Wednesday, October 5, 2022

 ചരമവാർഷികം


അമ്പലമുറ്റത്തെ ആൽത്തറയിൽ 
കുടിയിരുത്തിയ മൂർത്തിയെ പോലെയാണ് ഓർമകൾ ....
പടർന്നുണങ്ങിയ ഗുരുതിചോപ്പും 
വിളറിയ സ്വപ്നം പോലെ,  
മഞ്ഞളും ,ചന്ദനവും ,കരിയും  പേറുന്ന  കരിഞ്ഞ ഇലച്ചീന്തുകളും  
കാക്കപ്പാതിയായ മാങ്ങയും  ....
അടർന്ന ഇലകളും .. കാട്ടു കളകളും ...
ഉണങ്ങി അമർന്ന ചുള്ളിക്കാലുകളും , 
ഇരുട്ടും.....
കൂനകൂടി, 
മൂർത്തിക്കു ശാസ്വം മുട്ടി തുടങ്ങും .... 


പിന്നെ ഒരുദിനം പൂജാരി വരും ..
കാടും കരിയിലയും കാക്കപ്പാതികളും നീക്കും ...
ചുറ്റും എണ്ണ കുടിച്ച തടിയൻ തിരികൾ നിറഞ്ഞു കത്തും ..
കുരുത്തോലയും നിറങ്ങളും തിളങ്ങും  
നറുചന്ദനവും പൂവും മണക്കും ..
പിടഞ്ഞുണർന്ന മൂർത്തി ...കണ്ണു തുറക്കും ...
ദീർഘമായി ശ്വാസം എടുക്കും ....
കഴിഞ്ഞ കാലത്തിന്റെ ശ്വാസം ....
വരാനുള്ള കാലത്തിന്റ  ശ്വാസം ..
കഴിഞ്ഞ പോയ മറവികളെക്കാൾ ...
വരാനുള്ള മറവികളെ ഓർത്തു ... മൂർത്തി നീറും ....
കിണ്ടി വാലിൽ നിന്നും പകർന്നൊഴുകുന്ന  തീർത്ഥത്തിൽ 
മൂർത്തിയുടെ കണ്ണീർ കലരും .... 
പിന്നെ 
ആളും വെളിച്ചവും ഒഴിഞ്ഞ് ....ഇരുട്ട് പടരും ...
നിറഞ്ഞു കത്തിയ തടിയൻ നിലവിളക്കുകൾ ...
നിലവറകളിലേയ്ക്ക്  തിരികെ പോയിരിക്കും   ...
മറവിയെ പേടിച്ച മൂർത്തി ...
എന്നും അന്തിത്തിരി കൊളുത്തുന്ന, 
ഒരു  കൊച്ചു കുട്ടിയെ സ്വപ്‌നം കണ്ട്  ...
മയങ്ങി തുടങ്ങും ...


അപ്പോഴെല്ലാം .....
അതേ  അരയാൽ .. മൂർത്തിക്കു മുകളിൽ ...
മഴയോടും കാറ്റോടും വെയിലോടും ഏറ്റ് ...
കാവൽദൈവമായി പടർന്നു നിൽക്കുന്നുണ്ടാവും 
തളിരിലകൾ പൊഴിച്ച് , അത് ...
കൊച്ചു മൂർത്തിയെ 
ചേർത്ത് പിടിക്കും ....
ചില്ലകളിലൂടെ,  ആർദ്രമായ താരാട്ടു മൂളി ....
മറവികളുടെ കോട്ടകൾക്കു മേൽ 
നനുത്ത സ്വാന്തനമായി ...
ഒരു മഞ്ഞുതുള്ളിയായി....
മൂർത്തിയുടെ നെറ്റിയിൽ തഴുകും  

പിന്നെ ....
എല്ലാക്കാലത്തേയ്ക്കുമായ് ....
അവൻ അവളെ ചേർത്ത് പിടിക്കും ....
അങ്ങനെയാണ് ആൽത്തറ കാവുകളിൽ ....
ഇപ്പോഴും ജീവൻ മിടിക്കുന്നത് ....

Wednesday, August 10, 2022

നീണ്ടു നിവർന്ന ഒരു നാട്ടിടവഴി പോലെ  ഓർമ്മകളിൽ നിന്നും മറവിയിലേക്കും ..തിരിച്ചും . രതിയുടെ ഒടുവിലെ നീണ്ട നിശ്വാസം പോലെ .. ഞാൻ  നേർത്തു വരുന്ന നേരത്തെല്ലാം തൂങ്ങിച്ചത്ത കുട്ടിമാളുവും , അകമേ ഭ്രാന്തിന്റെയും , പുറമെ ഇരുമ്പിന്റെയും ചങ്ങല കിലുക്കുന്ന 

വലിയ കാർന്നോരും എന്നെ തിരഞ്ഞു വരുന്നതെന്തിന് ...



