ചുവന്ന പൂക്കളുള്ള മഞ്ഞ പാവാടയും ബ്ലൗസും ധരിച്ച , എണ്ണമയമില്ലാത്ത മുടിയിഴകൾ ചെമ്പൻനിറത്തിൽ പാറി നിന്നിരുന്നു ഒരു പെൺകുട്ടി ...സാധാരണത്വം നിഴലിക്കുന്ന ഒരു ചുറ്റുവട്ടകാഴ്‌ചപോലെ അവസാനിക്കേണ്ടിയിരുന്നതിനെ അസാധാരണമാക്കിത്തീർത്തത് ചുറ്റും നിറഞ്ഞു വിരിഞ്ഞു നിന്ന പ്രകൃതിയായിരുന്നു. അവളുടെ ചുറ്റിലും വയലറ്റ് പൂക്കൾ വിരിഞ്ഞു നിന്നിരുന്നു, താഴ്‌വരയിൽ ആകമാനം പൂത്തിറങ്ങിയ കാപ്പിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. വെട്ടുവഴി അവസാനിക്കുന്നേടത്തു നിന്നും പ്രധാന നിരത്തിലേക്ക് കയറുമ്പോൾ ആണ് രണ്ടു കാഴ്ചകൾ പരസ്പരം നേർക്ക് നേരെ വന്നത്. പൂപ്പരത്തിക്കുമേൽ പടർന്നുകിടന്ന വള്ളികളിൽ നിറയെ വയലറ്റ് നിറത്തിൽ കോളാമ്പി പൂവുകൾ തിങ്ങി വിടർന്നു നിന്നു . പെയ്തൊഴിഞ്ഞ മഴയിൽ അവയുടെ ഇതളുകളിൽ വെള്ളത്തുള്ളികൾ അടരാൻ ഒരുങ്ങി . നിറയെ തളിർത്ത ചെമ്പരത്തിയുടെ ഇലയുടെ അരികുകളിൽ ഓടിയ ചുവപ്പു രാശി, അന്തരീക്ഷത്തിനു ഒരു മാന്ത്രിക ഭാവം നൽകി. മിഥുനത്തിന്റെ ആകാശത്തിൽ പടിഞ്ഞാറേ ചരുവിൽ കോട്ട പോലെ കാർമേഘം കനത്തുനിന്നു , വിളറിയ വെളിച്ചത്തിന്റെ ദ്വീപുകൾ പോലെ അങ്ങിങ്ങു മേഘം ഒഴിഞ്ഞ തുരുത്തുകളിൽ വെളിച്ചം പകർന്ന് കിഴക്കേ ആകാശം വേറിട്ടു . വെട്ടു വഴിയിൽ താഴേക്ക് ഒതുക്കുകൾ ഇറങ്ങാൻ അവനും , മുകളിലേയ്ക്കു കയറാൻ അവളും മുഖാമുഖം നിന്നു. നിമിഷത്തിന്റെ ഒരു തുണ്ടിൽ അവന്റെ കണ്ണുകളിൽ ഊറിയ പുഞ്ചിരിയുടെ ഭാവം , അവളുടെ കണ്ണുകളിൽ സങ്കോചമായി, അവൾ കണ്ണുകൾ നിലത്തേക്ക് പതിപ്പിച്ചുകൊണ്ടു പുറകോട്ടു മാറി, അവനും ഒരു ചുവടു പുറകോട്ടു മാറി. രണ്ടു പേരും പരസ്പരം കടന്നുപോകാൻ പാകത്തിന് വഴി ഒരുക്കിയെങ്കിലും രണ്ടാളും നിന്നേടത്തു തന്നെ നിന്നു. നിമിഷാർദ്ധത്തിലേക്കു ഉയർത്തിയ കണ്ണുകളിലേയ്ക്ക് നോക്കി കടന്നു പൊയ്ക്കൊള്ളാൻ അവൻ മുഖം കൊണ്ട് ആംഗ്യം കാട്ടി. പുഞ്ചിരിയോളമെത്തുന്ന താഴ്ന്ന തലയാട്ടലിൽ , അവൾ അവനെ കടന്നു പോയി. അവനെ കടന്നു പോയ കണ്ണുകളിലെ തെളിച്ചം അവനെ അമ്പരപ്പിക്കാതിരുന്നില്ല. അവൾ നടന്നെത്തിയ വഴിയിൽ , അവളുടെ കണ്ണുകളിൽ നിന്നും ചൊരിഞ്ഞത് പോലെ ഒരു മഞ്ഞ വെട്ടം അവനെ തലോടി . ആ വെട്ടത്തിൽ അവൻ പടിക്കെട്ടുകൾ ഇറങ്ങി. നിറഞ്ഞു നിന്ന കാപ്പി പൂവുകളുടെ കടുത്ത ഗന്ധത്തിനു മുകളിൽ അവനെ, മറ്റൊരു ഗന്ധം കീഴടക്കി .ആളുന്ന തീ പോലെ , ആർത്തലച്ചുപെയ്തൊഴിഞ്ഞ മഴയ്ക്ക് പോലും കീഴടങ്ങാതെ നിന്ന, കാപ്പി പൂത്ത ഗന്ധത്തിനു മുകളിൽ ഇത്ര സൗമ്യമായ ഗന്ധം എങ്ങനെ ഉയരുന്നു എന്ന് ഒരു വേള അവൻ അത്ഭുതപ്പെട്ടു. മറ്റൊരു ഗന്ധവും അന്നോളം തന്നെ ഇത്ര കൊതിപ്പിച്ചിട്ടില്ല എന്നും അവൻ തിരിച്ചിറിഞ്ഞു. അത് ദൂരെ മലമുകളിൽ, യൂക്കാലിമരങ്ങളുടെ ഇടയിലൂടെ കടന്നു വന്ന കാറ്റിന്റെ ഗന്ധമോ, അതുമല്ലെങ്കിൽ മാരിയമ്മൻ കോവിലിലെ കർപ്പൂരത്തിന്റെ ചൂടുള്ള തണുത്ത ഗന്ധമോ അല്ലെ അതെന്നു അവന് ഉറപ്പായിരുന്നു. പടികളിൽ നീളെ ,അവൻ തൊട്ട മഞ്ഞവെട്ടത്തിന്റെ മാസ്മരിക ഗന്ധം ... ചുറ്റും മഞ്ഞു പെയ്യുന്നു . ഇളം മഞ്ഞ നിറത്തിൽ മൂടിയ മഞ്ഞിൽ അവനു ചുറ്റും ചെറിയ ചുവപ്പു പൂക്കൾ വീണു കിടന്നു. അന്നോളം കണ്ടിട്ടില്ലാത്ത ചെറിയ പൂക്കൾ ..പടിക്കെട്ടുകൾക്കു താഴെ നിന്നും തിരിഞ്ഞു നോക്കി ..മേലേക്ക് ഉയർന്നു പോവുന്ന പടവുകളിൽ നിറയെ അതെ പൂക്കൾ.. അങ്ങ് മുകളിൽ സങ്കോചം കലർന്ന രണ്ടു കണ്ണുകൾ ഒരു നിമിഷം മിന്നായം പോലെ അടർന്നു മാറി.... അവനു കുളിർത്തു.
