കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം - ഒരു ഇന്ദു മേനോന്‍ മാജിക്കല്‍ ......
ഏതാണ്ട് ആര് ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി
ആഴ്ചപ്പതിപ്പില്‍ ഇന്ദു മേനോന്‍റെ പുതിയ നോവല്‍ ആരംഭിച്ചപ്പോള്‍ , വല്യ
പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് വായിച്ചു തുടങ്ങിയത്. പക്ഷെ ആദ്യത്തെ ലക്കം
വായിച്ചു തീര്‍ന്നപോള്‍ തോന്നി, ഒരു കുറിപ്പ് എഴുതണം – മലയാളത്തില്‍ ഇത്തരം ഒന്ന്
ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന് ..പിന്നെ
തീരുമാനിച്ചു കുറച്ചു കഴിഞ്ഞു ആവട്ടെ.കാരണം പല പുസ്തകങ്ങളും തുടക്കം വളരെ
നന്നാവുകയും പിന്നീടു ശരാശരിയോ അതിലും താഴേക്ക് പോവുകയോ ചെയുന്ന പതിവ് പുതു തലമുറ
എഴുതുക്കാരില്‍ പതിവാണ് എന്നതും , ഇന്ദു മേനോന്‍ തന്നെ പഴയ കാലങ്ങളില്‍ എഴുതി
വന്നിരുന്ന പതിവ് ആഖ്യാന രീതിയിലേക്ക് പോയാലോ എന്ന ചിന്തയും എന്നെ അതില്‍ നിന്നും
പിന്‍ തിരിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ അവസാനത്തെ അധ്യായം വായിച്ചപ്പോള്‍ തന്നെ ഒരു
കുറിപ്പ് എഴുതുന്ന കാര്യം വീണ്ടും മനസ്സില്‍ വന്നതിനാല്‍ , മലയാള സാഹിത്യ തല്പരര്‍ക്ക്
വേണ്ടി ഈ കുറിപ്പ് എഴുതുന്നു
ഇനി “കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം” എന്ന
നോവലിനെ കുറിച്ച് . ആമുഖം ആയി പറഞ്ഞ പോലെ ഇതു മലയാളത്തില്‍ പുതിയതാണ് ..അല്ലെങ്കില്‍
, എന്റെ മലയാള വായനയില്‍ ഇതു പുതിയതാണ്. എഴുത്ത് രീതികളുടെ അളവ് അടയാള സമവാക്യങ്ങള്‍
വച്ച് നോക്കുമ്പോള്‍ ഇതു ഒരു പക്ഷെ മാജിക്കല്‍ റിയലിസം ആയിരിക്കില്ല , കാരണം ഇതില്‍
റിയലിസം ഉണ്ടോ, അവര്‍ പറയുന്ന ഭൂമിക ഉള്ളതോ അതോ ഭാവനാ കല്പിതമോ, അതിലെ അന്തര്‍ധാര ചരിത്രോന്മുഖം
ആണോ എന്നും മറ്റുമുള്ള, പണ്ഡിത ജന്യമായ തര്‍ക്കങ്ങള്‍ പരിശോധിചു അക്കടെമിക്
ഡോക്ടര്‍മാര്‍ വിധി എഴുതട്ടെ..പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ , അടുത്ത ലക്കത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു
ഞാന്‍ വായിച്ച നോവലുകള്‍ ഇതിനു മുമ്പ് , എം.പി.
നാരായണ പിള്ളയുടെയും, മൂത്താരുടെയും (V.K.N) രചനകള്‍ മാത്രം. അലസമായൊരു താരതമ്യത്തില്‍, പരിണാമത്തില്‍
നാരായണ പിള്ള ഉപയോഗിച്ച രചന സങ്കേതങ്ങള്‍ ഇന്ദു ഈ നോവലില്‍ അവലംബിക്കുന്നുണ്ടോ
എന്നും തോന്നി പോകും. പക്ഷെ അത് ഈ കൃതിയോട് ചെയ്യുന്ന അനീതി എന്ന നിലയിലും, ആഴത്തിലുള്ള
വായനയ്ക്ക് ശേഷം മാത്രം എത്താവുന്ന നിലപാട് എന്ന നിലയിലും ഇപ്പോള്‍ തീരെ അപ്രസക്തം
മാത്രം.
രണ്ടു കാരണങ്ങള്‍ ആണ് ഈ കൃതിയെ പിന്തുടരാനും ഇഷ്ടപ്പെടാനും
എന്നെ പ്രേരിപ്പിച്ചത് . ഒന്ന് വളരെ സത്യസന്ധമായ കാഴ്ചപ്പാടുകള്‍ ..രണ്ടാമതായി
ആദ്യാവസാനം നിറഞ്ഞു തൂവുന്ന രൂപകങ്ങള്‍. സ്വപ്നാടനോന്‍മുഖമായ
ആഖ്യാനം. ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളും , സ്വപ്നത്തില്‍ നിന്നും വരുന്ന കാഴ്ചകളും..ജന്മാന്തരങ്ങളില്‍
കൂടി ഒഴുകി നിറയുന്ന പ്രണയം ..കാട്ടുതീ പോലെ പടരുന്ന കാമം പിന്നെ അനിവാര്യതയായി
നീറിപ്പടരുന്ന രതി ..ഒരു ശരാശരി മലയാളി വായനക്കാരന് ഒരു പക്ഷെ വേറിട്ട കാരണങ്ങള്‍കൊണ്ട്
അജീര്‍ണം വരാനുള്ള മരുന്നുകള്‍ എല്ലാം ഇന്ദു ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
രതിയെക്കുരിച്ചോ കാമത്തെക്കുറിച്ചോ തുറന്ന് എഴുതുന്നത് എല്ലാം അസന്മാര്‍ഗീകം
എന്ന് വിവക്ഷിക്കുകയും എന്നാല്‍ നാല്പതു പേര്‍ നടത്തുന്ന ചുംബന സമരം കാണാന്‍
നാലായിരം പേര്‍ കൂടുകയും ചെയ്യുന്ന മലയാളി സദാചാരം ഈ കൃതിയെ എങ്ങനെ കാണും എന്നത്
കൌതുകകരം തന്നെ ആയിരിക്കും.
സമൂഹത്തിലെ സദാചാര ചതുരക്കളങ്ങളില്‍
ഒതുക്കപ്പെട്ട ബന്ധങ്ങളെ സാഹചര്യങ്ങളുടെ അല്ലെങ്കില്‍ അവസര ക്രമീകരണങ്ങളിലൂടെ/ പുനക്രമീകരണങ്ങളിലൂടെ, വാസനയ്ക്ക്
വഴങ്ങാന്‍ ഉള്ള പഴുതുകളിലേയ്ക്ക് തുറന്ന് വിടുന്നു. ഇതിലൂടെ കുടുംബം എന്ന അടിസ്ഥാന
രാഷ്ട്രീയ യൂണിറ്റിനെ തന്നെ ഒരു പക്ഷെ ചോദ്യം ചെയ്യാന്‍ ഇന്ദു ശ്രമിക്കുന്നുണ്ടാകാം.
ഒരു ലെസ്ബിയന്‍ പശു, ഇന്ദു മേനോന്‍റെ കഥകള്‍, ചുംബന ശബ്ദതാരാവലി തുടങ്ങിയ നോവലിസ്റ്റിന്റെ മുന്‍കാല കൃതികളില്‍ പ്രകടമായി
നില്‍ക്കുന്ന സ്ത്രീപക്ഷ വാദങ്ങളാല്‍ രൂപപ്പെട്ട മുന്‍വിധിയികള്‍ ആയിരിക്കാം എന്നെ
ഇത്തരം ഒരു നിരീക്ഷണത്തില്‍ എത്തിച്ചത്. കാമത്തെ കുറിച്ചോ രതിയെക്കുറിച്ചോ ഇത്രയേറെ
വസനോന്മുഖമായി സംസാരിക്കുന്ന ഒരു കൃതി എന്തായാലും മലയാളത്തില്‍ ഇല്ല തന്നെ. മുമ്പേ
പോയവര്‍ കാര്യങ്ങള്‍ അറിയാത്തവരോ, പറയാന്‍ ശ്രമിക്കാത്തവരോ അല്ല. പദ്മരാജനും ,
മാധവിക്കുട്ടിയും ഈ വഴി നടന്നവര്‍ തന്നെ ആണ് . പക്ഷെ ഇത്രയും നിറഞ്ഞ, അല്ലെങ്കില്‍
തുറന്ന ഒരു പറച്ചില്‍ അവര്‍ തീര്‍ച്ചയായും
അവലംബിക്കുന്നില്ല. കുറച്ചുകൂടി ആര്‍ദ്രവും ദുര്‍ബോധമായ (subtle) വഴികള്‍ ആയിരുന്നു
അവര്‍ സ്വീകരിച്ചത്. കടല്‍ മയൂരവും , രതി നിര്‍വേദവും ചില ഉദാഹരങ്ങള്‍ മാത്രം.