തറവാട്ടിലെ അവസാനത്തെ ആന ചെരിഞ്ഞ അന്നാണ് , വലിയ കാർന്നോർക്കു ആദ്യമായി ചുഴലി  വന്നത്, പത്താനകൾ ഉള്ള തറവാടായിരുന്നു അത്രേ. പല കാരണങ്ങളാൽ ക്രമേണ എണ്ണം കുറഞ്ഞു കുറഞ്ഞു ഒടുവിൽ ആദികേശവൻ എന്ന ഒരു കൊമ്പൻ മാത്രമായി... ഓരോ ആനകൾ കുറഞ്ഞപ്പോഴും അതാതു തലമുറയിലെ  കാരണവർ, സുകൃതക്ഷയം , സുകൃതക്ഷയം എന്ന്  പറഞ്ഞിരിക്കണം.   എന്തായാലും പറയന്മാർ ആദികേശവനെ  വെട്ടിമുറിച്ചു കൊണ്ടുപോകുന്നത്, പടിഞ്ഞാറേ ഇളംതിണ്ണയിൽ നിന്നും  നോക്കി നിക്കയായിരുന്ന കാരണവരെ അടിമുടി ഉലച്ചു കൊണ്ട് ... പെരുവിരൽ തുമ്പിൽ  നിന്നാണ്  ആ സന്നി പുറപ്പെട്ടത് . കാറ്റു പിടിച്ച കൊന്നത്തെങ്ങുപോലെ കാരണവർ  അടിമുടി വിറച്ചു ....ഒടുവിൽ മുന്നോട്ടു കമിഴ്ന്നു...ആ നിമിഷം പാടത്തിന്റെ നടുവിൽ  , പറയാൻമാർ പൊട്ടൻ തുള്ളുന്ന തുരുത്തിൽ നിന്ന കരിമ്പനയ്ക്കു  മുകളിൽ വെള്ളിടി വെട്ടി. ആദികേശവനെ ദഹിപ്പിക്കാൻ ശ്രമം കൂടിയിരുന്ന പറയന്മാർ താങ്ങും മുമ്പേ ... ആറടി പൊക്കമുള്ള കാരണവർ മുറ്റത്തെ ചരലിലേയ്ക്ക് മൂക്ക് കുത്തി  . തലപ്പറയൻ എളിയിൽ നിന്നും പിച്ചാത്തി എടുത്തു കൈയ്യിൽ പിടിപ്പിക്കുന്ന സമയം വരെ കാറ്റ് പിടിച്ച മരംപോലെ കാരണവർ മുറ്റത്തെ ചരലിൽ പേരറിയാത്ത രൂപങ്ങൾ വരച്ചു, പിന്നെ  ബോധരഹിതനായി. അയാളുടെ കോടിയ കടവായിൽ നിന്നും ഈത്ത ഒലിച്ചു ...  ഒരു കൂട്ടം നിലവിളികൾ പിന്നാമ്പുറത്തുനിന്നും ഉയർന്നു. കമ്പിൽ കെട്ടി ആദികേശവന്റെ തുണ്ടങ്ങൾ ദഹിപ്പിക്കാൻ കൊണ്ടുപോയിരുന്നു പറയന്മാർ , തണ്ടുകൾ ദൂരെ എറിഞ്ഞു അയാളെ ഉയർത്തി ... നിമിഷങ്ങളുടെ ദൂരത്തിൽ അയാൾ പ്രജ്ഞയിലേക്ക് തിരികെ വന്നു. ശേഷം  കുഞ്ചു കണിയാൻ  തറവാട്ടിലേയ്ക്ക് വിളിപ്പിക്കപ്പെട്ടു . കഷായം ..ധാര..നസ്യം ..ഭഗവതിസേവ, നവഗ്രഹ പൂജ ആവാഹനം.. ഉച്ചാടനം ...എല്ലാം മുറ പോലെ.  ചികിത്സ കഴിഞ്ഞ  കാരണവരുടെ  ഇരുപത്തഞ്ചു വയസു കുറഞ്ഞതുപോലെ,   എന്നും ഈരണ്ടു കിണ്ണം പാൽക്കഞ്ഞി അധികമായി കുടിച്ചു .. കരിയുടെ  വടക്കേച്ചിറയിൽ ആകാശം മുട്ടിയ തെങ്ങുകളിലെ മൂത്ത തേങ്ങയും , വടക്കേത്തണ്ടിയിൽ പ്രത്യേകമായി നട്ട നെല്ലിന്റെ പഴയരി വറുത്തുപൊടിച്ച ചുവപ്പ്‌നിറം പാറിയ അരിപ്പൊടിയും  കൂടി മുളംകുറ്റിയിൽ ചേർന്ന്  വിരിഞ്ഞതും , ചാത്തൻപുലയൻ വെള്ളം കോരിയ പാളയംതോടൻ വാഴയുടെ ഇഴയടുങ്ങി പൊൻ  നിറമാർന്ന  പവൻ മാര്ക്ക് പഴവും  കാരണവരെ ഹരം കൊള്ളിച്ചു .... ഉച്ചകളിൽ ഒരു പറ അരിയുടെ ചോറുണ്ടു ... ഒരു ആനയെപ്പോലെ അയാൾ ആഹാരം കഴിച്ചു തുടങ്ങി.    ചിറയിലെ മുളവാരികൾ ചാടിക്കടന്നു , വരമ്പിൽ കൂടി നടന്നു ...  കാലടികൾ  വരമ്പിൽ  പതിഞ്ഞ ഊക്കിൽ, പാടത്തിന്റെ തുമ്പുകൾ  തനിയെ അടഞ്ഞു . അവിടിവിടെ വെച്ചിരുന്ന ഒറ്റാലുകളിലേയ്ക്ക്  വരാൽകൂട്ടങ്ങളും  കല്ലേമുട്ടികളും  നീന്തി  ഒളിച്ചു .. ചിറയിൽ നീന്തിയിരുന്ന  പൂവൻ താറാവുകൾ കൺകെട്ട് വിദ്യയിൽ എന്നപോലെ മറഞ്ഞു പോയി ... കര ഞണ്ടുകൾ  വരമ്പിന്റെ പൊത്തുകളിലേയ്ക്ക്  ഉൾവലിഞ്ഞു ... കാരണവരുടെ വിശപ്പ് പോകെ പോകെ കൂടി വന്നു .  ഒരു കർക്കിടകം കൂടി  പെയ്തൊഴിഞ്ഞു ...അതിന്റെ ഇറക്കത്തിൽ, ഒരു സന്ധ്യയിൽ, കാരണവർ വിസ്തരിച്ചു കുളിച്ചു ... ഇറയത്തെ ഭസ്മത്തൊട്ടിയിൽ നിന്നും കുറി തൊട്ടു ..ഈറൻ മാറി ..മാഞ്ചസ്റ്റർ മന്മൽ മുണ്ടു ഉടുത്തു ..രണ്ടു കിണ്ണം നിറച്ച് പാൽകഞ്ഞി കുടിച് .. രണ്ടു വെറ്റില ഒന്നിന് മുകളയിൽ ഒന്നായി  തെറുത്ത് , മാദകമായ ഗന്ധം ചുരത്തുന്ന ഇംഗ്ലീഷ് പുകയില കൂട്ടി ..പാലിൽ മുക്കി ഉണക്കിയ പഴുക്കാ പാക്കിന്റെ തുണ്ടുകൾ ചേർത്ത് വിസ്തരിച്ചു ഒന്ന് മുറുക്കി .. ചുണ്ണാമ്പുചെട്ടിച്ചിയുടെ മണം കാരണവർക്ക് ചുറ്റും കുമിഞ്ഞുയർന്നു  ...ചെട്ടിച്ചി ഉള്ളിലും !!  താംബൂലത്തിന്റെ ലഹരി ചുറഞ്ഞു ..  അതിന്റെ ധാരാളിത്തത്തിൽ , പൂത്തുനിന്ന നന്ദ്യാർവട്ട ചെടികളുടെ ധവളിമയെ ചോപ്പിച്ചു കൊണ്ട്  കാരണവർ ഒരു മഴവില്ലു വരച്ചു ...പിന്നെ ഉച്ചത്തിൽ ചിരിച്ചു , നേരെ പടിഞ്ഞാറേ തൊടിയിലേയ്ക്ക്  നടന്നു. പുതുമഴയ്‌ക്കു മുമ്പേ പുര കെട്ടാൻ ഓല മെടഞ്ഞുകൊണ്ടിരുന്ന പണിക്കാരികളിൽ ഒരുവളെ അടുത്തേയ്ക്ക് വിളിച്ചു . ആ ചിന്നം വിളി കേട്ട്  വിറച്ചുപോയ അവളോട് ,   കൊന്നത്തെങ്ങിന്റെ തടിയിൽ ചേർന്ന് കിടന്നിരുന്ന ചങ്ങല കാട്ടി, അത്  സ്വന്തം കാലിൽ കെട്ടാൻ ആവശ്യപ്പെട്ടു. മോഹാലസ്യത്തിന്റെ വക്കോളമെത്തിയ പ്രജ്ഞയോടെ  , ഇരുട്ടുകയറിത്തുടങ്ങിയ കാഴ്‌ചയായോടെ, അതിനും മീതെ ഭയത്തിന്റെ അറിയാത്ത തലങ്ങൾ അവളുടെ കണ്ണുകളെ പുറത്തേയ്ക്കു തള്ളി ...കൈകൾ  എങ്ങനെയോ ആ തുടലിനെ , ചിഹ്നം വിളിച്ചു നിൽക്കുന്ന ആനയുടെ മുൻകാലുകളിൽ കുരുക്കി. അവൾ ദയനീയമായി മേലേക്ക്  നോക്കി ... അയാളുടെ കണ്ണുകളിൽ  അവൾ ആദികേശവന്റെ മദപ്പാടു കണ്ടു.  ... അവളുടെ നഗ്നത മറച്ചിരുന്നു കച്ച തോർത്ത് അവന്റെ തുമ്പിക്കൈയ്യിൽ കുടുങ്ങി ..  പറയ തുരുത്തുകൾക്കു മേലെ ആകാശത്തു കൊള്ളിയാൻ മിന്നി ..  തറവാട്ടിലെ പെണ്ണുങ്ങൾ അലമുറയിട്ടു കരയാൻ തുടങ്ങിയപ്പോൾ കേശവൻ ചിന്നം വിളിച്ചു.  ചുറ്റും കിടന്ന മടലും ചൂട്ടും കല്ലും പെറുക്കി എറിഞ്ഞു..  കേശവൻ കയറിയ കാർന്നോരു തെങ്ങിൻ ചുവട്ടിൽ മയങ്ങിവീണു . മഴപൊട്ടി ..അതിന്റെ ആയിരം തുമ്പികൈകളിലൂടെ വെള്ളം പെയ്തിറങ്ങി .. ഒരു രാത്രിയും പിന്നത്തെ പകലും തീരാതെ പെയ്ത മഴ ചിറകളെ മുക്കി ...തൊടിയിൽ,  പുതിയ കേശവനായി മാറിയ കാർന്നോരുടെ കാലുകളിൽ ചോരയും ചെളിയും കട്ടപിടിച്ചു .. അനന്തരവന്മാർ ഉള്ളാലെ ചിരിച്ചു ..പുറമെ കരഞ്ഞു. അവർ അയാളെ ഉള്ളിലെ തളത്തിൽ പുതിയ ചങ്ങലയിൽ കൊളുത്തിയിട്ടു ... അയാളുടെ അബോധത്തിൽ ..ഉന്മാദത്തിൽ ... ചിരിയിൽ കരച്ചിലിൽ എല്ലാം  പുതിയ കാരണവർ പുഞ്ചിരിച്ചു ...  ചിരിയിൽ കാലാന്തരത്തിൽ പുതിയ കേശവൻ ഓർമ്മയായി .കാലം പോകെ പോകെ എല്ലാ തലമുറയിലും പുതിയ കേശവൻമാർ പിറവി കൊണ്ടു . പടിഞ്ഞാറേ തൊടിയിലെ കൊന്നതെങ്ങ്   ദയനീയമായി ഇതെല്ലാം കണ്ടു നിന്നു ..ഒടുവിൽ മടുത്ത് സ്വയം നിലം പറ്റി. ഇരുപ്പൂ നിലങ്ങളിൽ കൃഷി കൊണ്ടാടി..നഷ്ടകൃഷിയിൽ പാടത്തിന്റെ വിസ്തൃതി കുറഞ്ഞ്  കുറഞ്ഞ്  വന്നു... ഒടുവിലത്തെ കാരണവർ പാടത്തിന്റെ ചിറയിൽ മാടത്തിൽ ഇരുന്നപ്പോൾ ആണത്രേ സന്നി വന്നത് ..കിഴക്കൻ കാറ്റിൽ തണുപ്പ് നിറഞ്ഞ കാലം ആയിരുന്നു അത് . ബോധം തെളിഞ്ഞ പുതിയ കാരണവർ ഇരുത്തി ഒന്ന് മൂളി ... നെല്ലിൻവെള്ളം വാറ്റിയ കുപ്പിയുടെ കോർക്കുമൂടി തനിയെ അടർന്നു വീണു  .. കാർന്നോർ കുപ്പിയോടെ മോന്തി .. കതിരിട്ടു തുടങ്ങിയ നെല്ലിൻചെടികളെ ചേർന്ന് വന്ന കാറ്റ് പുതിയ കാർന്നോരുടെ മുഖം തൊട്ടു . അയാൾക്ക്‌ വിയർത്തു . കാറ്റ് അയാളുടെ അശാന്തിയിൽ കൂട്ട് ചേർന്നു. പാടത്തെ പെണ്ണുങ്ങളുടെ പാട്ടു, അയാളെ ചുറ്റി .. വീണ്ടും സന്നി വന്നു ...ഉണർന്നപ്പോൾ അയാൾ വീട്ടിലെ തളത്തിൽ വെറും നിലത്തു കിടന്നു ... ചോര പൊടിഞ്ഞ നീറിയ കാൽ  മുറിവിൽ അയാൾ കൈകൾ ചേർത്തു ...അയാളുടെ ഉള്ളിൽ ഇരുമ്പു പഴുത്തു.  വലിയ കാർന്നോർ ചുറഞ്ഞു ...അയാളുടെ നീണ്ട മൂക്ക് ലോകത്തെ എല്ലാ മണങ്ങളെയും ഒപ്പിയെടുക്കാനെന്ന പോലെ ചുറ്റും ഇഴഞ്ഞു.. ഒടുവിൽ അത് മുറ്റത്തെ തെങ്ങിൽ നിന്നും ഒരു കുല കരിക്കിറുത്തു.    അപ്പോഴും അനന്തരവന്മാർ ഉള്ളാലെ ചിരിച്ചു..പിന്നെ , പുറത്തു  കരഞ്ഞു.  മുറ്റത്തിന് ചുറ്റും പൂത്തു നിന്ന മഞ്ഞ  മന്താരങ്ങളുടെ പൂവുകളിൽ , മെലിഞ്ഞുനീണ്ട കൊക്ക് കടത്തി തേനെടുക്കാൻ അടയ്ക്കാക്കിളികൾ  ചിറകടിച്ചു നിന്നു  . പൂത്ത നീല ശംഖുപുഷ്പങ്ങളുടെ വള്ളികളിലൂടെ വയറ്റിൽ മഞ്ഞയും കറുപ്പും വരകളുള്ള  കട്ടുറുമ്പുകൾ വാരി തെറ്റാതെ പൊയ്ക്കൊണ്ടിരുന്നു. വടക്കേ ചിറയിൽ മഞ്ഞ ചേരകൾ മാറാടി . കടപ്ലാവിന്റെ മുകളിൽ , വിരിഞ്ഞു നിന്ന പുളിയുടെ ഏറ്റവും മുകളിൽ ഒരു എരണ്ട ചിലച്ചു കൊണ്ട് പറന്നകന്നു ... തൊഴുത്തിൽ,   മാസം തികഞ്ഞ പശു പേറ്റുനോവിൽ ചുറഞ്ഞമറി  ...പുതിയ കാരണവരുടെ  നീലക്കരയുള്ള മന്മൽമുണ്ടിൽ ചോരകൊഴുത്തു ....