Monday, July 14, 2025
പേരക്കയുടെ മണം (പൈങ്കിളി)
പുതിയ സ്കൂൾവർഷത്തിൽ, ആദ്യമായി ഒറ്റമുണ്ടുടുത്തു സ്കൂൾ വരാന്ദയിൽ നിന്നപ്പോഴാണ് അതേ മഞ്ഞപ്പവടക്കാരിയെ പിന്നീട് കണ്ടത്. നീലയും വെള്ളയും യൂണിഫോം കുട്ടികൾക്കിടയിൽ എന്തേ മഞ്ഞപ്പാവാട എന്ന് ശങ്കിക്കുന്നതിനു മുൻപ് അവന്റെ കാലടിയ്ക്ക് ചുറ്റും ചുവന്ന ചെറിയ പൂക്കൾ കണ്ടു. അവന്റെ കൺവെട്ടത്തിൽ നീലയും വെള്ളയും യൂണിഫോം ധരിച്ച കുട്ടികൾ മാജിക്കിലെന്ന പോലെ മാഞ്ഞു പോയി. സ്കൂളും, കുട്ടികളും എല്ലാം എവിടെയോ മറഞ്ഞു പോയപോലെ .. മഞ്ഞ നിറത്തിൽ മുട്ടോളമെത്തുന്ന പുള്ളിപ്പാവാടക്കാരി പെൺകുട്ടി വരാന്തയുടെ അങ്ങേ തലക്കൽ വിടർന്നു ചിരിച്ചു. താഴ്വാരത്തിലെ തണുത്ത കാറ്റ് അവർക്കിടയിൽ അറിയാത്ത, ഗന്ധത്തിന്റെ മായാജാലമായി. അടിവയറ്റിൽ മഞ്ഞുവീണപോലെ അവൻ ചുറഞ്ഞു. ദൂരെ വയലറ്റ് പൂക്കൾ നിറഞ്ഞ മലഞ്ചെരിവുകളിൽ പൈക്കൾ മേഞ്ഞു നടന്നു. അവയുടെ കഴുത്തിലെ മണി ഇടയ്ക്കിടെ കിലുങ്ങി. അത് മെല്ലെ സ്കൂൾ ബെല്ലിന്റെ ശബ്ദമായി. പുതിതായി ചേർന്ന കുട്ടികൾ , ഒരാഴ്ചയിൽ യൂണിഫോം ധരിക്കണം എന്ന നോട്ടീസ് കണക്കിന്റെ ക്ലാസ്സിൽ വാരിയർ സാർ ഉറക്കെ വായിച്ചു. രണ്ടു കുട്ടികൾ തലകുലുക്കി . അവർ പുതിയ അഡ്മിഷൻ ആയിരുന്നു . അവരുടെ കളർ വസ്ത്രങ്ങൾ അവൻ അതുവരെ എന്തെ കണ്ടില്ല എന്ന് ആലോചിക്കുന്നതിനിടയിൽ, അപ്പുറത്തെ ക്ലാസ്സിൽ അതെ നോട്ടീസ് വായിക്കുന്നത് കേട്ടു. തുടർന്ന് , ടീച്ചർ പുതുതായി വന്ന കുട്ടികളെ പരിചയപ്പെടുത്തി തുടങ്ങി. ലക്ഷ്മി എന്ന പേരിനൊപ്പം ഒരു മഞ്ഞ വെട്ടം തിളങ്ങി ഉയരുന്നത് ക്‌ളാസ് മുറികളെ വേർതിരിച്ചിരുന്ന രണ്ടു സ്‌ക്രീനുകൾക്കിടയിലൂടെ അവന്റെ കണ്ണുകളിൽ പതിഞ്ഞിറങ്ങി. അതെ ഗന്ധം , അതെ മഞ്ഞ് , അവന് ഇക്കുറി വിയർത്തു. ദിവസത്തിന്റെ അവസാനം നാല് മണിയ്ക്കുള്ള ബെല്ല് അടിക്കാൻ അക്ഷമരായിരുന്നു കുട്ടികൾ. ഒടുവിൽ ബെല്ലിന്റെ ശബ്ദത്തിനൊപ്പം ആരവത്തോടെ കുട്ടികൾ കൂട്ടമായ് പുറത്തേക്കൊഴുകി. ഏതോ മന്ത്രത്താൽ തളക്കപ്പെട്ടവനെപ്പോലെ, അവൻ മഞ്ഞവെട്ടം തേടി. മൈതാനത്തിനപ്പുറം താഴ്‌വരയിൽ പറന്നകലുന്ന നേർത്ത മഞ്ഞിൻതുണ്ടുകൾക്കിടയിൽ , ഇടവഴിയിലേക്ക് ഒഴുകി മറയുന്ന വെളിച്ചത്തിന്റെ ഒരു കീറ് കാണുവോളം , അവന്റെ കണ്ണുകൾ പരിസരം മറന്നു..താഴ്‌വരയിലേയ്ക്ക് നീളുന്ന ഇടവഴിയിലെ പടവുകൾമനസ്സിൽ തെളിഞ്ഞു..