Monday, January 20, 2025

 

ഡീസലിന്റെ.. കരിഞ്ഞ ടയറിന്റെ  ..ഛർദിലിന്റെ ..മനം പുരട്ടുന്ന മണങ്ങൾ  പേറി  , ചുരം ഇറങ്ങി , നീണ്ട ബസ് യാത്രക്കൊടുവിൽ 


ഞങ്ങൾ  ബോട്ട് ജെട്ടി എത്തി ....


 ചരക്കു നിറയ്ക്കുന്ന കെട്ട് വള്ളങ്ങൾ, മണിക്കൂറുകളുടെ ഇടവേളയിൽ മാത്രം യാത്രാബോട്ടുകൾ വന്നുപോകുന്ന ചന്തക്കടവ്‌ . ഇമ്മാക്കുലേറ്റ് ഹോട്ടലും, സെന്റ് മാർട്ടിൻ  ഹോട്ടലും .കുറേ ബീഡി മുറുക്കാൻ  നാരങ്ങാവെള്ളക്കടകൾ ... പരന്ന തട്ടുകളുള്ള കൈവണ്ടികൾ അതിനെതിരെ നിര നിരനിരയായി നിലകൊണ്ടു . റിക്ഷകളുടെ പേരുകൾ അവയുടെ വശങ്ങളിൽ വെള്ള ചായത്തിൽ എഴുതപ്പെട്ടിരുന്നു. വേളാങ്കണ്ണി മാതാവും, സെന്റ് .ജോർജും, അറവുകാട് അമ്മയും, സ്വാമി അയ്യപ്പനും, മനയ്ക്കപ്പാടനും  അതിനിടയിൽ വിശ്രമിച്ചു . ഇമ്മാക്കുലേറ്റ് ഹോട്ടലിലെ ചില്ലലമാരയിൽ ചൂട് പലഹാരങ്ങൾ മൊരിഞ്ഞു കിടന്നു... പഴം പൊരിയുടെയും,  എണ്ണയിൽ മൊരിയുന്ന സവാളയുടെയും മണങ്ങൾ ഇപ്പോഴും ആൾക്കാരെ കൊതിപ്പിക്കാനെന്ന പോലെ ജെട്ടിയുടെ മുകളിൽ പടർന്നു നിന്നു . പണി കഴിഞ്ഞ   ചുമട്ടുകാരും , റിക്ഷാത്തൊഴിലാളികളും,   സെന്റ് മാർട്ടിൻ ഹോട്ടലിൽ നിന്നും പൊറോട്ടയും പോത്തുകറിയും  കഴിച്ച് ,   നിരയായി  കിടന്നിരുന്ന  കൈ വണ്ടികളുടെ പ്ലാറ്റഫോമിൽ ചാരിനിന്നു, കുശലം പറഞ്ഞു .  പലപ്പോഴും അവരിൽ നിന്നും പുകയിലയുടെയും ,പൊടിയുടെയും,  ചിലപ്പോഴെങ്കിലും  കള്ളിന്റെയും മണം പരന്നു... 


ചന്തക്കടവിലെ  കറുത്ത വെള്ളത്തിൽ , ചരക്കു നിറയ്ക്കുന്ന വള്ളങ്ങളുടെ നിഴലുകൾ  അയഞ്ഞു കിടന്നു . കടവിന് പുറകിലെ  ചാപ്പലിനു  മുകളിൽ ധ്യാന നിരതനായി നിൽക്കുന്ന കർത്താവിന്റെ പ്രതിമ ദൂരെ ആർ ബ്ലോക്ക് കായലിനും, കടപ്പുറത്തെ ലൈറ്റ് ഹൗസിനും  അപ്പുറം , കടലിലേക്ക് താണിറങ്ങുന്ന മേഘങ്ങളിൽ കണ്ണ് നട്ടു.  അതിന്റെ വെള്ള ഞൊറികളിൽ തഴുകി വരുന്ന നനുത്ത കാറ്റിൽ, താഴെ കടവിൽ നിരനിരയായി കെട്ടിയിട്ടിരുന്ന കെട്ടുവള്ളങ്ങൾ മുന്നോട്ടു നീങ്ങുന്നുവെന്ന തോന്നൽ നൽകി,  പനമ്പും മുളവാരികളും കയറും ഇണചേരുന്ന  വളവരയ്ക്ക് മുകളിൽ, ചന്തയിലെ അരിക്കടയ്ക്കു വെളിയിൽ ചിതറിയ  അരി കൊത്തിയെടുത്തു പറന്ന കുരുവികളും , കാക്കകളും തത്തിക്കളിച്ചു. ചിലപ്പോഴെങ്കിലും കലഹിച്ചു. വളവരയ്ക്കു പുറത്തു , കുറ്റി അടുപ്പിൽ  അറക്കപ്പൊടി നിറച്ചു വള്ളക്കാർ കഞ്ഞി വെയ്ച്ചു ,  പടവിന്റെ ഒരു മൂല  കഴുകി വൃത്തിയാക്കി , പുളിമാങ്ങയും ചന്തമുളകും ഉപ്പും കുത്തിച്ചതച്ച്  കുട്ടിച്ചോന്റെ ചമ്മന്തി അവർ വിളിച്ചിരുന്ന  ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മറ്റു ചിലർ. ചുരുക്കം ചിലർ,  വള്ളങ്ങളുടെ കാറ്റുപായ വിടർത്തി പരിശോധിച്ചു. പടവുകളിൽ നിന്നും വള്ളത്തിലേയ്ക്ക് ചാരിവയ്ച്ച പലകകളിൽ കൂടി ചുമട്ടുകാർ ചരക്കു നിറച്ചു, അവരിൽ ചിലർ ഭാരത്തിന്റെ ആയാസം കുടഞ്ഞുകളയാൻ ഉച്ചത്തിൽ പാട്ടു പാടി. ന്യൂ തീയേറ്ററിന്റെ തിരശീലയിൽ കറുപ്പിലും വെളുപ്പിലും ജീവിച്ച ജീവിത നൗകയിലെയും തിക്കുറിശ്ശിയായും, ചന്തക്കോണിൽ കഴിഞ്ഞയാണ്ടറുതിക്കു കെ.പി.എ,സി കളിച്ച നാടകത്തിലെ പാത്രങ്ങളായും അവർ തങ്ങളെ പുനരാവിഷ്ക്കരിച്ചു. വിറകു കടയിൽ അനന്തകാലമായി വിറകു കീറുന്ന ഉത്തമന്റെ കരുവാളിച്ച മുഖത്തുനിന്നും വിയർപ്പു ധാരയായി ഒഴുകി. 


കടവിന്റെ ഒരു വശം മുഴുവൻ നിരപ്പലകയിട്ട കടകൾ ആയിരുന്നു. അതിൽ ഓട്, ഇഷ്ടിക , അടുപ്പു മുതൽ അപ്പ ചട്ടി വരെ വിറ്റിരുന്നു. കടകൾക്കിടയിൽ , മുകളിൽ യൂണിയൻ ക്ലബ്ബിലേക്കുള്ള അഴുക്കു പിടിച്ച മരഗോവണി താഴെ ഒരു കസാലയിൽ തുപ്പന്റെ ബാർബർഷോപ്. മരഗോവണിയുടെ അഴിയിൽ ഒരു തുപ്പൻ തുകൽ വാർ തൂക്കി ഇട്ടിരിക്കും. ഇരിക്കുന്ന ആളിന്റെ കയ്യിൽ ഒരു കണ്ണാടി കൊടുത്തു ,  അയാൾ അന്തമില്ലാത്ത കാലത്തിന്റെ സത്യങ്ങൾ എന്ന പോലെ ചന്തക്കടവിന്റെ ചുറ്റുമുള്ള  ജനപഥങ്ങളുടെ ജീവിത കഥകൾ വിവരിക്കും. ഇടയ്ക്കിടെ ഒരു ആചാരം പോലെ  ക്ഷൗരക്കത്തി തുകവാറിൽ തേച്ചു മൂർച്ഛ കൂട്ടും , അതിനൊപ്പം തുപ്പന്റെ കഥകളുടെ മൂർച്ചയായും ഏറും . തലേന്ന് അമ്പലപ്പുഴയിൽ നിന്നും ചരക്കുമായി  വന്ന വള്ളത്തിൽ ഏതോ വലിയ വീട്ടിലെ കുട്ടിയെ  വള്ളക്കാരൻ ചോയി അവളെ കടത്തിക്കൊണ്ടുവന്നുവെന്നും , മിനിയാന്ന് കൊല്ലത്തേക്ക് പുറപ്പെട്ട മറ്റൊരു വള്ളത്തിൽ നിറയെ ആനക്കൊമ്പായിരുന്നു എന്നും, മങ്കൊമ്പിൽ പട്ടമ്മാരുടെ കിഴക്കത്തെ തേയില തോട്ടത്തിൽ , തേയിലച്ചെടികൾക്കിടയിൽ കറുപ്പ് വിളയുന്നുണ്ടെന്നും, കമ്മ്യൂണിസ്റ്റുകാർ മുരിക്കനെ നോട്ടമിടുന്നുണ്ടെന്നും കഥകൾ കനത്തു കൊഴിയും. അപ്പോഴേക്കും മുന്നിലെ കസാലയിലൂടെ  അഞ്ചാറാളുകളുടെ താടി രോമങ്ങൾ നിറഞ്ഞ സോപ്പ് പത ഒരു കുഴമ്പുപോലെ അയാളുടെ കൈത്തലം നിറഞ്ഞിട്ടുണ്ടാവും. മുകളിൽ അഴുക്കുപിടിച്ച മേശക്കുചുറ്റുമിരുന്നു ചീട്ടു കളിച്ചവരിൽ ആരെങ്കിലും ഒരാൾ തുപ്പാ എന്നുറക്കെ വിളിക്കുന്നത് വരെ ക്ഷൗരവും കഥകളും വിളഞ്ഞു നിറയും. മുകളിൽ നിന്നുള്ള വിളിയിൽ തുപ്പൻ പണി നിർത്തുകയായി. പുറത്തേക്കോടി , കയ്യിലെ താടി രോമങ്ങൾ നിറഞ്ഞ സോപ്പ് പത കടവിൽ കഴുകി , ഒരു ശ്വാസത്തിൽ തുപ്പൻ ക്ലബ്ബിൽ എത്തും . വിളിയുടെ പ്രബഹവഃ കേന്ദ്രത്തിൽ അപ്പോഴേക്കും കുപ്പി പൊട്ടിയിട്ടുണ്ടാകും. ആചാരം പോലെ , വാറ്റിയെടുത്ത നെല്ലിൻവെള്ളം തുപ്പൻ തൊണ്ടക്കുഴിയിലേയ്ക്ക് കമഴ്ത്തും. അടിമുടി കുളിർത്ത അവൻ , ചിറി തുടയ്ക്കും. ഇലച്ചീന്തിലെ കാന്താരി കടിക്കും .      