.എഫ്.മാത്യൂസിന്‍റെ “തീരജീവിതത്തിന് ഒരു ഒപ്പീസ്” വായിച്ചു
ചരിത്രവും മാജിക്കല്‍ റിയലിസവും കൂടിക്കലരാതെ ഒരാള്‍ക്കും കൊച്ചിയെ പറ്റി എഴുതാന്‍ ആവില്ല. കാരണം ഇവ രണ്ടും വേണ്ടതിനും എത്രയോ മടങ്ങ് കൂടുതലായി കൊച്ചിയുടെ തീരങ്ങളില്‍ ലഭ്യം.
കാപ്പിരി മുത്തപ്പന്‍, വല്ലാര്‍പാടത്തമ്മ, “കാറല്‍സ്മാന്‍ ചരിതം” ചവിട്ടു നാടകം, ചിന്ന തമ്പി അണ്ണാവി, കൂനന്‍ കുരിശ്, തിളങ്ങുന്ന ഗന്ധകവുമായി പാതി ഉറക്കത്തില്‍ നീങ്ങുന്ന ബാര്‍ജ്ജുകള്‍, രാത്രി വിളക്കുകള്‍ അണച്ച് രണ്ട് മാനങ്ങളിലേക്ക് ചുരുങ്ങുന്ന കപ്പലുകള്‍, കാവായയും തേവര കൈലിയും ഇട്ടു കച്ചവട്ത്തിനിറങ്ങിയ ചൂച്ചിമാര്‍, പത്തുമുറിയിലെ തോട്ടികള്‍, സര്‍ റോബര്‍ട്ട് ബ്രിസ്ടോ എന്ന പരദേശി പരശുരാമന്‍ , ലേഡി വെല്ലിംഗ്ടന്‍ എന്ന മണ്ണ് മാന്തികപ്പലിന്റെ തൊട്ടികള്‍ കായലിന്റെ അടിത്തട്ടില്‍ നിന്നും കോരി എടുത്ത അത്ഭുതം -വെല്ലിംഗ്ടന്‍ ഐലണ്ട്, മെഹബൂബിന്റെ കള്ള് മണക്കുന്ന പാട്ടുകള്‍, ജൂതപ്പള്ളി, കപ്പിത്താന്റെ പള്ളി, സേലം കോച്ച എന്ന ജൂത ഗാന്ധി, മുട്ട വില്ക്കുന്ന കറുത്ത ജൂതര്‍, ചാള പറങ്കികള്‍, തുരുത്തുകള്‍ പരന്നു കിടന്ന കായല്‍... അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്.
മൂന്നു വിദേശ അധിനിവേശങ്ങളും അവയുടെ അവശേഷിപ്പുകളും , ജൂതരും പാര്‍സികളും അടക്കം തികച്ചും വ്യത്യസ്തമായ വിദേശ സംസ്കാര പ്രാതിനിധ്യം, രാജാവും രാജഭരണവും അടങ്ങിയ നാട്ടുരാജ്യ മുഖം , തദ്ദേശീയമായ തീരദേശ ജീവിത പരിസരങ്ങള്‍ ഇങ്ങനെ ബഹുമുഖമാര്‍ന്ന ഒരു സംസ്കാര പരിസരം കൊച്ചിക്കുണ്ട്. ഒരു കൊച്ചു ഭൂപ്രദേശത്തിനു എങ്ങനെ ഇത്രത്തോളം വിസ്ത്രിതമായ ഒരു സംസ്കാര പാരമ്പര്യം ഉള്ളില്‍ ഒളിക്കാന്‍ പറ്റും എന്നത് ഒരു അത്ഭുതം ആണ്. ഒരുപാട് വിദേശ അധിനിവേശങ്ങളെ പെരേണ്ടി വന്ന ദില്ലിയോടോ അല്ലെങ്കില്‍ പുരാതന കോണ്‍സ്ടാന്റിനോപ്പിലിനോടോ ആണ് കൊച്ചിയെ ഉപമിക്കാനാവുക. ഇതുകൊണ്ട് തന്നെ കൊച്ചിയുടെ സംസ്കാരത്തിനെ ഏതെങ്കിലും തരത്തില്‍ വിവരിക്കുന്ന കൃതികള്‍ വളരേയധികം ആകര്‍ഷകങ്ങള്‍ ആവാറുമുണ്ട്.