അത് വല്യമ്മാവൻ ആയിരുന്നു. പുറപ്പെട്ടു പോയി ..വടക്കെങ്ങോ മരിച്ചു എന്ന് കരുതുന്ന വല്യമ്മാവൻ. തറവാട്ടിൽ ആരും പേര് പറയാത്ത വല്യമ്മാവൻ.   പോകും മുമ്പ് വല്യമ്മാവൻ, കേശവന്റെ ചങ്ങല , ഇരുമ്പും തുരുമ്പും പെറുക്കാൻ കിഴക്കു നിന്നും വന്ന തമിഴന് കൊടുത്തു ..കാശു വാങ്ങി മൂന്നാം നാൾ വല്യമ്മാവൻ പുറപ്പെട്ടുപോയി... കാലം ഒരു പാട് ഒഴുകി കടന്നു .. സ്വാതന്ത്ര്യ സമരം നടന്നു ..കമ്മ്യുണിസം വന്നു .. വിമോചനസമരം വന്നു ...തന്തവഴിയിൽ ഊറ്റം കൊള്ളുന്ന പൈതൃകം നാട്ടുനടപ്പായി ..താവഴിയിൽ ചങ്ങലകൾ മാത്രം അവശേഷിപ്പിച്ചു ലോകം പതിയെ മുന്നോട്ടു നടന്നു ...




പൂത്തുനിക്കുന്ന മലകളുടെയും കാപ്പി മണക്കുന്ന ....പച്ച തേയിലയുടെ ചൂര് മണക്കുന്ന , പേരറിയാത്ത ആയിരം പൂക്കൾ മണക്കുന്ന മലകൾ ചുറ്റി, 

ഡീസലിന്റെ.. കരിഞ്ഞ ടയറിന്റെ  ..ഛർദിലിന്റെ ..മനം പുരട്ടുന്ന മണങ്ങൾ  പേറി  , ചുരം ഇറങ്ങി , നീണ്ട ബസ് യാത്രക്കൊടുവിൽ 

ഞങ്ങൾ  ബോട്ട് ജെട്ടി എത്തി ....

