ചുവന്ന പൂക്കളുള്ള മഞ്ഞ പാവാടയും ബ്ലൗസും ധരിച്ച , എണ്ണമയമില്ലാത്ത മുടിയിഴകൾ ചെമ്പൻനിറത്തിൽ പാറി നിന്നിരുന്നു ഒരു പെൺകുട്ടി ...സാധാരണത്വം നിഴലിക്കുന്ന ഒരു ചുറ്റുവട്ടകാഴ്‌ചപോലെ അവസാനിക്കേണ്ടിയിരുന്നതിനെ അസാധാരണമാക്കിത്തീർത്തത് ചുറ്റും നിറഞ്ഞു വിരിഞ്ഞു നിന്ന പ്രകൃതിയായിരുന്നു. അവളുടെ ചുറ്റിലും വയലറ്റ് പൂക്കൾ വിരിഞ്ഞു നിന്നിരുന്നു, താഴ്‌വരയിൽ ആകമാനം പൂത്തിറങ്ങിയ കാപ്പിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. വെട്ടുവഴി അവസാനിക്കുന്നേടത്തു നിന്നും പ്രധാന നിരത്തിലേക്ക് കയറുമ്പോൾ ആണ് രണ്ടു കാഴ്ചകൾ പരസ്പരം നേർക്ക് നേരെ വന്നത്. പൂപ്പരത്തിക്കുമേൽ പടർന്നുകിടന്ന വള്ളികളിൽ നിറയെ വയലറ്റ് നിറത്തിൽ കോളാമ്പി പൂവുകൾ തിങ്ങി വിടർന്നു നിന്നു . പെയ്തൊഴിഞ്ഞ മഴയിൽ അവയുടെ ഇതളുകളിൽ വെള്ളത്തുള്ളികൾ അടരാൻ ഒരുങ്ങി . നിറയെ തളിർത്ത ചെമ്പരത്തിയുടെ ഇലയുടെ അരികുകളിൽ ഓടിയ ചുവപ്പു രാശി, അന്തരീക്ഷത്തിനു ഒരു മാന്ത്രിക ഭാവം നൽകി. മിഥുനത്തിന്റെ ആകാശത്തിൽ പടിഞ്ഞാറേ ചരുവിൽ കോട്ട പോലെ കാർമേഘം കനത്തുനിന്നു , വിളറിയ വെളിച്ചത്തിന്റെ ദ്വീപുകൾ പോലെ അങ്ങിങ്ങു മേഘം ഒഴിഞ്ഞ തുരുത്തുകളിൽ വെളിച്ചം പകർന്ന് കിഴക്കേ ആകാശം വേറിട്ടു . വെട്ടു വഴിയിൽ താഴേക്ക് ഒതുക്കുകൾ ഇറങ്ങാൻ അവനും , മുകളിലേയ്ക്കു കയറാൻ അവളും മുഖാമുഖം നിന്നു. നിമിഷത്തിന്റെ ഒരു തുണ്ടിൽ അവന്റെ കണ്ണുകളിൽ ഊറിയ പുഞ്ചിരിയുടെ ഭാവം , അവളുടെ കണ്ണുകളിൽ സങ്കോചമായി, അവൾ കണ്ണുകൾ നിലത്തേക്ക് പതിപ്പിച്ചുകൊണ്ടു പുറകോട്ടു മാറി, അവനും ഒരു ചുവടു പുറകോട്ടു മാറി. രണ്ടു പേരും പരസ്പരം കടന്നുപോകാൻ പാകത്തിന് വഴി ഒരുക്കിയെങ്കിലും രണ്ടാളും നിന്നേടത്തു തന്നെ നിന്നു. നിമിഷാർദ്ധത്തിലേക്കു ഉയർത്തിയ കണ്ണുകളിലേയ്ക്ക് നോക്കി കടന്നു പൊയ്ക്കൊള്ളാൻ അവൻ മുഖം കൊണ്ട് ആംഗ്യം കാട്ടി. പുഞ്ചിരിയോളമെത്തുന്ന താഴ്ന്ന തലയാട്ടലിൽ , അവൾ അവനെ കടന്നു പോയി. അവനെ കടന്നു പോയ കണ്ണുകളിലെ തെളിച്ചം അവനെ അമ്പരപ്പിക്കാതിരുന്നില്ല. അവൾ നടന്നെത്തിയ വഴിയിൽ , അവളുടെ കണ്ണുകളിൽ നിന്നും ചൊരിഞ്ഞത് പോലെ ഒരു മഞ്ഞ വെട്ടം അവനെ തലോടി . ആ വെട്ടത്തിൽ അവൻ പടിക്കെട്ടുകൾ ഇറങ്ങി. നിറഞ്ഞു നിന്ന കാപ്പി പൂവുകളുടെ കടുത്ത ഗന്ധത്തിനു മുകളിൽ അവനെ, മറ്റൊരു ഗന്ധം കീഴടക്കി .ആളുന്ന തീ പോലെ , ആർത്തലച്ചുപെയ്തൊഴിഞ്ഞ മഴയ്ക്ക് പോലും കീഴടങ്ങാതെ നിന്ന, കാപ്പി പൂത്ത ഗന്ധത്തിനു മുകളിൽ ഇത്ര സൗമ്യമായ ഗന്ധം എങ്ങനെ ഉയരുന്നു എന്ന് ഒരു വേള അവൻ അത്ഭുതപ്പെട്ടു. മറ്റൊരു ഗന്ധവും അന്നോളം തന്നെ ഇത്ര കൊതിപ്പിച്ചിട്ടില്ല എന്നും അവൻ തിരിച്ചിറിഞ്ഞു. അത് ദൂരെ മലമുകളിൽ, യൂക്കാലിമരങ്ങളുടെ ഇടയിലൂടെ കടന്നു വന്ന കാറ്റിന്റെ ഗന്ധമോ, അതുമല്ലെങ്കിൽ മാരിയമ്മൻ കോവിലിലെ കർപ്പൂരത്തിന്റെ ചൂടുള്ള തണുത്ത ഗന്ധമോ അല്ലെ അതെന്നു അവന് ഉറപ്പായിരുന്നു. പടികളിൽ നീളെ ,അവൻ തൊട്ട മഞ്ഞവെട്ടത്തിന്റെ മാസ്മരിക ഗന്ധം ... ചുറ്റും മഞ്ഞു പെയ്യുന്നു . ഇളം മഞ്ഞ നിറത്തിൽ മൂടിയ മഞ്ഞിൽ അവനു ചുറ്റും ചെറിയ ചുവപ്പു പൂക്കൾ വീണു കിടന്നു. അന്നോളം കണ്ടിട്ടില്ലാത്ത ചെറിയ പൂക്കൾ ..പടിക്കെട്ടുകൾക്കു താഴെ നിന്നും തിരിഞ്ഞു നോക്കി ..മേലേക്ക് ഉയർന്നു പോവുന്ന പടവുകളിൽ നിറയെ അതെ പൂക്കൾ.. അങ്ങ് മുകളിൽ സങ്കോചം കലർന്ന രണ്ടു കണ്ണുകൾ ഒരു നിമിഷം മിന്നായം പോലെ അടർന്നു മാറി.... അവനു കുളിർത്തു.
വിലയിരുത്തലുകള് .....
Monday, July 14, 2025
പേരക്കയുടെ മണം (പൈങ്കിളി)
Monday, January 20, 2025
ഡീസലിന്റെ.. കരിഞ്ഞ ടയറിന്റെ ..ഛർദിലിന്റെ ..മനം പുരട്ടുന്ന മണങ്ങൾ പേറി , ചുരം ഇറങ്ങി , നീണ്ട ബസ് യാത്രക്കൊടുവിൽ
ഞങ്ങൾ ബോട്ട് ജെട്ടി എത്തി ....
ചരക്കു നിറയ്ക്കുന്ന കെട്ട് വള്ളങ്ങൾ, മണിക്കൂറുകളുടെ ഇടവേളയിൽ മാത്രം യാത്രാബോട്ടുകൾ വന്നുപോകുന്ന ചന്തക്കടവ് . ഇമ്മാക്കുലേറ്റ് ഹോട്ടലും, സെന്റ് മാർട്ടിൻ ഹോട്ടലും .കുറേ ബീഡി മുറുക്കാൻ നാരങ്ങാവെള്ളക്കടകൾ ... പരന്ന തട്ടുകളുള്ള കൈവണ്ടികൾ അതിനെതിരെ നിര നിരനിരയായി നിലകൊണ്ടു . റിക്ഷകളുടെ പേരുകൾ അവയുടെ വശങ്ങളിൽ വെള്ള ചായത്തിൽ എഴുതപ്പെട്ടിരുന്നു. വേളാങ്കണ്ണി മാതാവും, സെന്റ് .ജോർജും, അറവുകാട് അമ്മയും, സ്വാമി അയ്യപ്പനും, മനയ്ക്കപ്പാടനും അതിനിടയിൽ വിശ്രമിച്ചു . ഇമ്മാക്കുലേറ്റ് ഹോട്ടലിലെ ചില്ലലമാരയിൽ ചൂട് പലഹാരങ്ങൾ മൊരിഞ്ഞു കിടന്നു... പഴം പൊരിയുടെയും, എണ്ണയിൽ മൊരിയുന്ന സവാളയുടെയും മണങ്ങൾ ഇപ്പോഴും ആൾക്കാരെ കൊതിപ്പിക്കാനെന്ന പോലെ ജെട്ടിയുടെ മുകളിൽ പടർന്നു നിന്നു . പണി കഴിഞ്ഞ ചുമട്ടുകാരും , റിക്ഷാത്തൊഴിലാളികളും, സെന്റ് മാർട്ടിൻ ഹോട്ടലിൽ നിന്നും പൊറോട്ടയും പോത്തുകറിയും കഴിച്ച് , നിരയായി കിടന്നിരുന്ന കൈ വണ്ടികളുടെ പ്ലാറ്റഫോമിൽ ചാരിനിന്നു, കുശലം പറഞ്ഞു . പലപ്പോഴും അവരിൽ നിന്നും പുകയിലയുടെയും ,പൊടിയുടെയും, ചിലപ്പോഴെങ്കിലും കള്ളിന്റെയും മണം പരന്നു...
