Saturday, May 30, 2015

കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം - ഒരു ഇന്ദു മേനോന്‍ മാജിക്കല്‍ ......


ഏതാണ്ട് ആര് ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ദു മേനോന്‍റെ പുതിയ നോവല്‍ ആരംഭിച്ചപ്പോള്‍ , വല്യ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് വായിച്ചു തുടങ്ങിയത്. പക്ഷെ ആദ്യത്തെ ലക്കം വായിച്ചു തീര്‍ന്നപോള്‍ തോന്നി, ഒരു കുറിപ്പ് എഴുതണം – മലയാളത്തില്‍ ഇത്തരം ഒന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന്  ..പിന്നെ തീരുമാനിച്ചു കുറച്ചു കഴിഞ്ഞു ആവട്ടെ.കാരണം പല പുസ്തകങ്ങളും തുടക്കം വളരെ നന്നാവുകയും പിന്നീടു ശരാശരിയോ അതിലും താഴേക്ക് പോവുകയോ ചെയുന്ന പതിവ് പുതു തലമുറ എഴുതുക്കാരില്‍ പതിവാണ് എന്നതും , ഇന്ദു മേനോന്‍ തന്നെ പഴയ കാലങ്ങളില്‍ എഴുതി വന്നിരുന്ന പതിവ് ആഖ്യാന രീതിയിലേക്ക് പോയാലോ എന്ന ചിന്തയും എന്നെ അതില്‍ നിന്നും പിന്‍ തിരിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ അവസാനത്തെ അധ്യായം വായിച്ചപ്പോള്‍ തന്നെ ഒരു കുറിപ്പ് എഴുതുന്ന കാര്യം വീണ്ടും മനസ്സില്‍ വന്നതിനാല്‍ , മലയാള സാഹിത്യ തല്പരര്‍ക്ക് വേണ്ടി ഈ കുറിപ്പ് എഴുതുന്നു

ഇനി “കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം” എന്ന നോവലിനെ കുറിച്ച് . ആമുഖം ആയി പറഞ്ഞ പോലെ ഇതു മലയാളത്തില്‍ പുതിയതാണ് ..അല്ലെങ്കില്‍ , എന്റെ മലയാള വായനയില്‍ ഇതു പുതിയതാണ്. എഴുത്ത് രീതികളുടെ അളവ് അടയാള സമവാക്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇതു ഒരു പക്ഷെ മാജിക്കല്‍ റിയലിസം ആയിരിക്കില്ല , കാരണം ഇതില്‍ റിയലിസം ഉണ്ടോ, അവര്‍ പറയുന്ന ഭൂമിക ഉള്ളതോ അതോ ഭാവനാ കല്പിതമോ, അതിലെ അന്തര്‍ധാര ചരിത്രോന്മുഖം ആണോ എന്നും മറ്റുമുള്ള, പണ്ഡിത ജന്യമായ തര്‍ക്കങ്ങള്‍ പരിശോധിചു അക്കടെമിക് ഡോക്ടര്‍മാര്‍ വിധി എഴുതട്ടെ..പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ,  അടുത്ത ലക്കത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു ഞാന്‍ വായിച്ച  നോവലുകള്‍ ഇതിനു മുമ്പ് , എം.പി. നാരായണ പിള്ളയുടെയും, മൂത്താരുടെയും (V.K.N) രചനകള്‍ മാത്രം. അലസമായൊരു താരതമ്യത്തില്‍, പരിണാമത്തില്‍ നാരായണ പിള്ള ഉപയോഗിച്ച രചന സങ്കേതങ്ങള്‍ ഇന്ദു ഈ നോവലില്‍ അവലംബിക്കുന്നുണ്ടോ എന്നും തോന്നി പോകും. പക്ഷെ അത് ഈ കൃതിയോട് ചെയ്യുന്ന അനീതി എന്ന നിലയിലും, ആഴത്തിലുള്ള വായനയ്ക്ക് ശേഷം മാത്രം എത്താവുന്ന നിലപാട് എന്ന നിലയിലും ഇപ്പോള്‍ തീരെ അപ്രസക്തം മാത്രം.
രണ്ടു കാരണങ്ങള്‍ ആണ് ഈ കൃതിയെ പിന്തുടരാനും ഇഷ്ടപ്പെടാനും എന്നെ പ്രേരിപ്പിച്ചത് . ഒന്ന് വളരെ സത്യസന്ധമായ കാഴ്ചപ്പാടുകള്‍ ..രണ്ടാമതായി ആദ്യാവസാനം  നിറഞ്ഞു തൂവുന്ന രൂപകങ്ങള്‍. സ്വപ്നാടനോന്‍മുഖമായ ആഖ്യാനം. ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളും , സ്വപ്നത്തില്‍  നിന്നും വരുന്ന കാഴ്ചകളും..ജന്മാന്തരങ്ങളില്‍ കൂടി ഒഴുകി നിറയുന്ന പ്രണയം ..കാട്ടുതീ പോലെ പടരുന്ന കാമം പിന്നെ അനിവാര്യതയായി നീറിപ്പടരുന്ന രതി ..ഒരു ശരാശരി മലയാളി വായനക്കാരന് ഒരു പക്ഷെ വേറിട്ട കാരണങ്ങള്‍കൊണ്ട് അജീര്‍ണം വരാനുള്ള മരുന്നുകള്‍ എല്ലാം ഇന്ദു ഇതില്‍ ചേര്‍ത്തിട്ടുണ്ട്. രതിയെക്കുരിച്ചോ കാമത്തെക്കുറിച്ചോ തുറന്ന് എഴുതുന്നത്‌ എല്ലാം അസന്മാര്‍ഗീകം എന്ന് വിവക്ഷിക്കുകയും എന്നാല്‍ നാല്പതു പേര്‍ നടത്തുന്ന ചുംബന സമരം കാണാന്‍ നാലായിരം പേര്‍ കൂടുകയും ചെയ്യുന്ന മലയാളി സദാചാരം ഈ കൃതിയെ എങ്ങനെ കാണും എന്നത് കൌതുകകരം തന്നെ ആയിരിക്കും.
സമൂഹത്തിലെ സദാചാര ചതുരക്കളങ്ങളില്‍ ഒതുക്കപ്പെട്ട ബന്ധങ്ങളെ സാഹചര്യങ്ങളുടെ അല്ലെങ്കില്‍  അവസര ക്രമീകരണങ്ങളിലൂടെ/ പുനക്രമീകരണങ്ങളിലൂടെ, വാസനയ്ക്ക് വഴങ്ങാന്‍ ഉള്ള പഴുതുകളിലേയ്ക്ക് തുറന്ന് വിടുന്നു. ഇതിലൂടെ കുടുംബം എന്ന അടിസ്ഥാന രാഷ്ട്രീയ യൂണിറ്റിനെ തന്നെ ഒരു പക്ഷെ ചോദ്യം ചെയ്യാന്‍ ഇന്ദു ശ്രമിക്കുന്നുണ്ടാകാം. ഒരു ലെസ്ബിയന്‍ പശു, ഇന്ദു മേനോന്‍റെ കഥകള്‍, ചുംബന ശബ്ദതാരാവലി  തുടങ്ങിയ  നോവലിസ്റ്റിന്റെ മുന്‍കാല കൃതികളില്‍ പ്രകടമായി നില്‍ക്കുന്ന സ്ത്രീപക്ഷ വാദങ്ങളാല്‍ രൂപപ്പെട്ട മുന്‍വിധിയികള്‍ ആയിരിക്കാം എന്നെ ഇത്തരം ഒരു നിരീക്ഷണത്തില്‍ എത്തിച്ചത്. കാമത്തെ കുറിച്ചോ രതിയെക്കുറിച്ചോ ഇത്രയേറെ വസനോന്മുഖമായി സംസാരിക്കുന്ന ഒരു കൃതി എന്തായാലും മലയാളത്തില്‍ ഇല്ല തന്നെ. മുമ്പേ പോയവര്‍ കാര്യങ്ങള്‍ അറിയാത്തവരോ, പറയാന്‍ ശ്രമിക്കാത്തവരോ അല്ല. പദ്മരാജനും , മാധവിക്കുട്ടിയും ഈ വഴി നടന്നവര്‍ തന്നെ ആണ് . പക്ഷെ ഇത്രയും നിറഞ്ഞ, അല്ലെങ്കില്‍ തുറന്ന ഒരു പറച്ചില്‍  അവര്‍ തീര്‍ച്ചയായും അവലംബിക്കുന്നില്ല. കുറച്ചുകൂടി ആര്‍ദ്രവും ദുര്‍ബോധമായ (subtle) വഴികള്‍ ആയിരുന്നു അവര്‍ സ്വീകരിച്ചത്. കടല്‍ മയൂരവും , രതി നിര്‍വേദവും ചില ഉദാഹരങ്ങള്‍ മാത്രം.  
ഈ ആഖ്യായികയില്‍ പ്രകടമായി ചില സ്ത്രീ വിമോചന രാഷ്ട്രീയ സൂചനകള്‍ ഉണ്ട്. പുരുഷ മേധാവിത്ത്വം എങ്ങനെ കാര്യങ്ങളെ അവര്‍ക്ക് അനുകൂലമായി മാറ്റുന്നു,  എന്ന ഒരു അടിസ്ഥാന വീക്ഷണവും, സ്ത്രീ പുരുഷ ബന്ധത്തിലെ  അടിസ്ഥാന ഘടകം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമാണ് എന്നതും, പുരുഷന് സ്നേഹം എന്നാല്‍ കാമം ആണെന്നും മറിച്ച് സ്ത്രീക്ക് അത് കൃമേണ രതിയിലേക്ക് വളരുന്ന പ്രണയം ആണെന്നും ഉള്ള ഒരു അന്തര്‍ധാര നോവലില്‍ ഉടനീളം പുലര്‍ത്തിക്കാണുന്നു.
ഉദാഹരണത്തിന്, പീടോഫെലിയ (pedophilia), ഇന്ദുവിന്റെ നോവലില്‍ രണ്ടു സാഹചര്യങ്ങളില്‍ ഇതു കടന്നു വരുന്നു. ഒന്ന് പ്രണയത്തില്‍ നിന്നും  (പൂര്‍ണമായും പ്രണയമല്ലെങ്കില്‍ കൂടി infatuation ല്‍ നിന്നും )  രതിയിലക്ക് സഞ്ചരിക്കുമ്പോള്‍ , മറ്റൊന്ന് പുരുഷ മേധാവിത്വ മനസ്ഥിതിയില്‍ നിന്നും കാമപൂരണത്തില്‍ അവസാനിക്കുന്നു. തുറന്നു പറയുന്ന സ്ത്രീ സ്വവര്ഗാനുരാഗവും, അടക്കി പറയുന്ന പുരുഷ സ്വവര്ഗാനുരാഗവും...പ്രകൃതി വിരുദ്ധം എന്ന് വിളിക്കാവുന്ന ബന്ധവര്‍ണനകളും, Demonization എന്ന രചനാ സങ്കേതത്തെ രതിവര്‍ണനയില്‍ ആവാഹിച്ച പാത്ര സൃഷ്ടികളും ,  മസോകിസവും എല്ലാം ചേര്‍ന്ന് മലയാള സമൂഹത്തിലും, സാഹിത്യത്തില്‍ പ്രതെയ്കിച്ചും ചര്‍ച്ച ചെയ്യാത്ത ചില മേഖലകള്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, നോവലിസ്റ്റ്‌ പൊതുവില്‍ സ്ത്രീയെ ഒരു ഇര എന്ന നിലയില്‍ മാത്രം – ചില അവസരങ്ങളില്‍ പൊരുതാനുറച്ചാലും അവസാനം ഇരയായി ഒടുങ്ങാന്‍ - പാത്രീകരിക്കുന്നു.    


ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇതാണ്, ഇത്രയേറെ തുറന്ന് എഴുതാനുറച്ച ഇന്ദു എന്തു കൊണ്ട് ഒരു സ്ത്രീ കഥാപാത്രത്തെപ്പോലും പുരുഷാധിപത്യത്തിനു നേരെ വിജയിക്കാന്‍ വിടുന്നില്ല ? ഏതൊരു സമൂഹത്തിലും എന്ന പോലെ ഇവയൊക്കെ മലയാളി സമൂഹത്തിലും നില നില്‍ക്കുന്നു കാര്യങ്ങള്‍ തന്നെ ആണ് . പക്ഷെ നമ്മുടെ കപട സദാചാര സാമൂഹിക നിലപാടുകള്‍  ഇതിനെ പ്രത്യക്ഷത്തില്‍ കൊല്ലാനും തല്ലാനും യാറെടുത്തു നില്‍ക്കുകയും, സ്വകാര്യത്തില്‍ അനുഭവേദ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ഇതില്‍ ആണ് പെണ് ഭേദം ഉണ്ടാവാരുമില്ല – പക്ഷെ അടുത്ത് നിന്ന് നോക്കുമ്പോള്‍ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ , പുരുഷന്‍ നിര്‍മിക്കുന്ന ച്ഛായാ /പ്രതിച്ഛായാ ദന്ദ്വത്തിന്റെ ഇരകള്‍ ആയി മാത്രം ആണ് ഏതു സ്ത്രീയും പുരുഷന്‍റെ ഇഷ്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന “നല്ല സ്ത്രീ” അല്ലങ്കില്‍ “കുല സ്ത്രീ” സങ്കല്പത്തെ പ്രകീര്‍ത്തിക്കുന്നത്.  മേല്‍ പ്രസ്താവിച്ച വസ്തുതകളെ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, അതിനെ കുറിച്ച് സംസാരിക്കുന്ന വ്യക്തിയെ അല്ലെങ്കില്‍ കൃതിയെ മറ്റൊരു കുപ്പായം ധരിപ്പിചു പാര്‍ശ്വവല്ക്കരിക്കാന്‍ സാദാ  സമൂഹ മധ്യത്തില്‍ ഊറ്റം കൊല്ലുകയും ചെയ്യുന്നു ഒരു ശരാശരി മലയാളി മനസ്. ഒരു പക്ഷെ ഒരു ഓര്മപ്പെടുത്തല്‍ മാത്രം ആവാം നോവലിസ്റ്റും മനസ്സില്‍ കണ്ടിട്ടുള്ളത്, അതിനപ്പുറത്തെക്ക് വളര്‍ന്നാല്‍ മലയാളി ആസ്വാദകന്‍ വാളെടുക്കാം എന്ന തിരിച്ചറിവാകം അവരെ അതില്‍ നിന്നും തടഞ്ഞത്.     