പടവുകൾ തീരുന്നേടത്തു തോട് . ഒറ്റത്തടിപാലം . അതിനുമപ്പുറം കയറ്റം തുടങ്ങുകയായി .. ഇടതൂർന്നു നിക്കുന്ന ഓറഞ്ച് മരങ്ങളുടെ കൂട്ടം. പകലത്തെ മഴയിൽ പഴുത്തതും പഴുക്കാത്തതുമായ ഓറഞ്ചുകൾ പൊഴിഞ്ഞു വീണു കിടക്കുന്നുണ്ടാവും. അതിനുമപ്പുറം കാട്ടുപൊന്തകൾ നിറഞ്ഞു നിക്കുന്ന പുൽക്കാടായി. ആളു നിന്നാൽ കാണാൻ വയ്യാത്ത പൊക്കത്തിൽ മേച്ചിൽ പുൽ നിറഞ്ഞ പുൽപ്പടർപ്പുകൾ. ഇടയ്ക്കിടെ അവിടിവിടെ ഒറ്റപ്പെട്ട ഓറഞ്ച് മരങ്ങൾ, പേരകൾ. കാറ്റിൽ ആളിനെ പേടിപ്പിക്കുന്ന ശബ്ദത്തിൽ ചൂളം വിളിക്കുന്ന നീർവേങ്ങകൾ.. മുകളിൽ നിന്നും ഒഴുകിവരുന്ന വെള്ളം നടവഴിയെ തോടാക്കി മാറ്റും . അവിടിവിടെ കമ്പുകളും ചവറുകളും കൂടി വെള്ളം കെട്ടിക്കിടപ്പുണ്ടാവും , എങ്ങു നിന്നെന്നില്ലാതെ എത്തുന്ന വാല് മാക്രികൾ അതിൽ പുളയ്ക്കും. മെല്ലെ മുകളിലേയ്ക്കു നടന്നാൽ പിന്നെ തേയിലതോട്ടമായി .. ലോക്ക്ഔട്ട് ചെയ്ത തോട്ടം . കൊളുന്തു നുള്ളാൻ ആളില്ലാതെ സമരവീര്യത്തിൽ ഉയർന്നു പൊങ്ങിയ തേയില ചെടികൾ .. അവയിൽ പലതും പൂത്തു കായ്ച്ചിട്ടുണ്ടാവും . മഴിയിൽ പൊഴിഞ്ഞ കായകൾ പൊട്ടി പുറത്തുവീണു കിടക്കും . അത് തിന്നാൻ പാമ്പുകൾ വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിനും മുകളിൽ തോട്ടത്തിന്റെ പ്രതാപകാലത്തു , നുള്ളിയ കൊളുന്തു കൊണ്ട് പോകാൻ ട്രാക്ടർ പോയിരുന്ന വഴി എത്തും . അവിടം തൊട്ടു മുകളിലെയ്ക്കുള്ള വഴി ഒരു വിദൂര ദൃശ്യമായി സ്കൂൾ മൈതാനത്തു നിന്നുകൊണ്ട് കാണാം .. അവൻ മനക്കണക്കു കൂട്ടി. അങ്ങകലെ വിദൂരതയിൽ എന്ന പോലെ ഒരു മഞ്ഞ പൊട്ടു തെളിഞ്ഞു ..വീണ്ടും അവന്റെ ഉള്ളിൽ മഞ്ഞു വീണു ...
അവൾ മുകളിലേയ്ക്കു ഉള്ള കയറ്റം വളരെ സാവധാനം നടന്നു കയറി. ശ്വാസം എടുക്കാനെന്ന പോലെ അവൾ ഒന്ന് നിന്ന് , തിരിഞ്ഞു നോക്കി. അങ്ങ് ദൂരെ താഴ്വാരത്തിനുമപ്പുറം സ്‌കൂൾ മൈതാനിയിൽ നിന്ന് അവളെ പിന്തുടരുന്ന രണ്ടു കണ്ണുകളെ അവൾ കണ്ടെതേ ഇല്ല. എങ്കിലും അവൾ തിരിഞ്ഞു നോക്കിയതുകണ്ട അവന്റെ അടിവയറ്റിൽ ചിത്രശലഭങ്ങൾ പിടഞ്ഞുണർന്നു. മഞ്ഞയും , നീലയും ചുവപ്പും വിയലറ്റും നിറങ്ങളിൽ അവന്റെ ഉള്ളിൽ അവ പാറിപ്പറന്നു. മിഥുനമാസത്തിൽ എവിടെനിന്നും വന്നു ഈ ശലഭങ്ങൾ എന്ന് അവൻ ശങ്കിക്കേ , അവൾ തിരിഞ്ഞു നടന്നു ..കയറ്റം തുടർന്നു. മെല്ലെ മെല്ലെ ഒരു ബിന്ദു കണക്കെ അവന്റെ കണ്ണുകളിൽ നിന്നും മാഞ്ഞു പോവും വരെ , നിഷ്‌ചേട്ടനായി അവൻ ഇരിപ്പു തുടർന്ന് .. ഉള്ളിലെ ചിത്ര ശലഭങ്ങളെ ഒളിപ്പിക്കാൻ പാടുപെട്ട് , ഒരു കൈയ്യിൽ അലസമായി പുസ്തകങ്ങളും , മറു കയ്യിൽ ഇപ്പോഴും ഉരിഞ്ഞു പോകുന്ന ഒറ്റമുണ്ടിന്റെ കോന്തലയും പിടിച്ചു വഴിമുറിച്ചുകടന്നു വീട്ടിലേയ്ക്കു നടന്നു. അടുത്ത ദിവസം , സ്‌കൂൾ വിടുന്ന നേരം മാത്രമായിരുന്നു അവന്റെ മനസ്സിൽ.
