Wednesday, October 5, 2022

 ചരമവാർഷികം


അമ്പലമുറ്റത്തെ ആൽത്തറയിൽ 
കുടിയിരുത്തിയ മൂർത്തിയെ പോലെയാണ് ഓർമകൾ ....
പടർന്നുണങ്ങിയ ഗുരുതിചോപ്പും 
വിളറിയ സ്വപ്നം പോലെ,  
മഞ്ഞളും ,ചന്ദനവും ,കരിയും  പേറുന്ന  കരിഞ്ഞ ഇലച്ചീന്തുകളും  
കാക്കപ്പാതിയായ മാങ്ങയും  ....
അടർന്ന ഇലകളും .. കാട്ടു കളകളും ...
ഉണങ്ങി അമർന്ന ചുള്ളിക്കാലുകളും , 
ഇരുട്ടും.....
കൂനകൂടി, 
മൂർത്തിക്കു ശാസ്വം മുട്ടി തുടങ്ങും .... 


പിന്നെ ഒരുദിനം പൂജാരി വരും ..
കാടും കരിയിലയും കാക്കപ്പാതികളും നീക്കും ...
ചുറ്റും എണ്ണ കുടിച്ച തടിയൻ തിരികൾ നിറഞ്ഞു കത്തും ..
കുരുത്തോലയും നിറങ്ങളും തിളങ്ങും  
നറുചന്ദനവും പൂവും മണക്കും ..
പിടഞ്ഞുണർന്ന മൂർത്തി ...കണ്ണു തുറക്കും ...
ദീർഘമായി ശ്വാസം എടുക്കും ....
കഴിഞ്ഞ കാലത്തിന്റെ ശ്വാസം ....
വരാനുള്ള കാലത്തിന്റ  ശ്വാസം ..
കഴിഞ്ഞ പോയ മറവികളെക്കാൾ ...
വരാനുള്ള മറവികളെ ഓർത്തു ... മൂർത്തി നീറും ....
കിണ്ടി വാലിൽ നിന്നും പകർന്നൊഴുകുന്ന  തീർത്ഥത്തിൽ 
മൂർത്തിയുടെ കണ്ണീർ കലരും .... 
പിന്നെ 
ആളും വെളിച്ചവും ഒഴിഞ്ഞ് ....ഇരുട്ട് പടരും ...
നിറഞ്ഞു കത്തിയ തടിയൻ നിലവിളക്കുകൾ ...
നിലവറകളിലേയ്ക്ക്  തിരികെ പോയിരിക്കും   ...
മറവിയെ പേടിച്ച മൂർത്തി ...
എന്നും അന്തിത്തിരി കൊളുത്തുന്ന, 
ഒരു  കൊച്ചു കുട്ടിയെ സ്വപ്‌നം കണ്ട്  ...
മയങ്ങി തുടങ്ങും ...


അപ്പോഴെല്ലാം .....
അതേ  അരയാൽ .. മൂർത്തിക്കു മുകളിൽ ...
മഴയോടും കാറ്റോടും വെയിലോടും ഏറ്റ് ...
കാവൽദൈവമായി പടർന്നു നിൽക്കുന്നുണ്ടാവും 
തളിരിലകൾ പൊഴിച്ച് , അത് ...
കൊച്ചു മൂർത്തിയെ 
ചേർത്ത് പിടിക്കും ....
ചില്ലകളിലൂടെ,  ആർദ്രമായ താരാട്ടു മൂളി ....
മറവികളുടെ കോട്ടകൾക്കു മേൽ 
നനുത്ത സ്വാന്തനമായി ...
ഒരു മഞ്ഞുതുള്ളിയായി....
മൂർത്തിയുടെ നെറ്റിയിൽ തഴുകും  

പിന്നെ ....
എല്ലാക്കാലത്തേയ്ക്കുമായ് ....
അവൻ അവളെ ചേർത്ത് പിടിക്കും ....
അങ്ങനെയാണ് ആൽത്തറ കാവുകളിൽ ....
ഇപ്പോഴും ജീവൻ മിടിക്കുന്നത് ....

Wednesday, August 10, 2022

നീണ്ടു നിവർന്ന ഒരു നാട്ടിടവഴി പോലെ  ഓർമ്മകളിൽ നിന്നും മറവിയിലേക്കും ..തിരിച്ചും . രതിയുടെ ഒടുവിലെ നീണ്ട നിശ്വാസം പോലെ .. ഞാൻ  നേർത്തു വരുന്ന നേരത്തെല്ലാം തൂങ്ങിച്ചത്ത കുട്ടിമാളുവും , അകമേ ഭ്രാന്തിന്റെയും , പുറമെ ഇരുമ്പിന്റെയും ചങ്ങല കിലുക്കുന്ന 

വലിയ കാർന്നോരും എന്നെ തിരഞ്ഞു വരുന്നതെന്തിന് ...