ഇതൊക്കെ ഉണ്ട് ..നാം ഇതിനും മുകളില്‍ അല്ല, അടക്കി വച്ച കാര്യങ്ങള്‍ നമ്മെ എങ്ങോട്ട് നയിക്കുന്നു , അടങ്ങാത്തതിനെ അടക്കിയാല്‍ അങ്ങിങ്ങു മുഴയ്ക്കും ..ഈ മട്ടില്‍ നമ്മുടെ മുമ്പില്‍ പറഞ്ഞു വെച്ച ഒരു രാഷ്ട്രീയം, കുറുച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഒരു micro politics,   ഉള്ളപ്പോള്‍ തന്നെ ഇതിന്റെ പ്ലോട്ട് എന്നെ അമ്പരപ്പിച്ചു കളഞ്ഞു. കടലും കടലിന്‍റെ കഥകളും നമ്മെ എന്നും മോഹിപ്പിച്ചിട്ടുണ്ട്‌. പക്ഷെ ജീവനുള്ള കപ്പലും, കപ്പലിന്റെ മരണവും, സ്വര്‍ണ മണല്‍ നിധിയും, ക്വാറ്റാകൂം എന്ന സിമിത്തേരിയും, കപ്പലുകളുടെ സ്മശാനവും, എനിക്ക് മറ്റേതോ ഭാഷയില്‍ ഉള്ള നോവല്‍ വായിക്കുന്ന തോന്നല്‍ ഉളവാക്കി. അല്പം കൂടി കടന്നു പറഞ്ഞാല്‍ മാരിക്കോ എന്ന മൃതരുടെ ദ്വീപും അതിലെ പാത്രങ്ങളും എവിടെയോ എന്നെ മക്കെണ്ടോ ഓര്‍മപ്പെടുത്തി. മഞ്ഞ മേഖം പോലെ ചിത്ര ശലഭങ്ങള്‍ പറന്നിറങ്ങിയ മക്കെണ്ടോയും, മഞ്ഞ മരക്കുടിലിലിരുന്നു കൃഷ്ണചന്ദ്രന്‍ കണ്ട മാരിക്കോ കാഴ്ചകള്‍ക്കും എന്നില്‍ സൃഷിക്കാന്‍ കഴിഞ്ഞ ജാലവിദ്യ ഒന്ന് തന്നെ. മാര്‍ക്കെസിനെ ഇന്ദു പകര്‍ത്തി എന്നോ , അനുകരിചെന്നോ അല്ല ഇതു കൊണ്ട് അര്‍ഥം ആക്കുന്നത്. പ്രണയവും മരണവും കടലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു നാടോടിക്കഥ പോലെ എന്നിലെക്കിറങ്ങിയ രൂപകങ്ങള്‍, എടുത്തു പറയാത്തത് ഏത് തിരഞ്ഞെടുക്കും എന്ന സന്ദേഹത്താല്‍ മാത്രം...പൊള്ളുന്ന ഭാഷ തികച്ചും ഒരു പുതിയ അനുഭവം . തീര്‍ച്ചയായും വീണ്ടും വായിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റില്‍ എഴുതി ചേര്‍ക്കേണ്ടുന്ന ഒന്ന് ...    

Thursday, August 21, 2014

എ.അയ്യപ്പന് സ്തുതിയായിരിക്കട്ടെ



പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പേരില്‍ ഏഷ്യാനെറ്റ് ഒ.എന്‍.വി യെ ആദരിക്കുന്നു...ചിലതങ്ങനെയാണ്..എല്ലാം ഇങ്ങോട്ട് വന്നു ചേരും..മലയാള സാഹിത്യത്തെ ആഴത്തില്‍ പഠിച്ചവര്‍ അറിഞ്ഞവര്‍ ഒ.എന്‍.വി യെ മാറ്റൊലിക്കവി എന്ന് വിളിച്ചു... അലങ്കാര വടിവുകള്‍ ഞൊറി വിടര്‍ത്തുന്ന, വൃത്തശുദ്ധിയുള്ള, സംഗീത സാന്ദ്രമായ മലയാള പദ്യങ്ങള്‍, ഗാനങ്ങള്‍..ഈ കാവ്യ സപര്യ ,  അക്കാടെമിക്/സിനിമ നിലവാരത്തിനപ്പുറം മലയാളിക്ക് എന്ത് നല്‍കി എന്നത് ആഴത്തില്‍ ചിന്തിക്കേണ്ടുന്ന ഒന്നാണ്. പക്ഷെ അതെന്തായാലും അദ്ദേഹം എന്നും സാംസ്കാരിക കേരളത്തിന്‍റെ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു ..ഭാഗ്യ ജാതകം

മലയാളിയുടെ മനസ്സില്‍ വാക്കുകളില്‍ കൂടി തീ കോരിയിട്ട അനേകം കവികള്‍/എഴുത്തുകാര്‍  ഉണ്ട് , ഉണ്ടായിരുന്നു !! സമൂഹത്തെ എടുത്തു അണിഞ്ഞു നടക്കുന്നവര്‍ അല്ല..അതിന്‍റെ ഭാഗമായവര്‍...അവര്‍ എഴുതിയത് മലയാളിയുടെ നെഞ്ചില്‍ ഉണ്ട് ...ജ്ഞജ്ഞാനപീഠങ്ങള്‍ ഒന്നും തേടി വന്നിട്ടില്ലത്തവര്‍....വെയില്‍ തിന്ന പക്ഷിയായി എങ്ങോ മറഞ്ഞ അയ്യപ്പനു വേണ്ടി ഒരു ചാനലും അനുസ്മരണം നടത്തിയില്ല ...ഒരു സ്മാരകവും പണിയിച്ചുമില്ല.. വി.കെ.എന്‍. നിന്‍റെ മരണാനന്തര ചടങ്ങുകളില്‍   സാംസ്ക്കാരിക നായകനെയോ  മന്ത്രിയെയോ കണ്ടില്ല.

ശരാശരികള്‍ക്കും മുകളില്‍, മിട്ടായി/ഐസ്ക്രീം നിലവാരതിനപ്പുറം എഴുതുന്നവര്‍, ബ്രാന്‍ഡ്‌ ചെയ്യപ്പെടാത്ത, വിപണന മൂല്യം കുറഞ്ഞ  എഴുത്തുകാര്‍ - ഒരു പുരസ്ക്കാരവും , ഒരു ചാനലും, ഒരു മന്ത്രിയും  അവരെ തേടി വരില്ല. കാരണം ടെലിവിഷന്‍ റേറ്റിംഗ്കൂട്ടാന്‍ പാകത്തില്‍
commodatized അല്ല അവര്‍ എന്നത് തന്നെ.