ചരക്കു നിറയ്ക്കുന്ന കെട്ട് വള്ളങ്ങൾ ..നിരനിരയായി കിടക്കുന്ന മണിക്കൂറുകളുടെ ഇടവേളയിൽ മാത്രം യാത്രാബോട്ടുകൾ വന്നുപോകുന്ന ചന്തക്കടവ്‌ . ഇമ്മാക്കുലേറ്റ് ഹോട്ടലും, സെന്റ് മാർട്ടിൻ  ഹോട്ടലും .കുറേ ബീഡി മുറുക്കാൻ  നാരങ്ങാവെള്ളക്കടകൾ ... പരന്ന തട്ടുകളുള്ള കൈവണ്ടികൾ അതിനെതിരെ നിര നിരനിരയായി നിലകൊണ്ടു . റിക്ഷകളുടെ പേരുകൾ അവയുടെ വശങ്ങളിൽ വെള്ള ചായത്തിൽ എഴുതപ്പെട്ടിരുന്നു. വേളാങ്കണ്ണി മാതാവും, സെന്റ് .ജോർജും, അറവുകാട് അമ്മയും, സ്വാമി അയ്യപ്പനും, മനയ്ക്കപ്പാടനും  അതിനിടയിൽ വിശ്രമിച്ചു . ഇമ്മാക്കുലേറ്റ് ഹോട്ടലിലെ ചില്ലലമാരയിൽ ചൂട് പലഹാരങ്ങൾ മൊരിഞ്ഞു കിടന്നു... പഴം പൊരിയുടെയും,  എണ്ണയിൽ മൊരിയുന്ന സവാളയുടെയും മണങ്ങൾ ഇപ്പോഴും ആൾക്കാരെ കൊതിപ്പിക്കാനെന്ന പോലെ ജെട്ടിയുടെ മുകളിൽ പടർന്നു നിന്നു . പണി തീർന്ന  ചുമട്ടുകാരും , റിക്ഷാത്തൊഴിലാളികളും,   സെന്റ് മാർട്ടിൻ ഹോട്ടലിൽ നിന്നും പൊറോട്ടയും പോത്തുകറിയും  കഴിച്ച് ,  നിര നിരയായി  കിടന്നിരുന്ന  കൈ വണ്ടികളുടെ പ്ലാറ്റഫോമിൽ ചാരിനിന്നു, കുശലം പറഞ്ഞു .  പലപ്പോഴും അവരിൽ നിന്നും പുകയിലയുടെയും ,പൊടിയുടെയും, ചുരുക്കം ചില അവസരണങ്ങളിൽ കള്ളിന്റെയും മണം പരന്നു... 

ചന്തക്കടവിലെ  കറുത്ത വെള്ളത്തിൽ , ചരക്കു നിറയ്ക്കുന്ന വള്ളങ്ങളുടെ നിഴലുകൾ  അയഞ്ഞു കിടന്നു . ചെറിയ കാറ്റിലെ ഓളങ്ങൾ വള്ളങ്ങൾ മുന്നോട്ടു നീങ്ങുന്നുവെന്ന തോന്നൽ നൽകി . വള്ളങ്ങളുടെ ഒരറ്റത്തു, കുറ്റി അടുപ്പിൽ  അറക്കപ്പൊടി നിറച്ചു വള്ളക്കാർ കഞ്ഞി വെയ്ച്ചു ,  പടവിന്റെ ഒരു മൂല  കഴുകി വൃത്തിയാക്കി , പുളിമാങ്ങയും ചന്തമുളകും ഉപ്പും കുത്തിച്ചതച്ച്  കുട്ടിച്ചോന്റെ ചമ്മന്തി അവർ വിളിച്ചിരുന്ന  ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മറ്റു ചിലർ. ചുരുക്കം ചിലർ,  വള്ളങ്ങളുടെ കാറ്റുപായ വിടർത്തി പരിശോധിച്ചു ..പടവുകളിൽ നിന്നും വള്ളത്തിലേയ്ക്ക് ചാരിവയ്ച്ച പലകകളിൽ കൂടി ചരക്കു നിറയ്ക്കുന്ന ചുമട്ടുകാർ, വിറകു കടയിൽ അനന്തകാലമായി വിറകു കീറുന്ന പണിക്കാർ.. എല്ലാ ദിവസവും ഒരേ തമാശയിൽ പൊതിഞ്ഞ് ...പേപ്പർ കുമ്പിളിൽ,  ചൂട് കപ്പലണ്ടി വിൽക്കുന്ന  കണ്ണാടി വെച്ച ചേട്ടൻ , ചുമലയും പച്ചയും അടപ്പുകൾ ഉള്ള  ചെറിയ കുപ്പികളിൽ  അയമോദക വായുഗുളിക വിറ്റിരുന്ന മറ്റൊരാൾ ... ജെട്ടിയുടെ കാത്തിരുപ്പു കേന്ദ്രത്തിൽ  അങ്ങിങ്ങായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിരുന്നു. അവയിൽ ചില ആടുകൾ വിശ്രമിച്ചു. കപ്പലിന്റെ വീലിനെ അനുസ്മരിപ്പിയ്ക്കുന്ന ,  വാട്ടർ ട്രാൻസ്‌പോർട്കമ്പനിയുടെ  അടയാളം വരച്ചു വെച്ചിരുന്ന  മുറിയിൽ നിന്നും ,കൂരയിലെ കോളാമ്പികളിലെയ്ക്ക് ബോട്ട് താമസിക്കുന്നതിന്റെ വിവരം  പുറത്തേക്കു വന്നിരുന്നു അത് കേൾക്കുമ്പോൾ കൂരകളിൽ തമ്പടിച്ചിരുന്ന പ്രാവുകൾ ഒന്നോടെ ചിറക്  നിവർത്തി , വലിയ ഒച്ചയോടെ പറന്നകന്നു.  താമസിച്ചെത്തുന്ന ബോട്ടുകളും  പ്രാവുകളും തമ്മിൽ  അങ്ങനെ ഒരു ആദിമമായ ഒരു ബന്ധം സ്ഥാപിച്ച സ്ഥലം കൂടിയായി ചന്തക്കടവ് ജെട്ടി . 

 

 