ചന്തക്കടവിലെ കറുത്ത വെള്ളത്തിൽ , ചരക്കു നിറയ്ക്കുന്ന വള്ളങ്ങളുടെ നിഴലുകൾ അയഞ്ഞു കിടന്നു . കടവിന് പുറകിലെ ചാപ്പലിനു മുകളിൽ ധ്യാന നിരതനായി നിൽക്കുന്ന കർത്താവിന്റെ പ്രതിമ ദൂരെ ആർ ബ്ലോക്ക് കായലിനും, കടപ്പുറത്തെ ലൈറ്റ് ഹൗസിനും അപ്പുറം , കടലിലേക്ക് താണിറങ്ങുന്ന മേഘങ്ങളിൽ കണ്ണ് നട്ടു. അതിന്റെ വെള്ള ഞൊറികളിൽ തഴുകി വരുന്ന നനുത്ത കാറ്റിൽ, താഴെ കടവിൽ നിരനിരയായി കെട്ടിയിട്ടിരുന്ന കെട്ടുവള്ളങ്ങൾ മുന്നോട്ടു നീങ്ങുന്നുവെന്ന തോന്നൽ നൽകി, പനമ്പും മുളവാരികളും കയറും ഇണചേരുന്ന വളവരയ്ക്ക് മുകളിൽ, ചന്തയിലെ അരിക്കടയ്ക്കു വെളിയിൽ ചിതറിയ അരി കൊത്തിയെടുത്തു പറന്ന കുരുവികളും , കാക്കകളും തത്തിക്കളിച്ചു. ചിലപ്പോഴെങ്കിലും കലഹിച്ചു. വളവരയ്ക്കു പുറത്തു , കുറ്റി അടുപ്പിൽ അറക്കപ്പൊടി നിറച്ചു വള്ളക്കാർ കഞ്ഞി വെയ്ച്ചു , പടവിന്റെ ഒരു മൂല കഴുകി വൃത്തിയാക്കി , പുളിമാങ്ങയും ചന്തമുളകും ഉപ്പും കുത്തിച്ചതച്ച് കുട്ടിച്ചോന്റെ ചമ്മന്തി അവർ വിളിച്ചിരുന്ന ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മറ്റു ചിലർ. ചുരുക്കം ചിലർ, വള്ളങ്ങളുടെ കാറ്റുപായ വിടർത്തി പരിശോധിച്ചു. പടവുകളിൽ നിന്നും വള്ളത്തിലേയ്ക്ക് ചാരിവയ്ച്ച പലകകളിൽ കൂടി ചുമട്ടുകാർ ചരക്കു നിറച്ചു, അവരിൽ ചിലർ ഭാരത്തിന്റെ ആയാസം കുടഞ്ഞുകളയാൻ ഉച്ചത്തിൽ പാട്ടു പാടി. ന്യൂ തീയേറ്ററിന്റെ തിരശീലയിൽ കറുപ്പിലും വെളുപ്പിലും ജീവിച്ച ജീവിത നൗകയിലെയും തിക്കുറിശ്ശിയായും, ചന്തക്കോണിൽ കഴിഞ്ഞയാണ്ടറുതിക്കു കെ.പി.എ,സി കളിച്ച നാടകത്തിലെ പാത്രങ്ങളായും അവർ തങ്ങളെ പുനരാവിഷ്ക്കരിച്ചു. വിറകു കടയിൽ അനന്തകാലമായി വിറകു കീറുന്ന ഉത്തമന്റെ കരുവാളിച്ച മുഖത്തുനിന്നും വിയർപ്പു ധാരയായി ഒഴുകി.
കടവിന്റെ ഒരു വശം മുഴുവൻ നിരപ്പലകയിട്ട കടകൾ ആയിരുന്നു. അതിൽ ഓട്, ഇഷ്ടിക , അടുപ്പു മുതൽ അപ്പ ചട്ടി വരെ വിറ്റിരുന്നു. കടകൾക്കിടയിൽ , മുകളിൽ യൂണിയൻ ക്ലബ്ബിലേക്കുള്ള അഴുക്കു പിടിച്ച മരഗോവണി താഴെ ഒരു കസാലയിൽ തുപ്പന്റെ ബാർബർഷോപ്. മരഗോവണിയുടെ അഴിയിൽ ഒരു തുപ്പൻ തുകൽ വാർ തൂക്കി ഇട്ടിരിക്കും. ഇരിക്കുന്ന ആളിന്റെ കയ്യിൽ ഒരു കണ്ണാടി കൊടുത്തു , അയാൾ അന്തമില്ലാത്ത കാലത്തിന്റെ സത്യങ്ങൾ എന്ന പോലെ ചന്തക്കടവിന്റെ ചുറ്റുമുള്ള ജനപഥങ്ങളുടെ ജീവിത കഥകൾ വിവരിക്കും. ഇടയ്ക്കിടെ ഒരു ആചാരം പോലെ ക്ഷൗരക്കത്തി തുകവാറിൽ തേച്ചു മൂർച്ഛ കൂട്ടും , അതിനൊപ്പം തുപ്പന്റെ കഥകളുടെ മൂർച്ചയായും ഏറും . തലേന്ന് അമ്പലപ്പുഴയിൽ നിന്നും ചരക്കുമായി വന്ന വള്ളത്തിൽ ഏതോ വലിയ വീട്ടിലെ കുട്ടിയെ വള്ളക്കാരൻ ചോയി അവളെ കടത്തിക്കൊണ്ടുവന്നുവെന്നും , മിനിയാന്ന് കൊല്ലത്തേക്ക് പുറപ്പെട്ട മറ്റൊരു വള്ളത്തിൽ നിറയെ ആനക്കൊമ്പായിരുന്നു എന്നും, മങ്കൊമ്പിൽ പട്ടമ്മാരുടെ കിഴക്കത്തെ തേയില തോട്ടത്തിൽ , തേയിലച്ചെടികൾക്കിടയിൽ കറുപ്പ് വിളയുന്നുണ്ടെന്നും, കമ്മ്യൂണിസ്റ്റുകാർ മുരിക്കനെ നോട്ടമിടുന്നുണ്ടെന്നും കഥകൾ കനത്തു കൊഴിയും. അപ്പോഴേക്കും മുന്നിലെ കസാലയിലൂടെ അഞ്ചാറാളുകളുടെ താടി രോമങ്ങൾ നിറഞ്ഞ സോപ്പ് പത ഒരു കുഴമ്പുപോലെ അയാളുടെ കൈത്തലം നിറഞ്ഞിട്ടുണ്ടാവും. മുകളിൽ അഴുക്കുപിടിച്ച മേശക്കുചുറ്റുമിരുന്നു ചീട്ടു കളിച്ചവരിൽ ആരെങ്കിലും ഒരാൾ തുപ്പാ എന്നുറക്കെ വിളിക്കുന്നത് വരെ ക്ഷൗരവും കഥകളും വിളഞ്ഞു നിറയും. മുകളിൽ നിന്നുള്ള വിളിയിൽ തുപ്പൻ പണി നിർത്തുകയായി. പുറത്തേക്കോടി , കയ്യിലെ താടി രോമങ്ങൾ നിറഞ്ഞ സോപ്പ് പത കടവിൽ കഴുകി , ഒരു ശ്വാസത്തിൽ തുപ്പൻ ക്ലബ്ബിൽ എത്തും . വിളിയുടെ പ്രബഹവഃ കേന്ദ്രത്തിൽ അപ്പോഴേക്കും കുപ്പി പൊട്ടിയിട്ടുണ്ടാകും. ആചാരം പോലെ , വാറ്റിയെടുത്ത നെല്ലിൻവെള്ളം തുപ്പൻ തൊണ്ടക്കുഴിയിലേയ്ക്ക് കമഴ്ത്തും. അടിമുടി കുളിർത്ത അവൻ , ചിറി തുടയ്ക്കും. ഇലച്ചീന്തിലെ കാന്താരി കടിക്കും . തുപ്പന്റെ കടയിൽ രണ്ടേ രണ്ടു പേര് മാത്രമാണ് മുടി വെട്ടാൻ എത്തിയിരുന്നത്. അത്, എല്ലാ ദിവസവും ഒരേ തമാശയിൽ പൊതിഞ്ഞ് ...പേപ്പർ കുമ്പിളിൽ, ചൂട് കപ്പലണ്ടി വിൽക്കുന്ന സോഡാ കുപ്പി കനത്തിൽ കണ്ണാടി വെച്ച സാമി ചേട്ടനും, ചുമലയും പച്ചയും അടപ്പുകൾ ഉള്ള ചെറിയ കുപ്പികളിൽ അയമോദക വായുഗുളിക വിറ്റിരുന്ന ലാസർ അണ്ണനുമായിരുന്നു ...തുപ്പൻ കട തുടങ്ങിയ കാലത്ത് , കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ , തുപ്പന്റെ അച്ഛൻ ആണ്ടി മരിച്ചതിനു മൂന്ന് നാൾക്കു ശേഷം, തുപ്പൻ ആണ്ടിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുത്ത നാൾ മുതലാണ് ചന്തക്കടവിനു ചുറ്റും ഫാഷൻ വന്നത് എന്ന് പോലും പഴമക്കാർ പറയാറുണ്ടായിരുന്നുവത്രെ . അത് വരെ ചന്തക്കടവിനു ചുറ്റും എല്ലാ തലകളും ഒരേ പോലെയായിരുന്നു എന്നും. ആണ്ടി മരിച്ചു മൂന്നാം നാൾ, തുപ്പൻ ആണ്ടിയുടെ തകരപ്പെട്ടി തുറന്നു. അവിടിവിടെ തുരുമ്പു പിടിച്ചിരുന്ന കത്രികയും , ക്ഷൗരക്കത്തിയും ദശാബ്ദങ്ങളോളം , കത്തി ഉരസി കണ്ണാടിയോളം മിനുസമായ തുകൽവാറും , പൊട്ടിയ മുഖക്കണ്ണാടികഷണങ്ങളും, അതിലും മിനുസമായ ആലത്തിന്റെ കട്ടയ്ക്കും ഒപ്പം മൂന്ന് നാല് നാണയത്തുട്ടുകളും , ശിവകാശി കലണ്ടറിൽ നിന്നും വെട്ടി എടുത്ത മുരുകന്റെ നിറം മങ്ങിയ ചിത്രവും ഒഴിച്ചാൽ ഏറെക്കുറെ ശുദ്ധശൂന്യമായിരുന്നു അത്. അതിൽ നിന്നും കത്തിയും, കത്രികയും തുകൽവാറും നാണയത്തുട്ടുകളും എടുത്ത തുപ്പൻ , തകരപ്പെട്ടി ആണ്ടിയുടെ ഓർമകൾക്കൊപ്പം ദൂരേക്ക് വലിച്ചെറിഞ്ഞു. ആണ്ടിയുടെയും അപ്പൻ പക്കാരുവിന്റെ ഓർമയ്ക്ക് എന്ന് , ചുറ്റും നിന്നവരോട് മുറുമുറുത്തുകൊണ്ട് കത്തിയും