വീട്ടിന്റെ പിന്നിൽ നിന്നും പറമ്പിലേക്കുള്ള വഴിയിൽ അവൻ നടക്കാനിറങ്ങി. നിരനിരയായി ഏലച്ചെടികൾ നിറഞ്ഞു നിക്കുന്ന മലഞ്ചെരിവിലായിരുന്നു കൃഷിയിടം. താഴേക്കുള്ള ചരിവിന്റെ ഒരു വശം കാപ്പിച്ചെടികൾ പൂത്തു നിക്കുന്നുണ്ട്. പെയ്തൊഴിഞ്ഞ മഴ ,പൂക്കളെ അടർത്തിക്കളഞ്ഞിട്ടുണ്ടായിരുന്നെങ്കിലും, ചില പൂക്കൾ എങ്കിലും അവിടിവിടെ തലകുനിച്ചു നിന്നു. മഴത്തുള്ളികൾ ഇലത്തുമ്പുകളിൽ അടരാനൂർന്നു നിന്നിരുന്നു. കാപ്പിച്ചെടികളെ പിന്നിട്ട് അവൻ തോട്ടരികിൽ എത്തി. മഴപെയ്തു നിറഞ്ഞ തോട് ..ഇരമ്പി ഒഴുകുന്നു. പറമ്പിന്റെ അങ്ങേ തലക്കലേയ്ക്ക് പോവാനായി മുരിക്കിൻതടികൾ ചേർത്ത് കെട്ടിയ പാലത്തിൽ നിറയെ കുഞ്ഞനുറുമ്പുകളുടെ ഘോഷയാത്ര. അവയെ ചവിട്ടാതെ അങ്ങേകരക്ക് കടന്ന് അവൻ മലമുകളിലേയ്ക്കുള്ള വഴിക്ക് അതിരിടുന്ന മുള്ളു വേലി നോക്കി നടന്നു. ഏല ചെടികളുടെ ഇലകൾ അവന്റെ കുപ്പായം നനച്ചു . പൂപ്പരത്തിയും, മുരിക്കിൻ കമ്പുകളും , ചെമ്പരത്തി ചെടികളും അങ്ങിങ്ങു കീറുകല്ലുകളും ചേർത്ത് , മുള്ളുകമ്പി വരിഞ്ഞ വേലി. അതിനിടയിലൂടെ കുറുക്കനും പന്നിയും നൂഴ്ന്നു കടന്നു വരുന്ന തുറവികൾ. മഴയിൽ പൊഴിഞ്ഞു കിടന്ന ഒരു സപ്പോട്ടക്കായ എടുത്തു കടിച്ച് ആ ഭാഗങ്ങളിലെക്കൊന്നും താൻ വരാറേ ഇല്ലല്ലോ എന്ന് അവൻ ആശ്ചര്യം പൂണ്ടു. കുറച്ചു മുകളിൽ വീടിന്റെ ആവശ്യങ്ങൾക്കായി കല്ല് പൊട്ടിച്ച, കുഴി ഒരു കുളം ആയി മാറിയിട്ടുണ്ട് . എവിടെ നിന്നെന്നില്ലാതെ അതിൽ മീനുകൾ നീന്തി . അതിനുമപ്പുറം മഞ്ഞയും പച്ചയും പേർക്കായകൾ പൊഴിഞ്ഞു കിടന്നു. ഒരു പേരക്ക എടുത്തു ഭദ്രമായി മടിയിൽ കരുതി. വീണ്ടും വേലിക്കരികിൽ എത്തി .. മലമുകളിലേക്ക് പോവുന്ന പാതയുടെ ഓരത്തു വേലിപ്പടർപ്പുകൾക്കിടയിലൂടെ നൂഴ്ന്നു കടന്നു വഴിയിൽ ഇറങ്ങി. മുകളിൽ നിന്നും വഴിയിലൂടെ ഒരു നീർച്ചാൽ ഒഴുകിവന്ന് തോട്ടിൽ പതിക്കുന്നുണ്ട്. വെള്ളം ഒഴുകിവരുന്ന ഭാഗം ഒഴിച്ചാൽ , ബാക്കി വഴി പറ്റെ നല്ല ചെളിക്കുണ്ടാണ് . നീർവേങ്ങയുടെ അടർന്നവീണ തൊലിയും , കാറ്റാടി ഇലകളും , മുകളിൽ നിന്നും ഒഴുകിവന്ന മണ്ണും എല്ലാം കൂടി മറ്റൊരു തോടായി മാറിയിരുന്നു വഴിത്താര. പത്തു ചുവടു മുന്നോട്ടു നടന്ന അവനു , കാൽ വഴുക്കി. മുകളിലേയ്ക്കുള്ള ഒറ്റയടി പാത വിജനമായിരുന്നു . ഇത്ര ദൂരം അവൾ എങ്ങനെ ഈ വഴിയേ കയറിപ്പോയിട്ടുണ്ടാവും എന്ന് ഒരു വേള ആശ്ചര്യത്തോടെ ആലോചിച്ചു. തിരികെ വേലി നൂണ്ടു. നേരം സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ഇരുട്ട് പരന്ന വഴിയിലൂടെ അവൻ പാലം ചവുട്ടി തിരികെ നടന്നു. അപ്പോഴും ആ പേരക്കായ ഭദ്രമായി എളിയിൽ കരുതി. രാത്രിമുഴുവൻ അവൻ മഞ്ഞ വെട്ടത്തെ സ്വപ്നം കണ്ടു. മല കയറി മറയുന്ന അവൾക്കൊപ്പം തന്നെയും സ്വപ്നത്തിൽ കണ്ട് കരിമ്പടത്തിനുള്ളിൽ വിയർത്തു. അവനു പേരക്കാ മണത്തു. പുലരുവാൻ ഇനിയും സമയമുണ്ടായിട്ടും അതിരാവിലെ എഴുന്നേറ്റു ജനാല തുറന്നു. .ഇരുട്ട് മൂടിയ ആ തണുത്ത പുലർകാലത്ത് , മലമുകളിൽ ചൂളമരങ്ങളിലും കാറ്റാടി ഇലകളിലും കാറ്റു പിടിച്ചു , ചീറി അടിക്കുന്ന ശീതക്കാറ്റിലും അവനു വയർത്തു .. അതിരാവിലെ കിഴക്കിന്റെ ചക്രവാളത്തിൽ പാറി വരുന്ന ചിത്രശലഭങ്ങളെ അവൻ കണ്ടു. മഞ്ഞ വയലറ്റ് ചുവപ്പു നിറങ്ങളിൽ അവ , അവനു നേരെ ഒഴുകി . അപ്പോൾ കാറ്റിനു പേരക്കയുടെ മണം ആയിരുന്നു.