അയ്യപ്പാ ...ഓര്‍ക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു . മലയാളമല്ലാത്ത ഒരു മലയാളത്തിന്റെ വഷളന്‍ ഉച്ചാരണത്തില്‍ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് വിളിക്കുന്നതും, അക്ഷര വിരോധിയായ ചാനല്‍ മുതലാളി  ചൊറിയുന്ന പട്ടു കോണകം പുതപ്പിക്കുന്നതും , ആഴ്ചപതിപ്പിലെ പുളകം കൊള്ളിക്കുന്ന കിളി തുടരനുകള്‍ മാത്രം വായിച്ചിട്ടുള്ള മന്ത്രി, നിങ്ങളുടെ സാഹിത്യ സംഭാവനയെപ്പറ്റി വാചാലനാകുന്നതും, തീ പോലെ പൊള്ളിക്കുന്ന നിങ്ങളുടെ കവിതകള്‍, അവ ലക്ഷണം നിറഞ്ഞ താളത്തില്‍ പാടി,  റിമി ടോമി നൃത്തം ചെയ്യുന്നതും...ഇതൊന്നും വേണ്ടി വന്നില്ലല്ലോ !!! ഒരു പക്ഷെ അതായിരിക്കാം നിങ്ങളോടും നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാഹിത്യകാരന്മാരോടും കാണിക്കാവുന്ന ഏറ്റവും വലിയ ആദരവ്. നിങ്ങള്ക്ക് സ്തുതിയായിരിക്കട്ടെ ..... 

Thursday, August 7, 2014

ഭ്രാന്തിന്‍റെ അടരുകള്‍


മഞ്ഞുമലയുടെ തുമ്പ് എന്നൊരു പ്രയോഗം ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ട്...ഏതാണ്ട് സമാനമായ ഒരു അനുഭവം ആയിരുന്നു സംഗീത ശ്രീനിവാസന്‍റെ “അപരകാന്തി” വായിച്ചപ്പോള്‍ ലഭിച്ചത് .  ഭ്രാന്തിന്‍റെ അടരുകള്‍ - ഈ കൃതിയെ ചുരുങ്ങിയ വാക്കുകളില്‍ അങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നു. ഭ്രാന്തിനെ അതിന്‍റെ ആഴത്തില്‍ അറിഞ്ഞ / അനുഭവേദ്യമാക്കിയ   മലയാള കൃതികള്‍ കുറവാണ്. നാറാണത്ത്‌ ഭ്രാന്തന്‍ തുടങ്ങി ഏതാണ്ട് ഒരുപാട് കഥാപാത്രങ്ങള്‍ ഈ വഴിയില്‍ നടന്നിട്ടുണ്ടെങ്കിലും വളരെ ഉപരിപ്ലവമായി മാത്രമാണ് ഭ്രാന്ത്‌ എന്ന പ്രതിഭാസത്തെയും, അതിന്‍റെ ജീവിത ചുറ്റുപാടുകളെയും , അതിലേക്കു നയിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെയും മലയാളി വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും. പലപ്പോഴും ജനകീയ കലാരൂപങ്ങളില്‍ കഥാകഥനത്തിനെ ഹാസ്യവല്ക്കരിക്കാനും, അതിനാടകീയത കൊണ്ടുവരാനുമുള്ള  ഒരു ഉപാധി മാത്രമായി ഭ്രാന്ത്‌ ലളിതവല്ക്കരിക്കപ്പെട്ടു. ഭ്രാന്തിന്റെ അടിത്തട്ടുകള്‍, അതിന്‍റെ വേറിട്ട തലങ്ങള്‍, കാല്‍പനിക ഭാവങ്ങള്‍, സാമൂഹിക സമസ്യകള്‍ ഇവയിലേക്കു ഒന്നും എത്താതെ, ഭ്രാന്തന്‍ അല്ലെങ്കില്‍ ഭ്രാന്തി ദൈനംദിന ജീവിതത്തില്‍ ശ്രിഷ്ടിക്കുന്ന അനുരണനങ്ങള്‍ ഏതാനും കോണുകളില്‍ നിന്നും മാത്രം നോക്കി കാണുകയാണ് ഇതുവരെ നമ്മള്‍ അറിഞ്ഞ ഭ്രാന്ത്‌. ഓഷോ, ജിദ്ദു തുടങ്ങി,  വേറൊരു തലത്തില്‍ നിന്ന് ഭ്രാന്തിനെ നിര്‍വചിക്കാന്‍ മുതിര്‍ന്നവര്‍ എല്ലാം തന്നെ, അതിനെ  ദാര്‍ശനികമായി  മാത്രം സമീപിച്ചവര്‍ ആയിരുന്നു.

“നാമെല്ലാം ഭ്രാന്തരായി ജനിക്കുന്നു ..ചിലര്‍ അങ്ങനെ തന്നെ തുടരുന്നു”, വെയിറ്റിംഗ്ഗ് ഫോര്‍ ഗോദോയില്‍ Samuel Becket കുറിച്ച വരികള്‍ ആണ് ഇത് . ഈ അര്‍ഥത്തില്‍ നമ്മളില്‍ എല്ലാം ഭ്രാന്തിന്‍റെ ഏറ്റകുറച്ചിലുകള്‍ അടങ്ങിയിരിക്കുന്നു. ഏതു സാഹചര്യത്തില്‍ എങ്ങനെ നമ്മള്‍ അതിനോട് പ്രതികരിക്കുന്നു അഥവാ സഹകരിക്കുന്നു എന്നത് മാത്രം ആണ്,  ഭ്രാന്തനായ ഞാനും ഭ്രാന്തനല്ലാത്ത ഞാനും തമ്മിലുള്ള വെത്യാസം. യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് നിന്നും ബന്ധം വിഛെദിക്കപ്പെട്ട മാനസിക  അവസ്ഥയെ പരാമര്‍ശിക്കപ്പെടുന്നത് സൈക്കൊസിസ് എന്ന പേരിലാണ്. ഇതിനെ പൊതുവില്‍ ഭ്രാന്തിന്‍റെ ലക്ഷണമായി കരുതിപ്പോരുകയും ചെയ്യുന്നു. മെഡിക്കല്‍ ഭാഷയില്‍ സമീപിക്കുമ്പോള്‍ ഏറെ ന്യായീകരണങ്ങള്‍  ഉള്ള ഈ വിവക്ഷയില്‍ , പക്ഷെ മറ്റേതൊരു കോണില്‍ നിന്നും നോക്കിയാലും വലിയ കുഴപ്പം പിടിച്ച ചില ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് കാണാം. എന്താണ് യാഥാര്‍ഥ്യം ? ജോര്‍ജ് ഓര്‍വെല്‍ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ “1984”  ഇങ്ങനെ കുറിക്കുന്നു, “Perhaps a lunatic was simply a minority of one. At one time it had been a sign of madness to believe that the Earth goes round the Sun; today, to believe the past is inalterable. He might be alone in holding that belief, and if alone, then a lunatic. But the thought of being a lunatic did not greatly trouble him; the horror was that he might also be wrong.”  അത് കൊണ്ട്തന്നെ,  ഞാന്‍ കാണുന്നതാണ് യാഥാര്‍ഥ്യം എന്ന് ശഠിക്കുക തീരെ വയ്യ. അല്ലെങ്കില്‍ എല്ലാവരും എന്ത് കാണുന്നുവോ അത് അവനവന്റെ യാഥാര്‍ഥ്യം എന്ന് അങ്ങീകരിക്കേണ്ടി വരും. അങ്ങെനെ വരുമ്പോള്‍ ആര്‍ക്കും  യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് നിന്നും ബന്ധം വിഛെദിക്കപ്പെട്ട മാനസിക അവസ്ഥ  എന്നൊന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നുകില്‍ എല്ലാവര്‍ക്കും ഭ്രാന്ത്‌ അല്ലെങ്കില്‍ ആര്‍ക്കും  ഭ്രാന്ത്‌ ഇല്ല. ഇതില്‍ എല്ലാവര്‍ക്കും ഭ്രാന്ത്‌ എന്ന കല്‍പ്പന വികസിപ്പിക്കുകയാണ് സംഗീത ശ്രീനിവാസന്‍ തന്‍റെ അപരകാന്തി എന്ന നോവലില്‍ ചെയ്തിട്ടുള്ളത്. ഈ ഒരു കോണില്‍ നിന്നും സമീപിക്കുമ്പോള്‍ പുസ്തകം ഇത് വരെയുള്ള സമീപനങ്ങളില്‍ നിന്നും തികച്ചും പുതുമ പുലര്‍ത്തുന്നു. ഒരു ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തെ നോക്കികാണുന്നതും, ബാക്കി സമൂഹം അവനെ നോക്കി കാണുന്നതും ആണ് നോവലിന്റെ വണ്‍ ലൈനര്‍. അതിന് അപ്പുറം, ഈ രണ്ടു കാഴ്ചകളിലെക്കും നയിക്കുന്ന സാമൂഹിക യാധാര്‍ധ്യങ്ങള്‍ ആണ് കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നത്.  
പുറത്തു നിന്നുള്ള ഇതൊരു ആക്രമണത്തിനെയും പ്രതിരോധിക്കുക എന്നത്, മനുഷ്യന്‍റെ സാമൂഹികവും ജൈവികവുമായ ഒരു പ്രത്യേകത ആണ്, ഇത് സമൂഹത്തിനും ശരീരത്തിനും എന്നത് പോലെ മനസിനും ബാധകമാണ്. ഇത് കൊണ്ടാണ്, മുറിവ് ഉണങ്ങുന്നതു പോലെയാണ് മറവിയും എന്ന് നാം പറയുന്നത്. അങ്ങനെ ഒരു പ്രതിരോധ രൂപമാണ് ഭ്രാന്തും. idiotic, crazy, insane, lunatic, mad  എന്നൊക്കെ നാം പല പേരില്‍ , പല വേളയില്‍ വിളിക്കുന്നു എങ്കിലും അടിസ്ഥാനപരമായി ഇവ എല്ലാം മനസിന്‍റെ reaction patterns ആണ്, പ്രതികരണത്തിന്റെ സ്വഭാവവും സാഹചര്യങ്ങളെയും അടിസ്ഥാനപ്പെടുത്തി നാം അവയെ വെവ്വേറെ അടയാളപ്പെടുത്തുന്നു എന്ന് മാത്രം. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ എങ്ങനെയാണ്, എന്തിനെയാണ്  നാം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് എന്നുള്ളത് അനുസരിച്ച് നമ്മുടെ ഓരോരൂത്തരുടേയും ഭ്രാന്തും, നടേ പറഞ്ഞ  ഏതെങ്കിലും ഒക്കെ ഗണങ്ങളില്‍ ഉള്‍പ്പെടുത്താം.