കത്രികയും തുകൽവാറും എടുത്തു വീട്ടിലേയ്ക്കു നടന്നു . പിന്നീട് കുറെകാലത്തേയ്ക്ക് ചന്തക്കടവിനു ചുറ്റും ജനപദം മുടിനീട്ടി താടിമീശകൾ നിറഞ്ഞ മുഖത്തോടെ അവനവന്റെ ദൈനംദിന ജോലികളിൽ ഏർപ്പെട്ടു . ആണ്ടി മരിച്ച മൂന്നാം നാൾ അസ്തമനത്തിനു മുൻപ് , തുപ്പൻ വടക്കോട്ടുള്ള തീവണ്ടി പിടിച്ചു എന്നും , വണ്ടിയിൽ കയറുമ്പോൾ അവന്റെ മുഖം അന്തോണീസ് പുണ്യവാളന്റേതു പോലെ കരുണാ കടാക്ഷങ്ങളാൽ തിളങ്ങി എന്നും കൂടി , ചുറ്റുവട്ടത്തെ ഏക , ബാഡ്ജ് ഉള്ള റെയിൽവേ കൂലി ചെല്ലക്കുട്ടി, ഇമ്മാക്കുലേറ്റ് ഹോട്ടലിൽ ചായക്കും മൊരിഞ്ഞ ഉണ്ടം പൊരിക്കുമിടയിലെ ചെറിയ ഇടവേളയിൽ വെളിപ്പെടുത്തി . ശ്‌മശ്രു നിവാരണത്തിനും തലവടിക്കലിനും അതോടെ ചന്തപരിസരത്തു താൽക്കാലിക വിരാമമായി. ആളുകൾ താടി ചൊറിഞ്ഞും , തല ചൊറിഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും പ്രാകി. റിക്ഷാ വലിക്കുന്ന ചിലർ , തീവണ്ടിയപ്പസിന് കിഴക്കു പക്കാരുവിന്റെ രണ്ടാം കുടിയിലെ പുത്രൻ , തേൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന തേൻമണിയുടെ സേവനം തേടി. പാതി തമിഴ് കലർന്ന മലയാളത്തിൽ തേൻ, പക്കാരുവിനെയും ആണ്ടിയേയും ശപിച്ചുകൊണ്ട് അവരോടുള്ള കലി ആ തല താടികളിൽ തീർക്കാനെന്നോണം വേഗത്തിൽ ക്ഷൗരകർമം നടത്തി .. പലരുടെയും താടിയിലും തലയിലും ചുവന്ന മൊട്ടുകൾ തെളിഞ്ഞു. പക്കാരു തെങ്കാശിക്കാരനായിരുന്നുവത്രെ. പല നാടുകൾ ചുറ്റി, ഒരുനാൾ അയാൾ ടൗണിൽ തീവണ്ടിയിറങ്ങുമ്പോൾ അയാൾക്കൊപ്പം രണ്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്നത് പക്കാരുവിന്റെ രണ്ടു ഭാര്യമാരാണെന്നും , അവർ സഹോദരികളാണെന്നും പോകെ പോകെ ലോകം അറിഞ്ഞു. പക്കാരു തോർത്തിൽ പൊതിഞ്ഞു പിടിച്ച കത്തിയും കത്രികയുമായി ടൗണിൽ ചുറ്റി. പല താടിമീശകളും അയാളുടെ കൈയിൽ മാഞ്ഞു, സുന്ദര മുഖങ്ങൾ തെളിഞ്ഞു. പക്കാരു ആരോടും കണക്കു പറഞ്ഞില്ല. കൊടുക്കുന്നത് കൈകൂപ്പി വാങ്ങും. അന്തിക്ക് അവയെല്ലാം തൂത്തുപെറുക്കി, ചെട്ടിയാരുടെ പലവഞ്ചന പീടികയിൽ നിന്നും വീട്ടുസാമാനങ്ങളുമായി മടങ്ങും. കാലം മുന്നോട്ടുപോകവേ പക്കാരുവിന്റെ ഭാര്യമാർ മാറി മാറി പെറ്റു . കുട്ടികൾ മൂന്നിൽ നിന്നും എട്ടായി. അതിസാരം വന്നും വിഷജ്വരം വന്നും അതിൽ നിന്നും രണ്ടെണ്ണം മാഞ്ഞപ്പോ , ഒരെണ്ണം ചന്തക്കടവിൽ മീൻ പിടിക്കാനിനിറങ്ങി പോയി. തലേക്കൊല്ലം, പുഴയിൽച്ചാടി ചത്ത ചിന്ന കൊണ്ടുപോയതാണെന്നു പറഞ്ഞു, ചിന്നയുടെ പതിവുകാരിൽ ഒന്നാമനായിരുന്നു കേയി. റേഷൻ കടയിൽ എടുത്തുകൊടുക്കാൻ നിന്ന കേയിയെ എപ്പോഴും മണ്ണെണ്ണ മണത്തു. മണ്ണെണ്ണയും അരിയും വെച്ചിരുന്ന വലിയ ഷെഡ്‌ഡിലാണ് അയാൾ അന്തി ഉറങ്ങിയിരുന്നത് .. ചാക്കുകൾക്കിടയിൽ മറ്റൊരു ചാക്കുപോലെ കഴിഞ്ഞ അയാളെ എപ്പോഴും മണ്ണെണ്ണ മണത്തു. ഇമ്മാക്കുലേറ്റ് ഹോട്ടലിലിലും പെണ്ണമ്മയുടെ ഓലമേഞ്ഞ പുരയിലും , തിരക്കൊഴിയാൻ അയാൾ എപ്പോഴും കാത്തു നിന്നിരുന്നു. മാസാവസാനം ഉസ്മാൻ സാഹിബ് അയാളുടെ കണക്കു നോക്കി പൈസകൊടുക്കും വരെ, ഹോട്ടലിലെ പറ്റുബുക്കിൽ ഹോട്ടൽ മുതലാളി ജോർജ്കുട്ടി പേന കൊണ്ടും, ചിന്നയുടെ കരി മെഴുകിയ പാതകത്തിന്റെ വശത്തു നിലത്തു, ദിവസങ്ങളുടെ എണ്ണം കോറിയിട്ടും അയാൾ ജീവിച്ചു. ചിന്ന പുഴയിൽ ചാടിയതിന്റെ കാരണം അയാൾ ആണെന്ന് , അയാൾ കരുതി. അന്നുവരെ നിശ്ശബ്ദനായിരുന്ന കേയി, കഥകൾ പറഞ്ഞു തുടങ്ങി. ഉസ്മാൻ സാഹിബിന്റെ, കാര്യസ്ഥൻ കാണാതെ ഇടങ്ങഴി അരി എടുത്തു അവൾക്കു കൊടുക്കാൻ കഴിയാത്തത്തിൽ അയാൾ പരിതപിച്ചു. വിശപ്പാണ് അവളെ പുഴയിൽ എത്തിച്ചതെന്ന് അയാൾ കരുതി. അവളുടെ വിശപ്പ് തീരും വരെ ആരും ചന്തക്കടവിൽ മീൻ പിടിക്കാനിറങ്ങരുതെന്നും , ഇറങ്ങിയാൽ അവൾ കൊണ്ടുപോകും എന്നും അയാൾ പറഞ്ഞു. രാത്രികളിൽ അയാൾ, അകലേക്ക് നടന്നു . ചിലപ്പോഴൊക്കെ തീവണ്ടി ആപ്പീസോളം നടന്നു . പ്ലാറ്റ്‌ഫോമിലെ സിമെന്റ് ബെഞ്ചിൽ ഉറങ്ങി. രാത്രിവണ്ടികൾക്കോ, അപ്പുറത്തെ കുന്നിൻ ചെരുവിലെ കുറുക്കൻ കൂട്ടങ്ങളുടെ ഉറച്ച കൂവലിനോ അയാളുടെ ഉറക്കത്തെ ഭേദിക്കാനയില്ല. ചിന്നയിൽ നിന്നും എത്ര ദൂരത്തോളം അകാലമോ അത്രയും ദൂരം അയാൾ അഗാധമായ ഉറക്കത്തിലേക്കു വീണു. പാതിരാകഴിഞ്ഞു മൂന്നാം യാമത്തിൽ , കൂവിയത്തുന്ന മെയിൽ വണ്ടിയോടൊപ്പം അയാളും ഉണർന്നു. പുഴയിൽ മുങ്ങി നിവർന്നിരുന്ന പതിവ് മാറ്റി, റോഡരികിലെ ടാപ്പിനു കീഴെ കുനിഞ്ഞിരുന്നു ആയാസപ്പെട്ട് കുളിച്ചു. തിരിച്ചു പടിഞ്ഞാറു നോക്കി നടക്കും . വെട്ടം വീണു തുടങ്ങുന്നതിന് മുൻപ് അയാളെത്തുമ്പോൾ ചന്തക്കടവ് അതിന്റെ അവസാന യാമത്തിന്റെ ഉറക്കത്തിലായിരിക്കും. കടവിന്റെ പടിയിൽ അയാൾ നിശബ്ദനായി വെള്ളത്തിലേയ്ക്ക് നോക്കിയിരിക്കും. ചാണകം മെഴുകിയ അടുപ്പ്കല്ലുകൾക്ക് വശത്തു , കമ്പുകൊണ്ട് കോറിയ കണക്കുകൾ വെള്ളത്തിൽ തെളിഞ്ഞു വരും. അരിക്കലത്തിൽ സൂക്ഷിച്ചിരുന്ന ചില്ലറത്തുട്ടുകളെ ഓർക്കും. അവളുടെ മുടിയുടെ, പല മണങ്ങൾ കൂടിക്കുഴഞ്ഞ അവളുടെ വിയർപ്പിന്റെ മണം അയാളുടെ മൂക്കിലേക്ക് പടരും . കേയി ഛർദ്ദിച്ചു. വയറ്റിലെ അവസാന തുള്ളിയും കളയാനെന്നപോലെ അയാൾ ഛർദ്ദിക്കും. പിന്നെ ആശ്വാസത്തിനെന്നോണം കണക്കുകൾ ഓളം വെട്ടുന്ന വെള്ളം , രണ്ടു കയ്യും കൊണ്ട് കോരിയെടുത്തു അയാൾ വാ കഴുകും അങ്ങനെ കണക്കുകൾ വീണ്ടും അയാൾ എല്ലാ ദിവസവും ഒന്നിൽ നിന്നും തുടങ്ങിയിരുന്നു. അപ്പോഴേക്കും കടവിന്റെ മറുതലക്കൽ, ഇമ്മാക്കുലേറ്റ് ഹോട്ടലിന്റെ സമോവറിൽ പത്തുപൈസ നാണയം ശബ്ദിച്ചു തുടങ്ങും. മെല്ലെ , പതിഞ്ഞ താളത്തിൽ തുടങ്ങുന്ന നാണയപ്പെരുക്കം , ഉച്ചത്തിലാകുമ്പോഴേക്കും, കേയി പഴയ കണക്കുകൾ മായ്ച്ചു കളഞ്ഞു കടവിൽ നിന്നും കയറിഎത്തും.
