Monday, May 16, 2016

ഡോക്ടര്‍ ഫോസ്റ്റ്സ്സ് അഥവാ ലീല എന്ന സിനിമ

പരിണാമ ഗുപ്തിക്കായി ആത്മാവ് നഷ്ട്ടപ്പെടുത്തിയ ലീലയാണ് രഞ്ചിത്തിന്‍റെ ലീല. ചരിത്ര ബോധം , അടിസ്ഥാനമായ രാഷ്ട്രീയ വീക്ഷണധാര , സാമൂഹിക ജീവി എന്ന നിലയില്‍ വ്യക്തി നേരിടുന്ന പ്രതിസന്ധികള്‍ , ചൂഷണം അടക്കം മുതലാളിത്ത ലോകക്രമത്തില്‍ ഉടലെടുക്കുന്ന സമൂഹ്യ പ്രശ്നങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇങ്ങനെ വിശദമായി എടുത്തു പരിശോധിക്കെണ്ടുന്ന വലിയ ഒരു ക്യാന്‍വാസ് ആണ് ഉണ്ണി.ആര്‍, ലീല എന്ന ചെറു കഥയില്‍ വരച്ചിടുന്നത്. വ്യത്യസ്തമായ ലൈംഗിക വാസനകള്‍, സഹജമായ അടിസ്ഥാന കാമനകള്‍ , മനുഷ്യനെ ജീവശാസ്ത്രപരമായി/ ജൈവികമായി എങ്ങനെ സ്വാധീനിക്കാം, ആ സ്വാധീനത്തിന്റെ അനുരണനങ്ങളോട് വ്യക്തികള്‍ എങ്ങനെ പ്രതികരിക്കുന്നു, അതിന്‍റെ സത്യസന്ധമായ അവസ്ഥാന്തരങ്ങള്‍ എന്തൊക്കെ ആവാം എന്ന ഒരു അന്വേഷണം കൂടിയാണ് ഈ കഥ.
പാത്ര നിര്‍മിതിയിലെ പ്രത്യേകതകള്‍ മൂലം ഉണ്ടാവാമായിരുന്ന ഭാഷാ പരിമിതികളെ, അന്യവല്‍ക്കരണം എന്ന കഥന തന്ത്രം ഉപയോഗിച്ചു മറികടന്ന്കൊണ്ടാണ് ഉണ്ണി കഥ പറഞ്ഞത്. അചേതനമായ വസ്തുക്കള്‍ കഥയില്‍ ഉടനീളം വായനക്കാരനോട് സംവദിക്കുന്നു...കാലപുരുഷന്‍, സാക്ഷി തുടങ്ങി ഒരു പാട് രചനാതന്ത്രങ്ങള്‍ നമ്മള്‍ ഇതിനായി കണ്ടിട്ടുണ്ടെങ്കിലും, ഉത്തരാധുനിക സാഹിത്യത്തില്‍ , കഥ എന്നാല്‍ കൃത്യമായി തുടരുന്ന ഒരു ഒഴുക്കല്ല എന്ന തിരിച്ചറിവ് പുലര്‍ത്തിപോരുന്ന അവസ്ഥയില്‍, പൊതുവേ കാണുന്ന ഒരു അന്യവല്‍ക്കരണ തന്ത്രം ആണ്, കഥാകാരന്‍ തന്നെ ആഖ്യാതാവ് എന്ന നിലയില്‍ കഥയില്‍ കടന്നു വരുന്നത്. ഇതിനോട് ചേര്‍ന്നു, കഥാകേന്ദ്രത്തിനൊപ്പം നടക്കുന്ന ഒരു ഉപകഥാപാത്ര സൃഷ്ടി കൂടി പുതു തലമുറ എഴുത്തുകാര്‍ അവലംബിച്ച് കാണുന്നുണ്ട്. ലീല എന്ന ചെറു കഥയില്‍ ഇങ്ങനെ രൂപപ്പെടുന്ന ഒരു കഥാപാത്രം ആണ് പിള്ളേച്ചന്‍. കഥയെ നയിക്കുന്നത് ഈ കേന്ദ്രകഥാപാത്രം ആണ്. ഉണ്ണിയുടെ ഈ ആഖ്യാന തന്ത്രം, ഭാഷാപരയമായ് ഉണ്ടാവമായിരുന്ന പരിമിതികളെ ഒഴിവാക്കുകയും, നിരവധി അനവധി അചേതന വസ്തുക്കള്‍ക്ക് കഥയില്‍ ഉടനീളം കടന്നു വരാനും പാരിസ്ഥിതിക/സാമൂഹിക/രാഷ്ട്രീയ/ചരിത്ര ഘട്ടങ്ങളെ കുറിച്ച് തികച്ചും നിഷ്പക്ഷമായും, നിര്‍ദോഷമായും (പ്രത്യക്ഷത്തില്‍) ഉള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള അവസരവും ഒരുക്കുന്നു. പശുവിന്‍റെ ചിരിയും, മണലിന്‍റെ ശരീരത്തില്‍ പരകായപ്രവേശം നടത്തിയ ഭാരതപുഴയും , നീറിപ്പടരുന്ന കാപ്പിയുടെ പൂ മണവും, തോണ്ടി വിളിക്കുന്ന കാപ്പി ഇലകളും , ഉഷയുടെ കറുപ്പില്‍ തെളിഞ്ഞു പടരുന്ന ചുവപ്പും, ഗജരൂപത്തിനും അപ്പുറത്തേയ്ക്ക് പടരുന്ന ഭീകര രൂപിയായ ആനച്ചൂരും.. കുട്ടിയപ്പന്‍റെ വണ്ടിയും – വെള്ളം കുടിക്കുന്ന, വഴി കാണിക്കുന്ന, പ്രതിഷേധിക്കുന്ന വണ്ടി – ഇവയെല്ലാം ജീവന്‍ നേടുന്നത് പിള്ളേച്ചന്‍ എന്ന പാത്ര നിര്‍മിതിയിലൂടെയാണ്. ഒരര്‍ത്ഥത്തില്‍ ഈ കഥാപാത്ര സൃഷ്ടി കുട്ടിയപ്പന്‍റെ മറുപിള്ളയാണ് – കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തിന്‍റെ ക്രിയാ/വിക്രിയകളെ, പൊതു സമൂഹത്തിന്‍റെ കാഴ്ചയിലേക്ക്/കാഴ്ചപ്പാടിലേക്ക്‌ പരിവര്‍ത്തിപ്പിച്ചു, അതിന്‍റെ ശരി തെറ്റുകളെ വിലയിരുത്താന്‍ നമ്മെ പര്യപ്തമാക്കുന്ന ഒന്ന്. വേറൊരു കോണില്‍ നിന്നും നോക്കുമ്പോള്‍ ഇതു സമൂഹ മനസാക്ഷി എന്ന എലെമെന്റ് ആണ്. കാലഗണന നടത്താനും , ശരി തെറ്റുകളെ നിര്‍വചിക്കാനും, അതിനെ വിവക്ഷിക്കാനുമായി വളരെ ഭാവനോന്മുഖമായി കുട്ടിയപ്പനില്‍ നിന്നും പൊതു സമൂഹത്തിലേയ്ക്ക് പണിത പാലം. മിത്തോളജിയില്‍ കണ്ടു വരുന്ന ഒരു അംശാവതാര നിര്‍വചനം. ഈ കഥാപാത്ര സങ്കല്പത്തെ മനസിലാക്കുന്നതില്‍ സിനിമ പരാജയപ്പെട്ടു എന്നതാണ് ലീല എന്ന സിനിമയുടെ ആദ്യ പരാജയം എന്ന് ഞാന്‍ കരുതുന്നു. സിനിമയില്‍ ഈ കഥാപാത്രം പൂര്‍ണാവതാരം ആണ്, അങ്ങനെ പാത്രവല്ക്കരിച്ചപ്പോള്‍ നഷടപ്പെട്ടത് , കഥയില്‍ ഉണ്ണി അതിലന്ഖിച്ച ഭാഷാപരിമിതികളാണ് . ഒരു പക്ഷെ, വാക്കുകള്‍ പകരുന്ന ചില മാനങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളവുന്നതിനും അപ്പുറം ആയതാവാം ഇതിനു കാരണം.
മുഴുനീളത്തില്‍ വികസിച്ചു വരുന്ന ഒരു അടിസ്ഥാന രാഷ്ട്രീയധാര കഥയില്‍ കണ്ടെത്താന്‍ കഴിയും. അത് ചെറിയ ചെറിയ ഓര്‍മ്മപ്പെടുത്തലുകളായി , തിരിച്ചറിവുകളായി വായനക്കാരനെ കുത്തി നോവിക്കുന്നുണ്ട്. അതില്‍ ചരിത്രം ഉണ്ട്...ഇന്നിന്‍റെ നേര്‍ കാഴ്ചകള്‍ ഉണ്ട് , നാളെയെ കുറിച്ചുള്ള ആധിയും ഉണ്ട്.... നാം ജീവിക്കുന്ന ചൂഷണാധിഷ്ടിതമായ വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച കഥയില്‍ ഉടനീളം കാണാം...ചൂഷണം ചെയ്യപ്പെടുന്ന അടിസ്ഥാന വര്‍ഗത്തിന്‍റെ നിലവിളി കഥയില്‍ ഉടനീളം മുഴങ്ങി നില്‍ക്കുന്നു. അത് ആദ്യമായി കാപ്പി കുടിക്കുന്ന അടിമകളുടെ കഥയിലൂടെ ആയാലും..ഉഷ എന്ന കറുത്ത സുന്ദരിയുടെ ചുവപ്പിലൂടെ ആയാലും (ആ ചുവപ്പിന്‍റെ രാഷ്ട്രീയ മാനങ്ങള്‍ വളരെ ഏറെ ആണ് താനും) ...തുണിക്കടയില്‍ ജോലി ചെയ്യുന്ന കുട്ടികളെകുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ ആയാലും ...തരിശു കിടക്കുന്ന വയലുകളെ കുറിച്ചുള്ള വളരെ subtle ആയ പരാമര്‍ശത്തിലൂടെ ആയാലും...ജാലകകീറിലൂടെ ലോകത്തെ ഒരു പ്രതീക്ഷ മാത്രമായി ചുരുക്കുന്ന ദൈന്യവാര്‍ധക്യങ്ങളില്‍ കൂടി ആയാലും, വീടിനുള്ളില്‍ പോലും ചൂഷണം നേരിടുന്ന ബാല്യങ്ങള്‍ എന്ന പ്രധാന കഥാതന്തുവില്‍ കൂടിയായാലും എല്ലാം വായനക്കാരനെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു ...നാം കാണുന്ന വലിയ കാഴ്ചകള്‍ക്കിടയില്‍..അല്ലെങ്കില്‍ അതിന്‍റെ അടിയില്‍ ഇങ്ങനെ ഒരു ലോകം ഉണ്ട് ...അവര്‍ക്കും കൂടി ഉള്ളതാണ് ലോകം എന്ന ഓര്‍മ്മപ്പെടുത്തല്‍... ഈ അന്തര്‍ധാര സിനിമയില്‍ പാടെ അപ്രത്യക്ഷമാകുന്നു. പകരം ഇവയെല്ലാം (ചിലത് തീര്‍ത്തും ഒഴിവാക്കപ്പെടുന്നുമുണ്ട്) ആഘോഷങ്ങള്‍ ആവുന്നു... ഈ വേദികളില്‍ ആ നിലവിളികള്‍ പാടെ വിസ്മരിപ്പിക്കപ്പെടുന്നു..അങ്ങനെ കഥയുടെ ആത്മാവ് എവിടെയോ കൈമോശം വരുന്നു.