  ഇരുട്ട് തൂവാനെന്ന പോലെ മാനം മൂടിക്കെട്ടി നിന്ന്. ദൂരെ  മഴ പുള്ളുകൾ  കൂട്ടമായി പറന്നു. പെയ്യാനൊരുങ്ങി നിന്ന മഴ മാനത്തിനു താഴെ , പാടത്തെ വെള്ളത്തിൽ ഒരു വില്ലിന്റെ  ആകൃതിയിൽ അവയുടെ കൂട്ടം പ്രതിഫലിച്ചു . തലയിൽ വെളുപ്പ് തൂവലുകൾ ഉള്ള ഒരു പരുന്ത് ആകാശത്തിനു ചുവട്ടിൽ മേഘങ്ങളെ തൊട്ടു എന്ന പോലെ ഒഴുകിനടന്നു ...അത് കണ്ടിട്ടാവണം മഴ പുള്ളുകൾ കലപില കൂട്ടി പറന്നകന്നു ..അവ തെക്കേത്തൊടിയിലെ , വെള്ളത്തിലേക്ക് ചാഞ്ഞുകിടന്ന കുടംപുളിയിൽ ചേക്കേറി ..  അതുവരെ തെങ്ങിൻ തടത്തിൽ കൊത്തിപ്പെറുക്കി  നിന്ന തള്ളക്കോഴി , കുഞ്ഞുങ്ങളെ കൂട്ടി നെടുംപുരയുടെ തളത്തിൽ അഭയം തേടി ..മഴപുള്ളിൻ കൂട്ടം പതിഞ്ഞ സ്ഥായിയിൽ ചൂളം വിളിച്ചു ..മഴയെ വിളിക്കുകയാകാം ....ഞാൻ പടിഞ്ഞാറേ ഇളംതിണ്ണയിൽ കാലുംനീട്ടി ഇരുന്നു. മഴ ദൂരെനിന്നും ഇരച്ചെത്തുന്ന ശബ്ദം ... മഴപുള്ളിൻ കൂട്ടം പെട്ടന്ന് നിശബ്ദമായി .. ചിറയുടെ കിഴക്കേ അതിരിൽ നിന്നും ഒരു പട്ടി  ഓടി വന്നു മാടത്തിന്റെ അടിയിൽ സ്ഥലം പിടിച്ചു ...ദേഹം ഒന്ന് കുടഞ്ഞു ..ചുറ്റും വെള്ളത്തുള്ളികൾ തെറിപ്പിച്ചു, കാലുകൾ മുന്നോട്ടാക്കി , മെല്ലെ സ്വസ്ഥമായി കിടന്നു. രണ്ടു പൂവൻ കോഴികൾ, മാടത്തിന്റെ കയറുവരിഞ്ഞ ഭാഗത്തു നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു .. താഴെ എത്തിയ പട്ടിയെ അവ സംശയത്തോടെ നോക്കി ...പിന്നെ പരസ്പരം നോക്കി ... ശേഷം തൂവലുകൾ ചിക്കി ഉണക്കുന്നതിൽ വ്യാപൃതരായി . തെങ്ങോലകളിൽ കാറ്റ് പിടിച്ചു .... മണ്ണിൽ മഴയുടെ ഒരു തുള്ളി പാറി വീണു ....ഇളം തിണ്ണയിൽ ഇരുന്ന എന്റെ കാലുകളിൽ മഴ ചിതറി .. ഞാൻ ഇക്കിളിപ്പെട്ടു. മഴയിൽ ആദ്യം വന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ കാണാതെ പോയ വല്യമ്മൂമ്മ ആയിരുന്നു .. സ്ഥാനം തെറ്റിയ റൗക്ക നേരെ ഇട്ട് , വെള്ളിപോലെ നരച്ച  മുടിയിലെ വെള്ളം തുടച്ചു കൊണ്ട്, എന്നെ   ഒരു ചോദ്യഭാവത്തിൽ നോക്കി , പിന്നെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവർ അകത്തെ തണുപ്പിലേയ്ക്ക്   കയറിപ്പോയി ... പിന്നെ ഓരോരുത്തരായി വന്നു ... ഇപ്പൊ മഴ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി ..ഇറയത്തുനിന്നും തുമ്പിക്കൈ വണ്ണത്തിൽ വെള്ളം താഴേക്ക് വീണു എന്റെ കുപ്പായം മുഴുവൻ നനഞ്ഞു ...ഞാൻ വരാനുള്ള രണ്ടാളെ തിരഞ്ഞു കൊണ്ട് ..മഴയിലേക്ക് തുറിച്ചു നോക്കി ...എനിക്ക് വേണ്ടത് രണ്ടു പേരെ മാത്രമായിരുന്നു  .... തലമുറയുടെ പരമ്പരയിൽ ചിന്നന്റെ വിത്തുകൾ പാകി ... മഴയിലേക്ക് ഇറങ്ങി പോയ വെല്യകാരണവർ.. പിന്നെ ഭ്രാന്തിൽ നിന്നും രക്ഷപ്പെടാൻ ചങ്ങല വിറ്റ വല്യമ്മാവൻ.. എന്നെ മുഴുവൻ ആകാൻ അനുവദിക്കാത്ത രണ്ടു പേര്. എന്റെ സന്നികൾ  അങ്ങനെ ഇപ്പോഴും അപൂർണമായി അവസാനിച്ചു .. എല്ലായ്‌പ്പോഴും 


പടിഞ്ഞാറേ ഇളംതിണ്ണയിൽ കാലും നീട്ടി ഇരിക്കുന്ന നേരത്തെല്ലാം ...ആകാശത്തിന്റെ തെക്കേ മൂലയിൽ കാറ് കൊള്ളുമ്പോഴും, പടിഞ്ഞാറ് ചക്രവാളം ചുവപ്പിൽ നിന്നും കറുപ്പിലേയ്ക്ക് തെന്നുമ്പോഴും ...നെല്ലിന് തലപ്പുകളിൽ കാറ്റു പിടിക്കുമ്പോഴും ... തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ...ഒഴുകി ഒടുങ്ങിയ വെല്യമ്മൂമ്മ  കയറുന്ന നേരത്തും ...മഴ കനക്കുമ്പോൾ ..ഇറയത്തു പൊട്ടുന്ന വെള്ളക്കൈകളിൽപെട്ട് പോവുന്ന, ചൂട്ടമണ്ഡലി കുഞ്ഞുങ്ങളെ നോക്കി നിക്കുന്ന നേരത്തും ..ഞാൻ കുഴിയാനകളെ മാത്രം കണ്ടു ... എനിക്ക് വേണ്ടത്  ആനകളെ ആയിരുന്നു  .... പുറകോട്ടു നടക്കാൻ കഴിയാതെ പോകുന്ന കുഴിയാനകളെ ഞാൻ തിരഞ്ഞു കൊണ്ടേയിരുന്നു .. മറവിയിൽ മുക്കി മറയ്ക്കാൻ നോക്കുമ്പോൾ , വീണ്ടും തെളിഞ്ഞു വരുന്ന ദുസ്വപ്ന പെരുംകളങ്ങളിൽ വല്യമ്മാവനും വാല്യകാരണവരും  എന്നെ വേട്ടയാടി .. ... ഞാൻ തിരിഞ്ഞു നടന്നു ...എന്റെ മീതെ തലമുറകൾ ആട്ടി ആട്ടി ആയി ഇറുന്നു വീണു ...ചിലതൊക്കെ ഞാൻ തന്നെ ആയിരുന്നു ...ചിലപ്പോൾ , ചിലതിൽ,  വേറെ ചില ഞാനും ...ചോലയിലെ ആദി കേശവനും ...ഞാനായ ആദി കേശവനും ഭേദം ഇല്ലാതായി ..ഇതിനിടയിൽ ഒരു പാട് പുതിയ കേശവന്മാർ കടന്നു വന്നു . മദപ്പാടുകളും  ... കാലിലെ ചങ്ങല മുറിവുകളും  മാത്രം മാറിയില്ല ...എല്ലാ കേശവന്മാരും ഞാനായി ...ഇടയിൽ വന്ന കേശവന്മാർ എന്നിൽ കയറി  നിന്നു .. മദമുണർന്ന ചങ്ങല  ഉരഞ്ഞു ഞാൻ ഉള്ളിൽ മുറിഞ്ഞു ..പാൽക്കഞ്ഞി കുടിച്ചു വയറു നിറഞ്ഞ ഞാൻ എന്റെ മുറുക്കാൻ ചെല്ലം തപ്പി. എന്റെ ചങ്ങല വലിഞ്ഞ് നന്ദ്യാർവട്ടങ്ങൾ പൂപൊഴിച്ചു .