മെല്ലെ ചന്തക്കടവ് ഉണർന്നു തുടങ്ങും. ആദ്യമെത്തുന്നത് കോഴികളാണ്. ഉസ്മാൻ സേട്ടിന്റെ അരിഗോഡൗണിനു മുന്നിൽ ആകും ആദ്യം അനക്കം വെയ്ക്കുക. തലേന്ന് കാക്കകളും പ്രാവിൻകൂട്ടങ്ങളും കൂടണഞ്ഞു കഴിഞ്ഞു അരിയുമായി വന്ന കാളവണ്ടികൾ അവിടിവിടെ കിടക്കുന്നുണ്ടാവും, വണ്ടിവലിച്ചു തളർന്ന കാളകൾ പാണ്ടികശാലയുടെ ചുറ്റുമായി കിടക്കും. വണ്ടികളുടെ ചുറ്റും കോഴികൾ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികൾ , കാളകളുടെ കഴുത്തിലെ മണി കിലുങ്ങുമ്പോൾ, ഞെട്ടി പരസ്പ്പരം കൊത്തി . വണ്ടികളുടെ തണ്ടിൽ മയങ്ങുന്ന തമിഴൻ , കോഴികളെ പ്രാകി , ചുമച്ചു തുപ്പി തിരിഞ്ഞു കിടക്കും. ഒരുവേള അയാൾ കാളകളെ കെട്ടിയ ദിക്കിലേയ്ക്ക് അലസമായഒരു നോട്ടം ഏറിയും . കാളകൾ ജന്മാന്തരങ്ങളിലൂടെ ഉള്ള വിശപ്പ് മാറ്റാൻ എന്നപോലെ അയവെട്ടിക്കൊണ്ടു കിടക്കുന്നുണ്ടാകും. അടവച്ചു വിരിഞ്ഞിറങ്ങിയ കുഞ്ഞുകൾ മുതൽ പല വലുപ്പത്തിൽ പൂവനും പിടയുമായി രാത്രി വന്ന വണ്ടികൾക്ക് ചുറ്റും ചിക്കിപ്പെറുക്കി. മീൻ ചന്തയ്ക്കു പുറകിൽ ചാക്കുകൾ കൊണ്ട് മറച്ച ആനവായൻ കുടിലിൽ പൊറുതിയായിരുന്ന കൊഴിയുമ്മ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റംലത്തുമ്മയുടെയായിരുന്നു ആ കോഴികൾ. റംലത്തിന്റെ കോഴികൾ എല്ലായ്പ്പോഴും ചന്തയിൽ കൊത്തിപ്പെറുക്കി നടക്കും. പുരയ്ക്കു പുറകിൽ നെടുമ്പുര പോലെ കെട്ടി, കാലുകളിൽ ഉയർത്തി നിറുത്തിയ മറ്റൊരു വീടായിരുന്നു അവരുടെ കോഴിക്കൂട്. അന്തിക്ക് കോഴികളെ കോഴിയുമ്മ പ്രത്യേക ഈണത്തിൽ ബാ ബാ വിളിക്കും. ചന്തക്കടവിലും , പച്ചക്കറിചന്തയിലും, മീഞ്ചന്തയിലും അലഞ്ഞുതിരിയുന്ന കോഴികൾ , ജന്മാന്തരങ്ങളിലൂടെയുള്ള 'അമ്മ വിളിയെന്നോണം റംലത്തിന്റെ കുടിക്കു മുമ്പിൽ എത്തും. അനുസരണയുള്ള കുട്ടികളെപ്പോലെ അവ, ഉയർത്തി നാട്ടിയ കാലുകളിലെ കൂട്ടിലേക്ക് കയറുകയായി. അപൂർവം ചില കുറമ്പന്മാരേ റംലത് ശാസിക്കും. പിന്നെ കുട്ടികളോടെന്നെ പോലെ അവരോടു കാര്യങ്ങൾ പറയും. നീ ഇന്ന് മീഞ്ചന്തയിലാരുന്നോ മുഴുവൻ സമയം ? അതാ ഇത്ര നാറ്റം. നിനക്കിന്നൊന്നും കിട്ടിയില്ലേ ? നാളെ ഞാൻ ചോറ് തരാം .... അങ്ങനെ കുശലം ചോദിച്ചും പറഞ്ഞും ചന്തക്കടവിന്റെ കോഴി സാമ്രാജ്യത്തിന്റെ കോട്ടയിവാതിൽ അവർ പൂട്ടും. പിറ്റേന്ന് കാലത്തു, കേയിയെ കൂകി ഉണർത്തുന്ന തീവണ്ടി, മൈലുകൾക്കിപ്പുറം റംലത്തിനെയും ഉണർത്തും. പക്ഷെ, അവർ തീവണ്ടി കണ്ടിട്ടേ ഉണ്ടായിരുന്നില്ല. പാളത്തിൽ കൂടി ഓടുന്ന ഇരുമ്പു പെട്ടികളിലെ , മരപ്പലകകൾ പതിച്ച ബെഞ്ചുകളിൽ ഇരുന്നാണ് യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ അവരിൽ , അകാരണമായ ഒരു ഭയം അരിച്ചു കയറും. തീവണ്ടീപ്പേടി, നാഗൂരാണ്ടവരുടെ ഉറൂസ് കൂടാനുള്ള ആഗ്രഹത്തെ എല്ലാക്കാലത്തേയ്ക്കുമായി വേണ്ടെന്നു വെപ്പിച്ചു. എന്നിട്ടും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മെയിൽ വണ്ടി , പട്ടണത്തിലെ തീവണ്ടിയപ്പസിലെ പ്ലാറ്റ്ഫോമിൽ എത്തുമ്പോൾ ഇറങ്ങാനുള്ള യാത്രക്കാർക്കും കേയിക്കും ഒപ്പം മൈലുകള്ക്കിപുറം റംലത്തും ഉറക്കം വിട്ടുണരും. കോഴി സാമ്രാജ്യത്തിന്റെ കോട്ടവാതിൽ തുറന്നു അവർക്കു സ്വാതന്ത്ര്യം കൊടുക്കും. ഇനി വൈകുന്നേരം അശരീരിയായി റംലത്തിന്റെ ബാബാ വിളി കേൾക്കുന്നത് വരെ അവർ സർവ്വതന്ത്രേ സ്വതന്ത്രർ. പോരുന്നയിരിക്കുന്ന ചിലവയൊഴിയ്ച്ചാൽ കൂടു ഏതാണ്ട് ശൂന്യമാകുമ്പോ , റംലത്തു തൊട്ടിപോലുള്ള ഒരു ആയുധവും പേറി കൂടിന്റ ഉള്ളിൽ പരതും . മുട്ടകളെ അവ അർഹിക്കുന്ന സ്നേഹത്തോടെ പെറുക്കി എടുക്കും. ആ സമയത്തു അനാദിയായ ഒരു സന്തോഷം അവരുടെ ഉള്ളിൽ ഉറ പൊട്ടും. കൊഴിയുമ്മ , വെറും ഉമ്മയാകും . പിറക്കാതെ പോയ മക്കളെ എന്നോണം അവർ മുട്ടകളെ താലോലിക്കും. ഒന്നൊന്നായി , അവ കച്ചിപ്പെട്ടികൾക്കുള്ളിൽ അടുക്കും. ഈ സമയം , കോഴികൾ അവയുടെ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങും. ഇണ ചേർന്നും , പരസ്പരം കൊത്തിയും, പൊന്തപ്പടർപ്പിലെ അനക്കങ്ങളിൽ ഭയന്നും , അവയുടെ കോഴിപ്പട ദിവസത്തെ നേരിടാൻ എന്നോണം നടന്നകലും ..മെല്ലെ അവ ആവാസ വ്യൂഹത്തിൽ അലിഞ്ഞു മറയും. ആരാലും ശ്ര്ദ്ധിക്കാതെ, ചിക്കിപ്പെറുക്കി , ചന്തക്കടവിന് ചുറ്റും ചാരക്കണ്ണുകളുമായി അവ ഇപ്പോഴും ഉണ്ടായിരുന്നു. അത്ഭുതം എന്ന പോലെ കൊഴിയുമ്മയുടെ ഒരു കോഴിയെ പോലും ആരും ഉപദ്രവിച്ചില്ല. ഒരിക്കൽ മാത്രം, ആറാട്ടുപുഴനിന്നും കയറുമായി വന്ന വെള്ളക്കാരൻ, അരിയിട്ട് കൊടുത്തു റംലത്തിന്റെ ഒരു മുഴുത്ത പൂവനെ വള്ളത്തിൽ കയറ്റി. നിശ്ശബ്ദനായി, തലയില്ലാത്ത പൂവൻ കുറ്റിയടുപ്പിനു മുകളിലെ ചട്ടിക്കുള്ളിലെ മസാലയിൽ എഴുനേറ്റു നിന്നുകൂവി. ഒരു നിമിഷം ചന്തക്കടവിന്റെ ശ്വാസം നിന്നുപോയ പോലെ, ആ കൂവൽ ചുറ്റുപാടും നിരന്നു കിടന്നിരുന്ന വള്ളങ്ങളുടെ കാറ്റുപായകളിൽ തട്ടി, ചാപ്പലിന്റെ ഭിത്തികളിൽ മാറ്റൊലികൊണ്ടു , മീഞ്ചന്തയ്ക്കു പുറകിലെ ആനവായൻ കുടിലിനു മുകളിൽ വട്ടംകറങ്ങി, ഒടുവിൽ മുട്ട വിൽക്കാൻ പോയ റംലത്തിന്റെ പാതി കേൾക്കുന്ന ചെവികളിൽ വിശ്രമിച്ചു. കവടി പിഞ്ഞാണിയിലെ ചൂട് കപ്പയിലേക്ക് കോഴിക്കറി വിളമ്പിയത് മാത്രേ അയാൾക്കോർമ്മയുള്ളൂ. ഇരുപത്തിയാറു വട്ടം തുന്നലിടാൻ മാത്രം വലിയ വടു സമ്മാനിച്ചാണ് പങ്കായത്തിന്റെ പാത്തി പുളഞ്ഞിറങ്ങിയത്. പിന്നീട് ഒരിക്കലും , ഒരിക്കൽപ്പോലും ആരും റംലത്തിന്റെ കോഴികളെ തൊടാൻ ധൈര്യം കാണിച്ചിട്ടില്ല.