ദിവസം പുലർന്നു തുടങി. ദൂരെ അയ്യപ്പൻറെ അമ്പലത്തിലെ വെങ്കടേശ സുപ്രഭാതം കാറ്റിൽ അലിഞ്ഞില്ലാതെയായി. മഴ കുറഞ്ഞു ചന്നം പിന്നം ചാറിയിരിന്നുവെങ്കിലും , ആകാശം ഇരുണ്ടുതന്നെ ഇരുന്നു. കാറ്റ് മരങ്ങളെ കടമുതൽ ചുഴറ്റി, രൗദ്രമായ ഒരു മൂളലായ് എല്ലായിടവും തിരിഞ്ഞു കളിച്ചു. അവൻ തലേന്ന് മറച്ചു വെച്ച പേരക്കക്കായി ഡ്രോവ് തുറന്നു. ഇന്നലത്തേതിലും മഞ്ഞ നിറം കൂടിയിരിക്കുന്നു. മുറിയിൽ പേരക്ക ഗന്ധം ഉയർന്നു. അലകളായ് ആ ഗന്ധം അവനെ പൊതിഞ്ഞു. ആരും കാണുന്നില്ല എന്നുറപ്പു വരുത്തി , പുസ്തകങ്ങൾക്കൊപ്പം അതിനെ തിരികെ വെച്ചു. സ്‌കൂൾ സമയം തുടങ്ങുന്നതിനു ഒരുപാടു മുമ്പേ പുസ്തകങ്ങൾ എടുത്തു സ്‌കൂളിലേക്ക് നടന്നു. അവൻ പോയ വഴിയിൽ പേരക്ക മണത്തു. സ്‌കൂളിന് ഗേറ്റുകൾ ഉണ്ടായിരുന്നില്ല, ചുറ്റുപാടും വിജനമായിരുന്നെകിലും വാതിലുകൾ തുറന്നിരുന്നു. ഒരു പൂച്ചയെ പോലെ ക്ലാസ്സിൽ കടന്ന അവൻ , ഡിവൈഡർ സ്‌ക്രീനിനപ്പുറം പാളിനോക്കി , ആരുമില്ലെന്നുറപ്പ് വരുത്തി. അപ്പൂപ്പൻ താടി പോലെ, കാറ്റ് പോലെ അവൻ സ്‌ക്രീൻ ഡിവൈഡർ കടന്ന് അടുത്ത ക്ലാസ്സ് റൂമിൽ എത്തി. അവളിരിന്നേടത്തു കൈകൾ വിറയ്ക്കുകയും, തൊണ്ട വരളുകയും ചെയ്തെങ്കിലും . ഇന്നലെ , കണ്ട സ്വപ്നത്തിന്റെ ആവർത്തണമെന്നോണം , അവൻ പേരക്ക ഡെസ്കിന്റെ അടിയിൽ പുസ്തകങ്ങൾ വെയ്ക്കാനുള്ള, തട്ടിൽ വെച്ചു തിരിയെ നടന്നു. സ്വന്തം ക്ലാസ് റൂമിൽ തിരികെ എത്തി അവൻ ദീർഘമായി നിശ്വസിച്ചു. സമയം തെറ്റി സ്‌കൂളിൽ എത്തിയതിന്റെ ജാള്യത മറയ്ക്കാനെന്നോണം ഒരു നോട്ട് ബുക്ക് എടുത്തു , ഡിവൈഡർ സ്‌ക്രീനിനപ്പുറത്തേയ്‌ക്ക് കണ്ണുകൾ ഉറപ്പിച്ചു എന്തിനോ വേണ്ടി , എന്നാൽ ഒന്നിലും അല്ലാതെ അലസമായ നോട്ടമെറിഞ്ഞു കാത്തിരുന്നു.
