിര്‍വചിച്ചാല്‍, അത് ഇങ്ങനെ ആയിരിക്കും....
ഞാന്‍, സമൂഹം, ഇന്നലെ.
ഞാന്‍ സമൂഹം ഇന്ന് !
ഞാന്‍ സമൂഹം നാളെ ?

കാഫ്ക പോലും വിസ്മയിക്കുന്ന കയ്യടക്കതോട് കൂടിയാണ് കെ.ജി.എസ് ഇന്ത്യന്‍ സമൂഹത്തിന്‍റെ , പ്രത്യേകിച്ച് കേരള സമൂഹത്തിന്‍റെ രൂപന്തരീകരണത്തെ വരച്ചിടുന്നത്. കവിയുടെ വാക്കുകളില്‍ തന്നെ രൂപാന്തരീകരണവും , പ്രതിരൂപാന്തരവും .....

ഊണിനു മുമ്പിലും പടക്ക് പിമ്പിലും എന്ന് വിവക്ഷിച്ചിരുന്ന ഒരു നമ്പൂതിരി ഫലിതത്തില്‍ നിന്നും, സ്വാതന്ത്ര്യ സമരം എന്നാല്‍ കോണ്‍ഗ്രസ്‌, ദണ്ടി യാത്ര, ഗാന്ധി, വൈക്കം സത്യാഗ്രഹം എന്ന് ചുരുക്കി വായിക്കുകയും, സ്വാതന്ത്ര്യ സമര പെന്‍ഷന്‍ തരപ്പെടുത്തി, താമ്രപത്രം വാതില്‍ പടിയില്‍ തൂകുകയും ചെയ്ത തല മുതിര്‍ന്ന ത്യാഗികളുടെ പാരമ്പര്യം ഉള്ളവരാണ് നമ്മള്‍ മലയാളികള്‍ . ഇവിടെ നിന്ന് അല്പം വഴി മാറി നടന്നു നമ്മള്‍ സോഷ്യലിസവും, അതിലും അല്പം ഗ്രേഡ് കൂടി കമ്മ്യൂണിസവും എല്ലാം പരീക്ഷിച്ചു, മൂര്‍ധന്യാവസ്തയില്‍ നക്സല്‍ പ്രസ്ഥാനങ്ങളില്‍ എത്തി , ഇതായിരുന്നു കേരള സമൂഹത്തില്‍  metamorphosis ഇന്റെ പാരമ്യം. പിന്നെ മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിതയുടെ പേര് പോലെ “തിരികെ യാത്ര” . അതിന്‍റെ അവസ്ഥാന്തരങ്ങളില്‍, പരിസരങ്ങളില്‍ ജീവിച്ചു തുടങ്ങിയ കേരളീയ സമൂഹത്തെ മറ്റൊരു ചാലിലേക്ക് തിരിച്ചു വിട്ടത്  ഗള്‍ഫ്‌ വിപ്ലവമായിരുന്നു . കേരളീയ സാമൂഹിക സാമ്പത്തിക ജീവിത ക്രമത്തെ അടിമുടി ഉലക്കാന്‍ പോന്നതായിരുന്നു പുത്തന്‍ ഗള്‍ഫ്‌ പണത്തിന്റെ വരവ്. മലയാളി തികച്ചും പ്രവാസി ആയി. അറബി പണവും പൊന്നും സ്വപ്നം കാണാത്തവന്‍ മലയാളി അല്ല എന്നുള്ള നിലയിലെത്തി കാര്യങ്ങള്‍. സദ്ദാം ഹുസൈന്‍ കുവൈറ്റ്‌ പിടിച്ചടക്കുന്നത് വരെ പിന്നീട് കാര്യങ്ങള്‍ നേര്‍ വരയില്‍ സഞ്ചരിച്ചു. ഇതിനിടയില്‍ എപ്പോഴോ ഉദ്ഭവിച്ച മദ്ധ്യ തിരുവതാംകൂര്‍  നഴ്സിംഗ് migration കാണാതെ പോകാന്‍ കഴിയില്ല എങ്കിലും അതൊരു mass movement ആയി മാറിയില്ല എന്നതാണ് സത്യം. ഒന്നുകില്‍ പ്രവാസി, അല്ലെങ്കില്‍ സര്‍ക്കാര്‍ ഗുമസ്തന്‍ എന്ന ഈ രണ്ടു പൊതു സ്വപനങ്ങളില്‍ ആണ് ഒരു ശരാശരി മലയാളി  അവന്‍റെ      വിദ്യാഭ്യാസം ക്രമപെടുത്തിയിരുന്നത്. വിരലില്‍ എണ്ണാവുന്ന അതിബുധിമാന്മാര്‍ വൈദ്യം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് പഠിച്ചു അമേരിക്കയ്ക് പോയി. അതിനും മുകളിലെ വിരലുകള്‍ സിവില്‍ സര്‍വീസ്കാരായി. ഇതിനിടയില്‍ ചാതുര്‍വര്‍ണ്യത്തില്‍ നിന്നും കുത്തനെ ഇറങ്ങി വന്നതുപോലെ ഒരു കൂട്ടര്‍ അടിസ്ഥാന ഗണിതം മാത്രം അറിഞ്ഞു  കച്ചവടക്കാരായി. അവര്‍ മൂലധനം വായിക്കാതെ, പെട്ടിയില്‍ ഇടുക മാത്രം ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അരാഷ്ട്രീയ വാദത്തിന്‍റെ ആദ്യത്തെ അപോസ്ഥലന്മാരായി .
സമൂഹം പൊതുവില്‍ ഈ മൂന്നു  തലങ്ങളെ ജീവിതോപാധിയായി കണ്ടതോടെ സാമൂഹികമായ് അടിയൊഴുക്കുകള്‍,  ഈ ക്രമങ്ങളെ തങ്ങള്‍ക്കു അനുകൂലമാക്കി മാറ്റാന്‍ ഉള്ള ശ്രമങ്ങളില്‍ മുഴുകി. സംവരണവും, മണ്ഡല്‍ കമ്മീഷനും ഒക്കെ മലയാളിക്ക് പെട്ടന്ന് പ്രസകതമായതും,  അറബി രാജ്യങ്ങളില്‍ ജോലി തേടി പോകുന്ന അമുസ്ലീം ഇന്ത്യന്‍ ജനത്തിനെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചു കാണിക്കുവാന്‍ ഉള്ള പ്രവണതയും ഒക്കെ അങ്ങനെ ആണ് നമ്മള്‍ കേരളീയരില്‍ വേരൂന്നിയത്.  ഷിയാ സുന്നി തുടങ്ങി മതാചാരാധിഷ്ടിതമായ ചില മുസ്ലിം ഗ്രൂപ്പുകള്‍, എന്‍.എസ്.എസ്, എസ്.എന്‍ ഡി.പി, പോലുള്ള സാമുദായിക സംഘടനകള്‍, മിഷനറി മൂടുപടമണിഞ്ഞ ക്രിസ്തീയ സഭാ പ്രവര്‍ത്തനങ്ങള്‍ ഇവയുടെ എല്ലാം വേരുകള്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ഭൂമിക ഈ സാമൂഹിക പരിസരങ്ങള്‍ ആണ്. ഇതിന്‍റെ ഭാഗമായി തന്നെ രാഷ്ട്രീയമായ പ്രസ്ഥാനങ്ങള്‍ (പലതും സ്ഥാപനവല്കരിക്കപെടുകയും, അല്ലങ്കില്‍ പ്രസ്ഥാനങ്ങള്‍ ആകാതെ ഒരു one time movement മാത്രമായി അകാല ചരമം അടയുകയും ചെയ്തതു കൊണ്ട്  പ്രസ്ഥാനങ്ങള്‍ എന്നുള്ള വിളി ശരി ആണോ എന്നറിയില്ല) വ്യവസ്ഥാപിതമായ വഴികളില്‍ കൂടി ഈ സാമൂഹിക പരിസരങ്ങളില്‍ അവരുടെ നിലനില്പിനായി ശ്രമിക്കുകയും, അതില്‍ തന്നെ പ്രധാനമായും ട്രേഡ് യുണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ, വര്‍ഗ സിദ്ധാന്തത്തെ ഇതേ  സമൂഹികമായ കാലിഡോസ്കോപില്‍ പ്രതിനിധാനം ചെയ്തു തുടങ്ങുന്നതോടെയാണ് കെ.ജി.എസ്. പറയുന്ന ഒച്ചുകള്‍ കേരളത്തില്‍ നിറയുന്നത്. പുറമേക്ക് രാഷ്ട്രീയമായ് മേലങ്കി ഉള്ള, സമൂഹത്തോട് തികച്ചും അന്യതാബോധം വെച്ചു പുലര്‍ത്തുന്ന, രൂപാന്തരീകരണത്തിനു വിധേയമായ കൂറകള്‍. അരാഷ്ട്രീയ നിലപാടുകളിലേക്ക്‌ നടന്നു കയറിയ ഒച്ചുകള്‍ ...