ഈ ആഖ്യായികയില്‍ പ്രകടമായി ചില സ്ത്രീ വിമോചന രാഷ്ട്രീയ
സൂചനകള്‍ ഉണ്ട്. പുരുഷ മേധാവിത്ത്വം എങ്ങനെ കാര്യങ്ങളെ അവര്‍ക്ക് അനുകൂലമായി
മാറ്റുന്നു, എന്ന ഒരു അടിസ്ഥാന വീക്ഷണവും,
സ്ത്രീ പുരുഷ ബന്ധത്തിലെ അടിസ്ഥാന ഘടകം സ്നേഹിക്കുകയും
സ്നേഹിക്കപ്പെടുകയുമാണ് എന്നതും, പുരുഷന് സ്നേഹം എന്നാല്‍ കാമം ആണെന്നും മറിച്ച്
സ്ത്രീക്ക് അത് കൃമേണ രതിയിലേക്ക് വളരുന്ന പ്രണയം ആണെന്നും ഉള്ള ഒരു അന്തര്‍ധാര
നോവലില്‍ ഉടനീളം പുലര്‍ത്തിക്കാണുന്നു.
ഉദാഹരണത്തിന്, പീടോഫെലിയ (pedophilia), ഇന്ദുവിന്റെ നോവലില്‍ രണ്ടു സാഹചര്യങ്ങളില്‍ ഇതു കടന്നു വരുന്നു. ഒന്ന് പ്രണയത്തില്‍
നിന്നും (പൂര്‍ണമായും പ്രണയമല്ലെങ്കില്‍
കൂടി infatuation ല്‍ നിന്നും ) രതിയിലക്ക്
സഞ്ചരിക്കുമ്പോള്‍ , മറ്റൊന്ന് പുരുഷ മേധാവിത്വ മനസ്ഥിതിയില്‍ നിന്നും കാമപൂരണത്തില്‍
അവസാനിക്കുന്നു. തുറന്നു പറയുന്ന സ്ത്രീ സ്വവര്ഗാനുരാഗവും, അടക്കി പറയുന്ന പുരുഷ സ്വവര്ഗാനുരാഗവും...പ്രകൃതി
വിരുദ്ധം എന്ന് വിളിക്കാവുന്ന ബന്ധവര്‍ണനകളും, Demonization എന്ന രചനാ സങ്കേതത്തെ രതിവര്‍ണനയില്‍
ആവാഹിച്ച പാത്ര സൃഷ്ടികളും , മസോകിസവും
എല്ലാം ചേര്‍ന്ന് മലയാള സമൂഹത്തിലും, സാഹിത്യത്തില്‍ പ്രതെയ്കിച്ചും ചര്‍ച്ച ചെയ്യാത്ത
ചില മേഖലകള്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, നോവലിസ്റ്റ് പൊതുവില്‍ സ്ത്രീയെ ഒരു ഇര
എന്ന നിലയില്‍ മാത്രം – ചില അവസരങ്ങളില്‍ പൊരുതാനുറച്ചാലും അവസാനം ഇരയായി ഒടുങ്ങാന്‍
- പാത്രീകരിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇതാണ്, ഇത്രയേറെ
തുറന്ന് എഴുതാനുറച്ച ഇന്ദു എന്തു കൊണ്ട് ഒരു സ്ത്രീ കഥാപാത്രത്തെപ്പോലും
പുരുഷാധിപത്യത്തിനു നേരെ വിജയിക്കാന്‍ വിടുന്നില്ല ? ഏതൊരു സമൂഹത്തിലും എന്ന പോലെ
ഇവയൊക്കെ മലയാളി സമൂഹത്തിലും നില നില്‍ക്കുന്നു കാര്യങ്ങള്‍ തന്നെ ആണ് . പക്ഷെ നമ്മുടെ
കപട സദാചാര സാമൂഹിക നിലപാടുകള്‍ ഇതിനെ പ്രത്യക്ഷത്തില്‍
കൊല്ലാനും തല്ലാനും യാറെടുത്തു നില്‍ക്കുകയും, സ്വകാര്യത്തില്‍ അനുഭവേദ്യമാക്കാന്‍
ശ്രമിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ഇതില്‍ ആണ് പെണ് ഭേദം ഉണ്ടാവാരുമില്ല –
പക്ഷെ അടുത്ത് നിന്ന് നോക്കുമ്പോള്‍ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ , പുരുഷന്‍
നിര്‍മിക്കുന്ന ച്ഛായാ /പ്രതിച്ഛായാ ദന്ദ്വത്തിന്റെ ഇരകള്‍ ആയി മാത്രം ആണ് ഏതു
സ്ത്രീയും പുരുഷന്‍റെ ഇഷ്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന “നല്ല സ്ത്രീ” അല്ലങ്കില്‍ “കുല
സ്ത്രീ” സങ്കല്പത്തെ പ്രകീര്‍ത്തിക്കുന്നത്. മേല്‍ പ്രസ്താവിച്ച വസ്തുതകളെ കണ്ടില്ലെന്നു
നടിക്കുക മാത്രമല്ല, അതിനെ കുറിച്ച് സംസാരിക്കുന്ന വ്യക്തിയെ അല്ലെങ്കില്‍ കൃതിയെ മറ്റൊരു
കുപ്പായം ധരിപ്പിചു പാര്‍ശ്വവല്ക്കരിക്കാന്‍ സാദാ സമൂഹ മധ്യത്തില്‍ ഊറ്റം കൊല്ലുകയും ചെയ്യുന്നു
ഒരു ശരാശരി മലയാളി മനസ്. ഒരു പക്ഷെ ഒരു ഓര്മപ്പെടുത്തല്‍ മാത്രം ആവാം നോവലിസ്റ്റും
മനസ്സില്‍ കണ്ടിട്ടുള്ളത്, അതിനപ്പുറത്തെക്ക് വളര്‍ന്നാല്‍ മലയാളി ആസ്വാദകന്‍
വാളെടുക്കാം എന്ന തിരിച്ചറിവാകം അവരെ അതില്‍ നിന്നും തടഞ്ഞത്.