ഇതിന്‍റെ തുടച്ചയായി തന്നെ വായിക്കപ്പെടെണ്ട ചില തുടര്‍ വായനകളും കഥ മുന്നോട്ടു വയ്ക്കുന്നുണ്ട്‌. അത് പ്രക്രുതിചൂഷനത്തിന്റെ രാഷ്ട്രീയം ആണ്. ചൂടിനൊപ്പം മലമുകളിലേയ്ക്ക് ചേക്കേറിയ കുയിലുകളും, തരിശു കിടക്കുന്ന നിലങ്ങള്‍ക്കും ഒപ്പം, ആനയും – ഒരു ബിംബം എന്ന നിലയില്‍ തന്നെ – ചൂഷണത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യന്‍ എന്ന ദുര്‍ബല സഹജീവിയെയും അതിനെക്കാള്‍ ദുര്‍ബലമായ പ്രകൃതിയെയും പരിസ്ഥിതിയേയും ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയെ ഉണ്ണി കഥയില്‍ വരച്ചിടുന്നു എങ്കില്‍ സിനിമയില്‍ അങ്ങനെ ഒരു ചിന്താധാര കടന്നു വരുന്നു കൂടിഇല്ല.
മേല്‍ പറഞ്ഞ രണ്ടു ഘടകങ്ങളോടും കൂട്ടിചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു രാഷ്ട്രീയ മാനം കൂടി കഥയില്‍ കടന്നു വരുന്നു. ഈ സാമൂഹ്യ വ്യവസ്ഥയ്ക്ക് ഒരു ബദല്‍ ആകാമായിരുന്ന കമ്മ്യൂണിസ്റ്റ്‌ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥയെ, തൊട്ട് തലോടി , പറയാതെ പറഞ്ഞു പോകുന്നു ലീല എന്ന കഥ. പാര്‍ട്ടി ഓഫീസിലേയ്ക്കോ ഷാപ്പിലേയ്ക്കോ മാത്രമേ പോകൂ എന്ന് ഉറപ്പായി പ്രവചിക്കാവുന്ന കര്‍ഷക തൊഴിലാളിയുടെ ജീവിത അവസ്ഥയും , തരിശു കിടക്കുന്ന നെല്‍പ്പാടങ്ങളുടെ കരയില്‍ കുടില്‍ കെട്ടി ജീവിക്കുന്ന അവന്‍റെ കുടുംബത്തിന്റെ അവസ്ഥയും , കുടുംബം പോറ്റാന്‍ വേശ്യാവൃത്തിക്കിറങ്ങേണ്ടി വന്ന പിന്നോക്ക സ്ത്രീയുടെ സാമൂഹ്യ സാഹചര്യങ്ങളേയും കഥയില്‍ നമുക്കു പിന്തുടരനാവും. എന്നോ ഒരിക്കല്‍ രക്ഷാ മാര്‍ഗ്ഗം എന്ന് കരുതിയ കൊടിയുടെ ഇന്നത്തെ അവസ്ഥയുടെ പ്രതിബിംബം പോലെ, നിറം മങ്ങിയ ചുവന്ന തുണി കാക്കയെ ഓടിക്കാന്‍ വെച്ചിരിക്കുന്നു. ഈ രാഷ്ട്രീയ/സാമൂഹിക അവസ്ഥകളുടെ ഉപോല്‍പ്പന്ന സംസ്കാരത്തിന്‍റെ ഉല്പന്നമാണ് കൂട്ടികൊടുപ്പുകാരും ദല്ലാളന്‍മാരും. കഥയില്‍ ദാസപ്പാപ്പി പ്രതിനിധീകരിക്കുന്നതും അത് തന്നെ. അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാന്‍ മടിയില്ലാത്ത കൂട്ടികൊടുപ്പുകാരന്‍. സിനിമയില്‍ എത്തുമ്പോള്‍ ഈ കഥാപാത്രത്തിന്‍റെ ഉള്ളിലെ ധാര്‍മിക ബോധത്തെ വരച്ചു കാട്ടി, മദ്യത്തെ ചാരി കുറ്റബോധം മറികടക്കുന്ന മനുഷ്യസ്നേഹിയുടെ മാനം കൂടി നല്കിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, കഥയിലെ ഈ കഥാപാത്രത്തിന്‍റെ സത്വബോധ നിര്‍മിതിയെ നേര്‍പ്പിക്കുന്ന ഘടകങ്ങള്‍ ഈ സിനിമ അവലംബിക്കുകയും അത് കൊണ്ട് തന്നെ അതിന്‍റെ ആത്മാവ് നഷ്ടപ്പെടുകയും ചെയ്യുന്നു.