മെല്ലെ സമയം കടന്നു പോയി .. കാല്പെരുമാറ്റങ്ങൾക്കു പുറകിലായി ശബ്ദങ്ങളും അതിനും പുറകിലായി മുഖങ്ങളും ഒറ്റയായും കൂട്ടമായും വന്നു തുടങ്ങി. അവൻ മുഖം കുനിച്ചു അവർക്കു നേരെ അലസമായി നോട്ടം എറിഞ്ഞു ..ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുത്തതായി പോലും തോന്നിച്ചില്ല . പകരം മുക്കിയും മൂളിയും ആംഗ്യങ്ങളും ചോദ്യങ്ങൾക്കു നേരെ എറിഞ്ഞുകൊണ്ട് നോട്ടം എല്ലായ്പ്പോഴും ഡിവൈഡറിനപ്പുറത്തേയ്‌ക്ക് കൂർപ്പിച്ചു. ബെൽ അടിക്കാൻ അധിക സമയം ബാക്കി ഇല്ലാത്തപ്പോൾ അനന്തമായ കാത്തിരിപ്പവസാനിപ്പിച്ചുകൊണ്ട് കാഴ്‌ചയിൽ അവന്റെ മഞ്ഞ മന്ദാരം വിരിഞ്ഞു, ചിത്രശലഭങ്ങൾ പറന്നുയർന്നു. പുസ്തകങ്ങൾ മാറോടടുക്കി, ഒരു കയ്യിൽ ചോറ്റുപാത്രവുമായി , ആകെ നനഞ്ഞ് തലേന്ന് ഇരുന്ന അതെ സ്ഥലത്തു തന്നെ അവൾ ഇരിപ്പുറപ്പിച്ചു. പേടിനിറഞ്ഞ അവളുടെ കണ്ണുകളിൽ ദൈന്യത സ്പുരിച്ചു , പക്ഷെ അപ്പോഴും ഉള്ളിലെ കെടാവിളക്ക് പോലെ അവളിൽ നിന്നും ഒരു പ്രകാശവലയം ഉയരുന്നതായി അവനു തോന്നി. പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു ചെറിയ തൂവാല വലിച്ചെടുത്ത് മുഖം തുടച്ചുകൊണ്ട് അവൾ പുസ്തകങ്ങൾക്കൊപ്പം ചോറ്റുപാത്രവും വെയ്ക്കുന്നത് അവൻ സാകൂതം വീക്ഷിച്ചു. ഇടയ്ക്ക് ആശ്ചര്യത്തോടെ അവൾ കൈയ്യിൽ തടഞ്ഞ ഒരു പേരക്ക വലിച്ചെടുത്തു. അവന്റെ തൊണ്ട വരണ്ടു, കൈകൾ വിറച്ചു. ഒന്നും സംഭവിക്കാത്തത് പോലെ അവൾ ആ പേരക്ക സാകൂതം നോക്കി, അവളുടെ കണ്ണുകളിലെ പേടി ഒരു നിമിഷം കൊണ്ട് ജിജ്ഞാസയായി മാറി ചുറ്റും പടർന്നു . അതുകണ്ട് മുഖം കുനിച്ച അവന്റെ ഉടലാഴങ്ങളിൽ ജീവന്റെ പുറ്റുകൾ ഭേദിച്ച പ്യൂപ്പകൾക്ക് ചിറകുകൾ മുളച്ചു. അവ കൂട്ടത്തോടെ ക്ലാസ് മുറിയിലേക്ക് പറന്നുയർന്നു. അവന്റെ കയ്യിൽ നിന്നും താഴെ വീണ പേനയിൽ നിന്നും തറയാകെ പടർന്നു. പഴുത്ത പേരക്കയുടെ മദിപ്പിക്കുന്ന ഗന്ധം ക്ലാസ്സിൽ നിറഞ്ഞു. അപ്പുറം ക്ലാസ്സിൽ ഇംഗ്ലീഷ് ടീച്ചർ ഷെല്ലിയുടെ കവിത പഠിപ്പിച്ചു തുടങ്ങിയിരുന്നു. ക്ലാസ്സ്മുറിയാകെ നിറയുന്ന ശബ്ദത്തിൽ പറഞ്ഞു കൊടുത്ത നോട്ടിനു പകരം അവൻ രസതന്ത്രത്തിന്റെ ബുക്കിൽ ഷെല്ലിയുടെ കവിത പകർത്തി തുടങ്ങി.
"All things by a law divine ,In one another's being mingle:—Why not I with thine" . അവസാന ബെല്ലിനു ഒരു ഞൊടി മുമ്പേ അവൻ ക്ലാസ്സിൽ നിന്നും മാഞ്ഞുപോയി. ഏലച്ചെടികളെ വകഞ്ഞു മാറ്റി മേലാകെ നനഞ്ഞ് തോടിന്റെ മുകളിലെ പാലം ചാടിക്കടന്നു , പൂപ്പരത്തി നിറഞ്ഞ വഴിയുടെ അരികിലെ വേലിക്കൽ എത്തി .. ഓടുന്ന ഓട്ടത്തിൽ ഒരുപിടി നെല്ലിക്കയാകൾ കൈയ്യിൽ ഭദ്രമായി പിടിച്ചിരുന്നു. വേലിയിൽ പിടിച്ച് നിന്ന അവന്റെ ഹൃദയം മിടിക്കുന്നതു കേട്ടിട്ടാവണം നിരനിരയായി പോയിരുന്ന ഉറുമ്പുകൾ വരിതെറ്റി അലഞ്ഞു. തൊണ്ട വരണ്ടിരുന്നു എങ്കിലും അവൻ നാക്കു നീട്ടി ചുണ്ടു നനച്ചു, മുകളിൽ നിന്നുള്ള കാലടി ശബ്ദങ്ങൾക്കായി കാതോർത്തു. കാറ്റിന്റെ ഹുങ്കാരത്തിനപ്പുറം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും പൊടുന്നനെ, തോടിനു മുകളിലെ പടവിൽ ഒരു കൊള്ളിമീൻ പോലെ അവൾ പ്രത്യക്ഷപ്പെട്ടു. രാമപാദത്തിനായി ജന്മാന്തരങ്ങൾ കല്ലായി കിടന്ന അഹല്യയെ പ്പോലെ അവൻ ശബ്ദമില്ലാതെ , അനക്കമില്ലാതെ മുള്ളുവേലിയിൽ കൈകൾ മുറുക്കി. വരിതെറ്റി അലഞ്ഞ ഉറുമ്പുകൾ , അവയുടെ വഴി വീണ്ടെടുത്ത് അവന്റെ കൈക്കു മുകളിലൂടെ അപ്പുറം കടന്നു പോയിത്തുടങ്ങി. പ്രജ്ഞയിൽ തിരികെ എത്തുമ്പോഴേക്കും അവൾ മുകളിലേക്കുള്ള വഴിയിൽ പാതിയോളം കയറിപ്പോയിരുന്നു. പക്ഷെ അവന്റെ കണ്ണിൽ തടഞ്ഞ , അവളുടെ കൈകളിലെ പേരക്ക അവൻ ഇന്നലെ ഇതേ സ്ഥലത്തു നിന്നും പറിച്ചതായിരുന്നു. കയറ്റം പാതി കയറിയ അവൾക്കും അപ്പുറം ആകാശത്തോളം അവൻ ഉയർന്നു പറന്നു. മഴമാറിയ മാനത്തെങ്ങും നിറയെ ചിത്രശലഭങ്ങളും വെൺമേഘ തുണ്ടുകളും മാത്രം. അവിടെ നിന്നും അവൻ കയറ്റം കയറി വരുന്ന അവളെ മുഴുവനായും കണ്ടു . ചെമ്പൻ മുടിയും വെള്ളാരം കണ്ണുകളും നേർത്തു വിളറിയ മന്തഹാസവും മാത്രം അവൻ കണ്ടു . അവൾ കയറ്റം കയറുംതോറും അവൻ കൂടുതൽ ഉയരത്തിൽ പറന്നു. കൊളുന്തു നുള്ളി , കൊല്ലിയും തലയിൽ ചുമന്നു വരുന്ന തമിഴ് സ്ത്രീകളുടെ കലപിലയാണ് അവനെ താഴെ എത്തിച്ചത്. അവൾ എപ്പോഴേ നടന്നു മറഞ്ഞിരിക്കണം. താഴേക്ക് നടന്നു വരുന്ന സ്ത്രീകളുടെ കണ്ണിൽ പ്പെടാതെ അവൻ തിരികെ നടന്നു. ഇത്തവണ പേരയുടെ ചുവട്ടിൽ നിന്നും എടുക്കാതെ അതിൽ കയറി , നന്നായി പഴുത്ത രണ്ടു പേരക്കകൾ അടർത്തി. തിരികെ കുന്നു കയറി.