ഈ നഗരത്തില്‍ ജീവിക്കുവാന്‍ എത്തുന്നതിനും ഒരു പതിറ്റാന്ടിനും മുമ്പ് , ഒരു കുടിയേറ്റ മലയോര കര്‍ഷക ഗ്രാമത്തില്‍ ഇരുന്നു വായിച്ച ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍ ഇന്നും എന്‍റെ കൊച്ചി സങ്കല്‍പത്തിന്‍റെ അലകും പിടിയുമായി നില്‍ക്കുന്നു. മുളവുകാട്, വ്യ്പിന്‍, പോഞ്ഞിക്കര തുരുത്തുകള്‍ കൂട്ടി ചേര്‍ത്ത് മാധവന്‍ സ്വപ്നത്തില്‍ പണിത ലന്തന്‍ബത്തേരി, ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും വ്യ്പിനിലും വല്ലാര്‍പാടത്തും ഞാന്‍ ഇപ്പോഴും തിരയുന്നു.. ലന്തന്‍ബത്തേരി എന്ന ഒറ്റ കൃതിയിലൂടെ എന്‍.എസ്.മാധവന്‍ വരച്ചിട്ട തീരദേശ കൊച്ചി, പിന്നീട് വിക്ടര്‍ ലീനസിന്റെയും, ജോര്‍ജ് ജോസഫ് കെ യുടെയും, ജെകോബിയുടെയും, പി.എഫ്.മാത്യൂസിന്റെയും, പോഞ്ഞിക്കര റാഫിയുടെയും കഥകളില്‍ കൂടി അറിഞ്ഞ കൊച്ചി, ഇപ്പോഴും അറിയാന്‍ ഒരു പാട് ബാക്കിയുള്ള ആ കൊച്ചിയുടെ തീരദേശ ജീവിതത്തിന്റെ ഒരു നേരിയ അടര് ആണ് “തീരജീവിതത്തിന് ഒരു ഒപ്പീസ്” എന്ന പുതിയ പുസ്തകത്തില്‍ കൂടി പി.എഫ്.മാത്യൂസ് കുറിച്ചിടുന്നത്. ഇതു കൊച്ചിയുടെ ചരിത്രം അല്ല, എന്നാല്‍ ഒരു അന്വേഷി എപ്പോളും തേടുന്ന ചരിത്ര ബോധം വേണ്ടുവോളം ഉള്ള ഒരു കൃതി. ജൂത തെരുവില്‍ ജൂതന്മാര്‍ ഇല്ലെന്നും പകരം കാശ്മീരികള്‍ ആണെന്നും, ചൂച്ചിമാര്‍ ഇനി ഒരിക്കലും കച്ചവടത്തിനിറങ്ങില്ലെന്നും പകരം റിലയന്‍സും ലുലുവും ഒരു പക്ഷെ വാള്‍മാര്‍ട്ടും ആണെന്നും, ബോള്‍ഗാട്ടിയും വയ്പിനും ഇനി തുരുത്തുകള്‍ അല്ലെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന കൃതി.
“ഒരു കാലത്ത് തൃക്കാക്കര മുതല്‍ കൊച്ചി തുറമുഖം വരെയുള്ള വഴി,
ഒരു നേര്‍ രേഖ പോലെ വിശ്വാസം നിറഞ്ഞതായിരുന്നു,
ഒരു പഴഞ്ചൊല്ല് പോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നു
..............................................
ഒഴികഴിവുകളുടെ പച്ച വിറകിന്മേല്‍, നമ്മുടെ ജന്മ ദീര്‍ഖമായ ശവദാഹം
സാവധാനം പുകയുടെ തുമ്പിക്കൈ ചുറ്റി പടരുന്നു
എണീക്കാന്‍ ധൃതിപ്പെടെണ്ട, സമയം ഉണ്ടല്ലോ വേണ്ടുവോളം”
____ കൊച്ചിയിലെ വൃക്ഷങ്ങള്‍ (കെ.ജി.ശങ്കരപ്പിള്ള)
കെ.ജി.എസ്സിന്‍റെ വീക്ഷണപരമായ ഉല്ഘണ്ടകള്‍ ശരി എന്ന് തെളിയിക്കുന്ന നേര്‍ കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുന്നു ഈ പുസ്തകം. ഇതു കൊച്ചിയുടെ തനത് സംസ്കാരത്തിന്റെ ഒപ്പീസ് ചൊല്ലുന്നു.
No comments:
Post a Comment