തറവാട്ടിലെ അവസാനത്തെ ആന ചെരിഞ്ഞ അന്നാണ് , വലിയ കാർന്നോർക്കു ആദ്യമായി ചുഴലി  വന്നത്, പത്താനകൾ ഉള്ള തറവാടായിരുന്നു അത്രേ. പല കാരണങ്ങളാൽ ക്രമേണ എണ്ണം കുറഞ്ഞു കുറഞ്ഞു ഒടുവിൽ ആദികേശവൻ എന്ന ഒരു കൊമ്പൻ മാത്രമായി... ഓരോ ആനകൾ കുറഞ്ഞപ്പോഴും അതാതു തലമുറയിലെ  കാരണവർ, സുകൃതക്ഷയം , സുകൃതക്ഷയം എന്ന്  പറഞ്ഞിരിക്കണം.   എന്തായാലും പറയന്മാർ ആദികേശവനെ  വെട്ടിമുറിച്ചു കൊണ്ടുപോകുന്നത്, പടിഞ്ഞാറേ ഇളംതിണ്ണയിൽ നിന്നും  നോക്കി നിക്കയായിരുന്ന കാരണവരെ അടിമുടി ഉലച്ചു കൊണ്ട് ... പെരുവിരൽ തുമ്പിൽ  നിന്നാണ്  ആ സന്നി പുറപ്പെട്ടത് . കാറ്റു പിടിച്ച കൊന്നത്തെങ്ങുപോലെ കാരണവർ  അടിമുടി വിറച്ചു ....ഒടുവിൽ മുന്നോട്ടു കമിഴ്ന്നു...ആ നിമിഷം പാടത്തിന്റെ നടുവിൽ  , പറയാൻമാർ പൊട്ടൻ തുള്ളുന്ന തുരുത്തിൽ നിന്ന കരിമ്പനയ്ക്കു  മുകളിൽ വെള്ളിടി വെട്ടി. ആദികേശവനെ ദഹിപ്പിക്കാൻ ശ്രമം കൂടിയിരുന്ന പറയന്മാർ താങ്ങും മുമ്പേ ... ആറടി പൊക്കമുള്ള കാരണവർ മുറ്റത്തെ ചരലിലേയ്ക്ക് മൂക്ക് കുത്തി  . തലപ്പറയൻ എളിയിൽ നിന്നും പിച്ചാത്തി എടുത്തു കൈയ്യിൽ പിടിപ്പിക്കുന്ന സമയം വരെ കാറ്റ് പിടിച്ച മരംപോലെ കാരണവർ മുറ്റത്തെ ചരലിൽ പേരറിയാത്ത രൂപങ്ങൾ വരച്ചു, പിന്നെ  ബോധരഹിതനായി. അയാളുടെ കോടിയ കടവായിൽ നിന്നും ഈത്ത ഒലിച്ചു ...  ഒരു കൂട്ടം നിലവിളികൾ പിന്നാമ്പുറത്തുനിന്നും ഉയർന്നു. കമ്പിൽ കെട്ടി ആദികേശവന്റെ തുണ്ടങ്ങൾ ദഹിപ്പിക്കാൻ കൊണ്ടുപോയിരുന്നു പറയന്മാർ , തണ്ടുകൾ ദൂരെ എറിഞ്ഞു അയാളെ ഉയർത്തി ... നിമിഷങ്ങളുടെ ദൂരത്തിൽ അയാൾ പ്രജ്ഞയിലേക്ക് തിരികെ വന്നു. ശേഷം  കുഞ്ചു കണിയാൻ  തറവാട്ടിലേയ്ക്ക് വിളിപ്പിക്കപ്പെട്ടു . കഷായം ..ധാര..നസ്യം ..ഭഗവതിസേവ, നവഗ്രഹ പൂജ ആവാഹനം.. ഉച്ചാടനം ...എല്ലാം മുറ പോലെ.  ചികിത്സ കഴിഞ്ഞ  കാരണവരുടെ  ഇരുപത്തഞ്ചു വയസു കുറഞ്ഞതുപോലെ,   എന്നും ഈരണ്ടു കിണ്ണം പാൽക്കഞ്ഞി അധികമായി കുടിച്ചു .. കരിയുടെ  വടക്കേച്ചിറയിൽ ആകാശം മുട്ടിയ തെങ്ങുകളിലെ മൂത്ത തേങ്ങയും , വടക്കേത്തണ്ടിയിൽ പ്രത്യേകമായി നട്ട നെല്ലിന്റെ പഴയരി വറുത്തുപൊടിച്ച ചുവപ്പ്‌നിറം പാറിയ അരിപ്പൊടിയും  കൂടി മുളംകുറ്റിയിൽ ചേർന്ന്  വിരിഞ്ഞതും , ചാത്തൻപുലയൻ വെള്ളം കോരിയ പാളയംതോടൻ വാഴയുടെ ഇഴയടുങ്ങി പൊൻ  നിറമാർന്ന  പവൻ മാര്ക്ക് പഴവും  കാരണവരെ ഹരം കൊള്ളിച്ചു .... ഉച്ചകളിൽ ഒരു പറ അരിയുടെ ചോറുണ്ടു ... ഒരു ആനയെപ്പോലെ അയാൾ ആഹാരം കഴിച്ചു തുടങ്ങി.    ചിറയിലെ മുളവാരികൾ ചാടിക്കടന്നു , വരമ്പിൽ കൂടി നടന്നു ...  