José Enrique Rodó എന്ന ലാറ്റിന്‍ അമേരിക്കന്‍ കവിയുടെ വളരെ പ്രശസ്തമായ ഒരു നിരീക്ഷണം “a man is many men” ഇവിടെ തികച്ചും പ്രസക്തമാണ്. നാമെല്ലാം ഒരു വ്യക്തി എന്ന നിലയില്‍ പല വ്യക്തിത്വങ്ങള്‍ പേറുന്നവരാണ്. അതില്‍ തന്നെ, പല വ്യക്തിത്വങ്ങളില്‍ പല നിറങ്ങളില്‍, പല രുചികളില്‍, പല അളവില്‍ , ഭ്രാന്തും പേറുന്നവര്‍.  അതിലൊരു ഭ്രാന്തിന്‍റെ രുചി അതാണ്‌ “അപരകാന്തി” അനുഭവിപ്പിക്കുന്നത്.  

Thursday, May 8, 2014

ഒരു ലൈന്‍മാന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍ - മലയാളി സ്വത്വത്തിനു നേരെ പിടിച്ച കണ്ണാടി

ഏതാണ്ട് മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് “ഒച്ചുകള്‍” എന്ന പേരില്‍ കെ.ജി.ശങ്കരപ്പിള്ള ഒരു കവിത ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ രണ്ടാം ഭാഗം എന്ന പോലെ വായിക്കാവുന്ന മറ്റൊരു കവിത ഈ കഴിഞ്ഞ ലക്കം ഭാഷാപോഷിണിയില്‍ “ഒരു ലൈന്‍മാന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു . പോസ്റ്റ്‌മോഡേണ്‍ മലയാളിയുടെ , പ്രത്യേകിച്ചും മലയാളി മധ്യവര്‍ഗത്തിന്റെ പേടിപ്പിക്കുന്ന നിസംഗത തിരനിവര്‍ത്തുകയാണ് കെ.ജി.എസ് ഈ കവിതയിലൂടെ. പ്രത്യേകിച്ച് ഒന്നും നേടാനില്ലാത്ത, ജനിച്ചു പോയത് കൊണ്ട് ജീവിക്കുന്ന, പത്തായങ്ങള്‍ പെറ്റ് , യന്ത്രങ്ങള്‍ കുത്തിയത് ഉണ്ണുന്ന ഉണ്ണികള്‍.....അരാഷ്ട്രീയത, മതം ആയി മാറുന്ന ഉപഭോഗം, അസാമൂഹികമായ  ധാരണകള്‍, അന്യം നില്‍ക്കുന്ന ചില പാരമ്പര്യങ്ങള്‍, ചരിത്ര ബോധങ്ങള്‍, അസഹനീയമായ, ആസുരമായ ഓര്‍മപ്പെടുത്തലുകള്‍ ......

