മനോരമ വാര്‍ഷികപ്പതിപ്പില്‍ എന്‍ .എസ് .മാധവന്‍റെ പട്ടാള വിപ്ലവം എന്ന കഥ വായിച്ചു. മടുപ്പിന്‍റെ വിപ്ലവം എന്നും ജീവിത നിരാസത്തിന്റെ വിപ്ലവം എന്നും , എന്‍ .എസ് .മാധവന്‍ തന്നെ പറയുന്ന കഥ. സാധാരണ എന്‍.എസ് കഥകളില്‍ കാണുന്ന, അടരുകള്‍ പോലുള്ള മാനങ്ങള്‍, ക്രാഫ്റ്റിലെ കൈയടക്കത്തിലൂടെ തെളിഞ്ഞു തെളിഞ്ഞു വരുന്ന അര്‍ദ്ധ വിന്യാസങ്ങളുടെ ഭ്രമണപധങ്ങള്‍ കാണുവാന്‍ കഴിഞ്ഞില്ല എന്നത് ഒരു പരിധി വരെ നിരാശപ്പെടുത്തി.
പക്ഷെ ജീവിതത്തെ സംബന്ധിച്ച ഒരു പുതിയ കാഴ്ചപ്പാട് അല്ലെങ്കില്‍ ഒരു പുതിയ പ്രശ്നത്തിനെ ലളിതമായി വിവക്ഷിക്കാന്‍ എന്‍.എസിന് കഴിഞ്ഞിരിക്കുന്നു . ജീവിതത്തിന്റെ ചാക്രികത വളരെയധികം കേട്ടറിഞ്ഞ/വായിച്ച വിഷയം ആണ്. രേഖീയമായ ജീവിതം എന്നത് നമ്മള്‍ അറിയുന്ന നിത്യജീവിത പ്രശ്നം ആണെങ്കിലും രേഖീയ ജീവിത ക്രമം , ചാക്രീക ജീവിതക്രമം എന്നിവയ്ക്കിടയിലുള്ള സാമൂഹികമായ വ്യത്യസ്തത നമ്മള്‍ പലപ്പോഴും തിരിച്ചറിഞ്ഞു എന്ന് തോന്നുന്നില്ല; നമ്മള്‍ ഇതിന്‍റെ രണ്ടിന്‍റെയും ഭാഗമാണെങ്കില്‍ കൂടി.
ചാക്രികമായ ജീവിതക്രമം പലപ്പോഴും നമ്മളെ സമാനമായ് സാമൂഹിക സാഹചര്യങ്ങളില്‍ കൂടി തുടരെ തുടരെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. പലപ്പോഴും സമാനമായ് സാഹചര്യങ്ങളില്‍ എത്തിച്ചേരുന്ന ഇടവേളകള്‍ക്കിടയിലെ ദൂരം വലുതും, ഈ ദൂരത്തിനിടയില്‍ ഉള്ള സാമൂഹികമായ് ഇടപഴകലുകള്‍/ഇടപെടലുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചാക്രികത ഒരു വലിയ അര്‍ഥത്തില്‍ സമൂഹത്തില്‍ നിലനിന്നു പോരുകയും, അതില്‍ നമ്മള്‍ വലിയ അസ്വാഭാവികത കാണാതെ ജീവിച്ചു പോരുകയും, ഇടയില്‍ ഉണ്ടാവുന്ന തുടര്‍ച്ചയായ സമാന സാഹചര്യ നേരിടലുകളെ , വിധി എന്നോ അസ്വാഭാവികം എന്നോ വിളിച്ചു അതുമായി സമരസപ്പെടാന്‍ സമൂഹ മനസിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പൊതുവില്‍ പ്രശ്നം വൈയക്തികമായി അവശേഷിക്കുന്നു എന്നുള്ളത് കൊണ്ട് സാമൂഹികമായ മാനം പലപ്പഴും അതിനു കൈവരുന്നില്ല.
ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് രേഖീയമായ ജീവിതക്രമം. തുടങ്ങിയ ബിന്ദുവില്‍ മുറതെറ്റാതെ തിരികെ എത്തുന്ന ദൈനംദിന ജീവിതത്തിന്‍റെ അചിലിട്ട കണിശതയും കണക്കിന്റെ കൃത്യതയും, കൃത്യമായ കളങ്ങളില്‍ നിര്‍വചിക്കപെട്ട സാമൂഹിക ബന്ധങ്ങള്‍, തികച്ചും സാമൂഹികമല്ലാത്ത ബന്ധങ്ങള്‍ (virtual/fake), സാമൂഹിക ജീവിത്തില്‍ നിന്നും മനുഷ്യനെ അകറ്റി അവന്‍റെ വൈയക്തികമായ ഇടങ്ങളില്‍ (personal space) ഒതുക്കി നിര്‍ത്തുന്ന പുത്തന്‍ സാങ്കേതിക വിദ്യകള്‍, അല്ലെങ്കില്‍ വ്യക്തി ജീവിതത്തിലെ അവയുടെ ഇടപെടലുകള്‍, ഇവയെല്ലാംകൂടി ഉണ്ടാക്കി കൊടുത്ത യാന്ത്രികമായ ചുറ്റുപാടുകള്‍ വ്യക്തി ജീവിതത്തില്‍ സ്ഥായിയായി ഒരു സമാന ഭാവം സൃഷ്ടിക്കുന്നു. ഇത്, ഇനി എങ്ങോട്ട് ചുരുങ്ങണം എന്നറിയാത്ത ഒരു ദിശാസന്ധിയില്‍ മനുഷ്യ രാശിയെ എത്തിച്ചിരിക്കുന്നു. ഈ അവസ്ഥയെ ആണ് അല്‍ബേര്‍ കമുവിന്‍റെ “സിസിഫസിന്റെ ഐതിഹ്യം” കൂട്ട് പിടിച്ച് എന്‍.എസ് വരച്ചിടുന്നത്. ഇനി മുന്നോട്ടുള്ളത് രണ്ടു മാര്‍ഗങ്ങള്‍ ആണ്. രണ്ടും ഉന്മൂലനം, ആദ്യത്തേത് സ്വയം ഉന്മൂലനം എങ്കില്‍ രണ്ടാമത്തേത് സാമൂഹിക ക്രമത്തിന്‍റെ ഉന്മൂലനം – കുറേക്കൂടി കൃത്യമായി - രേഖീയമായ ജീവിത ക്രമത്തിലേക്ക് നയിച്ച സാമൂഹികമായ അവസ്ഥയുടെ ഉന്മൂലനം . ഇതാണ് പട്ടാള വിപ്ലവം പ്രതിനിധാനം ചെയുന്നത്.
No comments:
Post a Comment