കാലടികൾ  വരമ്പിൽ  പതിഞ്ഞ ഊക്കിൽ, പാടത്തിന്റെ തുമ്പുകൾ  തനിയെ അടഞ്ഞു . അവിടിവിടെ വെച്ചിരുന്ന ഒറ്റാലുകളിലേയ്ക്ക്  വരാൽകൂട്ടങ്ങളും  കല്ലേമുട്ടികളും  നീന്തി  ഒളിച്ചു .. ചിറയിൽ നീന്തിയിരുന്ന  പൂവൻ താറാവുകൾ കൺകെട്ട് വിദ്യയിൽ എന്നപോലെ മറഞ്ഞു പോയി ... കര ഞണ്ടുകൾ  വരമ്പിന്റെ പൊത്തുകളിലേയ്ക്ക്  ഉൾവലിഞ്ഞു ... കാരണവരുടെ വിശപ്പ് പോകെ പോകെ കൂടി വന്നു .  ഒരു കർക്കിടകം കൂടി  പെയ്തൊഴിഞ്ഞു ...അതിന്റെ ഇറക്കത്തിൽ, ഒരു സന്ധ്യയിൽ, കാരണവർ വിസ്തരിച്ചു കുളിച്ചു ... ഇറയത്തെ ഭസ്മത്തൊട്ടിയിൽ നിന്നും കുറി തൊട്ടു ..ഈറൻ മാറി ..മാഞ്ചസ്റ്റർ മന്മൽ മുണ്ടു ഉടുത്തു ..രണ്ടു കിണ്ണം നിറച്ച് പാൽകഞ്ഞി കുടിച് .. രണ്ടു വെറ്റില ഒന്നിന് മുകളയിൽ ഒന്നായി  തെറുത്ത് , മാദകമായ ഗന്ധം ചുരത്തുന്ന ഇംഗ്ലീഷ് പുകയില കൂട്ടി ..പാലിൽ മുക്കി ഉണക്കിയ പഴുക്കാ പാക്കിന്റെ തുണ്ടുകൾ ചേർത്ത് വിസ്തരിച്ചു ഒന്ന് മുറുക്കി .. ചുണ്ണാമ്പുചെട്ടിച്ചിയുടെ മണം കാരണവർക്ക് ചുറ്റും കുമിഞ്ഞുയർന്നു  ...ചെട്ടിച്ചി ഉള്ളിലും !!  താംബൂലത്തിന്റെ ലഹരി ചുറഞ്ഞു ..  അതിന്റെ ധാരാളിത്തത്തിൽ , പൂത്തുനിന്ന നന്ദ്യാർവട്ട ചെടികളുടെ ധവളിമയെ ചോപ്പിച്ചു കൊണ്ട്  കാരണവർ ഒരു മഴവില്ലു വരച്ചു ...പിന്നെ ഉച്ചത്തിൽ ചിരിച്ചു , നേരെ പടിഞ്ഞാറേ തൊടിയിലേയ്ക്ക്  നടന്നു. പുതുമഴയ്‌ക്കു മുമ്പേ പുര കെട്ടാൻ ഓല മെടഞ്ഞുകൊണ്ടിരുന്ന പണിക്കാരികളിൽ ഒരുവളെ അടുത്തേയ്ക്ക് വിളിച്ചു . ആ ചിന്നം വിളി കേട്ട്  വിറച്ചുപോയ അവളോട് ,   കൊന്നത്തെങ്ങിന്റെ തടിയിൽ ചേർന്ന് കിടന്നിരുന്ന ചങ്ങല കാട്ടി, അത്  സ്വന്തം കാലിൽ കെട്ടാൻ ആവശ്യപ്പെട്ടു. മോഹാലസ്യത്തിന്റെ വക്കോളമെത്തിയ പ്രജ്ഞയോടെ  , ഇരുട്ടുകയറിത്തുടങ്ങിയ കാഴ്‌ചയായോടെ, അതിനും മീതെ ഭയത്തിന്റെ അറിയാത്ത തലങ്ങൾ അവളുടെ കണ്ണുകളെ പുറത്തേയ്ക്കു തള്ളി ...കൈകൾ  എങ്ങനെയോ ആ തുടലിനെ , ചിഹ്നം വിളിച്ചു നിൽക്കുന്ന ആനയുടെ മുൻകാലുകളിൽ കുരുക്കി. അവൾ ദയനീയമായി മേലേക്ക്  നോക്കി ... അയാളുടെ കണ്ണുകളിൽ  അവൾ ആദികേശവന്റെ മദപ്പാടു കണ്ടു.  ... അവളുടെ നഗ്നത മറച്ചിരുന്നു കച്ച തോർത്ത് അവന്റെ തുമ്പിക്കൈയ്യിൽ കുടുങ്ങി ..  പറയ തുരുത്തുകൾക്കു മേലെ ആകാശത്തു കൊള്ളിയാൻ മിന്നി ..  തറവാട്ടിലെ പെണ്ണുങ്ങൾ അലമുറയിട്ടു കരയാൻ തുടങ്ങിയപ്പോൾ കേശവൻ ചിന്നം വിളിച്ചു.  ചുറ്റും കിടന്ന മടലും ചൂട്ടും കല്ലും പെറുക്കി എറിഞ്ഞു..  കേശവൻ കയറിയ കാർന്നോരു തെങ്ങിൻ ചുവട്ടിൽ മയങ്ങിവീണു . മഴപൊട്ടി ..അതിന്റെ ആയിരം തുമ്പികൈകളിലൂടെ വെള്ളം പെയ്തിറങ്ങി .. ഒരു രാത്രിയും പിന്നത്തെ പകലും തീരാതെ പെയ്ത മഴ ചിറകളെ മുക്കി ...