ഇരുട്ട് അജ്ഞാനം ആല്ല, അറിയാനാകയ്മയാണ്  എന്ന് ആദ്യം നമ്മോടു സൂചിപ്പിച്ചത് “ഓഷോ” ആണ്. ഇവിടെ കെ.ജി.എസ് അത് നമ്മോടു വീണ്ടും പറയുന്നു. ഇരുട്ടില്ലെങ്കില്‍ നിലാവില്ല, കൈ എത്തി നീട്ടിയാല്‍ തൊടാവുന്ന ഗന്ധരാജന്‍ പൂക്കളുടെ നേര്‍ത്ത പ്രകാശം ഇല്ല , നാസികകളെ ത്രസിപ്പിച്ചു നിലവില്‍ നിറഞ്ഞിരുന്ന കൈതപ്പൂ മണം ഇല്ല, അങ്ങിങ്ങ് കമ്പുവേലികള്‍ കൊണ്ട് അതിര്‍ തിരിച്ചിരുന്ന തൊടികളെ ചുറ്റി കിടന്ന ഗ്രാമ പാതകളില്‍ മിന്നി മിന്നി തെളിഞ്ഞിരുന്ന വഴിച്ചൂട്ടുകള്‍, മണ്ചെരാതുകള്‍ മുനിഞ്ഞു കത്തുന്ന ഗ്രാമ ചന്തകള്‍, ഇരുട്ടില്‍ മാടനും മറുതയും പൊട്ടനും നടന്ന ഇടവഴികള്‍, പാണലിലയും പച്ചിരുമ്പും തലയിണക്കീഴില്‍  വച്ച് അര്‍ജുനപ്പത്തു ജപിച്ചുറങ്ങിയ പാലപ്പൂ മണത്ത, മഞ്ഞിന്‍റെ നേര്‍ത്ത കുളിര് പടര്‍ന്നു കിടന്ന നീളമുള്ള രാത്രികള്‍, കര്‍ക്കിടക വാവിന് രാത്രിയില്‍ ഇരുട്ട് നിറഞ്ഞ തെക്കേ മുറിയില്‍, മരോട്ടി എണ്ണയില്‍ തെളിഞ്ഞ ഒരുതിരി വെളിച്ചത്തില്‍ , നാക്കിലയില്‍ നേദിച്ച വാവട രുചിച്ചു തിരിച്ചു നടക്കുന്ന പിതൃക്കള്‍ ....... നഷ്ടപ്പെടലുകള്‍..... എന്നേക്കുമായുള്ള  നഷ്ടപ്പെടലുകള്‍.... ഇപ്പോള്‍ എനിക്കെന്റെ ഇരുട്ടിനെയും നഷ്ടപ്പെടുന്നു  .....ഇരുട്ട് ഭയപ്പെടുന്നത് പോലെ...എവിടെയും പകല്‍ മാത്രം ...വെളിച്ചം മാത്രം.... വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു നിറഞ്ഞു നിന്നു ഞാന്‍ എന്നെ തന്നെ നഷ്ടപ്പെട്ടു തുടങ്ങും....പിന്നെ തിളയ്ക്കുന്ന വെളിച്ചം നിറഞ്ഞ, ഈ പുതിയ കമ്പോളത്തില്‍ നിന്നും പോളിത്തീന്‍ കവറില്‍  നിറച്ച  ഇരുട്ടും ഞാന്‍ വാങ്ങി തുടങ്ങും....

  
സാമൂഹികമായി നമ്മള്‍ക്ക് നമ്മളെ ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു . തകര്‍ന്ന സാമൂഹിക പ്രത്യയശാസ്ത്രങ്ങളും,  ദര്‍ശനങ്ങളും, ഭരണകൂടത്തിന്‍റെ നിലപാടില്ലായ്മയും , നിലയില്ലായ്മകളും..ദിശയറിയാതെ ആപ്പുകളുടെ വിര്‍ച്വല്‍ ലോകത്ത് അഭിരമിച്ചു ജീവിക്കുന്ന ഒരു യുവ തലമുറ(Alfred Tennyson  അദ്ദേഹത്തിന്‍റെ The Lotos-Eaters എന്ന കവിതയില്‍ വരച്ചു കാട്ടുന്നത് പോലെ )

 “വീഴാതിരിക്കാന്‍ ഓടാതിരുന്നവന്‍” കളി ജയിക്കുമ്പോള്‍, ഈ സമൂഹത്തിന് ഓടിയവന്‍ പരിഹാസപാത്രമാണ് . ( മദ്യപാന സദസുകളിലെയും, കോമഡി പരിപാടികളിലെയും പട്ടാള കഥകള്‍, നക്സല്‍ കഥകള്‍ ഇവ   സാക്ഷ്യം) ,  . “ all are equal, some are more equal.” എന്ന് ജോര്‍ജ് ഓര്‍വെല്‍ തന്‍റെ പ്രസിദ്ധമായ ആനിമല്‍ ഫാം എന്ന നോവലില്‍ പറയുന്നത് പോലെ, നിഷ്ക്രിയത്വം, അവസരവാദം, അഴിമതി, ഇതെല്ലാം മഹത്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍, “അര്‍ഥം വാക്കിനു അടുത്തു നില്‍ക്കുന്നവന് മാത്രം” ...   വി.കെ.എന്‍ ഒരിടത്ത് പറയുന്നുണ്ട് “വിപ്ലവം പോലും നിയമനിര്‍മാണത്തില്‍ കൂടി കൊണ്ട് വരാവുന്ന ഒരു സമൂഹമാണ്” നമ്മുടേതെന്ന്.... ഇനി നമുക്ക് നഷ്ടപ്പെടാന്‍ നമ്മളും നമ്മുടെ നിഴലുകളും മാത്രം എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ ആണ് ഈ കവിത...

Tuesday, April 29, 2014

"ആലിയ" - ആദ്യവായന

സേതുവിന്‍റെ പുതിയ നോവല്‍ "ആലിയ"  വായിച്ചു. 
ഒരു യാത്രയില്‍, തികച്ചും വിദേശികള്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ മലയാളം പറയുകയും, അവിയല്‍, പപ്പടം തുടങ്ങിയ വിഭവങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് കേട്ടാണ് ഞാന്‍ അവരോടു സംസാരിചത്. കൊച്ചിയില്‍ നിന്നും ടെല്‍ അവീവിലേക്ക് പറിച്ചു നടപ്പെട്ട ജൂത കുടുംബങ്ങളിലെ  പിന്മുറക്കാര്‍. വേരുകള്‍ തേടി എത്തി, തിരികെ മടങ്ങുന്നവര്‍. വലിയ ആവേശത്തോടു കൂടി പഴയ തലമുറയെ ഇപ്പോഴും സ്മരിക്കുന്നവര്‍. അതൊരു വിസ്മയമായിരുന്നു എനിക്ക്.
ലോക ചരിത്രത്തില്‍ സമാന്തരതകള്‍ ഇല്ലാത്ത ഒന്നാണു ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള  ഒരു വാഗ്ദത്ത ഭൂമിയിലേക്ക്‌ പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൌതിക/സാംസ്‌കാരിക/സാമൂഹിക  സാഹചര്യങ്ങളെ, അവയുടെ  സ്വാധീനത്തെ  എങ്ങനെ നേരിട്ടു ? 
ലിയോണ്‍ യൂറിസിന്‍റെ  “എക്സോഡസ്” എന്ന നോവല്‍ ആ കുടിയേറ്റത്തിന്റെ ഒരു വലിയ കാന്‍വാസ് വരച്ചു തന്നു. പക്ഷെ കൊച്ചി ജൂതന്മാരുടെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു എന്നാണു കേട്ടറിവ്. അതുകൊണ്ട് തന്നെ പോകാന്‍ നിര്‍ബന്ധിതമല്ലാത്ത നല്ല ജീവിത സാഹചര്യങ്ങളില്‍ നിന്നും,  തീര്‍ത്തും അപരിചിതമായ മരുഭൂമിയിലേക്ക് ഒരു പലായനം എങ്ങനെ ആണ് അവര്‍ നേരിട്ടത് എന്നത് അംബരപ്പിക്കുന്ന  വസ്തുതയാണ്. ഒരു പരിധി വരെ സേതു “ആലിയ” യിലൂടെ  അതു വരച്ചു കാണിക്കുന്നു.
നോവല്‍ കാണാതെ/പറയാതെ  പോകുന്ന വശം, കുടിയേറ്റത്തിനു ശേഷം കുടിയേറിയ ജനത,വ്യക്തി ഇവ എങ്ങനെ പുതിയ ജീവിത സാഹചര്യങ്ങളോടു പോരുത്തപെട്ടു, കുടിയേറിയവരില്‍ ഇന്നും ജീവിച്ചിരിക്കുന്നവര്‍, അവരുടെ പിന്‍തലമുറ ഇവരൊക്കെ നമ്മുടെ നാടിനെ എങ്ങനെ കാണുന്നു? അവരുടെ മാനസിക വ്യാപാരം എന്ത് ? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി അവശേഷിക്കുന്നു. “മറുപിറവി”യില്‍  കിട്ടാതിരുന്ന ഉത്തരങ്ങള്‍ “ആലിയ”യിലൂടെ  തന്ന സേതു തന്നെ ഇതിനും ഉത്തരങ്ങള്‍ തരും എന്ന് കരുതാം. കാരണം ഈ ഉത്തരങ്ങള്‍ തരാന്‍ ഒരു ചേന്ദമങ്ങലത്തുകാരന് മാത്രമേ കഴിയൂ.