കഥയില്‍ നിന്നും ലീല എന്ന സിനിമയിലേയ്ക്ക് എത്തുമ്പോള്‍ നഷടപ്പെട്ട മറ്റൊരു പ്രധാന ഘടകമാണ് ചരിത്രം. സ്വാതന്ത്ര്യാനന്തര സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥ സാധാരണക്കാരനെ എവിടെ നിന്നും എവിടേയ്ക്ക് എത്തിച്ചിരിക്കുന്നു എന്ന ഒരു ചിന്ത കഥയില്‍ ഉടനീളം വായിച്ചെടുക്കാവുന്നതാണ്. കേരള സമൂഹത്തില്‍ ഇടതു രാഷ്ട്രീയത്തിനുണ്ടായിരുന്ന സ്വീകാര്യതയും, നക്സല്‍ പ്രസ്ഥാനങ്ങള്‍ പോലും സാധാരണക്കാരേ എങ്ങനെ സ്വാധീനിച്ചിരുന്നു എന്നും, അവയുടെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഇന്നത്തെ മാനസിക സാമൂഹ്യ അവസ്ഥയും ചാറ്റര്‍ജി മുഖര്‍ജി എന്ന കഥാ പാത്രത്തിലൂടെ കഥ നമ്മോടു സംവദിക്കുന്നു. കമ്പോളവലക്കരിക്കപ്പെട്ട ഒരു ആഗോള മുതലാളിത്ത സമൂഹത്തില്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട കമ്മ്യുണിസ്റ്റ് രാജ്യങ്ങളുടെയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഗത്യന്തരമില്ലായ്മ കൂടി കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ക്രിയാത്മകമായി എന്തോക്കെ ചെയ്യാന്‍ ആവുമായിരുന്നു എന്നും സമൂഹത്തെ നയിക്കുന്നതില്‍ അവര്‍ അവലംബിച്ച മുന്‍ മാതൃകകള്‍ അനുയോജ്യമോ എന്ന തേടലും കഥയില്‍ വായിച്ചെടുക്കാം . ഇവിടെ എവിടെയാ വിയറ്റ്നാംകാര്. ഇവിടെ മുഴുവന്‍ ചീന റഷ്യ ഭായ് ഭായ് അല്ലെ എന്ന് കുട്ടിയപ്പന്‍ ചോദിക്കുന്നത് അതു കൊണ്ട് തന്നെ ആണ്. നഷ്ടപ്പെടുന്ന സ്വന്തം സംസ്കാരത്തിന്‍റെയും അതിന്‍റെ ബിംബ/ചിന്ഹങ്ങള്‍ വിസ്മ്രിതിയിലേയ്ക്ക് വഴുതി വീഴുമ്പോള്‍ ഉണ്ടാകാവുന്ന നീറ്റലും കൂടി കഥ നമ്മോടു സംവദിപ്പിക്കുന്നു. കവളങ്കാളിയും മഴക്കൊച്ചയും ഒക്കെ കഥയില്‍ അങ്ങനെ കടന്നുവരുന്നു എങ്കിലും, അവെയെല്ലാം തങ്ങളുടെ ചെറിയ പരാമര്‍ശങ്ങളിലൂടെ അസാമാന്യമായി വലിയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു കടന്നു പോകുന്നു. മഴക്കൊച്ച എന്ന ചെറിയ ഇമേജ് കൊണ്ട് കഥയില്‍ സൃഷ്ടിക്കപ്പെടുന്ന മുഴക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാക്കാവുന്നതാണ്. മഴക്കൊച്ചയുടെ ഒടിമറയലില്‍ നിന്നും വിയറ്റ്നാം യുദ്ധത്തിലേയ്ക്കും , ലോക മുതലാളിത്തത്തിന്‍റെ അപോസ്തലന്‍മാരായ അമേരിക്കയ്ക്ക് നേരിട്ട നാണംകെട്ട പരാജയത്തിലേയ്ക്കും , കഥ നമ്മെ അനായാസം കൂട്ടി കൊണ്ടുപോവുന്നു. ഇതിന്‍റെ മറുപുറം മുന്‍പേ പറഞ്ഞു വെച്ചിരിക്കുന്നു. നമ്മള്‍ കമ്മ്യൂണിസം നടപ്പില്‍ വരുത്താന്‍ അവലംബിച്ച മുന്‍ മാതൃകകളായ റഷ്യയും ചൈനയും പ്രായോഗിക തലത്തില്‍ നമുക്കു അനുയോജ്യമല്ലായിരുന്നു അല്ലായിരുന്നു എന്നും , പകരം സ്വന്തം സ്വതത്തില്‍ അധിഷ്ടിതമായ സോഷ്യലിസ്ടിക് ചിന്താപദ്ധതി ആയിരുന്നു വേണ്ടിയിരുന്നത് എന്നും ധ്വനിപ്പിക്കുന്നു കഥ... ഒരു സമൂഹം എന്ന നിലയില്‍ നമുക്കു തെറ്റി പോയി എന്ന വലിയ കാര്യം ഉണ്ണി നമ്മെ ധരിപ്പിക്കുന്നു കഥയിലൂടെ. അസാമാന്യമായ ഈ ക്രാഫ്റ്റ് സിനിമയില്‍ എത്തുമ്പോഴേക്കും പൂര്‍ണമായും നഷടപ്പെട്ടിരിക്കുന്നു. സിനിമയില്‍, രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വെറും ഉപരിപ്ലവമായ ആനുകാലിക വിഷയങ്ങളെ പ്രതിഭലിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. സിനിമ പൂര്‍ണമായും നായകസങ്കല്പത്തിന്‍റെ കെട്ടുപാടില്‍ നില്‍ക്കുന്നതിനാല്‍ , ഈ പാത്രസൃഷ്ടിയില്‍ അടിസ്ഥാനമായി അവലംബിക്കുന്ന വിലകുറഞ്ഞ ഹാസ്യത്തെ ദ്യോതിപ്പിക്കാന്‍ ഉതകുന്ന രാഷ്ട്രീയ വിഷയങ്ങള്‍ (പരാമര്‍ശങ്ങള്‍) മാത്രമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെ കഥയുടെ മൊത്തത്തിലുള്ള സാമൂഹ്യ കെട്ടുപാടിനെ, അതില്‍ നിന്നും അടര്‍ത്തി, ഹാസ്യം എന്ന ഏക ജാലകത്തിലൂടെ മാത്രം കഥയെ നയിച്ചു എന്നതാണ് ലീല എന്ന സിനിമയുടെ രണ്ടാമത്തെ വലിയ പരിമിതി.
ലീല എന്ന കഥ ആത്യന്തികമായി കുട്ടിയപ്പന്റെ കഥയായി ആണ് വായിക്കപ്പെടുക. ഒരു പടി കൂടി മുന്നോട്ടു പോയാല്‍ , ഒരു സ്വതന്ത്ര സമൂഹത്തില്‍ ഒരു സ്വതന്ത്രനായ പുരുഷന്‍ അവന്‍റെ ലൈംഗികത തേടുകയാണ്. (ഈ ലൈംഗികത അയാളില്‍ ഉടലെടുക്കുന്ന വശങ്ങള്‍ , അതിന്‍റെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍, എന്നിവ തത്കാലം മാറ്റി വെയ്ക്കാം). മറ്റെല്ലാതിനുമുപരി അയാള്‍ തന്‍റെ ലൈംഗികതയെ സത്യസന്ധമായി സമീപിക്കുകയും അതിനു വേണ്ടിയുള്ള പരിശ്രമത്തില്‍ അയാള്‍ മറ്റെന്തിനേക്കാളും അതിനോട് അര്‍പ്പണബുദ്ധി കാണിക്കുകയും ചെയ്യുന്നുമുണ്ട്. അതായത്, ലൈംഗികത തുറന്നു പറയുന്ന, വിവാഹം ഉള്‍പ്പെടെ, നിയതമായ വഴികളിലൂടെ സഹജമായ ആസക്തികളെ പിന്തുടരുന്നവനുമായ ഒരു വ്യക്തിയെ സമൂഹം എങ്ങനെ നോക്കി കാണുന്നു എന്നതും അയാളുടെ മാനസിക വ്യാപാരങ്ങള്‍ എങ്ങനെ ആയിരിക്കാം എന്നതും ആണ് ലീല എന്ന കഥയിലെ പ്രധാന കഥാ ബീജം. കഥ വായിക്കുന്ന ഏതൊരു വ്യക്തിക്കും ഇതു ഉള്‍ക്കൊള്ളാനും കഴിയുന്നു എന്നതാണ് ലീല എന്ന കഥയെ മലയാള കഥാസാഹിത്യത്തില്‍ ലബ്ദപ്രതിഷ്ഠമാക്കുന്നത് . ഈ സത്യസന്ധമായ അന്വേഷണങ്ങളെ സിനിമ മറച്ചു പിടിക്കുന്നു.