തൊടിയിൽ,  പുതിയ കേശവനായി മാറിയ കാർന്നോരുടെ കാലുകളിൽ ചോരയും ചെളിയും കട്ടപിടിച്ചു .. അനന്തരവന്മാർ ഉള്ളാലെ ചിരിച്ചു ..പുറമെ കരഞ്ഞു. അവർ അയാളെ ഉള്ളിലെ തളത്തിൽ പുതിയ ചങ്ങലയിൽ കൊളുത്തിയിട്ടു ... അയാളുടെ അബോധത്തിൽ ..ഉന്മാദത്തിൽ ... ചിരിയിൽ കരച്ചിലിൽ എല്ലാം  പുതിയ കാരണവർ പുഞ്ചിരിച്ചു ...  ചിരിയിൽ കാലാന്തരത്തിൽ പുതിയ കേശവൻ ഓർമ്മയായി .കാലം പോകെ പോകെ എല്ലാ തലമുറയിലും പുതിയ കേശവൻമാർ പിറവി കൊണ്ടു . പടിഞ്ഞാറേ തൊടിയിലെ കൊന്നതെങ്ങ്   ദയനീയമായി ഇതെല്ലാം കണ്ടു നിന്നു ..ഒടുവിൽ മടുത്ത് സ്വയം നിലം പറ്റി. ഇരുപ്പൂ നിലങ്ങളിൽ കൃഷി കൊണ്ടാടി..നഷ്ടകൃഷിയിൽ പാടത്തിന്റെ വിസ്തൃതി കുറഞ്ഞ്  കുറഞ്ഞ്  വന്നു... ഒടുവിലത്തെ കാരണവർ പാടത്തിന്റെ ചിറയിൽ മാടത്തിൽ ഇരുന്നപ്പോൾ ആണത്രേ സന്നി വന്നത് ..കിഴക്കൻ കാറ്റിൽ തണുപ്പ് നിറഞ്ഞ കാലം ആയിരുന്നു അത് . ബോധം തെളിഞ്ഞ പുതിയ കാരണവർ ഇരുത്തി ഒന്ന് മൂളി ... നെല്ലിൻവെള്ളം വാറ്റിയ കുപ്പിയുടെ കോർക്കുമൂടി തനിയെ അടർന്നു വീണു  .. കാർന്നോർ കുപ്പിയോടെ മോന്തി .. കതിരിട്ടു തുടങ്ങിയ നെല്ലിൻചെടികളെ ചേർന്ന് വന്ന കാറ്റ് പുതിയ കാർന്നോരുടെ മുഖം തൊട്ടു . അയാൾക്ക്‌ വിയർത്തു . കാറ്റ് അയാളുടെ അശാന്തിയിൽ കൂട്ട് ചേർന്നു. പാടത്തെ പെണ്ണുങ്ങളുടെ പാട്ടു, അയാളെ ചുറ്റി .. വീണ്ടും സന്നി വന്നു ...ഉണർന്നപ്പോൾ അയാൾ വീട്ടിലെ തളത്തിൽ വെറും നിലത്തു കിടന്നു ... ചോര പൊടിഞ്ഞ നീറിയ കാൽ  മുറിവിൽ അയാൾ കൈകൾ ചേർത്തു ...അയാളുടെ ഉള്ളിൽ ഇരുമ്പു പഴുത്തു.  വലിയ കാർന്നോർ ചുറഞ്ഞു ...അയാളുടെ നീണ്ട മൂക്ക് ലോകത്തെ എല്ലാ മണങ്ങളെയും ഒപ്പിയെടുക്കാനെന്ന പോലെ ചുറ്റും ഇഴഞ്ഞു.. ഒടുവിൽ അത് മുറ്റത്തെ തെങ്ങിൽ നിന്നും ഒരു കുല കരിക്കിറുത്തു.    അപ്പോഴും അനന്തരവന്മാർ ഉള്ളാലെ ചിരിച്ചു..പിന്നെ , പുറത്തു  കരഞ്ഞു.  മുറ്റത്തിന് ചുറ്റും പൂത്തു നിന്ന മഞ്ഞ  മന്താരങ്ങളുടെ പൂവുകളിൽ , മെലിഞ്ഞുനീണ്ട കൊക്ക് കടത്തി തേനെടുക്കാൻ അടയ്ക്കാക്കിളികൾ  ചിറകടിച്ചു നിന്നു  . പൂത്ത നീല ശംഖുപുഷ്പങ്ങളുടെ വള്ളികളിലൂടെ വയറ്റിൽ മഞ്ഞയും കറുപ്പും വരകളുള്ള  കട്ടുറുമ്പുകൾ വാരി തെറ്റാതെ പൊയ്ക്കൊണ്ടിരുന്നു. വടക്കേ ചിറയിൽ മഞ്ഞ ചേരകൾ മാറാടി . കടപ്ലാവിന്റെ മുകളിൽ , വിരിഞ്ഞു നിന്ന പുളിയുടെ ഏറ്റവും മുകളിൽ ഒരു എരണ്ട ചിലച്ചു കൊണ്ട് പറന്നകന്നു ... തൊഴുത്തിൽ,   മാസം തികഞ്ഞ പശു പേറ്റുനോവിൽ ചുറഞ്ഞമറി  ...പുതിയ കാരണവരുടെ  നീലക്കരയുള്ള മന്മൽമുണ്ടിൽ ചോരകൊഴുത്തു ....