മണ്ടോദരി - ആദ്യ വായന

എന്‍. എസ് മാധവന്‍റെ പുതിയ കഥ മണ്ടോദരി വായിച്ചു ... പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പുരുഷ ബന്ധം ഒരു നിലവിളി പോലെ ഈ കഥയില്‍ വെളിപെടുന്നു. മിത്തോളജിയും ഇന്നത്തെ  കാലത്തിന്‍റെ പ്രക്ഷുബ്ധമായ സാമൂഹിക അന്തരീക്ഷവും മാറി മാറി  ഇടകലരുന്ന പ്ലോട്ടില്‍, അമര്‍ഷവും പകയും തന്പോരിമയും ഉള്ളില്‍ ഒതുക്കുന്ന ....ഒറ്റയാന്‍ കളിയായ പഞ്ചഗുസ്തിഉടെ പശ്ചാത്തലം ഇന്നത്തെ സാമൂഹികമായ ചുറ്റുപാടുകളുടെ നേര്കാഴച്  വരച്ചു കാട്ടുന്നു.  "ഞാന്‍ , തനിയെ നെടുന്നതെന്തോ അതാണ് വിജയം" എന്ന സമകലീന യുവ – വൈയക്തിക വീക്ഷണത്തെ കഥാകൃത്ത്‌ അനാവരണം ചെയൂന്നു – അതിന്‍റെ ശരി തെറ്റുകളിലേക്ക് പോകാതെ തന്നെ. ഇതിന്‍റെ മറുവശം എന്ന നിലയില്‍ ,ഇന്നത്തെ സ്ത്രീ, പുരുഷനില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്നും, ആ പ്രതീക്ഷകളുടെ  പ്രദര്ശ്നപരത, അതിനോട് സമൂഹം വച്ചുപുലര്‍ത്തുന്ന അലസമായ നിസംഗത, പുരുഷനില്‍ അന്തര്‍ലീനമായ അധീശത്വ മനോഭാവം, എല്ലാം കൂടി പിരിച്ചു പിരിച്ചു ഒരു വലിയ കയര്‍ പോലെ ആക്കിയിരിക്കുന്നു എന്‍.എസ് . ആദ്യ വായനയില്‍ ഈ കഥ  എനിക്ക് മുമ്പില്‍ ഒരു വലിയ ചോദ്യ ചിന്ഹമായ് നില്‍ക്കുന്നു. ബാലരമയില്‍ കാനരുണ്ടായിരുന്ന ഒരു ചിത്രപ്രശ്നം പോലെ- “വഴിയറിയാത്ത കൊച്ചു കരടികുട്ടനെ വീട്ടില്‍ എത്തിക്കുമോ” ?  നിറയെ ചോദ്യങ്ങള്‍ ഉള്ള ..ഒരുപാടു ഉത്തരങ്ങള്‍ ഒളിപ്പിച്ച ഒരു വന്‍ കോട്ട പോലെ എന്‍. എസ് ഈ കഥ നമുക്ക് തരുന്നു .... ക്രാഫ്റ്റ് ദൈവമായ മാധവന്‍ ഇതിലും ആ വിളി അന്ന്വര്ധമാക്കുന്നു. Hats off to you…..ഒരു V.K.N ലൈനില്‍ പറഞ്ഞാല്‍ “തോപ്പിയൂര് മാപ്പിളെ”
P.S : സ്ത്രീ ശാക്തീകരണ വീക്ഷണ/നിരീക്ഷണങ്ങള്ളെ കുറിച്ച്  മൈക്ക് വെച്ച് പൂരപ്പരമ്പുകളില്‍ ഉറഞ്ഞു തുള്ളുന്ന വനിതാ വിമോചക പ്രവര്‍ത്തകര്‍ - ആണും പെണ്ണും ..അക്ഷരം അറിയുമെങ്കില്‍ മണ്ടോദരി വായിക്കുക...
പത്തില്‍

ഫ്രാന്‍സിസ് ഇട്ടിക്കോര – വ്യക്തിഗത ഇടങ്ങളുടെ സുവിശേഷം

  