Monday, May 16, 2016

ഡോക്ടര്‍ ഫോസ്റ്റ്സ്സ് അഥവാ ലീല എന്ന സിനിമ

പരിണാമ ഗുപ്തിക്കായി ആത്മാവ് നഷ്ട്ടപ്പെടുത്തിയ ലീലയാണ് രഞ്ചിത്തിന്‍റെ ലീല. ചരിത്ര ബോധം , അടിസ്ഥാനമായ രാഷ്ട്രീയ വീക്ഷണധാര , സാമൂഹിക ജീവി എന്ന നിലയില്‍ വ്യക്തി നേരിടുന്ന പ്രതിസന്ധികള്‍ , ചൂഷണം അടക്കം മുതലാളിത്ത ലോകക്രമത്തില്‍ ഉടലെടുക്കുന്ന സമൂഹ്യ പ്രശ്നങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇങ്ങനെ വിശദമായി എടുത്തു പരിശോധിക്കെണ്ടുന്ന വലിയ ഒരു ക്യാന്‍വാസ് ആണ് ഉണ്ണി.ആര്‍, ലീല എന്ന ചെറു കഥയില്‍ വരച്ചിടുന്നത്. വ്യത്യസ്തമായ ലൈംഗിക വാസനകള്‍, സഹജമായ അടിസ്ഥാന കാമനകള്‍ , മനുഷ്യനെ ജീവശാസ്ത്രപരമായി/ ജൈവികമായി എങ്ങനെ സ്വാധീനിക്കാം, ആ സ്വാധീനത്തിന്റെ അനുരണനങ്ങളോട് വ്യക്തികള്‍ എങ്ങനെ പ്രതികരിക്കുന്നു, അതിന്‍റെ സത്യസന്ധമായ അവസ്ഥാന്തരങ്ങള്‍ എന്തൊക്കെ ആവാം എന്ന ഒരു അന്വേഷണം കൂടിയാണ് ഈ കഥ.
പാത്ര നിര്‍മിതിയിലെ പ്രത്യേകതകള്‍ മൂലം ഉണ്ടാവാമായിരുന്ന ഭാഷാ പരിമിതികളെ, അന്യവല്‍ക്കരണം എന്ന കഥന തന്ത്രം ഉപയോഗിച്ചു മറികടന്ന്കൊണ്ടാണ് ഉണ്ണി കഥ പറഞ്ഞത്. അചേതനമായ വസ്തുക്കള്‍ കഥയില്‍ ഉടനീളം വായനക്കാരനോട് സംവദിക്കുന്നു...കാലപുരുഷന്‍, സാക്ഷി തുടങ്ങി ഒരു പാട് രചനാതന്ത്രങ്ങള്‍ നമ്മള്‍ ഇതിനായി കണ്ടിട്ടുണ്ടെങ്കിലും, ഉത്തരാധുനിക സാഹിത്യത്തില്‍ , കഥ എന്നാല്‍ കൃത്യമായി തുടരുന്ന ഒരു ഒഴുക്കല്ല എന്ന തിരിച്ചറിവ് പുലര്‍ത്തിപോരുന്ന അവസ്ഥയില്‍, പൊതുവേ കാണുന്ന ഒരു അന്യവല്‍ക്കരണ തന്ത്രം ആണ്, കഥാകാരന്‍ തന്നെ ആഖ്യാതാവ് എന്ന നിലയില്‍ കഥയില്‍ കടന്നു വരുന്നത്. ഇതിനോട് ചേര്‍ന്നു, കഥാകേന്ദ്രത്തിനൊപ്പം നടക്കുന്ന ഒരു ഉപകഥാപാത്ര സൃഷ്ടി കൂടി പുതു തലമുറ എഴുത്തുകാര്‍ അവലംബിച്ച് കാണുന്നുണ്ട്. ലീല എന്ന ചെറു കഥയില്‍ ഇങ്ങനെ രൂപപ്പെടുന്ന ഒരു കഥാപാത്രം ആണ് പിള്ളേച്ചന്‍. കഥയെ നയിക്കുന്നത് ഈ കേന്ദ്രകഥാപാത്രം ആണ്. ഉണ്ണിയുടെ ഈ ആഖ്യാന തന്ത്രം, ഭാഷാപരയമായ് ഉണ്ടാവമായിരുന്ന പരിമിതികളെ ഒഴിവാക്കുകയും, നിരവധി അനവധി അചേതന വസ്തുക്കള്‍ക്ക് കഥയില്‍ ഉടനീളം കടന്നു വരാനും പാരിസ്ഥിതിക/സാമൂഹിക/രാഷ്ട്രീയ/ചരിത്ര ഘട്ടങ്ങളെ കുറിച്ച് തികച്ചും നിഷ്പക്ഷമായും, നിര്‍ദോഷമായും (പ്രത്യക്ഷത്തില്‍) ഉള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള അവസരവും ഒരുക്കുന്നു. പശുവിന്‍റെ ചിരിയും, മണലിന്‍റെ ശരീരത്തില്‍ പരകായപ്രവേശം നടത്തിയ ഭാരതപുഴയും , നീറിപ്പടരുന്ന കാപ്പിയുടെ പൂ മണവും, തോണ്ടി വിളിക്കുന്ന കാപ്പി ഇലകളും , ഉഷയുടെ കറുപ്പില്‍ തെളിഞ്ഞു പടരുന്ന ചുവപ്പും, ഗജരൂപത്തിനും അപ്പുറത്തേയ്ക്ക് പടരുന്ന ഭീകര രൂപിയായ ആനച്ചൂരും.. കുട്ടിയപ്പന്‍റെ വണ്ടിയും – വെള്ളം കുടിക്കുന്ന, വഴി കാണിക്കുന്ന, പ്രതിഷേധിക്കുന്ന വണ്ടി – ഇവയെല്ലാം ജീവന്‍ നേടുന്നത് പിള്ളേച്ചന്‍ എന്ന പാത്ര നിര്‍മിതിയിലൂടെയാണ്. ഒരര്‍ത്ഥത്തില്‍ ഈ കഥാപാത്ര സൃഷ്ടി കുട്ടിയപ്പന്‍റെ മറുപിള്ളയാണ് – കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തിന്‍റെ ക്രിയാ/വിക്രിയകളെ, പൊതു സമൂഹത്തിന്‍റെ കാഴ്ചയിലേക്ക്/കാഴ്ചപ്പാടിലേക്ക്‌ പരിവര്‍ത്തിപ്പിച്ചു, അതിന്‍റെ ശരി തെറ്റുകളെ വിലയിരുത്താന്‍ നമ്മെ പര്യപ്തമാക്കുന്ന ഒന്ന്. വേറൊരു കോണില്‍ നിന്നും നോക്കുമ്പോള്‍ ഇതു സമൂഹ മനസാക്ഷി എന്ന എലെമെന്റ് ആണ്. കാലഗണന നടത്താനും , ശരി തെറ്റുകളെ നിര്‍വചിക്കാനും, അതിനെ വിവക്ഷിക്കാനുമായി വളരെ ഭാവനോന്മുഖമായി കുട്ടിയപ്പനില്‍ നിന്നും പൊതു സമൂഹത്തിലേയ്ക്ക് പണിത പാലം. മിത്തോളജിയില്‍ കണ്ടു വരുന്ന ഒരു അംശാവതാര നിര്‍വചനം. ഈ കഥാപാത്ര സങ്കല്പത്തെ മനസിലാക്കുന്നതില്‍ സിനിമ പരാജയപ്പെട്ടു എന്നതാണ് ലീല എന്ന സിനിമയുടെ ആദ്യ പരാജയം എന്ന് ഞാന്‍ കരുതുന്നു. സിനിമയില്‍ ഈ കഥാപാത്രം പൂര്‍ണാവതാരം ആണ്, അങ്ങനെ പാത്രവല്ക്കരിച്ചപ്പോള്‍ നഷടപ്പെട്ടത് , കഥയില്‍ ഉണ്ണി അതിലന്ഖിച്ച ഭാഷാപരിമിതികളാണ് . ഒരു പക്ഷെ, വാക്കുകള്‍ പകരുന്ന ചില മാനങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളവുന്നതിനും അപ്പുറം ആയതാവാം ഇതിനു കാരണം.
