Tuesday, April 29, 2014

"ആലിയ" - ആദ്യവായന

സേതുവിന്‍റെ പുതിയ നോവല്‍ "ആലിയ"  വായിച്ചു. 
ഒരു യാത്രയില്‍, തികച്ചും വിദേശികള്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ മലയാളം പറയുകയും, അവിയല്‍, പപ്പടം തുടങ്ങിയ വിഭവങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് കേട്ടാണ് ഞാന്‍ അവരോടു സംസാരിചത്. കൊച്ചിയില്‍ നിന്നും ടെല്‍ അവീവിലേക്ക് പറിച്ചു നടപ്പെട്ട ജൂത കുടുംബങ്ങളിലെ  പിന്മുറക്കാര്‍. വേരുകള്‍ തേടി എത്തി, തിരികെ മടങ്ങുന്നവര്‍. വലിയ ആവേശത്തോടു കൂടി പഴയ തലമുറയെ ഇപ്പോഴും സ്മരിക്കുന്നവര്‍. അതൊരു വിസ്മയമായിരുന്നു എനിക്ക്.
ലോക ചരിത്രത്തില്‍ സമാന്തരതകള്‍ ഇല്ലാത്ത ഒന്നാണു ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള  ഒരു വാഗ്ദത്ത ഭൂമിയിലേക്ക്‌ പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൌതിക/സാംസ്‌കാരിക/സാമൂഹിക  സാഹചര്യങ്ങളെ, അവയുടെ  സ്വാധീനത്തെ  എങ്ങനെ നേരിട്ടു ? 
ലിയോണ്‍ യൂറിസിന്‍റെ  “എക്സോഡസ്” എന്ന നോവല്‍ ആ കുടിയേറ്റത്തിന്റെ ഒരു വലിയ കാന്‍വാസ് വരച്ചു തന്നു. പക്ഷെ കൊച്ചി ജൂതന്മാരുടെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു എന്നാണു കേട്ടറിവ്. അതുകൊണ്ട് തന്നെ പോകാന്‍ നിര്‍ബന്ധിതമല്ലാത്ത നല്ല ജീവിത സാഹചര്യങ്ങളില്‍ നിന്നും,  തീര്‍ത്തും അപരിചിതമായ മരുഭൂമിയിലേക്ക് ഒരു പലായനം എങ്ങനെ ആണ് അവര്‍ നേരിട്ടത് എന്നത് അംബരപ്പിക്കുന്ന  വസ്തുതയാണ്. ഒരു പരിധി വരെ സേതു “ആലിയ” യിലൂടെ  അതു വരച്ചു കാണിക്കുന്നു.
നോവല്‍ കാണാതെ/പറയാതെ  പോകുന്ന വശം, കുടിയേറ്റത്തിനു ശേഷം കുടിയേറിയ ജനത,വ്യക്തി ഇവ എങ്ങനെ പുതിയ ജീവിത സാഹചര്യങ്ങളോടു പോരുത്തപെട്ടു, കുടിയേറിയവരില്‍ ഇന്നും ജീവിച്ചിരിക്കുന്നവര്‍, അവരുടെ പിന്‍തലമുറ ഇവരൊക്കെ നമ്മുടെ നാടിനെ എങ്ങനെ കാണുന്നു? അവരുടെ മാനസിക വ്യാപാരം എന്ത് ? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി അവശേഷിക്കുന്നു. “മറുപിറവി”യില്‍  കിട്ടാതിരുന്ന ഉത്തരങ്ങള്‍ “ആലിയ”യിലൂടെ  തന്ന സേതു തന്നെ ഇതിനും ഉത്തരങ്ങള്‍ തരും എന്ന് കരുതാം. കാരണം ഈ ഉത്തരങ്ങള്‍ തരാന്‍ ഒരു ചേന്ദമങ്ങലത്തുകാരന് മാത്രമേ കഴിയൂ.

No comments:

Post a Comment