എന്നെ ഈ പുസ്തകത്തിലേക്ക് നയിച്ചത് സ്വാമി സന്ദീപ് ചൈതന്യയുടെ ഒരു  പ്രസംഗത്തിലെ പരാമര്‍ശവും, ആഷാ മേനോ‍ന്‍റെ അവതാരികയും മറ്റു ചില സുഹൃത്തുക്ക‍ളുടെ നിരീക്ഷണങ്ങളും ആണ്. അതേ  കാരണത്താല്‍ വലിയ പ്രതീക്ഷയോടെ (അല്ലെങ്കില്‍ മുന്‍വിധികളോടെ) ആണ് വായിച്ചു  തുടങ്ങിയത്..പക്ഷെ  പുസ്തകം തീര്‍ത്തും നിരാശപ്പെടുത്തി. ഡാവിഞ്ചി കോഡ് മാതൃകയില്‍, ശരാശരിയിലും താഴെ നില്‍ക്കുന്ന ഭാഷയില്‍ എഴുതിയ  ഒരു ബെസ്റ്റ് സെല്ലെര്‍ എന്ന് അതിന്‍റെ സാഹിത്യമൂല്യത്തെ ലളിതമായി വരച്ചിടാം .
പക്ഷെ ചില കാര്യങ്ങളില്‍ നോവല്‍ ശ്രദ്ധ അര്‍ഹിക്കുന്നു .  പ്രത്യേകിച്ചും അത് കേരളത്തിന്‍റെ സന്മാര്‍ഗ ചിന്താ പദ്ധതിയെ അടിമുടിയുലയ്ക്കുന്ന  ഒരു കൂട്ടം ആക്ടിവിറ്റികളെ വരച്ചുകാട്ടുന്നു എന്നത് തന്നെ. കാനിബാളിസം, മാസോകിസം , അനാര്‍ക്കിസം തുടങ്ങി  സമൂഹത്തിന്റെ, അല്ലെങ്കില്‍ കുറച്ചുകൂടി ക്രത്യമായി , വ്യക്തിഗതമായി മനസിന്റെ  അടിത്തട്ടില്‍ നിലനില്‍ക്കുന്നതും  എന്നാല്‍ പ്രത്യക്ഷത്തില്‍ അത്രയൊന്നും പ്രകടമാല്ലാത്തതും ആയ ചില ഹിംസാത്മകമായ ചിന്താധാരകളെയും , അതു സമൂഹത്തിന്‍റെ ഏതു തലത്തിലും സജീവമാവാം  എന്നുള്ള തിരിച്ചറിവും ഈ കൃതി നമ്മോടു പറയുന്നു. സാമൂഹികമായ് വിഘടനം – (social fission -- joint family à extended family ànuclear familyàindividual living spaces )   നടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, അരാജകത്വത്തെ ഒരു ചിന്താ രീതിയായും,  പിന്നീട്  ജീവിത രീതിയായും കൈവരിക്കാനുള്ള പ്രവണത കേരള സമൂഹം ഇപ്പോള്‍ തന്നെ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫ്രാന്‍സിസ് ഇട്ടിക്കോര മുന്നോട്ടു വയ്ക്കുന്ന ഈ ഹിംസാത്മക നിലപാടുകള്‍ കേരള സമൂഹം ആഴത്തില്‍ പഠിക്കേണ്ട  ഒന്നാണ്.
രണ്ടാമതായി , സന്മാര്‍ഗീക/അസാന്മാര്‍ഗീകതകളെ കുറിച്ചുള്ള വിചാരം അല്ലെങ്കില്‍ വീണ്ടുവിചാരം ആണ്. “നല്ലതായിരുന്നു എന്ന് പിന്നീടു തോന്നുന്നത് സന്മാര്‍ഗവും,  ചീത്തയായിരുന്നു എന്ന് പിന്നീടു തോന്നുന്നത്, അസാന്മാര്‍ഗവും” എന്ന് രാമകൃഷ്ണന്‍ ഹെമിങ്ങവേയെ, ഉദ്ധരിച്ചു   പറയുമ്പോള്‍, കേരളീയ സമൂഹത്തിന്‍റെ പുതിയ മുദ്രാവാക്യമാണോ ഇതു എന്ന് നാം സംശയിച്ചുപോകും. മാറുന്ന ജീവിത സാഹചര്യങ്ങളും, സാമ്പത്തികമായി കൈവന്ന സ്വാതന്ത്ര്യവും , വിവരസാങ്കേതികവിദ്യയുടെ നവീന മേഘലകള്‍ തുറന്നിടുന്ന സാധ്യത്കളും, ആഗോളവല്‍ക്കരണം കൊണ്ട് വരുന്ന  ലോക വീക്ഷണവും , ചേരുമ്പോള്‍ ഉണ്ടാവ്വുന്ന ഒരു pseudo virtual reality ആണ് ഇന്നത്തെ തലമുറയുടെ ലോക വീക്ഷണം രൂപപ്പെടുത്തുന്നത്. നേട്ടം, ലാഭം തൃപ്തി, സുഖം തുടങ്ങിയ സംജ്ഞകളെ അടിസ്ഥാനമാക്കി സ്വയം കേന്ദ്രീകൃതമായ ഒരു ലോകം മെനഞ്ഞ് എടുക്കുകയും (അല്ലെങ്കില്‍ ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തുകയും),  കൊടുക്കല്‍ വാങ്ങല്‍ പോലുള്ള ക്രയവിക്രയങ്ങളുമായി  ബന്ധപ്പെടുത്തി   സാമൂഹികമായ ബന്ധങ്ങളും, ബന്ധങ്ങള്‍ നില്നിര്തുന്നതിനുള്ള ആവ്ശ്യകതയുമെല്ലാം നോക്കിക്കാണാന്‍ യുവ തലമുറ പഠിച്ചു കഴിഞ്ഞു. വ്യക്തിഗതമായ ഇടങ്ങള്‍ (Individual space) ആണ് ഇന്നു അണുകുടുംബങ്ങളില്‍പോലും കാണാന്‍ കഴിയുന്നത്‌. സാമൂഹികജീവിതത്തിന്‍റെ ആണിക്കല്ലായ  altruism, collective existence മുതലായവ പൂര്‍ണമായി തിരസ്കരിക്കപ്പെട്ട ഒരു മനസ് ,  ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നു  എന്ന കാര്യം വിസ്മരിക്കാനാവില്ല. ഈ കണ്ണാടിയിലൂടെ വേണം  രാമകൃഷ്ണന്‍ വരച്ചുകാട്ടുന്ന സന്മാര്‍ഗ /അസാന്മാര്‍ഗ സുവിശേഷത്തിനെ വായിക്കാന്‍. ഇനി ഇതിനെ  മുന്‍പ് നാം കണ്ട ഹിംസാത്മകമായ ഇസങ്ങളുമായി ചേര്‍ത്ത് വായ്ക്കുമ്പോള്‍ ആണ് അതിന്‍റെ അപാരമായ ഭീകരത ബോധ്യമാവുക.
മൂന്നാമതായി ,മറ്റൊരു ആലോരസപ്പെടുത്തുന്ന ചിന്താവഴിയും രാമകൃഷ്ണന്‍ തുറന്നിടുന്നു. കുടുംബം എന്ന സമൂഹ്യമായ് സ്ഥാപനത്തെ, ശരീരങ്ങളുടെ ആഘോഷത്തിന്റെ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് കാണാന്‍ ശ്രമിക്കുന്നു എന്നതാണു അത്. പ്രണയം ശരീരത്തിന്റെ ആവശ്യം ആണെന്നും , അങ്ങനെ തുടങ്ങുന്ന ശാരീരിക ആവശ്യത്തിന്റെ നിരവഹണം ,  ബലം, പണം, അധികാരം എന്നിവയില്‍ അധിഷ്ഠിതമായി തുടരുന്നത് ആണ് കുടുംബം എന്നും കൂടി സ്ഥാപിക്കുന്നു നോവലിസ്റ്റ്‌. ഒരു സിദ്ധാന്തം എന്ന നിലയില്‍ ഇതില്‍ തെറ്റില്ല താനും . പക്ഷെ കുടുംബം എന്ന സ്ഥാപനം, ഒരു സാമൂഹിക ക്രമം (social order) ഉണ്ടാക്കിയെടുക്കാന്‍ വഹിക്കുന്ന പങ്കു നോവല്‍ പൂര്‍ണമായും തിരസ്കരിക്കുന്നു, എന്ന് മാത്രമല്ല വിവാഹം വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നാണ് എന്നും വിവക്ഷിക്കുന്നു ഈ ആഖ്യായിക. മുന്‍പ് പറഞ്ഞ രണ്ടു വീക്ഷണങ്ങളുടെ ഒരു contributing  line ആയി ഇതിനെ വിലയിരുത്തുമ്പോള്‍, ഏറെ ഏറെ ഏറെ  ഹിംസാത്മകമായ സാമൂഹിക അവസ്ഥ. ലളിതവല്‍കരിച്ചാല്‍ - പാമ്പിന്റെ വായില്‍ പെട്ട  തവളയുടെ നാവില്‍ പറ്റിയ പുല്‍ച്ചാടിയുടെ അവസ്ഥ.

ലാഭം ഉണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യാം എന്നും അതിനായി എന്തു മാര്‍ഗവും ഉപയോഗിക്കാം എന്നും, ജീവിതത്തില്‍  നേര്‍മപുലര്‍ത്തുന്നത് ശുദ്ധ മണ്ടത്തരം ആണെന്നും , ജീവിതം ആഘോഷം ആണെന്നും ഉള്ള ഒരു philosophy  ഈ പുസ്തകംവച്ച് നീട്ടുന്നു . തീര്‍ച്ചയായും അത് എന്നെ വല്ലാണ്ട് പേടിപ്പിക്കുന്നു , പ്രത്യകിച്ചും ആസുരമായ് ഈ കാലത്ത്‌.  

പത്തില്‍