തുപ്പന്റെ കടയിൽ രണ്ടേ രണ്ടു പേര് മാത്രമാണ് മുടി വെട്ടാൻ എത്തിയിരുന്നത്.  അത്, എല്ലാ ദിവസവും ഒരേ തമാശയിൽ പൊതിഞ്ഞ് ...പേപ്പർ കുമ്പിളിൽ,  ചൂട് കപ്പലണ്ടി വിൽക്കുന്ന  സോഡാ കുപ്പി കനത്തിൽ കണ്ണാടി വെച്ച സാമി   ചേട്ടനും, ചുമലയും പച്ചയും അടപ്പുകൾ ഉള്ള  ചെറിയ കുപ്പികളിൽ  അയമോദക വായുഗുളിക വിറ്റിരുന്ന ലാസർ അണ്ണനുമായിരുന്നു ...തുപ്പൻ കട തുടങ്ങിയ കാലത്ത് , കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ , തുപ്പന്റെ അച്ഛൻ ആണ്ടി മരിച്ചതിനു മൂന്ന് നാൾക്കു ശേഷം, തുപ്പൻ ആണ്ടിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുത്ത നാൾ മുതലാണ് ചന്തക്കടവിനു ചുറ്റും ഫാഷൻ വന്നത് എന്ന് പോലും പഴമക്കാർ പറയാറുണ്ടായിരുന്നുവത്രെ .  അത് വരെ ചന്തക്കടവിനു ചുറ്റും എല്ലാ തലകളും ഒരേ പോലെയായിരുന്നു എന്നും. ആണ്ടി മരിച്ചു മൂന്നാം നാൾ, തുപ്പൻ ആണ്ടിയുടെ തകരപ്പെട്ടി തുറന്നു. അവിടിവിടെ തുരുമ്പു പിടിച്ചിരുന്ന കത്രികയും , ക്ഷൗരക്കത്തിയും  ദശാബ്ദങ്ങളോളം , കത്തി ഉരസി കണ്ണാടിയോളം മിനുസമായ തുകൽവാറും , പൊട്ടിയ മുഖക്കണ്ണാടികഷണങ്ങളും, അതിലും മിനുസമായ ആലത്തിന്റെ കട്ടയ്ക്കും ഒപ്പം മൂന്ന് നാല് നാണയത്തുട്ടുകളും ,  ശിവകാശി കലണ്ടറിൽ നിന്നും വെട്ടി എടുത്ത മുരുകന്റെ നിറം മങ്ങിയ ചിത്രവും ഒഴിച്ചാൽ ഏറെക്കുറെ ശുദ്ധശൂന്യമായിരുന്നു അത്. അതിൽ നിന്നും കത്തിയും, കത്രികയും  തുകൽവാറും   നാണയത്തുട്ടുകളും എടുത്ത തുപ്പൻ , തകരപ്പെട്ടി ആണ്ടിയുടെ ഓർമകൾക്കൊപ്പം  ദൂരേക്ക് വലിച്ചെറിഞ്ഞു. ആണ്ടിയുടെയും അപ്പൻ പക്കാരുവിന്റെ ഓർമയ്ക്ക് എന്ന് , ചുറ്റും നിന്നവരോട് മുറുമുറുത്തുകൊണ്ട് കത്തിയും കത്രികയും തുകൽവാറും എടുത്തു വീട്ടിലേയ്ക്കു നടന്നു . പിന്നീട് കുറെകാലത്തേയ്ക്ക് ചന്തക്കടവിനു ചുറ്റും ജനപദം മുടിനീട്ടി താടിമീശകൾ നിറഞ്ഞ മുഖത്തോടെ അവനവന്റെ ദൈനംദിന ജോലികളിൽ ഏർപ്പെട്ടു . ആണ്ടി മരിച്ച  മൂന്നാം നാൾ അസ്തമനത്തിനു മുൻപ് , തുപ്പൻ  വടക്കോട്ടുള്ള തീവണ്ടി പിടിച്ചു എന്നും , വണ്ടിയിൽ കയറുമ്പോൾ അവന്റെ മുഖം അന്തോണീസ് പുണ്യവാളന്റേതു പോലെ കരുണാ കടാക്ഷങ്ങളാൽ തിളങ്ങി എന്നും കൂടി , ചുറ്റുവട്ടത്തെ ഏക ,  ബാഡ്ജ് ഉള്ള