അത് വല്യമ്മാവൻ ആയിരുന്നു. പുറപ്പെട്ടു പോയി ..വടക്കെങ്ങോ മരിച്ചു എന്ന് കരുതുന്ന വല്യമ്മാവൻ. തറവാട്ടിൽ ആരും പേര് പറയാത്ത വല്യമ്മാവൻ.   പോകും മുമ്പ് വല്യമ്മാവൻ, കേശവന്റെ ചങ്ങല , ഇരുമ്പും തുരുമ്പും പെറുക്കാൻ കിഴക്കു നിന്നും വന്ന തമിഴന് കൊടുത്തു ..കാശു വാങ്ങി മൂന്നാം നാൾ വല്യമ്മാവൻ പുറപ്പെട്ടുപോയി... കാലം ഒരു പാട് ഒഴുകി കടന്നു .. സ്വാതന്ത്ര്യ സമരം നടന്നു ..കമ്മ്യുണിസം വന്നു .. വിമോചനസമരം വന്നു ...തന്തവഴിയിൽ ഊറ്റം കൊള്ളുന്ന പൈതൃകം നാട്ടുനടപ്പായി ..താവഴിയിൽ ചങ്ങലകൾ മാത്രം അവശേഷിപ്പിച്ചു ലോകം പതിയെ മുന്നോട്ടു നടന്നു ...