തലേന്നിന്റെ ആവർത്തനമായിരുന്നു അടുത്ത ദിവസവും . ഇത്തവണ പക്ഷെ ചോദിക്കേണ്ടുന്ന കാര്യങ്ങൾ അവൻ എഴുതി വെച്ചു എന്ന് മാത്രം. അന്നും അവസാന ബെല്ലിനു മുമ്പ് മാഞ്ഞു പോയ അവൻ തോടിനപ്പുറം വേലിക്കൽ അക്ഷമനായി. അവളുടെ പാദപദനത്തിൻറെ ശബ്ദം ഇന്ന് അവൻ തിരിച്ചറിഞ്ഞു. തോടിനു മുമ്പുള്ള തിരിവിൽ അവൾ എത്തിയപ്പോഴേ അവൻ ചോദിക്കേണ്ടുന്ന വിഷയങ്ങൾ മനപ്പാഠമാക്കിയിരുന്നു. എഴുതിയ കടലാസ് കീശയിൽ താഴ്ത്തി. പാലത്തിൽ കൂടി ബാലൻസ് ചെയ്തു നടന്നു വരുന്ന അവൾക്കു നേരെ ഒരു പുഞ്ചിരി എറിഞ്ഞുകൊണ്ട് സ്വന്തം പേര് പറഞ്ഞു. കാലിൽ കയറിയ ഉറുമ്പുകളെ കുടഞ്ഞു കളയാനായി അവൾ ഒരു നിമിഷം നിന്നു. പിന്നെ മെല്ലെ തല ഉയർത്തി നോക്കി ഒരു നേരിയ പുഞ്ചിരി വിടർന്നോ എന്ന് സംശയിക്കുമാറ് മുഖം തുടുത്തു. സ്വയം പേര് പറഞ്ഞു, ഇയാൾ ആണോ ഇത് ഞാൻ ഇരിക്കുന്നിടത്തു വെച്ചത് എന്ന് ചോദ്യം എറിഞ്ഞു ? എന്റെ വീട്ടിൽ ഇതിലും നല്ല വലിയ പേരക്കകൾ ഉണ്ട് എന്നുകൂടി പറഞ്ഞുകൊണ്ട് നടന്നകന്നു. തിരിഞ്ഞു നോക്കാതെ മുകളിലേക്കുള്ള വഴിയിൽ അവൾ നടന്നകലുന്നു നോക്കി നിക്കേ അവന്റെ മനസിൽ നാളെ ചെയ്യാനുള്ള ഹോംവർക്ക് തെളിഞ്ഞു വന്നു. വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവും അണിഞ്ഞയ്യോ ശിവ ശിവ എന്ന തുടങ്ങുന്ന ഇരുപത്തഞ്ചു വരികൾ കാണാതെ പഠിച്ചില്ലെങ്കിൽ മീശപിരിച്ചു , മുറുക്കി ചുവപ്പിച്ച ചുണ്ടും ചുവന്ന കണ്ണുകളുമായി ചെവിടടക്കം അടിക്കാൻ അടുത്ത് നിൽക്കുന്ന മലയാളം സാറിനെ ഓർത്തു ... അച്ഛന്റെ ചൂരൽ മനസ്സിൽ തെളിഞ്ഞു . കൈയ്യിൽ നിന്നും നെല്ലിക്ക താഴെ വീണു. അവൻ മെല്ലെ തിരിച്ചു നടന്നു. ഷെല്ലി കയറിയ രസതന്ത്രത്തിന്റെ ബുക്ക് കറക്റ്റ് ചെയ്യാൻ വന്നപ്പോ , കിട്ടിയ ഇരുപത്തഞ്ചു ഇമ്പോസിഷനുകളും , ഗാന്ധാരീ വിലാപവും, ത്രികോണമിതിയിലെ തീറ്റകളും അവനെ വരിഞ്ഞു മുറുക്കി... നല്ല കുട്ടിയായി. പിന്നീട് ഒരിക്കൽ പോലും അവൻ അവളെ കാണാൻ ശ്രമിച്ചിട്ടില്ല. ലൈബ്രറിയുടെ മുമ്പിൽ, ലബോറട്ടറിയുടെ മുമ്പിൽ ഒക്കെ നീലയും വെള്ളയും യൂണിഫോമിൽ അവളെ കണ്ടെങ്കിലും മുഖം ഉയർത്തി ഒരിക്കൽ പോലും പിന്നീട് നോക്കിയില്ല. പിന്നീട് ആ പേരക്ക മണം അവനെ തേടി എത്തിയില്ല എന്നതാണ് സത്യം.