മുഴുനീളത്തില്‍ വികസിച്ചു വരുന്ന ഒരു അടിസ്ഥാന രാഷ്ട്രീയധാര കഥയില്‍ കണ്ടെത്താന്‍ കഴിയും. അത് ചെറിയ ചെറിയ ഓര്‍മ്മപ്പെടുത്തലുകളായി , തിരിച്ചറിവുകളായി വായനക്കാരനെ കുത്തി നോവിക്കുന്നുണ്ട്. അതില്‍ ചരിത്രം ഉണ്ട്...ഇന്നിന്‍റെ നേര്‍ കാഴ്ചകള്‍ ഉണ്ട് , നാളെയെ കുറിച്ചുള്ള ആധിയും ഉണ്ട്.... നാം ജീവിക്കുന്ന ചൂഷണാധിഷ്ടിതമായ വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച കഥയില്‍ ഉടനീളം കാണാം...ചൂഷണം ചെയ്യപ്പെടുന്ന അടിസ്ഥാന വര്‍ഗത്തിന്‍റെ നിലവിളി കഥയില്‍ ഉടനീളം മുഴങ്ങി നില്‍ക്കുന്നു. അത് ആദ്യമായി കാപ്പി കുടിക്കുന്ന അടിമകളുടെ കഥയിലൂടെ ആയാലും..ഉഷ എന്ന കറുത്ത സുന്ദരിയുടെ ചുവപ്പിലൂടെ ആയാലും (ആ ചുവപ്പിന്‍റെ രാഷ്ട്രീയ മാനങ്ങള്‍ വളരെ ഏറെ ആണ് താനും) ...തുണിക്കടയില്‍ ജോലി ചെയ്യുന്ന കുട്ടികളെകുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ ആയാലും ...തരിശു കിടക്കുന്ന വയലുകളെ കുറിച്ചുള്ള വളരെ subtle ആയ പരാമര്‍ശത്തിലൂടെ ആയാലും...ജാലകകീറിലൂടെ ലോകത്തെ ഒരു പ്രതീക്ഷ മാത്രമായി ചുരുക്കുന്ന ദൈന്യവാര്‍ധക്യങ്ങളില്‍ കൂടി ആയാലും, വീടിനുള്ളില്‍ പോലും ചൂഷണം നേരിടുന്ന ബാല്യങ്ങള്‍ എന്ന പ്രധാന കഥാതന്തുവില്‍ കൂടിയായാലും എല്ലാം വായനക്കാരനെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു ...നാം കാണുന്ന വലിയ കാഴ്ചകള്‍ക്കിടയില്‍..അല്ലെങ്കില്‍ അതിന്‍റെ അടിയില്‍ ഇങ്ങനെ ഒരു ലോകം ഉണ്ട് ...അവര്‍ക്കും കൂടി ഉള്ളതാണ് ലോകം എന്ന ഓര്‍മ്മപ്പെടുത്തല്‍... ഈ അന്തര്‍ധാര സിനിമയില്‍ പാടെ അപ്രത്യക്ഷമാകുന്നു. പകരം ഇവയെല്ലാം (ചിലത് തീര്‍ത്തും ഒഴിവാക്കപ്പെടുന്നുമുണ്ട്) ആഘോഷങ്ങള്‍ ആവുന്നു... ഈ വേദികളില്‍ ആ നിലവിളികള്‍ പാടെ വിസ്മരിപ്പിക്കപ്പെടുന്നു..അങ്ങനെ കഥയുടെ ആത്മാവ് എവിടെയോ കൈമോശം വരുന്നു.
ഇതിന്‍റെ തുടച്ചയായി തന്നെ വായിക്കപ്പെടെണ്ട ചില തുടര്‍ വായനകളും കഥ മുന്നോട്ടു വയ്ക്കുന്നുണ്ട്‌. അത് പ്രക്രുതിചൂഷനത്തിന്റെ രാഷ്ട്രീയം ആണ്. ചൂടിനൊപ്പം മലമുകളിലേയ്ക്ക് ചേക്കേറിയ കുയിലുകളും, തരിശു കിടക്കുന്ന നിലങ്ങള്‍ക്കും ഒപ്പം, ആനയും – ഒരു ബിംബം എന്ന നിലയില്‍ തന്നെ – ചൂഷണത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യന്‍ എന്ന ദുര്‍ബല സഹജീവിയെയും അതിനെക്കാള്‍ ദുര്‍ബലമായ പ്രകൃതിയെയും പരിസ്ഥിതിയേയും ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയെ ഉണ്ണി കഥയില്‍ വരച്ചിടുന്നു എങ്കില്‍ സിനിമയില്‍ അങ്ങനെ ഒരു ചിന്താധാര കടന്നു വരുന്നു കൂടിഇല്ല.
മേല്‍ പറഞ്ഞ രണ്ടു ഘടകങ്ങളോടും കൂട്ടിചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു രാഷ്ട്രീയ മാനം കൂടി കഥയില്‍ കടന്നു വരുന്നു. ഈ സാമൂഹ്യ വ്യവസ്ഥയ്ക്ക് ഒരു ബദല്‍ ആകാമായിരുന്ന കമ്മ്യൂണിസ്റ്റ്‌ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥയെ, തൊട്ട് തലോടി , പറയാതെ പറഞ്ഞു പോകുന്നു ലീല എന്ന കഥ. പാര്‍ട്ടി ഓഫീസിലേയ്ക്കോ ഷാപ്പിലേയ്ക്കോ മാത്രമേ പോകൂ എന്ന് ഉറപ്പായി പ്രവചിക്കാവുന്ന കര്‍ഷക തൊഴിലാളിയുടെ ജീവിത അവസ്ഥയും , തരിശു കിടക്കുന്ന നെല്‍പ്പാടങ്ങളുടെ കരയില്‍ കുടില്‍ കെട്ടി ജീവിക്കുന്ന അവന്‍റെ കുടുംബത്തിന്റെ അവസ്ഥയും , കുടുംബം പോറ്റാന്‍ വേശ്യാവൃത്തിക്കിറങ്ങേണ്ടി വന്ന പിന്നോക്ക സ്ത്രീയുടെ സാമൂഹ്യ സാഹചര്യങ്ങളേയും കഥയില്‍ നമുക്കു പിന്തുടരനാവും. എന്നോ ഒരിക്കല്‍ രക്ഷാ മാര്‍ഗ്ഗം എന്ന് കരുതിയ കൊടിയുടെ ഇന്നത്തെ അവസ്ഥയുടെ പ്രതിബിംബം പോലെ, നിറം മങ്ങിയ ചുവന്ന തുണി കാക്കയെ ഓടിക്കാന്‍ വെച്ചിരിക്കുന്നു. ഈ രാഷ്ട്രീയ/സാമൂഹിക അവസ്ഥകളുടെ ഉപോല്‍പ്പന്ന സംസ്കാരത്തിന്‍റെ ഉല്പന്നമാണ് കൂട്ടികൊടുപ്പുകാരും ദല്ലാളന്‍മാരും. കഥയില്‍ ദാസപ്പാപ്പി പ്രതിനിധീകരിക്കുന്നതും അത് തന്നെ. അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാന്‍ മടിയില്ലാത്ത കൂട്ടികൊടുപ്പുകാരന്‍. സിനിമയില്‍ എത്തുമ്പോള്‍ ഈ കഥാപാത്രത്തിന്‍റെ ഉള്ളിലെ ധാര്‍മിക ബോധത്തെ വരച്ചു കാട്ടി, മദ്യത്തെ ചാരി കുറ്റബോധം മറികടക്കുന്ന മനുഷ്യസ്നേഹിയുടെ മാനം കൂടി നല്കിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, കഥയിലെ ഈ കഥാപാത്രത്തിന്‍റെ സത്വബോധ നിര്‍മിതിയെ നേര്‍പ്പിക്കുന്ന ഘടകങ്ങള്‍ ഈ സിനിമ അവലംബിക്കുകയും അത് കൊണ്ട് തന്നെ അതിന്‍റെ ആത്മാവ് നഷ്ടപ്പെടുകയും ചെയ്യുന്നു.