ജെട്ടിയുടെ കാത്തിരുപ്പു കേന്ദ്രത്തിൽ അങ്ങിങ്ങായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിരുന്നു. അവയിൽ ചില ആടുകൾ വിശ്രമിച്ചു. കപ്പലിന്റെ വീലിനെ അനുസ്മരിപ്പിയ്ക്കുന്ന , വാട്ടർ ട്രാൻസ്‌പോർട്കമ്പനിയുടെ അടയാളം വരച്ചു വെച്ചിരുന്ന മുറിയിലെ , പ്ലാസ്റ്റിക് വരിഞ്ഞ കസാലയിൽ സ്റ്റേഷൻ മാസ്റ്റർ ആന്റണി ഉറക്കം തൂങ്ങി. കായൽപ്പുറം പള്ളിയിലെ കപ്യാർ ലോനാസിന്റെ മകൻ, ആന്റണി മയക്കം ഞെട്ടി എണീറ്റപ്പോഴെല്ലാം, കൂരയിൽ കൊളുത്തിയിട്ട അഹൂജ കമ്പനിയുടെ കോളാമ്പികൾ ബോട്ട് താമസിച്ചെത്തുന്ന വിവരം കരകരത്തു. അപ്പോഴൊക്കെ ഉറക്കച്ചടവിന്റെ കുറുകലിൽ, കൂരകളിൽ തമ്പടിച്ചിരുന്ന പ്രാവുകൾ ഒന്നോടെ ചിറക് നിവർത്തി , വലിയ ഒച്ചയോടെ പറന്നകന്നു. പ്രാക്കൂട്ടത്തിന്റെ ചിറകടിയൊച്ചയിൽ സമയം തെറ്റിയ ബോട്ടുകളുടെ വിവരം കാത്തിരിക്കുന്നവരുടെ ചെവികളിൽ എത്തിയതേ ഇല്ലെങ്കിലും, ആ ചിറകടിയൊച്ചകൾ ബോട്ടുകൾ താമസിക്കുന്നത്തിന്റെ സൂചനയായി കാത്തിരിപ്പുകാർ തിരിച്ചറിഞ്ഞിരുന്നു. പ്രാവുകളും കാത്തിരിപ്പുകാരും സമയം തെറ്റിയ ബോട്ടുകളും തമ്മിൽ ത്രികോണമാനവും അതീന്ദ്രിയയുമായ ഒരു ബന്ധം ചന്തക്കടവിൽ എല്ലായ്പ്പോഴും തെളിഞ്ഞു നിന്നു.
Wednesday, October 5, 2022
ചരമവാർഷികം
Wednesday, August 10, 2022
നീണ്ടു നിവർന്ന ഒരു നാട്ടിടവഴി പോലെ ഓർമ്മകളിൽ നിന്നും മറവിയിലേക്കും ..തിരിച്ചും . രതിയുടെ ഒടുവിലെ നീണ്ട നിശ്വാസം പോലെ .. ഞാൻ നേർത്തു വരുന്ന നേരത്തെല്ലാം തൂങ്ങിച്ചത്ത കുട്ടിമാളുവും , അകമേ ഭ്രാന്തിന്റെയും , പുറമെ ഇരുമ്പിന്റെയും ചങ്ങല കിലുക്കുന്ന
വലിയ കാർന്നോരും എന്നെ തിരഞ്ഞു വരുന്നതെന്തിന് ...
തറവാട്ടിലെ അവസാനത്തെ ആന ചെരിഞ്ഞ അന്നാണ് , വലിയ കാർന്നോർക്കു ആദ്യമായി ചുഴലി വന്നത്, പത്താനകൾ ഉള്ള തറവാടായിരുന്നു അത്രേ. പല കാരണങ്ങളാൽ ക്രമേണ എണ്ണം കുറഞ്ഞു കുറഞ്ഞു ഒടുവിൽ ആദികേശവൻ എന്ന ഒരു കൊമ്പൻ മാത്രമായി... ഓരോ ആനകൾ കുറഞ്ഞപ്പോഴും അതാതു തലമുറയിലെ കാരണവർ, സുകൃതക്ഷയം , സുകൃതക്ഷയം എന്ന് പറഞ്ഞിരിക്കണം. എന്തായാലും പറയന്മാർ ആദികേശവനെ വെട്ടിമുറിച്ചു കൊണ്ടുപോകുന്നത്, പടിഞ്ഞാറേ ഇളംതിണ്ണയിൽ നിന്നും നോക്കി നിക്കയായിരുന്ന കാരണവരെ അടിമുടി ഉലച്ചു കൊണ്ട് ... പെരുവിരൽ തുമ്പിൽ നിന്നാണ് ആ സന്നി പുറപ്പെട്ടത് . കാറ്റു പിടിച്ച കൊന്നത്തെങ്ങുപോലെ കാരണവർ അടിമുടി വിറച്ചു ....ഒടുവിൽ മുന്നോട്ടു കമിഴ്ന്നു...ആ നിമിഷം പാടത്തിന്റെ നടുവിൽ , പറയാൻമാർ പൊട്ടൻ തുള്ളുന്ന തുരുത്തിൽ നിന്ന കരിമ്പനയ്ക്കു മുകളിൽ വെള്ളിടി വെട്ടി. ആദികേശവനെ ദഹിപ്പിക്കാൻ ശ്രമം കൂടിയിരുന്ന പറയന്മാർ താങ്ങും മുമ്പേ ... ആറടി പൊക്കമുള്ള കാരണവർ മുറ്റത്തെ ചരലിലേയ്ക്ക് മൂക്ക് കുത്തി . തലപ്പറയൻ എളിയിൽ നിന്നും പിച്ചാത്തി എടുത്തു കൈയ്യിൽ പിടിപ്പിക്കുന്ന സമയം വരെ കാറ്റ് പിടിച്ച മരംപോലെ കാരണവർ മുറ്റത്തെ ചരലിൽ പേരറിയാത്ത രൂപങ്ങൾ വരച്ചു, പിന്നെ ബോധരഹിതനായി. അയാളുടെ കോടിയ കടവായിൽ നിന്നും ഈത്ത ഒലിച്ചു ... ഒരു കൂട്ടം നിലവിളികൾ പിന്നാമ്പുറത്തുനിന്നും ഉയർന്നു. കമ്പിൽ കെട്ടി ആദികേശവന്റെ തുണ്ടങ്ങൾ ദഹിപ്പിക്കാൻ കൊണ്ടുപോയിരുന്നു പറയന്മാർ , തണ്ടുകൾ ദൂരെ എറിഞ്ഞു അയാളെ ഉയർത്തി ... നിമിഷങ്ങളുടെ ദൂരത്തിൽ അയാൾ പ്രജ്ഞയിലേക്ക് തിരികെ വന്നു. ശേഷം കുഞ്ചു കണിയാൻ തറവാട്ടിലേയ്ക്ക് വിളിപ്പിക്കപ്പെട്ടു . കഷായം ..ധാര..നസ്യം ..ഭഗവതിസേവ, നവഗ്രഹ പൂജ ആവാഹനം.. ഉച്ചാടനം ...