ഒരു ഉദാഹരണം എടുത്തു പരിശോധിക്കാം, ഒരു മനുഷ്യന്‍ വിശന്നു വലഞ്ഞു നടക്കുന്നു എന്ന് കരുതുക. അയാള്‍ വീടുകളില്‍ നിന്നും വീടുകളിലേയ്ക്ക് തന്‍റെ നടപ്പു തുടരുന്നു. ലക്ഷ്യം ആഹാരം തന്നെ ആണ്, പക്ഷെ സാമൂഹ്യമായ ചുറ്റുപാടുകള്‍ അയാളെ അത് തുറന്ന് ചോദിക്കുന്നതില്‍ നിന്നും വിലക്കുന്നു. ഒടുവില്‍ വിശന്നു താഴെ വീഴുന്ന അവസരത്തില്‍ തന്‍റെ ആവശ്യം മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നു. പക്ഷെ ആ സമയം ആഹാരം എന്ന ആവശ്യം അയാള്‍ക്ക്‌ ഏതാണ്ട് അപ്രസക്തമാവുകയും , മറ്റു ചില ഘടകങ്ങള്‍ കൂടിചേര്‍ന്ന കുറച്ചുകൂടി സങ്കീര്‍ണമായ പുതിയ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതായത് അയാളുടെ ദൈന്യത എന്ന അവസ്ഥയെ ഒരു തലത്തില്‍ നിന്നും അടുത്ത തലത്തിലേയ്ക്ക് നയിക്കുന്നു . ഇതു ഒരു മെലോഡ്രാമയാണ്. ദൈന്യത്തെ അതിനാടകീയത അണിയിച്ചു, പ്രേക്ഷകന്‍റെ ആകാംഷ അവസാന അങ്കം വരെയും കാത്തുവയ്ക്കുന്ന ഒരു പഴകിയ നാടകസങ്കേതം. നടേ പറഞ്ഞ കഥയില്‍ വിശപ്പിനെ, ലൈംഗികത എന്ന വാക്കുമായി വെച്ച് മാറിയാല്‍ , ഏതാണ്ട് ലീല എന്ന സിനിമയായി. ഉത്തരാധുനിക കഥയുടെ ക്രാഫ്റ്റില്‍ പരിണാമഗുപ്തി എന്ന സങ്കല്പമോ, രേഖീയമായ അല്ലെങ്കില്‍ ഏകതാനമായ ഒഴുക്കാവണം കഥ എന്ന നിര്‍ബന്ധം പോലുമോ ഇല്ല. ഈ നിര്‍ബന്ധബുദ്ധി ഇല്ലാതെ കഥ പറഞ്ഞ, ക്രാഫ്റ്റ് ആണ് ലീല എന്ന കഥയുടെ ഏറ്റവും വലിയ മികവ്. സത്യസന്ധമായ അന്വേഷണം..അത് ദൈന്യത ഉളവാക്കുന്നില്ല അതുപോലെ ആകാംഷ നിറയ്ക്കുന്നുമില്ല. അത് തേടല്‍ ആണ്. സഹജമായ വാസനയെ അതിന്‍റെ പൂര്‍ത്തീകരണത്തിനായി തുറന്നു വിടുന്നു. അതിനോടുള്ള സമൂഹത്തിന്‍റെ പ്രതികരണങ്ങള്‍ ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്.
കുട്ടിയപ്പന്‍ എന്ന കഥാപാത്രം കേരള ആണ്‍ സമൂഹത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന ഒരു അന്വേഷണം കൂടി വളരെ പ്രസക്തമാണ് എന്ന് ഞാന്‍ കരുതുന്നു. കഥയിലെ കുട്ടിയപ്പന്‍ fetishism ത്തിന്‍റെ അതി ലോലവും അതേ സമയം സങ്കീര്‍ണവുമായ തലങ്ങളെ നമുക്കു മുമ്പില്‍ വരച്ചിടുന്ന അനിതരസാധാരണമായ ഒരു കഥാപാത്രം ആണ്. Sadism ത്തില്‍ തുടങ്ങി Dacrylagnia, Autassassinophilia തുടങ്ങിയ സങ്കീര്‍ണമായ മനോനിലകളിലൂടെ കടന്നുപോകുന്ന ഒരു Paraphiliac കഥാപാത്രം. മലയാളക്ലാസ്സിക് കഥാകാരന്മാര്‍ ഏറെക്കുറെ സമീപിക്കാത്ത ഒരു വിഷയം ആണ് ഭിന്നലൈംഗികത (ഒരു പരിധി വരെ പുനത്തില്‍ കുഞ്ഞബ്ദുള്ളയും , മാധവിക്കുട്ടിയും ഈ വിഷയത്തെ അഭിമുഖീകരിച്ചിരുന്നുവെങ്കിലും , ആ കാലഘട്ടത്തില്‍ നില നിന്നിരുന്ന സാമൂഹ്യ/സാംസ്കാരിക നിയമങ്ങള്‍, കൂടുതല്‍ തുറന്ന് എഴുതുന്നതില്‍ നിന്നും അവരെ അകറ്റി നിരത്തിയിരുന്നു എന്ന് വിസ്മരിക്കുന്നില്ല) എങ്കില്‍ പുതു തലമുറയിലെ എഴുത്തുകാര്‍ ഭിന്നലൈംഗികതയെയും, അതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളെയും വളരെ തുറന്ന് തന്നെ സമീപിക്കുന്നു. ഈ തുറന്ന സമീപനത്തില്‍ ആണ്‍ പെണ് ഭേദം ഇല്ല എന്നതും ശ്രദ്ധേയം ആണ്. പക്ഷെ അവരാരും തന്നെ കുട്ടിയപ്പനെ പോലെ ഇത്ര സങ്കീര്‍ണമായ ഒരു കഥാപാത്ര സൃഷ്ടി നടത്തിയതായി എന്‍റെ വായനയില്‍ പതിഞ്ഞിട്ടില്ല. പ്രമോദ് രാമന്‍റെ കഥകളില്‍ ഭിന്നലൈംഗികത അതിന്‍റെ സാമാന്യമായ അര്‍ദ്ധങ്ങളില്‍ കടന്നു വരുന്നു എങ്കിലും, ഒരു കഥാപാത്രവും ഇത്രയേറെ സങ്കീര്‍ണമായ വ്യക്തിത്വം കാഴ്ചവെയ്ക്കുന്നില്ല.. Transvestic fetishism (നപുംസകരുടെ പത്ത് അടവുകള്‍ ),Raptophilia (അപസ്മാരകം), തുടങ്ങി മറ്റുള്ള courtship disorder കള്‍ വരെ പ്രമോദിന്‍റെ കഥകളില്‍ ചര്‍ച്ച ചെയപ്പടുന്നുമുണ്ട് . പക്ഷെ പ്രമോദിന്‍റെ തന്നെ പ്രതിശീര്‍ഷഭോഗം എന്ന കഥയില്‍ പ്രത്യക്ഷപ്പെടുന്ന പ്രൊഫസര്‍ അവിരാ മാക്കന്‍ എന്ന കഥാപാത്രം മാത്രം ആണ് എന്‍റെ വായനയില്‍ പതിഞ്ഞ കുറച്ചെങ്കിലും സാമാന്യതകള്‍ കണ്ടെത്താവുന്ന മറ്റൊരു Paraphiliac.