പൂത്തുനിക്കുന്ന മലകളുടെയും കാപ്പി മണക്കുന്ന ....പച്ച തേയിലയുടെ ചൂര് മണക്കുന്ന , പേരറിയാത്ത ആയിരം പൂക്കൾ മണക്കുന്ന മലകൾ ചുറ്റി, 

ഡീസലിന്റെ.. കരിഞ്ഞ ടയറിന്റെ  ..ഛർദിലിന്റെ ..മനം പുരട്ടുന്ന മണങ്ങൾ  പേറി  , ചുരം ഇറങ്ങി , നീണ്ട ബസ് യാത്രക്കൊടുവിൽ 

ഞങ്ങൾ  ബോട്ട് ജെട്ടി എത്തി ....

ചരക്കു നിറയ്ക്കുന്ന കെട്ട് വള്ളങ്ങൾ ..നിരനിരയായി കിടക്കുന്ന മണിക്കൂറുകളുടെ ഇടവേളയിൽ മാത്രം യാത്രാബോട്ടുകൾ വന്നുപോകുന്ന ചന്തക്കടവ്‌ . ഇമ്മാക്കുലേറ്റ് ഹോട്ടലും, സെന്റ് മാർട്ടിൻ  ഹോട്ടലും .കുറേ ബീഡി മുറുക്കാൻ  നാരങ്ങാവെള്ളക്കടകൾ ... പരന്ന തട്ടുകളുള്ള കൈവണ്ടികൾ അതിനെതിരെ നിര നിരനിരയായി നിലകൊണ്ടു . റിക്ഷകളുടെ പേരുകൾ അവയുടെ വശങ്ങളിൽ വെള്ള ചായത്തിൽ എഴുതപ്പെട്ടിരുന്നു. വേളാങ്കണ്ണി മാതാവും, സെന്റ് .ജോർജും, അറവുകാട് അമ്മയും, സ്വാമി അയ്യപ്പനും, മനയ്ക്കപ്പാടനും  അതിനിടയിൽ വിശ്രമിച്ചു . ഇമ്മാക്കുലേറ്റ് ഹോട്ടലിലെ ചില്ലലമാരയിൽ ചൂട് പലഹാരങ്ങൾ മൊരിഞ്ഞു കിടന്നു... പഴം പൊരിയുടെയും,  എണ്ണയിൽ മൊരിയുന്ന സവാളയുടെയും മണങ്ങൾ ഇപ്പോഴും ആൾക്കാരെ കൊതിപ്പിക്കാനെന്ന പോലെ ജെട്ടിയുടെ മുകളിൽ പടർന്നു നിന്നു . പണി തീർന്ന  ചുമട്ടുകാരും , റിക്ഷാത്തൊഴിലാളികളും,   സെന്റ് മാർട്ടിൻ ഹോട്ടലിൽ നിന്നും പൊറോട്ടയും പോത്തുകറിയും  കഴിച്ച് ,  നിര നിരയായി  കിടന്നിരുന്ന  കൈ വണ്ടികളുടെ പ്ലാറ്റഫോമിൽ ചാരിനിന്നു, കുശലം പറഞ്ഞു .  പലപ്പോഴും അവരിൽ നിന്നും പുകയിലയുടെയും ,പൊടിയുടെയും, ചുരുക്കം ചില അവസരണങ്ങളിൽ കള്ളിന്റെയും മണം പരന്നു... 

ചന്തക്കടവിലെ  കറുത്ത വെള്ളത്തിൽ , ചരക്കു നിറയ്ക്കുന്ന വള്ളങ്ങളുടെ നിഴലുകൾ  അയഞ്ഞു കിടന്നു . ചെറിയ കാറ്റിലെ ഓളങ്ങൾ വള്ളങ്ങൾ മുന്നോട്ടു നീങ്ങുന്നുവെന്ന തോന്നൽ നൽകി . വള്ളങ്ങളുടെ ഒരറ്റത്തു, കുറ്റി അടുപ്പിൽ  അറക്കപ്പൊടി നിറച്ചു വള്ളക്കാർ കഞ്ഞി വെയ്ച്ചു ,  പടവിന്റെ ഒരു മൂല  കഴുകി വൃത്തിയാക്കി , പുളിമാങ്ങയും ചന്തമുളകും ഉപ്പും കുത്തിച്ചതച്ച്  കുട്ടിച്ചോന്റെ ചമ്മന്തി അവർ വിളിച്ചിരുന്ന  ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മറ്റു ചിലർ. ചുരുക്കം ചിലർ,  വള്ളങ്ങളുടെ കാറ്റുപായ വിടർത്തി പരിശോധിച്ചു ..പടവുകളിൽ നിന്നും വള്ളത്തിലേയ്ക്ക് ചാരിവയ്ച്ച പലകകളിൽ കൂടി ചരക്കു നിറയ്ക്കുന്ന ചുമട്ടുകാർ, വിറകു കടയിൽ അനന്തകാലമായി വിറകു കീറുന്ന പണിക്കാർ.. എല്ലാ ദിവസവും ഒരേ തമാശയിൽ പൊതിഞ്ഞ് ...പേപ്പർ കുമ്പിളിൽ,  ചൂട് കപ്പലണ്ടി വിൽക്കുന്ന  കണ്ണാടി വെച്ച ചേട്ടൻ , ചുമലയും പച്ചയും അടപ്പുകൾ ഉള്ള  ചെറിയ കുപ്പികളിൽ  അയമോദക വായുഗുളിക വിറ്റിരുന്ന മറ്റൊരാൾ ... ജെട്ടിയുടെ കാത്തിരുപ്പു കേന്ദ്രത്തിൽ  അങ്ങിങ്ങായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിരുന്നു. അവയിൽ ചില ആടുകൾ വിശ്രമിച്ചു. കപ്പലിന്റെ വീലിനെ അനുസ്മരിപ്പിയ്ക്കുന്ന ,  വാട്ടർ ട്രാൻസ്‌പോർട്കമ്പനിയുടെ  അടയാളം വരച്ചു വെച്ചിരുന്ന  മുറിയിൽ നിന്നും ,കൂരയിലെ കോളാമ്പികളിലെയ്ക്ക് ബോട്ട് താമസിക്കുന്നതിന്റെ വിവരം  പുറത്തേക്കു വന്നിരുന്നു അത് കേൾക്കുമ്പോൾ കൂരകളിൽ തമ്പടിച്ചിരുന്ന പ്രാവുകൾ ഒന്നോടെ ചിറക്  നിവർത്തി , വലിയ ഒച്ചയോടെ പറന്നകന്നു.  താമസിച്ചെത്തുന്ന ബോട്ടുകളും  പ്രാവുകളും തമ്മിൽ  അങ്ങനെ ഒരു ആദിമമായ ഒരു ബന്ധം സ്ഥാപിച്ച സ്ഥലം കൂടിയായി ചന്തക്കടവ് ജെട്ടി . 

