Thursday, August 21, 2014

എ.അയ്യപ്പന് സ്തുതിയായിരിക്കട്ടെ



പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പേരില്‍ ഏഷ്യാനെറ്റ് ഒ.എന്‍.വി യെ ആദരിക്കുന്നു...ചിലതങ്ങനെയാണ്..എല്ലാം ഇങ്ങോട്ട് വന്നു ചേരും..മലയാള സാഹിത്യത്തെ ആഴത്തില്‍ പഠിച്ചവര്‍ അറിഞ്ഞവര്‍ ഒ.എന്‍.വി യെ മാറ്റൊലിക്കവി എന്ന് വിളിച്ചു... അലങ്കാര വടിവുകള്‍ ഞൊറി വിടര്‍ത്തുന്ന, വൃത്തശുദ്ധിയുള്ള, സംഗീത സാന്ദ്രമായ മലയാള പദ്യങ്ങള്‍, ഗാനങ്ങള്‍..ഈ കാവ്യ സപര്യ ,  അക്കാടെമിക്/സിനിമ നിലവാരത്തിനപ്പുറം മലയാളിക്ക് എന്ത് നല്‍കി എന്നത് ആഴത്തില്‍ ചിന്തിക്കേണ്ടുന്ന ഒന്നാണ്. പക്ഷെ അതെന്തായാലും അദ്ദേഹം എന്നും സാംസ്കാരിക കേരളത്തിന്‍റെ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു ..ഭാഗ്യ ജാതകം

മലയാളിയുടെ മനസ്സില്‍ വാക്കുകളില്‍ കൂടി തീ കോരിയിട്ട അനേകം കവികള്‍/എഴുത്തുകാര്‍  ഉണ്ട് , ഉണ്ടായിരുന്നു !! സമൂഹത്തെ എടുത്തു അണിഞ്ഞു നടക്കുന്നവര്‍ അല്ല..അതിന്‍റെ ഭാഗമായവര്‍...അവര്‍ എഴുതിയത് മലയാളിയുടെ നെഞ്ചില്‍ ഉണ്ട് ...ജ്ഞജ്ഞാനപീഠങ്ങള്‍ ഒന്നും തേടി വന്നിട്ടില്ലത്തവര്‍....വെയില്‍ തിന്ന പക്ഷിയായി എങ്ങോ മറഞ്ഞ അയ്യപ്പനു വേണ്ടി ഒരു ചാനലും അനുസ്മരണം നടത്തിയില്ല ...ഒരു സ്മാരകവും പണിയിച്ചുമില്ല.. വി.കെ.എന്‍. നിന്‍റെ മരണാനന്തര ചടങ്ങുകളില്‍   സാംസ്ക്കാരിക നായകനെയോ  മന്ത്രിയെയോ കണ്ടില്ല.

ശരാശരികള്‍ക്കും മുകളില്‍, മിട്ടായി/ഐസ്ക്രീം നിലവാരതിനപ്പുറം എഴുതുന്നവര്‍, ബ്രാന്‍ഡ്‌ ചെയ്യപ്പെടാത്ത, വിപണന മൂല്യം കുറഞ്ഞ  എഴുത്തുകാര്‍ - ഒരു പുരസ്ക്കാരവും , ഒരു ചാനലും, ഒരു മന്ത്രിയും  അവരെ തേടി വരില്ല. കാരണം ടെലിവിഷന്‍ റേറ്റിംഗ്കൂട്ടാന്‍ പാകത്തില്‍
commodatized അല്ല അവര്‍ എന്നത് തന്നെ.

അയ്യപ്പാ ...ഓര്‍ക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു . മലയാളമല്ലാത്ത ഒരു മലയാളത്തിന്റെ വഷളന്‍ ഉച്ചാരണത്തില്‍ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് വിളിക്കുന്നതും, അക്ഷര വിരോധിയായ ചാനല്‍ മുതലാളി  ചൊറിയുന്ന പട്ടു കോണകം പുതപ്പിക്കുന്നതും , ആഴ്ചപതിപ്പിലെ പുളകം കൊള്ളിക്കുന്ന കിളി തുടരനുകള്‍ മാത്രം വായിച്ചിട്ടുള്ള മന്ത്രി, നിങ്ങളുടെ സാഹിത്യ സംഭാവനയെപ്പറ്റി വാചാലനാകുന്നതും, തീ പോലെ പൊള്ളിക്കുന്ന നിങ്ങളുടെ കവിതകള്‍, അവ ലക്ഷണം നിറഞ്ഞ താളത്തില്‍ പാടി,  റിമി ടോമി നൃത്തം ചെയ്യുന്നതും...ഇതൊന്നും വേണ്ടി വന്നില്ലല്ലോ !!! ഒരു പക്ഷെ അതായിരിക്കാം നിങ്ങളോടും നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാഹിത്യകാരന്മാരോടും കാണിക്കാവുന്ന ഏറ്റവും വലിയ ആദരവ്. നിങ്ങള്ക്ക് സ്തുതിയായിരിക്കട്ടെ ..... 

No comments:

Post a Comment