ഇതൊക്കെ ഉണ്ട് ..നാം ഇതിനും മുകളില്‍ അല്ല,
അടക്കി വച്ച കാര്യങ്ങള്‍ നമ്മെ എങ്ങോട്ട് നയിക്കുന്നു , അടങ്ങാത്തതിനെ അടക്കിയാല്‍
അങ്ങിങ്ങു മുഴയ്ക്കും ..ഈ മട്ടില്‍ നമ്മുടെ മുമ്പില്‍ പറഞ്ഞു വെച്ച ഒരു രാഷ്ട്രീയം, കുറുച്ചു കൂടി കൃത്യമായി പറഞ്ഞാല്‍
ഒരു micro politics, ഉള്ളപ്പോള്‍ തന്നെ ഇതിന്റെ പ്ലോട്ട് എന്നെ അമ്പരപ്പിച്ചു
കളഞ്ഞു. കടലും കടലിന്‍റെ കഥകളും നമ്മെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. പക്ഷെ ജീവനുള്ള
കപ്പലും, കപ്പലിന്റെ മരണവും, സ്വര്‍ണ മണല്‍ നിധിയും, ക്വാറ്റാകൂം എന്ന
സിമിത്തേരിയും, കപ്പലുകളുടെ സ്മശാനവും, എനിക്ക് മറ്റേതോ ഭാഷയില്‍ ഉള്ള നോവല്‍
വായിക്കുന്ന തോന്നല്‍ ഉളവാക്കി. അല്പം കൂടി കടന്നു പറഞ്ഞാല്‍ മാരിക്കോ എന്ന മൃതരുടെ
ദ്വീപും അതിലെ പാത്രങ്ങളും എവിടെയോ എന്നെ മക്കെണ്ടോ ഓര്‍മപ്പെടുത്തി. മഞ്ഞ മേഖം
പോലെ ചിത്ര ശലഭങ്ങള്‍ പറന്നിറങ്ങിയ മക്കെണ്ടോയും, മഞ്ഞ മരക്കുടിലിലിരുന്നു കൃഷ്ണചന്ദ്രന്‍
കണ്ട മാരിക്കോ കാഴ്ചകള്‍ക്കും എന്നില്‍ സൃഷിക്കാന്‍ കഴിഞ്ഞ ജാലവിദ്യ ഒന്ന് തന്നെ.
മാര്‍ക്കെസിനെ ഇന്ദു പകര്‍ത്തി എന്നോ , അനുകരിചെന്നോ അല്ല ഇതു കൊണ്ട് അര്‍ഥം
ആക്കുന്നത്. പ്രണയവും മരണവും കടലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു നാടോടിക്കഥ പോലെ
എന്നിലെക്കിറങ്ങിയ രൂപകങ്ങള്‍, എടുത്തു പറയാത്തത് ഏത് തിരഞ്ഞെടുക്കും എന്ന
സന്ദേഹത്താല്‍ മാത്രം...പൊള്ളുന്ന ഭാഷ തികച്ചും ഒരു പുതിയ അനുഭവം . തീര്‍ച്ചയായും വീണ്ടും
വായിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റില്‍ എഴുതി ചേര്‍ക്കേണ്ടുന്ന ഒന്ന് ...
No comments:
Post a Comment