കാലം കുറെ ഒഴുകി കടന്നു പെരിയാറിലേക്കൊഴുകുന്ന താഴത്തെ കൈത്തോടിന് കീഴിലൂടെ ഒരു പാട് വെള്ളം ഒഴുകി പ്രളയമായും , കുടിനീരായും ഒക്കെ മാറി. അമ്പലക്കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ ഉത്സവപിരിവിനു പോകുമ്പോൾ ആണ് പിന്നീട് ആ മുഖം അവസാനമായി കാണുന്നത്. പുല്ലു മേഞ്ഞ ഒരു ചെറിയ വീട്. അതിനും മേലെ ഉയർന്നു നിക്കുന്ന രണ്ടു പേരമരങ്ങൾ. വീടിനു ചുറ്റും നന്ത്യാർവട്ടവും കൊഴിവാലനും , വാടാമുല്ലയും ജമന്തിയും പൂത്തു നിൽക്കുന്നു . വീട്ടിന്റെ ഒരു വശത്തു കുറ്റിയിൽ കുരുക്കിയ ഒരു ചടച്ച പട്ടി . അത് അപരിചിതരെ കണ്ടു ക്ഷീണ ശബ്ദത്തിൽ കുരച്ചു. മുൻവശത്തെ ചാണകം മേഞ്ഞ തിണ്ണയിൽ ഒരു പാത്രത്തിൽ നിന്നും എന്തോ വാരി കഴിക്കുന്ന രണ്ടു ചെറിയ കുട്ടികൾ. വീടിനു ചുറ്റും ചിനച്ചു നടക്കുന്ന കോഴികൾ. വീടിനു പുറകിൽ പുല്ലുമേഞ്ഞതിനു ഇടയിൽ കൂടി പുക പൊങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ടിട്ടാവണം മൂത്തതെന്നു തോന്നിക്കുന്ന മറ്റൊരു കുട്ടി ജനലിലൂടെ എത്തി നോക്കി, അകത്തേക്ക് എന്തോ വിളിച്ചു പറഞ്ഞു. വാതിൽ തുറന്നു പുറത്തേക്കു വന്ന സ്ത്രീ ധരിച്ചിരുന്നത് ചുവപ്പു പൂക്കൾ തുന്നിയ മഞ്ഞ ഉടുപ്പായിരുന്നു. അവന്റെ മുഖത്തേക്ക് നോക്കി, തെല്ല് ഒരമ്പരപ്പോടെ അവൾ അകത്തേയ്ക്കു നടന്നു. നാലഞ്ച് പേർക്ക് ഇരിക്കാൻ കസേരകളില്ലായിരുന്നു എങ്കിലും അവൾ രണ്ടു ഇരുമ്പു കസേരകൾ വരാന്തയിലേക്ക് എടുത്തിട്ട് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. അദ്ദേഹം ഇവിടെ ഇല്ല , പിരിവു അമ്പലത്തിൽ എത്തിച്ചു തരാൻ പറയാം എന്ന് മുഖവുരയായി പറഞ്ഞു കൊണ്ട്, കാപ്പി എടുക്കട്ടേ എന്ന് ഉപചാരം ചോദിച്ചു. വേണ്ട എന്ന് കോറസായി പറഞ്ഞ കമ്മിറ്റിക്കാരിൽ ഞാൻ ഉണ്ടായിരുന്നില്ല. എങ്കിൽ അങ്ങനെ ആവട്ടെ എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്ന നേരം , ജന്മങ്ങക്കപ്പുറം നിന്ന് എന്ന പോലെ രാജേഷ് ഒന്ന് നിക്കുമോ എന്ന ചോദ്യം എന്റെ കാലുകളെ പൂട്ടി. നടന്നകലുന്നവരോട് പൊയ്ക്കോ ഞാൻ ഇദാ വരുന്നു എന്ന് ആംഗ്യം കാട്ടി ഞാൻ തിരിഞ്ഞു. അതെ തിളക്കമുള്ള വെള്ളാരം കണ്ണുകൾ, കാറ്റിൽ പറക്കുന്ന എണ്ണ തേക്കാത്ത ചെമ്പൻ മുടി. ആദ്യമായി ഞാൻ അവളോട് മുഖാമുഖം നിന്നു . ഒന്നും പറയാനില്ലാതെ തൊണ്ട വരണ്ടു നിന്ന എന്നോട് ഇപ്പോഴും പഴയ പിണക്കം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ അന്ന് പറഞത് സത്യമാണ് . ദാ ഈ പേരമരങ്ങൾ കണ്ടോ ? ഇതിൽ ഒന്ന് വെള്ളയും ഒന്നും ചുവപ്പും ആണ്. മരങ്ങളുടെ അടിയിൽ ചിതറിക്കിടക്കുന്ന പൊട്ടിയതും പൊട്ടാത്തതുമായ പേരക്കകളുടെ നേർക്ക് അവൾ വിരൽ ചൂണ്ടി. അങ്ങോട്ട് മിണ്ടണം എന്ന് എനിക്കുണ്ടായിരുന്നു, എന്നെ ഇഷ്ടമായിരുന്നു എന്നും എനിക്കറിയാം. പക്ഷെ പറയാൻ ഒരിക്കലും പറ്റിയില്ല . എന്നെങ്കിലും ഒരിക്കൽ താൻ ഇവിടെ വരും എന്നും ഈ പേര മരങ്ങളെ ചൂണ്ടി ഞാൻ പറഞ്ഞത് സത്യം ആയിരുന്നു എന്നുപറയാൻ കഴിയും എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അവൾ തുടർന്ന് എന്തോ പറയാൻ തുടങ്ങി , ഞാൻ തിരിഞ്ഞു നടന്നു എന്റെ വഴിയിലാകെ ചുവന്ന് ചെറിയ പൂക്കൾ അടർന്നു കിടന്നു. വേലിയിൽ നിറയെ മഞ്ഞ നിറത്തിൽ കോളാമ്പി പൂവുകൾ തലയാട്ടി. ഞാൻ വഴിമറന്ന് എങ്ങോട്ടെന്നില്ലാതെ ഓടി
Subscribe to:
Comments (Atom)