എല്ലാം മുറ പോലെ. ചികിത്സ കഴിഞ്ഞ കാരണവരുടെ ഇരുപത്തഞ്ചു വയസു കുറഞ്ഞതുപോലെ, എന്നും ഈരണ്ടു കിണ്ണം പാൽക്കഞ്ഞി അധികമായി കുടിച്ചു .. കരിയുടെ വടക്കേച്ചിറയിൽ ആകാശം മുട്ടിയ തെങ്ങുകളിലെ മൂത്ത തേങ്ങയും , വടക്കേത്തണ്ടിയിൽ പ്രത്യേകമായി നട്ട നെല്ലിന്റെ പഴയരി വറുത്തുപൊടിച്ച ചുവപ്പ്‌നിറം പാറിയ അരിപ്പൊടിയും കൂടി മുളംകുറ്റിയിൽ ചേർന്ന് വിരിഞ്ഞതും , ചാത്തൻപുലയൻ വെള്ളം കോരിയ പാളയംതോടൻ വാഴയുടെ ഇഴയടുങ്ങി പൊൻ നിറമാർന്ന പവൻ മാര്ക്ക് പഴവും കാരണവരെ ഹരം കൊള്ളിച്ചു .... ഉച്ചകളിൽ ഒരു പറ അരിയുടെ ചോറുണ്ടു ... ഒരു ആനയെപ്പോലെ അയാൾ ആഹാരം കഴിച്ചു തുടങ്ങി. ചിറയിലെ മുളവാരികൾ ചാടിക്കടന്നു , വരമ്പിൽ കൂടി നടന്നു ... കാലടികൾ വരമ്പിൽ പതിഞ്ഞ ഊക്കിൽ, പാടത്തിന്റെ തുമ്പുകൾ തനിയെ അടഞ്ഞു . അവിടിവിടെ വെച്ചിരുന്ന ഒറ്റാലുകളിലേയ്ക്ക് വരാൽകൂട്ടങ്ങളും കല്ലേമുട്ടികളും നീന്തി ഒളിച്ചു .. ചിറയിൽ നീന്തിയിരുന്ന പൂവൻ താറാവുകൾ കൺകെട്ട് വിദ്യയിൽ എന്നപോലെ മറഞ്ഞു പോയി ... കര ഞണ്ടുകൾ വരമ്പിന്റെ പൊത്തുകളിലേയ്ക്ക് ഉൾവലിഞ്ഞു ... കാരണവരുടെ വിശപ്പ് പോകെ പോകെ കൂടി വന്നു . ഒരു കർക്കിടകം കൂടി പെയ്തൊഴിഞ്ഞു ...അതിന്റെ ഇറക്കത്തിൽ, ഒരു സന്ധ്യയിൽ, കാരണവർ വിസ്തരിച്ചു കുളിച്ചു ... ഇറയത്തെ ഭസ്മത്തൊട്ടിയിൽ നിന്നും കുറി തൊട്ടു ..ഈറൻ മാറി ..മാഞ്ചസ്റ്റർ മന്മൽ മുണ്ടു ഉടുത്തു ..രണ്ടു കിണ്ണം നിറച്ച് പാൽകഞ്ഞി കുടിച് .. രണ്ടു വെറ്റില ഒന്നിന് മുകളയിൽ ഒന്നായി തെറുത്ത് , മാദകമായ ഗന്ധം ചുരത്തുന്ന ഇംഗ്ലീഷ് പുകയില കൂട്ടി ..പാലിൽ മുക്കി ഉണക്കിയ പഴുക്കാ പാക്കിന്റെ തുണ്ടുകൾ ചേർത്ത് വിസ്തരിച്ചു ഒന്ന് മുറുക്കി .. ചുണ്ണാമ്പുചെട്ടിച്ചിയുടെ മണം കാരണവർക്ക് ചുറ്റും കുമിഞ്ഞുയർന്നു ...ചെട്ടിച്ചി ഉള്ളിലും !! താംബൂലത്തിന്റെ ലഹരി ചുറഞ്ഞു .. അതിന്റെ ധാരാളിത്തത്തിൽ , പൂത്തുനിന്ന നന്ദ്യാർവട്ട ചെടികളുടെ ധവളിമയെ ചോപ്പിച്ചു കൊണ്ട് കാരണവർ ഒരു മഴവില്ലു വരച്ചു ...പിന്നെ ഉച്ചത്തിൽ ചിരിച്ചു , നേരെ പടിഞ്ഞാറേ തൊടിയിലേയ്ക്ക് നടന്നു. പുതുമഴയ്‌ക്കു മുമ്പേ പുര കെട്ടാൻ ഓല മെടഞ്ഞുകൊണ്ടിരുന്ന പണിക്കാരികളിൽ ഒരുവളെ അടുത്തേയ്ക്ക് വിളിച്ചു . ആ ചിന്നം വിളി കേട്ട് വിറച്ചുപോയ അവളോട് , കൊന്നത്തെങ്ങിന്റെ തടിയിൽ ചേർന്ന് കിടന്നിരുന്ന ചങ്ങല കാട്ടി, അത് സ്വന്തം കാലിൽ കെട്ടാൻ ആവശ്യപ്പെട്ടു. മോഹാലസ്യത്തിന്റെ വക്കോളമെത്തിയ പ്രജ്ഞയോടെ , ഇരുട്ടുകയറിത്തുടങ്ങിയ കാഴ്‌ചയായോടെ, അതിനും മീതെ ഭയത്തിന്റെ അറിയാത്ത തലങ്ങൾ അവളുടെ കണ്ണുകളെ പുറത്തേയ്ക്കു തള്ളി ...കൈകൾ എങ്ങനെയോ ആ തുടലിനെ , ചിഹ്നം വിളിച്ചു നിൽക്കുന്ന ആനയുടെ മുൻകാലുകളിൽ കുരുക്കി. അവൾ ദയനീയമായി മേലേക്ക് നോക്കി ... അയാളുടെ കണ്ണുകളിൽ അവൾ ആദികേശവന്റെ മദപ്പാടു കണ്ടു. ... അവളുടെ നഗ്നത മറച്ചിരുന്നു കച്ച തോർത്ത് അവന്റെ തുമ്പിക്കൈയ്യിൽ കുടുങ്ങി .. പറയ തുരുത്തുകൾക്കു മേലെ ആകാശത്തു കൊള്ളിയാൻ മിന്നി .. തറവാട്ടിലെ പെണ്ണുങ്ങൾ അലമുറയിട്ടു കരയാൻ തുടങ്ങിയപ്പോൾ കേശവൻ ചിന്നം വിളിച്ചു. ചുറ്റും കിടന്ന മടലും ചൂട്ടും കല്ലും പെറുക്കി എറിഞ്ഞു.. കേശവൻ കയറിയ കാർന്നോരു തെങ്ങിൻ ചുവട്ടിൽ മയങ്ങിവീണു . മഴപൊട്ടി ..അതിന്റെ ആയിരം തുമ്പികൈകളിലൂടെ വെള്ളം പെയ്തിറങ്ങി .. ഒരു രാത്രിയും പിന്നത്തെ പകലും തീരാതെ പെയ്ത മഴ ചിറകളെ മുക്കി ...തൊടിയിൽ, പുതിയ കേശവനായി മാറിയ കാർന്നോരുടെ കാലുകളിൽ ചോരയും ചെളിയും കട്ടപിടിച്ചു .. അനന്തരവന്മാർ ഉള്ളാലെ ചിരിച്ചു ..പുറമെ കരഞ്ഞു. അവർ അയാളെ ഉള്ളിലെ തളത്തിൽ പുതിയ ചങ്ങലയിൽ കൊളുത്തിയിട്ടു ... അയാളുടെ അബോധത്തിൽ ..ഉന്മാദത്തിൽ ... ചിരിയിൽ കരച്ചിലിൽ എല്ലാം പുതിയ കാരണവർ പുഞ്ചിരിച്ചു ... ചിരിയിൽ കാലാന്തരത്തിൽ പുതിയ കേശവൻ ഓർമ്മയായി .കാലം പോകെ പോകെ എല്ലാ തലമുറയിലും പുതിയ കേശവൻമാർ പിറവി കൊണ്ടു . പടിഞ്ഞാറേ തൊടിയിലെ കൊന്നതെങ്ങ് ദയനീയമായി ഇതെല്ലാം കണ്ടു നിന്നു ..ഒടുവിൽ മടുത്ത് സ്വയം നിലം പറ്റി. ഇരുപ്പൂ നിലങ്ങളിൽ കൃഷി കൊണ്ടാടി..നഷ്ടകൃഷിയിൽ പാടത്തിന്റെ വിസ്തൃതി കുറഞ്ഞ് കുറഞ്ഞ് വന്നു... ഒടുവിലത്തെ കാരണവർ പാടത്തിന്റെ ചിറയിൽ മാടത്തിൽ ഇരുന്നപ്പോൾ ആണത്രേ സന്നി വന്നത് ..കിഴക്കൻ കാറ്റിൽ തണുപ്പ് നിറഞ്ഞ കാലം ആയിരുന്നു അത് . ബോധം തെളിഞ്ഞ പുതിയ കാരണവർ ഇരുത്തി ഒന്ന് മൂളി ... നെല്ലിൻവെള്ളം വാറ്റിയ കുപ്പിയുടെ കോർക്കുമൂടി തനിയെ അടർന്നു വീണു .. കാർന്നോർ കുപ്പിയോടെ മോന്തി .. കതിരിട്ടു തുടങ്ങിയ നെല്ലിൻചെടികളെ ചേർന്ന് വന്ന കാറ്റ് പുതിയ കാർന്നോരുടെ മുഖം തൊട്ടു . അയാൾക്ക് വിയർത്തു . കാറ്റ് അയാളുടെ അശാന്തിയിൽ കൂട്ട് ചേർന്നു. പാടത്തെ പെണ്ണുങ്ങളുടെ പാട്ടു, അയാളെ ചുറ്റി .. വീണ്ടും സന്നി വന്നു ...ഉണർന്നപ്പോൾ അയാൾ വീട്ടിലെ തളത്തിൽ വെറും നിലത്തു കിടന്നു ... ചോര പൊടിഞ്ഞ നീറിയ കാൽ മുറിവിൽ അയാൾ കൈകൾ ചേർത്തു ...അയാളുടെ ഉള്ളിൽ ഇരുമ്പു പഴുത്തു. വലിയ കാർന്നോർ ചുറഞ്ഞു ...അയാളുടെ നീണ്ട മൂക്ക് ലോകത്തെ എല്ലാ മണങ്ങളെയും ഒപ്പിയെടുക്കാനെന്ന പോലെ ചുറ്റും ഇഴഞ്ഞു.. ഒടുവിൽ അത് മുറ്റത്തെ തെങ്ങിൽ നിന്നും ഒരു കുല കരിക്കിറുത്തു. അപ്പോഴും അനന്തരവന്മാർ ഉള്ളാലെ ചിരിച്ചു..പിന്നെ , പുറത്തു കരഞ്ഞു. മുറ്റത്തിന് ചുറ്റും പൂത്തു നിന്ന മഞ്ഞ മന്താരങ്ങളുടെ പൂവുകളിൽ , മെലിഞ്ഞുനീണ്ട കൊക്ക് കടത്തി തേനെടുക്കാൻ അടയ്ക്കാക്കിളികൾ ചിറകടിച്ചു നിന്നു . പൂത്ത നീല ശംഖുപുഷ്പങ്ങളുടെ വള്ളികളിലൂടെ വയറ്റിൽ മഞ്ഞയും കറുപ്പും വരകളുള്ള കട്ടുറുമ്പുകൾ വാരി തെറ്റാതെ പൊയ്ക്കൊണ്ടിരുന്നു. വടക്കേ ചിറയിൽ മഞ്ഞ ചേരകൾ മാറാടി . കടപ്ലാവിന്റെ മുകളിൽ , വിരിഞ്ഞു നിന്ന പുളിയുടെ ഏറ്റവും മുകളിൽ ഒരു എരണ്ട ചിലച്ചു കൊണ്ട് പറന്നകന്നു ... തൊഴുത്തിൽ, മാസം തികഞ്ഞ പശു പേറ്റുനോവിൽ ചുറഞ്ഞമറി ...പുതിയ കാരണവരുടെ നീലക്കരയുള്ള മന്മൽമുണ്ടിൽ ചോരകൊഴുത്തു ....