 

 



  ഇരുട്ട് തൂവാനെന്ന പോലെ മാനം മൂടിക്കെട്ടി നിന്ന്. ദൂരെ  മഴ പുള്ളുകൾ  കൂട്ടമായി പറന്നു. പെയ്യാനൊരുങ്ങി നിന്ന മഴ മാനത്തിനു താഴെ , പാടത്തെ വെള്ളത്തിൽ ഒരു വില്ലിന്റെ  ആകൃതിയിൽ അവയുടെ കൂട്ടം പ്രതിഫലിച്ചു . തലയിൽ വെളുപ്പ് തൂവലുകൾ ഉള്ള ഒരു പരുന്ത് ആകാശത്തിനു ചുവട്ടിൽ മേഘങ്ങളെ തൊട്ടു എന്ന പോലെ ഒഴുകിനടന്നു ...അത് കണ്ടിട്ടാവണം മഴ പുള്ളുകൾ കലപില കൂട്ടി പറന്നകന്നു ..അവ തെക്കേത്തൊടിയിലെ , വെള്ളത്തിലേക്ക് ചാഞ്ഞുകിടന്ന കുടംപുളിയിൽ ചേക്കേറി ..  അതുവരെ തെങ്ങിൻ തടത്തിൽ കൊത്തിപ്പെറുക്കി  നിന്ന തള്ളക്കോഴി , കുഞ്ഞുങ്ങളെ കൂട്ടി നെടുംപുരയുടെ തളത്തിൽ അഭയം തേടി ..മഴപുള്ളിൻ കൂട്ടം പതിഞ്ഞ സ്ഥായിയിൽ ചൂളം വിളിച്ചു ..മഴയെ വിളിക്കുകയാകാം ....ഞാൻ പടിഞ്ഞാറേ ഇളംതിണ്ണയിൽ കാലുംനീട്ടി ഇരുന്നു. മഴ ദൂരെനിന്നും ഇരച്ചെത്തുന്ന ശബ്ദം ... മഴപുള്ളിൻ കൂട്ടം പെട്ടന്ന് നിശബ്ദമായി .. ചിറയുടെ കിഴക്കേ അതിരിൽ നിന്നും ഒരു പട്ടി  ഓടി വന്നു മാടത്തിന്റെ അടിയിൽ സ്ഥലം പിടിച്ചു ...ദേഹം ഒന്ന് കുടഞ്ഞു ..ചുറ്റും വെള്ളത്തുള്ളികൾ തെറിപ്പിച്ചു, കാലുകൾ മുന്നോട്ടാക്കി , മെല്ലെ സ്വസ്ഥമായി കിടന്നു. രണ്ടു പൂവൻ കോഴികൾ, മാടത്തിന്റെ കയറുവരിഞ്ഞ ഭാഗത്തു നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു .. താഴെ എത്തിയ പട്ടിയെ അവ സംശയത്തോടെ നോക്കി ...പിന്നെ പരസ്പരം നോക്കി ... ശേഷം തൂവലുകൾ ചിക്കി ഉണക്കുന്നതിൽ വ്യാപൃതരായി . തെങ്ങോലകളിൽ കാറ്റ് പിടിച്ചു .... മണ്ണിൽ മഴയുടെ ഒരു തുള്ളി പാറി വീണു ....ഇളം തിണ്ണയിൽ ഇരുന്ന എന്റെ കാലുകളിൽ മഴ ചിതറി .. ഞാൻ ഇക്കിളിപ്പെട്ടു. മഴയിൽ ആദ്യം വന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ കാണാതെ പോയ വല്യമ്മൂമ്മ ആയിരുന്നു .. സ്ഥാനം തെറ്റിയ റൗക്ക നേരെ ഇട്ട് , വെള്ളിപോലെ നരച്ച  മുടിയിലെ വെള്ളം തുടച്ചു കൊണ്ട്, എന്നെ   ഒരു ചോദ്യഭാവത്തിൽ നോക്കി , പിന്നെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവർ അകത്തെ തണുപ്പിലേയ്ക്ക്   കയറിപ്പോയി ... പിന്നെ ഓരോരുത്തരായി വന്നു ... ഇപ്പൊ മഴ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി ..ഇറയത്തുനിന്നും തുമ്പിക്കൈ വണ്ണത്തിൽ വെള്ളം താഴേക്ക് വീണു എന്റെ കുപ്പായം മുഴുവൻ നനഞ്ഞു ...ഞാൻ വരാനുള്ള രണ്ടാളെ തിരഞ്ഞു കൊണ്ട് ..മഴയിലേക്ക് തുറിച്ചു നോക്കി ...എനിക്ക് വേണ്ടത് രണ്ടു പേരെ മാത്രമായിരുന്നു  .... തലമുറയുടെ പരമ്പരയിൽ ചിന്നന്റെ വിത്തുകൾ പാകി ... മഴയിലേക്ക് ഇറങ്ങി പോയ വെല്യകാരണവർ.. പിന്നെ ഭ്രാന്തിൽ നിന്നും രക്ഷപ്പെടാൻ ചങ്ങല വിറ്റ വല്യമ്മാവൻ.. എന്നെ മുഴുവൻ ആകാൻ അനുവദിക്കാത്ത രണ്ടു പേര്. എന്റെ സന്നികൾ  അങ്ങനെ ഇപ്പോഴും അപൂർണമായി അവസാനിച്ചു .. എല്ലായ്‌പ്പോഴും 