എവിടെ നിന്നോ വരാനുള്ള വിസയും കാത്ത്, അല്ലെങ്കില്‍ പബ്ലിക്‌ സര്‍വീസ് കമ്മിഷനില്‍ നിന്നും ഒരു പക്ഷെ വന്നേക്കാവുന്ന നിയമന ഉത്തരവ് കാത്ത്  ഒന്നും ആകാനാവാതെ വിരിയാതെ കൊഴിഞ്ഞ ഒരു തലമുറ ഇതിന്‍റെ മറു പുറമാണ്. ദൈവത്തിലേക്കോ കമ്യുണിസത്തിലെക്കോ എന്തിന് കോകേയ്നിലേക്കോ പോലും തിരിയാന്‍ കഴിയാതെ , ഒരു ഹിപ്പി പോലും ആവനാവാതെ സത്വം മറന്ന ഒരു  തലമുറ. പ്രതികരണ ശേഷി ഇല്ലാത്ത, ചിന്തിക്കാനറിയാത്ത ഒരു തലമുറ. അവര്‍ക്കും ഒച്ചുകള്‍ക്കും തമ്മില്‍ വലിയ വെത്യാസം ഉണ്ടായിരുന്നില്ല അതല്ലെങ്കില്‍ ഒച്ചുകള്‍ ആകണം എന്ന് സ്വപ്നം കണ്ട തലമുറ. പെണ്ണ് കെട്ടാന്‍ , പാതി കടം വാങ്ങി വീട് എന്ന പേരില്‍ കോണ്ക്രീറ്റ് വൈകൃതം ചമയ്ക്കാന്‍, ലീവ് എടുക്കാന്‍, കൈക്കൂലി വാങ്ങാന്‍ സ്വപ്നം കണ്ട തലമുറ. കാലാന്തരത്തില്‍  അവര്‍ക്കും  ഒച്ചുകള്‍ക്കും ഇടയില്‍ വിടവുകള്‍ ഇല്ലാതെ ആയി മാറി , അവര്‍ എന്തൊക്കെയോ ആയി അല്ലെങ്കില്‍ എന്തൊക്കെയോ ആകാതെയായി. ഈ പരിസരത്തു നിന്നു മാറാനുള്ള ആക്കം സമൂഹത്തിനോ  മാറ്റത്തിന്‍റെ ദിശ കാട്ടികൊടുക്കാന്‍ തക്ക ക്രാന്തദര്‍ശിത്വം ഭരണ/സമൂഹ  നേതൃത്വത്തിനോ ഉണ്ടോയിരുന്നില്ല. പടിഞ്ഞാറോട്ട് നോക്കി വേഴാമ്പലിനെ പോലെ മാറ്റം വരുന്നുണ്ടോ എന്ന് നോക്കി നില്ക്കാന്‍ മാത്രം ആയിരുന്നു നമ്മുടെ നിയോഗം. അതുകൊണ്ട് തന്നെ പിന്നീടിങ്ങോട്ട്‌ ഒച്ചുകളുടെ സാമ്രാജ്യം ആയി കേരളത്തിന്റെ proliterian സംസ്കാരം. തൊണ്ണൂറുകളുടെ രണ്ടാം പകുതി വരെ ഇതായിരുന്നു കേരളസമൂഹം.