റെയിൽവേ കൂലി ചെല്ലക്കുട്ടി,  ഇമ്മാക്കുലേറ്റ് ഹോട്ടലിൽ   ചായക്കും മൊരിഞ്ഞ ഉണ്ടം പൊരിക്കുമിടയിലെ ചെറിയ ഇടവേളയിൽ വെളിപ്പെടുത്തി . ശ്‌മശ്രു നിവാരണത്തിനും തലവടിക്കലിനും അതോടെ ചന്തപരിസരത്തു താൽക്കാലിക വിരാമമായി. ആളുകൾ താടി ചൊറിഞ്ഞും , തല ചൊറിഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും പ്രാകി. റിക്ഷാ വലിക്കുന്ന ചിലർ , തീവണ്ടിയപ്പസിന് കിഴക്കു പക്കാരുവിന്റെ രണ്ടാം കുടിയിലെ പുത്രൻ , തേൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന തേൻമണിയുടെ സേവനം തേടി. പാതി തമിഴ് കലർന്ന മലയാളത്തിൽ തേൻ, പക്കാരുവിനെയും ആണ്ടിയേയും ശപിച്ചുകൊണ്ട് അവരോടുള്ള കലി ആ തല താടികളിൽ തീർക്കാനെന്നോണം വേഗത്തിൽ ക്ഷൗരകർമം നടത്തി ..  പലരുടെയും  താടിയിലും  തലയിലും  ചുവന്ന മൊട്ടുകൾ തെളിഞ്ഞു. പക്കാരു തെങ്കാശിക്കാരനായിരുന്നുവത്രെ. പല നാടുകൾ ചുറ്റി, ഒരുനാൾ അയാൾ ടൗണിൽ തീവണ്ടിയിറങ്ങുമ്പോൾ അയാൾക്കൊപ്പം രണ്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്നത് പക്കാരുവിന്റെ രണ്ടു ഭാര്യമാരാണെന്നും , അവർ സഹോദരികളാണെന്നും പോകെ പോകെ ലോകം അറിഞ്ഞു. പക്കാരു തോർത്തിൽ പൊതിഞ്ഞു പിടിച്ച കത്തിയും കത്രികയുമായി ടൗണിൽ ചുറ്റി. പല താടിമീശകളും അയാളുടെ കൈയിൽ മാഞ്ഞു, സുന്ദര മുഖങ്ങൾ തെളിഞ്ഞു. പക്കാരു ആരോടും കണക്കു പറഞ്ഞില്ല. കൊടുക്കുന്നത് കൈകൂപ്പി വാങ്ങും. അന്തിക്ക് അവയെല്ലാം തൂത്തുപെറുക്കി, ചെട്ടിയാരുടെ പലവഞ്ചന പീടികയിൽ നിന്നും  വീട്ടുസാമാനങ്ങളുമായി മടങ്ങും. കാലം   മുന്നോട്ടുപോകവേ പക്കാരുവിന്റെ ഭാര്യമാർ മാറി മാറി പെറ്റു . കുട്ടികൾ മൂന്നിൽ നിന്നും എട്ടായി. അതിസാരം വന്നും വിഷജ്വരം വന്നും അതിൽ നിന്നും രണ്ടെണ്ണം മാഞ്ഞപ്പോ , ഒരെണ്ണം ചന്തക്കടവിൽ മീൻ പിടിക്കാനിനിറങ്ങി പോയി. തലേക്കൊല്ലം, പുഴയിൽച്ചാടി ചത്ത ചിന്ന കൊണ്ടുപോയതാണെന്നു പറഞ്ഞു, ചിന്നയുടെ പതിവുകാരിൽ ഒന്നാമനായിരുന്നു കേയി.  റേഷൻ കടയിൽ എടുത്തുകൊടുക്കാൻ നിന്ന  കേയിയെ എപ്പോഴും മണ്ണെണ്ണ മണത്തു. മണ്ണെണ്ണയും അരിയും വെച്ചിരുന്ന വലിയ ഷെഡ്‌ഡിലാണ് അയാൾ അന്തി ഉറങ്ങിയിരുന്നത് .. ചാക്കുകൾക്കിടയിൽ മറ്റൊരു ചാക്കുപോലെ കഴിഞ്ഞ അയാളെ എപ്പോഴും മണ്ണെണ്ണ മണത്തു. ഇമ്മാക്കുലേറ്റ് ഹോട്ടലിലിലും പെണ്ണമ്മയുടെ ഓലമേഞ്ഞ പുരയിലും , തിരക്കൊഴിയാൻ അയാൾ എപ്പോഴും കാത്തു നിന്നിരുന്നു. മാസാവസാനം ഉസ്മാൻ സാഹിബ് അയാളുടെ കണക്കു നോക്കി പൈസകൊടുക്കും വരെ, ഹോട്ടലിലെ പറ്റുബുക്കിൽ ഹോട്ടൽ മുതലാളി