പടിഞ്ഞാറേ ഇളംതിണ്ണയിൽ കാലും നീട്ടി ഇരിക്കുന്ന നേരത്തെല്ലാം ...ആകാശത്തിന്റെ തെക്കേ മൂലയിൽ കാറ് കൊള്ളുമ്പോഴും, പടിഞ്ഞാറ് ചക്രവാളം ചുവപ്പിൽ നിന്നും കറുപ്പിലേയ്ക്ക് തെന്നുമ്പോഴും ...നെല്ലിന് തലപ്പുകളിൽ കാറ്റു പിടിക്കുമ്പോഴും ... തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ...ഒഴുകി ഒടുങ്ങിയ വെല്യമ്മൂമ്മ  കയറുന്ന നേരത്തും ...മഴ കനക്കുമ്പോൾ ..ഇറയത്തു പൊട്ടുന്ന വെള്ളക്കൈകളിൽപെട്ട് പോവുന്ന, ചൂട്ടമണ്ഡലി കുഞ്ഞുങ്ങളെ നോക്കി നിക്കുന്ന നേരത്തും ..ഞാൻ കുഴിയാനകളെ മാത്രം കണ്ടു ... എനിക്ക് വേണ്ടത്  ആനകളെ ആയിരുന്നു  .... പുറകോട്ടു നടക്കാൻ കഴിയാതെ പോകുന്ന കുഴിയാനകളെ ഞാൻ തിരഞ്ഞു കൊണ്ടേയിരുന്നു .. മറവിയിൽ മുക്കി മറയ്ക്കാൻ നോക്കുമ്പോൾ , വീണ്ടും തെളിഞ്ഞു വരുന്ന ദുസ്വപ്ന പെരുംകളങ്ങളിൽ വല്യമ്മാവനും വാല്യകാരണവരും  എന്നെ വേട്ടയാടി .. ... ഞാൻ തിരിഞ്ഞു നടന്നു ...എന്റെ മീതെ തലമുറകൾ ആട്ടി ആട്ടി ആയി ഇറുന്നു വീണു ...ചിലതൊക്കെ ഞാൻ തന്നെ ആയിരുന്നു ...ചിലപ്പോൾ , ചിലതിൽ,  വേറെ ചില ഞാനും ...ചോലയിലെ ആദി കേശവനും ...ഞാനായ ആദി കേശവനും ഭേദം ഇല്ലാതായി ..ഇതിനിടയിൽ ഒരു പാട് പുതിയ കേശവന്മാർ കടന്നു വന്നു . മദപ്പാടുകളും  ... കാലിലെ ചങ്ങല മുറിവുകളും  മാത്രം മാറിയില്ല ...എല്ലാ കേശവന്മാരും ഞാനായി ...ഇടയിൽ വന്ന കേശവന്മാർ എന്നിൽ കയറി  നിന്നു .. മദമുണർന്ന ചങ്ങല  ഉരഞ്ഞു ഞാൻ ഉള്ളിൽ മുറിഞ്ഞു ..പാൽക്കഞ്ഞി കുടിച്ചു വയറു നിറഞ്ഞ ഞാൻ എന്റെ മുറുക്കാൻ ചെല്ലം തപ്പി. എന്റെ ചങ്ങല വലിഞ്ഞ് നന്ദ്യാർവട്ടങ്ങൾ പൂപൊഴിച്ചു .