അത് വല്യമ്മാവൻ ആയിരുന്നു. പുറപ്പെട്ടു പോയി ..വടക്കെങ്ങോ മരിച്ചു എന്ന് കരുതുന്ന വല്യമ്മാവൻ. തറവാട്ടിൽ ആരും പേര് പറയാത്ത വല്യമ്മാവൻ. പോകും മുമ്പ് വല്യമ്മാവൻ, കേശവന്റെ ചങ്ങല , ഇരുമ്പും തുരുമ്പും പെറുക്കാൻ കിഴക്കു നിന്നും വന്ന തമിഴന് കൊടുത്തു ..കാശു വാങ്ങി മൂന്നാം നാൾ വല്യമ്മാവൻ പുറപ്പെട്ടുപോയി... കാലം ഒരു പാട് ഒഴുകി കടന്നു .. സ്വാതന്ത്ര്യ സമരം നടന്നു ..കമ്മ്യുണിസം വന്നു .. വിമോചനസമരം വന്നു ...തന്തവഴിയിൽ ഊറ്റം കൊള്ളുന്ന പൈതൃകം നാട്ടുനടപ്പായി ..താവഴിയിൽ ചങ്ങലകൾ മാത്രം അവശേഷിപ്പിച്ചു ലോകം പതിയെ മുന്നോട്ടു നടന്നു ...
പൂത്തുനിക്കുന്ന മലകളുടെയും കാപ്പി മണക്കുന്ന ....പച്ച തേയിലയുടെ ചൂര് മണക്കുന്ന , പേരറിയാത്ത ആയിരം പൂക്കൾ മണക്കുന്ന മലകൾ ചുറ്റി,
ഡീസലിന്റെ.. കരിഞ്ഞ ടയറിന്റെ ..ഛർദിലിന്റെ ..മനം പുരട്ടുന്ന മണങ്ങൾ പേറി , ചുരം ഇറങ്ങി , നീണ്ട ബസ് യാത്രക്കൊടുവിൽ
ഞങ്ങൾ ബോട്ട് ജെട്ടി എത്തി ....
ചരക്കു നിറയ്ക്കുന്ന കെട്ട് വള്ളങ്ങൾ ..നിരനിരയായി കിടക്കുന്ന മണിക്കൂറുകളുടെ ഇടവേളയിൽ മാത്രം യാത്രാബോട്ടുകൾ വന്നുപോകുന്ന ചന്തക്കടവ് . ഇമ്മാക്കുലേറ്റ് ഹോട്ടലും, സെന്റ് മാർട്ടിൻ ഹോട്ടലും .കുറേ ബീഡി മുറുക്കാൻ നാരങ്ങാവെള്ളക്കടകൾ ... പരന്ന തട്ടുകളുള്ള കൈവണ്ടികൾ അതിനെതിരെ നിര നിരനിരയായി നിലകൊണ്ടു . റിക്ഷകളുടെ പേരുകൾ അവയുടെ വശങ്ങളിൽ വെള്ള ചായത്തിൽ എഴുതപ്പെട്ടിരുന്നു. വേളാങ്കണ്ണി മാതാവും, സെന്റ് .ജോർജും, അറവുകാട് അമ്മയും, സ്വാമി അയ്യപ്പനും, മനയ്ക്കപ്പാടനും അതിനിടയിൽ വിശ്രമിച്ചു . ഇമ്മാക്കുലേറ്റ് ഹോട്ടലിലെ ചില്ലലമാരയിൽ ചൂട് പലഹാരങ്ങൾ മൊരിഞ്ഞു കിടന്നു... പഴം പൊരിയുടെയും, എണ്ണയിൽ മൊരിയുന്ന സവാളയുടെയും മണങ്ങൾ ഇപ്പോഴും ആൾക്കാരെ കൊതിപ്പിക്കാനെന്ന പോലെ ജെട്ടിയുടെ മുകളിൽ പടർന്നു നിന്നു . പണി തീർന്ന ചുമട്ടുകാരും , റിക്ഷാത്തൊഴിലാളികളും, സെന്റ് മാർട്ടിൻ ഹോട്ടലിൽ നിന്നും പൊറോട്ടയും പോത്തുകറിയും കഴിച്ച് , നിര നിരയായി കിടന്നിരുന്ന കൈ വണ്ടികളുടെ പ്ലാറ്റഫോമിൽ ചാരിനിന്നു, കുശലം പറഞ്ഞു . പലപ്പോഴും അവരിൽ നിന്നും പുകയിലയുടെയും ,പൊടിയുടെയും, ചുരുക്കം ചില അവസരണങ്ങളിൽ കള്ളിന്റെയും മണം പരന്നു...
ചന്തക്കടവിലെ കറുത്ത വെള്ളത്തിൽ , ചരക്കു നിറയ്ക്കുന്ന വള്ളങ്ങളുടെ നിഴലുകൾ അയഞ്ഞു കിടന്നു . ചെറിയ കാറ്റിലെ ഓളങ്ങൾ വള്ളങ്ങൾ മുന്നോട്ടു നീങ്ങുന്നുവെന്ന തോന്നൽ നൽകി . വള്ളങ്ങളുടെ ഒരറ്റത്തു, കുറ്റി അടുപ്പിൽ അറക്കപ്പൊടി നിറച്ചു വള്ളക്കാർ കഞ്ഞി വെയ്ച്ചു , പടവിന്റെ ഒരു മൂല കഴുകി വൃത്തിയാക്കി , പുളിമാങ്ങയും ചന്തമുളകും ഉപ്പും കുത്തിച്ചതച്ച് കുട്ടിച്ചോന്റെ ചമ്മന്തി അവർ വിളിച്ചിരുന്ന ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മറ്റു ചിലർ. ചുരുക്കം ചിലർ, വള്ളങ്ങളുടെ കാറ്റുപായ വിടർത്തി പരിശോധിച്ചു ..പടവുകളിൽ നിന്നും വള്ളത്തിലേയ്ക്ക് ചാരിവയ്ച്ച പലകകളിൽ കൂടി ചരക്കു നിറയ്ക്കുന്ന ചുമട്ടുകാർ, വിറകു കടയിൽ അനന്തകാലമായി വിറകു കീറുന്ന പണിക്കാർ.. എല്ലാ ദിവസവും ഒരേ തമാശയിൽ പൊതിഞ്ഞ് ...പേപ്പർ കുമ്പിളിൽ, ചൂട് കപ്പലണ്ടി വിൽക്കുന്ന കണ്ണാടി വെച്ച ചേട്ടൻ , ചുമലയും പച്ചയും അടപ്പുകൾ ഉള്ള ചെറിയ കുപ്പികളിൽ അയമോദക വായുഗുളിക വിറ്റിരുന്ന മറ്റൊരാൾ ... ജെട്ടിയുടെ കാത്തിരുപ്പു കേന്ദ്രത്തിൽ അങ്ങിങ്ങായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിരുന്നു. അവയിൽ ചില ആടുകൾ വിശ്രമിച്ചു. കപ്പലിന്റെ വീലിനെ അനുസ്മരിപ്പിയ്ക്കുന്ന , വാട്ടർ ട്രാൻസ്‌പോർട്കമ്പനിയുടെ അടയാളം വരച്ചു വെച്ചിരുന്ന മുറിയിൽ നിന്നും ,കൂരയിലെ കോളാമ്പികളിലെയ്ക്ക് ബോട്ട് താമസിക്കുന്നതിന്റെ വിവരം പുറത്തേക്കു വന്നിരുന്നു അത് കേൾക്കുമ്പോൾ കൂരകളിൽ തമ്പടിച്ചിരുന്ന പ്രാവുകൾ ഒന്നോടെ ചിറക് നിവർത്തി , വലിയ ഒച്ചയോടെ പറന്നകന്നു. താമസിച്ചെത്തുന്ന ബോട്ടുകളും പ്രാവുകളും തമ്മിൽ അങ്ങനെ ഒരു ആദിമമായ ഒരു ബന്ധം സ്ഥാപിച്ച സ്ഥലം കൂടിയായി ചന്തക്കടവ് ജെട്ടി .