ജോർജ്കുട്ടി പേന കൊണ്ടും, ചിന്നയുടെ  കരി മെഴുകിയ പാതകത്തിന്റെ വശത്തു നിലത്തു, ദിവസങ്ങളുടെ എണ്ണം കോറിയിട്ടും അയാൾ ജീവിച്ചു. ചിന്ന പുഴയിൽ ചാടിയതിന്റെ കാരണം അയാൾ ആണെന്ന് , അയാൾ  കരുതി. അന്നുവരെ നിശ്ശബ്ദനായിരുന്ന കേയി, കഥകൾ പറഞ്ഞു തുടങ്ങി. ഉസ്മാൻ സാഹിബിന്റെ, കാര്യസ്ഥൻ  കാണാതെ ഇടങ്ങഴി അരി എടുത്തു അവൾക്കു കൊടുക്കാൻ കഴിയാത്തത്തിൽ അയാൾ പരിതപിച്ചു. വിശപ്പാണ് അവളെ പുഴയിൽ എത്തിച്ചതെന്ന് അയാൾ കരുതി. അവളുടെ വിശപ്പ് തീരും വരെ ആരും ചന്തക്കടവിൽ മീൻ പിടിക്കാനിറങ്ങരുതെന്നും , ഇറങ്ങിയാൽ അവൾ കൊണ്ടുപോകും എന്നും അയാൾ പറഞ്ഞു. രാത്രികളിൽ അയാൾ, അകലേക്ക്‌ നടന്നു . ചിലപ്പോഴൊക്കെ തീവണ്ടി ആപ്പീസോളം നടന്നു . പ്ലാറ്റ്‌ഫോമിലെ സിമെന്റ് ബെഞ്ചിൽ ഉറങ്ങി. രാത്രിവണ്ടികൾക്കോ, അപ്പുറത്തെ കുന്നിൻ ചെരുവിലെ കുറുക്കൻ കൂട്ടങ്ങളുടെ ഉറച്ച കൂവലിനോ അയാളുടെ ഉറക്കത്തെ ഭേദിക്കാനയില്ല.  ചിന്നയിൽ നിന്നും എത്ര ദൂരത്തോളം അകാലമോ അത്രയും ദൂരം അയാൾ അഗാധമായ ഉറക്കത്തിലേക്കു വീണു.  പാതിരാകഴിഞ്ഞു മൂന്നാം യാമത്തിൽ , കൂവിയത്തുന്ന  മെയിൽ വണ്ടിയോടൊപ്പം അയാളും ഉണർന്നു. പുഴയിൽ മുങ്ങി നിവർന്നിരുന്ന പതിവ് മാറ്റി,  റോഡരികിലെ ടാപ്പിനു കീഴെ കുനിഞ്ഞിരുന്നു ആയാസപ്പെട്ട് കുളിച്ചു. തിരിച്ചു പടിഞ്ഞാറു നോക്കി നടക്കും  . വെട്ടം വീണു തുടങ്ങുന്നതിന് മുൻപ്  അയാളെത്തുമ്പോൾ ചന്തക്കടവ് അതിന്റെ അവസാന യാമത്തിന്റെ ഉറക്കത്തിലായിരിക്കും. കടവിന്റെ പടിയിൽ അയാൾ നിശബ്ദനായി വെള്ളത്തിലേയ്ക്ക് നോക്കിയിരിക്കും. ചാണകം മെഴുകിയ അടുപ്പ്കല്ലുകൾക്ക് വശത്തു , കമ്പുകൊണ്ട് കോറിയ കണക്കുകൾ വെള്ളത്തിൽ തെളിഞ്ഞു വരും. അരിക്കലത്തിൽ സൂക്ഷിച്ചിരുന്ന ചില്ലറത്തുട്ടുകളെ ഓർക്കും. അവളുടെ മുടിയുടെ, പല മണങ്ങൾ കൂടിക്കുഴഞ്ഞ അവളുടെ വിയർപ്പിന്റെ മണം അയാളുടെ മൂക്കിലേക്ക് പടരും . കേയി ഛർദ്ദിച്ചു. വയറ്റിലെ അവസാന തുള്ളിയും കളയാനെന്നപോലെ അയാൾ ഛർദ്ദിക്കും. പിന്നെ ആശ്വാസത്തിനെന്നോണം കണക്കുകൾ ഓളം വെട്ടുന്ന വെള്ളം , രണ്ടു കയ്യും കൊണ്ട് കോരിയെടുത്തു അയാൾ വാ കഴുകും അങ്ങനെ കണക്കുകൾ വീണ്ടും അയാൾ എല്ലാ ദിവസവും ഒന്നിൽ നിന്നും തുടങ്ങിയിരുന്നു. അപ്പോഴേക്കും കടവിന്റെ മറുതലക്കൽ, ഇമ്മാക്കുലേറ്റ് ഹോട്ടലിന്റെ സമോവറിൽ പത്തുപൈസ നാണയം ശബ്ദിച്ചു തുടങ്ങും. മെല്ലെ , പതിഞ്ഞ താളത്തിൽ തുടങ്ങുന്ന നാണയപ്പെരുക്കം , ഉച്ചത്തിലാകുമ്പോഴേക്കും, കേയി  പഴയ കണക്കുകൾ മായ്ച്ചു കളഞ്ഞു കടവിൽ നിന്നും കയറിഎത്തും. 