ഇനി ഇതാണോ കേരള ആണ്‍ സമൂഹത്തിന്‍റെ പ്രതിനിധി എന്ന ചോദ്യം. തികച്ചും വ്യക്ത്യാധിഷ്ടിധം ആയ ഒരു സംഗതിയോ/ പ്രശ്നമോ ആണ് സ്വന്തം ലൈംഗികത. അതിന്‍റെ പൂര്‍ത്തീകരണത്തിനായി, നിയമ വിരുദ്ധ/ക്രിമിനല്‍ തലങ്ങളിലേയ്ക്ക് വ്യക്തി തുനിഞ്ഞിറങ്ങാത്തിടത്തോളം , സമൂഹം അറിയുകയോ വിധിക്കുകയോ ചെയ്യേണ്ടുന്ന ഒരു ഘടകമേ അല്ല ഇത്. പക്ഷെ നിയമ വിരുദ്ധവും, കുറ്റകരവുമായ അവസ്ഥകളിലേയ്ക്ക് നയിക്കാവുന്ന ഒരു അടിസ്ഥാനപ്രശ്നം ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന വസ്തുതയും വളരെ പ്രസക്ത്മാണ്. അടിസ്ഥാനപരമായി ചികിത്സ അര്‍ഹിക്കുന്ന ഒരു “ക്ലിനിക്കല്‍” പ്രശ്നം എന്ന നിലയില്‍ തന്നെ ഇതിനോട് സമീപിക്കുകയാണ് വേണ്ടത് . ഇതിനെ സമൂഹത്തിന്‍റെ പൊതു സ്വഭാവം അല്ലെങ്കില്‍ അതിന്‍റെ ട്രെയിറ്റ് ആയി കാണാണമെങ്കില്‍ അതിനു ഉപോത്ബലകമായ കണക്കുകള്‍ വേണ്ടതുണ്ട് . കേരളീയ ഗ്രമാന്തരങ്ങളില്‍ ഇത്തരം കഥകള്‍ ധാരാളം ആയി നമ്മള്‍ കേള്‍ക്കാറുണ്ട്എങ്കിലും, “സെക്ഷ്വലി പെര്‍വെര്‍ട്ടട്” എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ, ഫെറ്റിഷിസം പ്രകടിപ്പിക്കുന്ന വ്യക്തികളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല, അതിനുപുപരി സാമൂഹ്യമായി നിര്‍ദോഷമായ ചില ഫെടിഷിസം വെച്ച് പുലര്‍ത്തുന്ന വ്യക്തികളെ ഈ കണക്കുകള്‍ക്ക്‌ പുറത്തു നിര്‍ത്തേണ്ടിയും വരും. ഇതിനെ ഒരു സാമൂഹ്യ പ്രശ്നം എന്ന നിലയില്‍ കാണണം എങ്കില്‍, മലയാളിസമൂഹത്തില്‍ ചുരുങ്ങിയത് ഒന്നോ രണ്ടോ ശതമാനം പുരുഷന്മാര്‍ എങ്കിലും കുട്ടിയപ്പനെ പോലെ ഭാവനാലോകത്ത് തന്‍റെ ലൈംഗികതയെ വിചിത്രവും അപകടകരവുമായ രീതിയില്‍ തേടുന്നവര്‍ ആയിരിക്കണം. അങ്ങനെ ഒരു തീര്‍ച്ചപ്പെടുത്തലില്‍ എത്താന്‍ ആവശ്യമായ വിവരം ഇനിയും നമ്മുടെ പക്കല്‍ ഇല്ലാത്തിടത്തോളം, കുട്ടിയപ്പനില്‍ മലയാളി പുരുഷസത്വത്തെ ആരോപിക്കുന്നതില്‍ വലിയ പ്രസക്തി ഇല്ല എന്നാണ് എന്‍റെ നിരീക്ഷണം.