ഇരുട്ട് തൂവാനെന്ന പോലെ മാനം മൂടിക്കെട്ടി നിന്ന്. ദൂരെ മഴ പുള്ളുകൾ കൂട്ടമായി പറന്നു. പെയ്യാനൊരുങ്ങി നിന്ന മഴ മാനത്തിനു താഴെ , പാടത്തെ വെള്ളത്തിൽ ഒരു വില്ലിന്റെ ആകൃതിയിൽ അവയുടെ കൂട്ടം പ്രതിഫലിച്ചു . തലയിൽ വെളുപ്പ് തൂവലുകൾ ഉള്ള ഒരു പരുന്ത് ആകാശത്തിനു ചുവട്ടിൽ മേഘങ്ങളെ തൊട്ടു എന്ന പോലെ ഒഴുകിനടന്നു ...അത് കണ്ടിട്ടാവണം മഴ പുള്ളുകൾ കലപില കൂട്ടി പറന്നകന്നു ..അവ തെക്കേത്തൊടിയിലെ , വെള്ളത്തിലേക്ക് ചാഞ്ഞുകിടന്ന കുടംപുളിയിൽ ചേക്കേറി .. അതുവരെ തെങ്ങിൻ തടത്തിൽ കൊത്തിപ്പെറുക്കി നിന്ന തള്ളക്കോഴി , കുഞ്ഞുങ്ങളെ കൂട്ടി നെടുംപുരയുടെ തളത്തിൽ അഭയം തേടി ..മഴപുള്ളിൻ കൂട്ടം പതിഞ്ഞ സ്ഥായിയിൽ ചൂളം വിളിച്ചു ..മഴയെ വിളിക്കുകയാകാം ....ഞാൻ പടിഞ്ഞാറേ ഇളംതിണ്ണയിൽ കാലുംനീട്ടി ഇരുന്നു. മഴ ദൂരെനിന്നും ഇരച്ചെത്തുന്ന ശബ്ദം ... മഴപുള്ളിൻ കൂട്ടം പെട്ടന്ന് നിശബ്ദമായി .. ചിറയുടെ കിഴക്കേ അതിരിൽ നിന്നും ഒരു പട്ടി ഓടി വന്നു മാടത്തിന്റെ അടിയിൽ സ്ഥലം പിടിച്ചു ...ദേഹം ഒന്ന് കുടഞ്ഞു ..ചുറ്റും വെള്ളത്തുള്ളികൾ തെറിപ്പിച്ചു, കാലുകൾ മുന്നോട്ടാക്കി , മെല്ലെ സ്വസ്ഥമായി കിടന്നു. രണ്ടു പൂവൻ കോഴികൾ, മാടത്തിന്റെ കയറുവരിഞ്ഞ ഭാഗത്തു നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു .. താഴെ എത്തിയ പട്ടിയെ അവ സംശയത്തോടെ നോക്കി ...പിന്നെ പരസ്പരം നോക്കി ... ശേഷം തൂവലുകൾ ചിക്കി ഉണക്കുന്നതിൽ വ്യാപൃതരായി . തെങ്ങോലകളിൽ കാറ്റ് പിടിച്ചു .... മണ്ണിൽ മഴയുടെ ഒരു തുള്ളി പാറി വീണു ....ഇളം തിണ്ണയിൽ ഇരുന്ന എന്റെ കാലുകളിൽ മഴ ചിതറി .. ഞാൻ ഇക്കിളിപ്പെട്ടു. മഴയിൽ ആദ്യം വന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ കാണാതെ പോയ വല്യമ്മൂമ്മ ആയിരുന്നു .. സ്ഥാനം തെറ്റിയ റൗക്ക നേരെ ഇട്ട് , വെള്ളിപോലെ നരച്ച മുടിയിലെ വെള്ളം തുടച്ചു കൊണ്ട്, എന്നെ ഒരു ചോദ്യഭാവത്തിൽ നോക്കി , പിന്നെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവർ അകത്തെ തണുപ്പിലേയ്ക്ക് കയറിപ്പോയി ... പിന്നെ ഓരോരുത്തരായി വന്നു ... ഇപ്പൊ മഴ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി ..ഇറയത്തുനിന്നും തുമ്പിക്കൈ വണ്ണത്തിൽ വെള്ളം താഴേക്ക് വീണു എന്റെ കുപ്പായം മുഴുവൻ നനഞ്ഞു ...ഞാൻ വരാനുള്ള രണ്ടാളെ തിരഞ്ഞു കൊണ്ട് ..മഴയിലേക്ക് തുറിച്ചു നോക്കി ...എനിക്ക് വേണ്ടത് രണ്ടു പേരെ മാത്രമായിരുന്നു .... തലമുറയുടെ പരമ്പരയിൽ ചിന്നന്റെ വിത്തുകൾ പാകി ... മഴയിലേക്ക് ഇറങ്ങി പോയ വെല്യകാരണവർ.. പിന്നെ ഭ്രാന്തിൽ നിന്നും രക്ഷപ്പെടാൻ ചങ്ങല വിറ്റ വല്യമ്മാവൻ.. എന്നെ മുഴുവൻ ആകാൻ അനുവദിക്കാത്ത രണ്ടു പേര്. എന്റെ സന്നികൾ അങ്ങനെ ഇപ്പോഴും അപൂർണമായി അവസാനിച്ചു .. എല്ലായ്‌പ്പോഴും
പടിഞ്ഞാറേ ഇളംതിണ്ണയിൽ കാലും നീട്ടി ഇരിക്കുന്ന നേരത്തെല്ലാം ...ആകാശത്തിന്റെ തെക്കേ മൂലയിൽ കാറ് കൊള്ളുമ്പോഴും, പടിഞ്ഞാറ് ചക്രവാളം ചുവപ്പിൽ നിന്നും കറുപ്പിലേയ്ക്ക് തെന്നുമ്പോഴും ...നെല്ലിന് തലപ്പുകളിൽ കാറ്റു പിടിക്കുമ്പോഴും ... തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ...ഒഴുകി ഒടുങ്ങിയ വെല്യമ്മൂമ്മ കയറുന്ന നേരത്തും ...മഴ കനക്കുമ്പോൾ ..ഇറയത്തു പൊട്ടുന്ന വെള്ളക്കൈകളിൽപെട്ട് പോവുന്ന, ചൂട്ടമണ്ഡലി കുഞ്ഞുങ്ങളെ നോക്കി നിക്കുന്ന നേരത്തും ..ഞാൻ കുഴിയാനകളെ മാത്രം കണ്ടു ... എനിക്ക് വേണ്ടത് ആനകളെ ആയിരുന്നു .... പുറകോട്ടു നടക്കാൻ കഴിയാതെ പോകുന്ന കുഴിയാനകളെ ഞാൻ തിരഞ്ഞു കൊണ്ടേയിരുന്നു .. മറവിയിൽ മുക്കി മറയ്ക്കാൻ നോക്കുമ്പോൾ , വീണ്ടും തെളിഞ്ഞു വരുന്ന ദുസ്വപ്ന പെരുംകളങ്ങളിൽ വല്യമ്മാവനും വാല്യകാരണവരും എന്നെ വേട്ടയാടി .. ... ഞാൻ തിരിഞ്ഞു നടന്നു ...എന്റെ മീതെ തലമുറകൾ ആട്ടി ആട്ടി ആയി ഇറുന്നു വീണു ...ചിലതൊക്കെ ഞാൻ തന്നെ ആയിരുന്നു ...ചിലപ്പോൾ , ചിലതിൽ, വേറെ ചില ഞാനും ...ചോലയിലെ ആദി കേശവനും ...ഞാനായ ആദി കേശവനും ഭേദം ഇല്ലാതായി ..ഇതിനിടയിൽ ഒരു പാട് പുതിയ കേശവന്മാർ കടന്നു വന്നു . മദപ്പാടുകളും ... കാലിലെ ചങ്ങല മുറിവുകളും മാത്രം മാറിയില്ല ...എല്ലാ കേശവന്മാരും ഞാനായി ...ഇടയിൽ വന്ന കേശവന്മാർ എന്നിൽ കയറി നിന്നു .. മദമുണർന്ന ചങ്ങല ഉരഞ്ഞു ഞാൻ ഉള്ളിൽ മുറിഞ്ഞു ..പാൽക്കഞ്ഞി കുടിച്ചു വയറു നിറഞ്ഞ ഞാൻ എന്റെ മുറുക്കാൻ ചെല്ലം തപ്പി. എന്റെ ചങ്ങല വലിഞ്ഞ് നന്ദ്യാർവട്ടങ്ങൾ പൂപൊഴിച്ചു .