മെല്ലെ ചന്തക്കടവ് ഉണർന്നു തുടങ്ങും. ആദ്യമെത്തുന്നത് കോഴികളാണ്. ഉസ്മാൻ സേട്ടിന്റെ അരിഗോഡൗണിനു മുന്നിൽ  ആകും ആദ്യം അനക്കം വെയ്ക്കുക. തലേന്ന് കാക്കകളും പ്രാവിൻകൂട്ടങ്ങളും കൂടണഞ്ഞു കഴിഞ്ഞു അരിയുമായി വന്ന  കാളവണ്ടികൾ അവിടിവിടെ  കിടക്കുന്നുണ്ടാവും, വണ്ടിവലിച്ചു തളർന്ന കാളകൾ  പാണ്ടികശാലയുടെ ചുറ്റുമായി കിടക്കും.   വണ്ടികളുടെ ചുറ്റും കോഴികൾ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികൾ , കാളകളുടെ കഴുത്തിലെ മണി കിലുങ്ങുമ്പോൾ,  ഞെട്ടി പരസ്പ്പരം കൊത്തി . വണ്ടികളുടെ തണ്ടിൽ മയങ്ങുന്ന തമിഴൻ , കോഴികളെ പ്രാകി , ചുമച്ചു തുപ്പി തിരിഞ്ഞു കിടക്കും. ഒരുവേള അയാൾ കാളകളെ കെട്ടിയ ദിക്കിലേയ്ക്ക് അലസമായഒരു നോട്ടം ഏറിയും . കാളകൾ ജന്മാന്തരങ്ങളിലൂടെ ഉള്ള വിശപ്പ് മാറ്റാൻ  എന്നപോലെ  അയവെട്ടിക്കൊണ്ടു കിടക്കുന്നുണ്ടാകും.   അടവച്ചു വിരിഞ്ഞിറങ്ങിയ  കുഞ്ഞുകൾ  മുതൽ പല വലുപ്പത്തിൽ പൂവനും  പിടയുമായി  രാത്രി വന്ന വണ്ടികൾക്ക് ചുറ്റും ചിക്കിപ്പെറുക്കി. മീൻ ചന്തയ്ക്കു പുറകിൽ ചാക്കുകൾ കൊണ്ട് മറച്ച ആനവായൻ കുടിലിൽ  പൊറുതിയായിരുന്ന കൊഴിയുമ്മ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റംലത്തുമ്മയുടെയായിരുന്നു ആ കോഴികൾ. റംലത്തിന്റെ  കോഴികൾ എല്ലായ്പ്പോഴും ചന്തയിൽ കൊത്തിപ്പെറുക്കി നടക്കും.  പുരയ്ക്കു പുറകിൽ നെടുമ്പുര പോലെ കെട്ടി, കാലുകളിൽ ഉയർത്തി നിറുത്തിയ മറ്റൊരു വീടായിരുന്നു അവരുടെ കോഴിക്കൂട്. അന്തിക്ക് കോഴികളെ കോഴിയുമ്മ  പ്രത്യേക ഈണത്തിൽ ബാ ബാ വിളിക്കും. ചന്തക്കടവിലും  , പച്ചക്കറിചന്തയിലും, മീഞ്ചന്തയിലും അലഞ്ഞുതിരിയുന്ന കോഴികൾ , ജന്മാന്തരങ്ങളിലൂടെയുള്ള 'അമ്മ വിളിയെന്നോണം റംലത്തിന്റെ കുടിക്കു മുമ്പിൽ എത്തും. അനുസരണയുള്ള കുട്ടികളെപ്പോലെ അവ, ഉയർത്തി നാട്ടിയ കാലുകളിലെ കൂട്ടിലേക്ക്‌ കയറുകയായി. അപൂർവം ചില കുറമ്പന്മാരേ റംലത് ശാസിക്കും.  