വേറൊരു കോണില്‍ നിന്നും നോക്കുമ്പോള്‍, ലൈംഗികതയെ സംബന്ധിച്ച് മലയാളി സമൂഹം ഇപ്പോഴും അടഞ്ഞ നിലപാട് തുടരുന്നതിനു പിന്നില്‍ ഒരു പാട് ഘടകങ്ങള്‍ ഉള്ളതായി കാണാം. കുടുംബം എന്ന മൈക്രോ പോളിടിക്കല്‍ സ്ഥാപനത്തില്‍ ഊന്നിയ ഈ സാമൂഹിക ജീവിതക്രമത്തില്‍ വിവാഹത്തെ ഒരു ഉടമ്പടി എന്നതിനപ്പുറം നോക്കികാണുന്ന കാഴ്ചപ്പാടുകളുടെ പ്രശ്നങ്ങള്‍, പൊരുത്തപ്പെടുക എന്ന അടിസ്ഥാന ശിക്ഷണം മൂലം മൂടി വെയ്ക്കാന്‍ നിര്‍ബന്ധിതമായി തീരുന്ന പൊരുത്തക്കേടുകള്‍, വിവാഹമോചനത്തില്‍ അടങ്ങിയ സാമൂഹ്യ അവമതിപ്പും സാമ്പത്തിക ഘടകങ്ങളും തുടങ്ങി വേറിട്ട ഘടകങ്ങള്‍, സ്വന്തം ലൈംഗികതയെ തുറന്ന് പറയുന്നതില്‍ നിന്നും ഒരു വ്യക്തിയെ ഇപ്പോഴും അകറ്റി നിര്‍ത്തുന്നു. ഇത് കൊണ്ട് തന്നെ സ്വന്തം ലൈംഗികത ഇപ്പോഴും ശരാശരി മലയാളിക്ക് “ബ്ലാക്ക് ബോക്സ്‌” ആണ്. ഈ മുരടിപ്പ് മറികടക്കാന്‍ അവന്‍ പലപ്പോഴും ഭാവനയെ കൂട്ട് പിടിക്കുന്നു എന്നു നമ്മുടെ ഡോക്ടര്‍മാര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട് . ഈ ഭാവനയെ ഫെടിഷിസം തുടങ്ങിയ ക്ലിനിക്കല്‍ പ്രശ്നങ്ങളായി കൂട്ടിക്കിഴിക്കുന്നതോ അല്ലെങ്കില്‍ തെറ്റിധരിക്കുന്നത് മൂലമാണ്, മലയാളി ആണ്‍ സമൂഹത്തിന്‍റെ പ്രതിനിധി എന്ന നിലയില്‍ കുട്ടിയപ്പന്‍ നിരൂപിക്കപ്പെട്ടത്‌ എന്ന് കരുതേണ്ടിയിരിക്കുന്നു.
വീടിനുള്ളില്‍ ചൂഷണം നേരിടേണ്ടി വരുന്ന കുട്ടികള്‍ എന്ന ഘടകം സിനിമയില്‍ അടിവരഇട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. കഥയില്‍ ഈ വിഷയത്തിന് കൊടുക്കുന്ന പ്രധാന്യത്തെക്കാള്‍ സിനിമ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് മെലോഡ്രാമയ്ക്ക് കൊടുത്ത അമിത പ്രാധാന്യം മുന്‍നിര്‍ത്തി ആണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. എങ്കിലും ഇതിലൂടെ മറ്റൊരു തരം ചൂഷണത്തെയും മറ്റൊരു തരം മാനസിക വയ്കല്യത്തെയും കൂടി വരച്ചു കാട്ടിയിരിക്കുന്നു കഥയും സിനിമയും.
അഭിനേതാക്കളുടെ സ്വന്തം മാനറിസം കൊണ്ട് തന്നെ സിനിമ പുതുമ ഇല്ലാത്ത എന്തോ ചില ഭാവാഭിനയ കോലാഹലമായി മാറിയിരിക്കുന്നു ലീലയില്‍. എം.ജി.ആര്‍ അഭിനയിച്ചാല്‍ എഴൈ തോഴന്‍ ..എം.എന്‍. നമ്പ്യാര്‍ അഭിനയിച്ചാല്‍ ചൂഷണം , ബലാല്‍ക്കാരം എന്ന പഴയകാല തമിഴ്സിനിമാ ട്രാക്കുകള്‍ പോലെ ബിജു മേനോനില്‍ നിന്നും നായകഹാസ്യം, വിജയ രാഘവനില്‍ നിന്നും സൈഡ് റോളിന്‍റെ ഹാസ്യം.. ഇന്ദ്രന്‍സില്‍ നിന്നും സാദാ ഹാസ്യം എന്ന മട്ടിലാണ് സിനിമ പോകുന്നത്. ദൈന്യം എന്നാല്‍ പനി കഴിഞ്ഞ് എഴുനേറ്റ അവശതയാണ് എന്ന് തെറ്റിധരിച്ച നായിക, ഇങ്ങനെ പാടേ പാളിയ കാസ്റ്റിങ്ങും കൂടി ആയപ്പോള്‍ ലീല പ്രതീക്ഷകളെ തെറ്റിച്ചുകളഞ്ഞ സിനിമ എന്നതിനപ്പുറം ഒരു ദുരന്തം കൂടി ആയി മാറി. കുട്ടിയപ്പന്‍ എന്ന സാധാരണ മനുഷ്യനില്‍ നിന്നും ഒരു കുട്ടിയപ്പന്‍ എന്ന കോമാളിയിലേക്കുള്ള യാത്രയാണ് ലീല എന്ന സിനിമ. ഒരു വരിയില്‍ ചുരുക്കിയാല്‍ ഇതാണ് കഥയില്‍ നിന്നും തിരക്കഥയില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന മെറ്റാമോര്‍ഫോസിസ്..
രാജേഷ്‌ പത്തില്‍