സാമ്പത്തിക ഉദാരവല്‍ക്കരണവും ഗ്ലോബലൈസേഷനും എല്ലാം ചേര്‍ന്ന തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ആണ് വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ തോഴിലുകളെ കുറിച്ചും, ജീവിതക്രമങ്ങളെ കുറിച്ചും  വിപ്ലവകരമായ അറിവുകള്‍ ഇന്ത്യയില്‍ പൊതുവില്‍ ലഭ്യമാവുന്നത്. ഇവിടുന്നാണ്‌  അടുത്ത അടിസ്ഥാനപരമായ മാറ്റം ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കാന്‍ കഴിയുന്ന ജോലികള്‍, അതിലൂടെ നേടാന്‍ കഴിയുന്ന ഉയര്‍ന്ന വരുമാനം മെച്ചപ്പെട്ട ജീവത സാഹചര്യങ്ങള്‍ ഇതൊക്കെ കേരളീയ യുവസമൂഹത്തിന്‍റെ പുതിയ ലക്ഷ്യങ്ങള്‍ ആയി. പക്ഷെ സാമൂഹിക സാഹചര്യങ്ങള്‍ , പശ്ചാത്തലങ്ങള്‍, രാഷ്ട്രീയ ഗതി വിഗതികള്‍ ഇതൊക്കെ ഇന്നും പഴയ ഒച്ചുകളുടെ സാമ്രാജ്യത്തില്‍ തന്നെ. ചിറകുകള്‍ പ്രതീക്ഷിക്കുന്ന ഒച്ചുകള്‍. പ്രതിരൂപാന്തരം.....ആഗ്രഹിച്ചാലും മാറാനാവാതെ, കാഫ്കയുടെ ഗ്രെഗോറിനെ പ്പോലെ ഒരു സമൂഹം...  

കവി പറയുന്നില്ല എങ്കില്‍ പോലും വായനയുടെ അടുത്ത പടിയില്‍, പറയാതെ പറയുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ വിയോജിക്കാതെ വയ്യ...ഇതൊരു സ്വര്‍ഗ്ഗം അല്ല, ഉടോപ്യ പോലും അല്ല, പക്ഷെ സാമൂഹിക യാഥാര്‍ഥ്യമാണ്. അവിടെ കോടി കുത്തി വാഴുന്നത് അരാഷ്ട്രീയ വാദവും, അന്യതാബോധവും, സ്വകാര്യ ഇടങ്ങളും, ആള്‍ ദൈവങ്ങളും ആണ്. സമൂഹത്തിന്‍റെ അടിസ്ഥാന സ്വഭാവങ്ങള്‍ ആയ മാക്രോ ബിഹേവിയറുകള്‍ അപ്പ്രത്യക്ഷമാവുകയാണ്. സമൂഹം അല്ല ഇതൊരു വെറും ആള്‍ക്കൂട്ടം മാത്രമാണ്..വെറും ഒരു മരുപച്ച. ഒരു സമൂഹമായി ഇനിയും നമ്മള്‍ ദിശകള്‍ തേടേണ്ടി ഇരിക്കുന്നു...

No comments:

Post a Comment