പിന്നെ കുട്ടികളോടെന്നെ പോലെ അവരോടു കാര്യങ്ങൾ പറയും. നീ ഇന്ന് മീഞ്ചന്തയിലാരുന്നോ  മുഴുവൻ സമയം ? അതാ ഇത്ര നാറ്റം. നിനക്കിന്നൊന്നും കിട്ടിയില്ലേ ? നാളെ ഞാൻ ചോറ് തരാം .... അങ്ങനെ കുശലം ചോദിച്ചും പറഞ്ഞും ചന്തക്കടവിന്റെ കോഴി സാമ്രാജ്യത്തിന്റെ  കോട്ടയിവാതിൽ അവർ പൂട്ടും. പിറ്റേന്ന് കാലത്തു, കേയിയെ കൂകി ഉണർത്തുന്ന തീവണ്ടി, മൈലുകൾക്കിപ്പുറം റംലത്തിനെയും ഉണർത്തും. പക്ഷെ,  അവർ തീവണ്ടി കണ്ടിട്ടേ ഉണ്ടായിരുന്നില്ല. പാളത്തിൽ കൂടി ഓടുന്ന ഇരുമ്പു പെട്ടികളിലെ , മരപ്പലകകൾ പതിച്ച ബെഞ്ചുകളിൽ ഇരുന്നാണ് യാത്ര എന്ന്  കേൾക്കുമ്പോൾ തന്നെ അവരിൽ , അകാരണമായ  ഒരു ഭയം അരിച്ചു കയറും. തീവണ്ടീപ്പേടി, നാഗൂരാണ്ടവരുടെ ഉറൂസ് കൂടാനുള്ള ആഗ്രഹത്തെ എല്ലാക്കാലത്തേയ്ക്കുമായി വേണ്ടെന്നു വെപ്പിച്ചു. എന്നിട്ടും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മെയിൽ വണ്ടി , പട്ടണത്തിലെ തീവണ്ടിയപ്പസിലെ പ്ലാറ്റ്ഫോമിൽ എത്തുമ്പോൾ  ഇറങ്ങാനുള്ള യാത്രക്കാർക്കും കേയിക്കും ഒപ്പം  മൈലുകള്ക്കിപുറം റംലത്തും ഉറക്കം വിട്ടുണരും. കോഴി സാമ്രാജ്യത്തിന്റെ കോട്ടവാതിൽ തുറന്നു അവർക്കു സ്വാതന്ത്ര്യം കൊടുക്കും. ഇനി വൈകുന്നേരം അശരീരിയായി റംലത്തിന്റെ ബാബാ വിളി കേൾക്കുന്നത് വരെ അവർ സർവ്വതന്ത്രേ സ്വതന്ത്രർ. പോരുന്നയിരിക്കുന്ന ചിലവയൊഴിയ്ച്ചാൽ കൂടു ഏതാണ്ട് ശൂന്യമാകുമ്പോ , റംലത്തു തൊട്ടിപോലുള്ള ഒരു ആയുധവും പേറി കൂടിന്റ ഉള്ളിൽ പരതും . മുട്ടകളെ അവ അർഹിക്കുന്ന സ്നേഹത്തോടെ പെറുക്കി എടുക്കും. ആ സമയത്തു അനാദിയായ ഒരു സന്തോഷം   അവരുടെ ഉള്ളിൽ ഉറ പൊട്ടും. കൊഴിയുമ്മ , വെറും ഉമ്മയാകും . പിറക്കാതെ പോയ മക്കളെ എന്നോണം അവർ മുട്ടകളെ താലോലിക്കും. ഒന്നൊന്നായി , അവ കച്ചിപ്പെട്ടികൾക്കുള്ളിൽ അടുക്കും. ഈ സമയം , കോഴികൾ അവയുടെ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങും. ഇണ ചേർന്നും , പരസ്പരം കൊത്തിയും, പൊന്തപ്പടർപ്പിലെ അനക്കങ്ങളിൽ ഭയന്നും , അവയുടെ കോഴിപ്പട ദിവസത്തെ നേരിടാൻ എന്നോണം നടന്നകലും ..മെല്ലെ അവ ആവാസ വ്യൂഹത്തിൽ അലിഞ്ഞു മറയും. ആരാലും ശ്ര്ദ്ധിക്കാതെ,  ചിക്കിപ്പെറുക്കി , ചന്തക്കടവിന് ചുറ്റും ചാരക്കണ്ണുകളുമായി അവ ഇപ്പോഴും ഉണ്ടായിരുന്നു. അത്ഭുതം എന്ന പോലെ കൊഴിയുമ്മയുടെ ഒരു കോഴിയെ പോലും ആരും ഉപദ്രവിച്ചില്ല. ഒരിക്കൽ മാത്രം, ആറാട്ടുപുഴനിന്നും കയറുമായി വന്ന വെള്ളക്കാരൻ, അരിയിട്ട് കൊടുത്തു റംലത്തിന്റെ ഒരു മുഴുത്ത പൂവനെ വള്ളത്തിൽ കയറ്റി. നിശ്ശബ്ദനായി, തലയില്ലാത്ത പൂവൻ  കുറ്റിയടുപ്പിനു മുകളിലെ ചട്ടിക്കുള്ളിലെ  മസാലയിൽ എഴുനേറ്റു നിന്നുകൂവി.  