Thursday, May 8, 2014

ഒരു ലൈന്‍മാന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍ - മലയാളി സ്വത്വത്തിനു നേരെ പിടിച്ച കണ്ണാടി

ഏതാണ്ട് മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് “ഒച്ചുകള്‍” എന്ന പേരില്‍ കെ.ജി.ശങ്കരപ്പിള്ള ഒരു കവിത ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ രണ്ടാം ഭാഗം എന്ന പോലെ വായിക്കാവുന്ന മറ്റൊരു കവിത ഈ കഴിഞ്ഞ ലക്കം ഭാഷാപോഷിണിയില്‍ “ഒരു ലൈന്‍മാന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു . പോസ്റ്റ്‌മോഡേണ്‍ മലയാളിയുടെ , പ്രത്യേകിച്ചും മലയാളി മധ്യവര്‍ഗത്തിന്റെ പേടിപ്പിക്കുന്ന നിസംഗത തിരനിവര്‍ത്തുകയാണ് കെ.ജി.എസ് ഈ കവിതയിലൂടെ. പ്രത്യേകിച്ച് ഒന്നും നേടാനില്ലാത്ത, ജനിച്ചു പോയത് കൊണ്ട് ജീവിക്കുന്ന, പത്തായങ്ങള്‍ പെറ്റ് , യന്ത്രങ്ങള്‍ കുത്തിയത് ഉണ്ണുന്ന ഉണ്ണികള്‍.....അരാഷ്ട്രീയത, മതം ആയി മാറുന്ന ഉപഭോഗം, അസാമൂഹികമായ  ധാരണകള്‍, അന്യം നില്‍ക്കുന്ന ചില പാരമ്പര്യങ്ങള്‍, ചരിത്ര ബോധങ്ങള്‍, അസഹനീയമായ, ആസുരമായ ഓര്‍മപ്പെടുത്തലുകള്‍ ......

ഇരുട്ട് അജ്ഞാനം ആല്ല, അറിയാനാകയ്മയാണ്  എന്ന് ആദ്യം നമ്മോടു സൂചിപ്പിച്ചത് “ഓഷോ” ആണ്. ഇവിടെ കെ.ജി.എസ് അത് നമ്മോടു വീണ്ടും പറയുന്നു. ഇരുട്ടില്ലെങ്കില്‍ നിലാവില്ല, കൈ എത്തി നീട്ടിയാല്‍ തൊടാവുന്ന ഗന്ധരാജന്‍ പൂക്കളുടെ നേര്‍ത്ത പ്രകാശം ഇല്ല , നാസികകളെ ത്രസിപ്പിച്ചു നിലവില്‍ നിറഞ്ഞിരുന്ന കൈതപ്പൂ മണം ഇല്ല, അങ്ങിങ്ങ് കമ്പുവേലികള്‍ കൊണ്ട് അതിര്‍ തിരിച്ചിരുന്ന തൊടികളെ ചുറ്റി കിടന്ന ഗ്രാമ പാതകളില്‍ മിന്നി മിന്നി തെളിഞ്ഞിരുന്ന വഴിച്ചൂട്ടുകള്‍, മണ്ചെരാതുകള്‍ മുനിഞ്ഞു കത്തുന്ന ഗ്രാമ ചന്തകള്‍, ഇരുട്ടില്‍ മാടനും മറുതയും പൊട്ടനും നടന്ന ഇടവഴികള്‍, പാണലിലയും പച്ചിരുമ്പും തലയിണക്കീഴില്‍  വച്ച് അര്‍ജുനപ്പത്തു ജപിച്ചുറങ്ങിയ പാലപ്പൂ മണത്ത, മഞ്ഞിന്‍റെ നേര്‍ത്ത കുളിര് പടര്‍ന്നു കിടന്ന നീളമുള്ള രാത്രികള്‍, കര്‍ക്കിടക വാവിന് രാത്രിയില്‍ ഇരുട്ട് നിറഞ്ഞ തെക്കേ മുറിയില്‍, മരോട്ടി എണ്ണയില്‍ തെളിഞ്ഞ ഒരുതിരി വെളിച്ചത്തില്‍ , നാക്കിലയില്‍ നേദിച്ച വാവട രുചിച്ചു തിരിച്ചു നടക്കുന്ന പിതൃക്കള്‍ ....... നഷ്ടപ്പെടലുകള്‍..... എന്നേക്കുമായുള്ള  നഷ്ടപ്പെടലുകള്‍.... ഇപ്പോള്‍ എനിക്കെന്റെ ഇരുട്ടിനെയും നഷ്ടപ്പെടുന്നു  .....ഇരുട്ട് ഭയപ്പെടുന്നത് പോലെ...എവിടെയും പകല്‍ മാത്രം ...വെളിച്ചം മാത്രം.... വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു നിറഞ്ഞു നിന്നു ഞാന്‍ എന്നെ തന്നെ നഷ്ടപ്പെട്ടു തുടങ്ങും....പിന്നെ തിളയ്ക്കുന്ന വെളിച്ചം നിറഞ്ഞ, ഈ പുതിയ കമ്പോളത്തില്‍ നിന്നും പോളിത്തീന്‍ കവറില്‍  നിറച്ച  ഇരുട്ടും ഞാന്‍ വാങ്ങി തുടങ്ങും....

  
സാമൂഹികമായി നമ്മള്‍ക്ക് നമ്മളെ ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു . തകര്‍ന്ന സാമൂഹിക പ്രത്യയശാസ്ത്രങ്ങളും,  ദര്‍ശനങ്ങളും, ഭരണകൂടത്തിന്‍റെ നിലപാടില്ലായ്മയും , നിലയില്ലായ്മകളും..ദിശയറിയാതെ ആപ്പുകളുടെ വിര്‍ച്വല്‍ ലോകത്ത് അഭിരമിച്ചു ജീവിക്കുന്ന ഒരു യുവ തലമുറ(Alfred Tennyson  അദ്ദേഹത്തിന്‍റെ The Lotos-Eaters എന്ന കവിതയില്‍ വരച്ചു കാട്ടുന്നത് പോലെ )

 “വീഴാതിരിക്കാന്‍ ഓടാതിരുന്നവന്‍” കളി ജയിക്കുമ്പോള്‍, ഈ സമൂഹത്തിന് ഓടിയവന്‍ പരിഹാസപാത്രമാണ് . ( മദ്യപാന സദസുകളിലെയും, കോമഡി പരിപാടികളിലെയും പട്ടാള കഥകള്‍, നക്സല്‍ കഥകള്‍ ഇവ   സാക്ഷ്യം) ,  . “ all are equal, some are more equal. എന്ന് ജോര്‍ജ് ഓര്‍വെല്‍ തന്‍റെ പ്രസിദ്ധമായ ആനിമല്‍ ഫാം എന്ന നോവലില്‍ പറയുന്നത് പോലെ, നിഷ്ക്രിയത്വം, അവസരവാദം, അഴിമതി, ഇതെല്ലാം മഹത്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍, “അര്‍ഥം വാക്കിനു അടുത്തു നില്‍ക്കുന്നവന് മാത്രം” ...   വി.കെ.എന്‍ ഒരിടത്ത് പറയുന്നുണ്ട് “വിപ്ലവം പോലും നിയമനിര്‍മാണത്തില്‍ കൂടി കൊണ്ട് വരാവുന്ന ഒരു സമൂഹമാണ്” നമ്മുടേതെന്ന്.... ഇനി നമുക്ക് നഷ്ടപ്പെടാന്‍ നമ്മളും നമ്മുടെ നിഴലുകളും മാത്രം എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ ആണ് ഈ കവിത...