ഒരു നിമിഷം ചന്തക്കടവിന്റെ ശ്വാസം നിന്നുപോയ പോലെ, ആ കൂവൽ ചുറ്റുപാടും നിരന്നു കിടന്നിരുന്ന വള്ളങ്ങളുടെ കാറ്റുപായകളിൽ തട്ടി, ചാപ്പലിന്റെ ഭിത്തികളിൽ മാറ്റൊലികൊണ്ടു , മീഞ്ചന്തയ്ക്കു പുറകിലെ ആനവായൻ കുടിലിനു മുകളിൽ വട്ടംകറങ്ങി, ഒടുവിൽ മുട്ട വിൽക്കാൻ പോയ റംലത്തിന്റെ പാതി കേൾക്കുന്ന ചെവികളിൽ വിശ്രമിച്ചു. കവടി പിഞ്ഞാണിയിലെ ചൂട് കപ്പയിലേക്ക് കോഴിക്കറി വിളമ്പിയത് മാത്രേ അയാൾക്കോർമ്മയുള്ളൂ.  ഇരുപത്തിയാറു വട്ടം തുന്നലിടാൻ മാത്രം വലിയ വടു സമ്മാനിച്ചാണ് പങ്കായത്തിന്റെ പാത്തി പുളഞ്ഞിറങ്ങിയത്. പിന്നീട് ഒരിക്കലും , ഒരിക്കൽപ്പോലും  ആരും റംലത്തിന്റെ കോഴികളെ തൊടാൻ ധൈര്യം കാണിച്ചിട്ടില്ല.      

     


        

ജെട്ടിയുടെ കാത്തിരുപ്പു കേന്ദ്രത്തിൽ  അങ്ങിങ്ങായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിരുന്നു. അവയിൽ ചില ആടുകൾ വിശ്രമിച്ചു. കപ്പലിന്റെ വീലിനെ അനുസ്മരിപ്പിയ്ക്കുന്ന ,  വാട്ടർ ട്രാൻസ്‌പോർട്കമ്പനിയുടെ  അടയാളം വരച്ചു വെച്ചിരുന്ന  മുറിയിലെ , പ്ലാസ്റ്റിക് വരിഞ്ഞ കസാലയിൽ സ്റ്റേഷൻ മാസ്റ്റർ ആന്റണി ഉറക്കം തൂങ്ങി. കായൽപ്പുറം പള്ളിയിലെ കപ്യാർ ലോനാസിന്റെ മകൻ, ആന്റണി മയക്കം ഞെട്ടി എണീറ്റപ്പോഴെല്ലാം, കൂരയിൽ  കൊളുത്തിയിട്ട   അഹൂജ കമ്പനിയുടെ കോളാമ്പികൾ ബോട്ട് താമസിച്ചെത്തുന്ന വിവരം കരകരത്തു.  അപ്പോഴൊക്കെ ഉറക്കച്ചടവിന്റെ കുറുകലിൽ,  കൂരകളിൽ തമ്പടിച്ചിരുന്ന പ്രാവുകൾ ഒന്നോടെ ചിറക്  നിവർത്തി , വലിയ ഒച്ചയോടെ പറന്നകന്നു. പ്രാക്കൂട്ടത്തിന്റെ ചിറകടിയൊച്ചയിൽ സമയം തെറ്റിയ ബോട്ടുകളുടെ വിവരം കാത്തിരിക്കുന്നവരുടെ ചെവികളിൽ എത്തിയതേ ഇല്ലെങ്കിലും,  ആ ചിറകടിയൊച്ചകൾ ബോട്ടുകൾ താമസിക്കുന്നത്തിന്റെ സൂചനയായി  കാത്തിരിപ്പുകാർ തിരിച്ചറിഞ്ഞിരുന്നു.  പ്രാവുകളും കാത്തിരിപ്പുകാരും സമയം തെറ്റിയ ബോട്ടുകളും  തമ്മിൽ  ത്രികോണമാനവും അതീന്ദ്രിയയുമായ ഒരു ബന്ധം  ചന്തക്കടവിൽ എല്ലായ്പ്പോഴും തെളിഞ്ഞു നിന്നു.