കഥയില്‍ നിന്നും ലീല എന്ന സിനിമയിലേയ്ക്ക് എത്തുമ്പോള്‍ നഷടപ്പെട്ട മറ്റൊരു പ്രധാന ഘടകമാണ് ചരിത്രം. സ്വാതന്ത്ര്യാനന്തര സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥ സാധാരണക്കാരനെ എവിടെ നിന്നും എവിടേയ്ക്ക് എത്തിച്ചിരിക്കുന്നു എന്ന ഒരു ചിന്ത കഥയില്‍ ഉടനീളം വായിച്ചെടുക്കാവുന്നതാണ്. കേരള സമൂഹത്തില്‍ ഇടതു രാഷ്ട്രീയത്തിനുണ്ടായിരുന്ന സ്വീകാര്യതയും, നക്സല്‍ പ്രസ്ഥാനങ്ങള്‍ പോലും സാധാരണക്കാരേ എങ്ങനെ സ്വാധീനിച്ചിരുന്നു എന്നും, അവയുടെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഇന്നത്തെ മാനസിക സാമൂഹ്യ അവസ്ഥയും ചാറ്റര്‍ജി മുഖര്‍ജി എന്ന കഥാ പാത്രത്തിലൂടെ കഥ നമ്മോടു സംവദിക്കുന്നു. കമ്പോളവലക്കരിക്കപ്പെട്ട ഒരു ആഗോള മുതലാളിത്ത സമൂഹത്തില്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട കമ്മ്യുണിസ്റ്റ് രാജ്യങ്ങളുടെയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഗത്യന്തരമില്ലായ്മ കൂടി കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ക്രിയാത്മകമായി എന്തോക്കെ ചെയ്യാന്‍ ആവുമായിരുന്നു എന്നും സമൂഹത്തെ നയിക്കുന്നതില്‍ അവര്‍ അവലംബിച്ച മുന്‍ മാതൃകകള്‍ അനുയോജ്യമോ എന്ന തേടലും കഥയില്‍ വായിച്ചെടുക്കാം . ഇവിടെ എവിടെയാ വിയറ്റ്നാംകാര്. ഇവിടെ മുഴുവന്‍ ചീന റഷ്യ ഭായ് ഭായ് അല്ലെ എന്ന് കുട്ടിയപ്പന്‍ ചോദിക്കുന്നത് അതു കൊണ്ട് തന്നെ ആണ്. നഷ്ടപ്പെടുന്ന സ്വന്തം സംസ്കാരത്തിന്‍റെയും അതിന്‍റെ ബിംബ/ചിന്ഹങ്ങള്‍ വിസ്മ്രിതിയിലേയ്ക്ക് വഴുതി വീഴുമ്പോള്‍ ഉണ്ടാകാവുന്ന നീറ്റലും കൂടി കഥ നമ്മോടു സംവദിപ്പിക്കുന്നു. കവളങ്കാളിയും മഴക്കൊച്ചയും ഒക്കെ കഥയില്‍ അങ്ങനെ കടന്നുവരുന്നു എങ്കിലും, അവെയെല്ലാം തങ്ങളുടെ ചെറിയ പരാമര്‍ശങ്ങളിലൂടെ അസാമാന്യമായി വലിയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു കടന്നു പോകുന്നു. മഴക്കൊച്ച എന്ന ചെറിയ ഇമേജ് കൊണ്ട് കഥയില്‍ സൃഷ്ടിക്കപ്പെടുന്ന മുഴക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാക്കാവുന്നതാണ്. മഴക്കൊച്ചയുടെ ഒടിമറയലില്‍ നിന്നും വിയറ്റ്നാം യുദ്ധത്തിലേയ്ക്കും , ലോക മുതലാളിത്തത്തിന്‍റെ അപോസ്തലന്‍മാരായ അമേരിക്കയ്ക്ക് നേരിട്ട നാണംകെട്ട പരാജയത്തിലേയ്ക്കും , കഥ നമ്മെ അനായാസം കൂട്ടി കൊണ്ടുപോവുന്നു. ഇതിന്‍റെ മറുപുറം മുന്‍പേ പറഞ്ഞു വെച്ചിരിക്കുന്നു. നമ്മള്‍ കമ്മ്യൂണിസം നടപ്പില്‍ വരുത്താന്‍ അവലംബിച്ച മുന്‍ മാതൃകകളായ റഷ്യയും ചൈനയും പ്രായോഗിക തലത്തില്‍ നമുക്കു അനുയോജ്യമല്ലായിരുന്നു അല്ലായിരുന്നു എന്നും , പകരം സ്വന്തം സ്വതത്തില്‍ അധിഷ്ടിതമായ സോഷ്യലിസ്ടിക് ചിന്താപദ്ധതി ആയിരുന്നു വേണ്ടിയിരുന്നത് എന്നും ധ്വനിപ്പിക്കുന്നു കഥ... ഒരു സമൂഹം എന്ന നിലയില്‍ നമുക്കു തെറ്റി പോയി എന്ന വലിയ കാര്യം ഉണ്ണി നമ്മെ ധരിപ്പിക്കുന്നു കഥയിലൂടെ. അസാമാന്യമായ ഈ ക്രാഫ്റ്റ് സിനിമയില്‍ എത്തുമ്പോഴേക്കും പൂര്‍ണമായും നഷടപ്പെട്ടിരിക്കുന്നു. സിനിമയില്‍, രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വെറും ഉപരിപ്ലവമായ ആനുകാലിക വിഷയങ്ങളെ പ്രതിഭലിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. സിനിമ പൂര്‍ണമായും നായകസങ്കല്പത്തിന്‍റെ കെട്ടുപാടില്‍ നില്‍ക്കുന്നതിനാല്‍ , ഈ പാത്രസൃഷ്ടിയില്‍ അടിസ്ഥാനമായി അവലംബിക്കുന്ന വിലകുറഞ്ഞ ഹാസ്യത്തെ ദ്യോതിപ്പിക്കാന്‍ ഉതകുന്ന രാഷ്ട്രീയ വിഷയങ്ങള്‍ (പരാമര്‍ശങ്ങള്‍) മാത്രമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെ കഥയുടെ മൊത്തത്തിലുള്ള സാമൂഹ്യ കെട്ടുപാടിനെ, അതില്‍ നിന്നും അടര്‍ത്തി, ഹാസ്യം എന്ന ഏക ജാലകത്തിലൂടെ മാത്രം കഥയെ നയിച്ചു എന്നതാണ് ലീല എന്ന സിനിമയുടെ രണ്ടാമത്തെ വലിയ പരിമിതി.
ലീല എന്ന കഥ ആത്യന്തികമായി കുട്ടിയപ്പന്റെ കഥയായി ആണ് വായിക്കപ്പെടുക. ഒരു പടി കൂടി മുന്നോട്ടു പോയാല്‍ , ഒരു സ്വതന്ത്ര സമൂഹത്തില്‍ ഒരു സ്വതന്ത്രനായ പുരുഷന്‍ അവന്‍റെ ലൈംഗികത തേടുകയാണ്. (ഈ ലൈംഗികത അയാളില്‍ ഉടലെടുക്കുന്ന വശങ്ങള്‍ , അതിന്‍റെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍, എന്നിവ തത്കാലം മാറ്റി വെയ്ക്കാം). മറ്റെല്ലാതിനുമുപരി അയാള്‍ തന്‍റെ ലൈംഗികതയെ സത്യസന്ധമായി സമീപിക്കുകയും അതിനു വേണ്ടിയുള്ള പരിശ്രമത്തില്‍ അയാള്‍ മറ്റെന്തിനേക്കാളും അതിനോട് അര്‍പ്പണബുദ്ധി കാണിക്കുകയും ചെയ്യുന്നുമുണ്ട്. അതായത്, ലൈംഗികത തുറന്നു പറയുന്ന, വിവാഹം ഉള്‍പ്പെടെ, നിയതമായ വഴികളിലൂടെ സഹജമായ ആസക്തികളെ പിന്തുടരുന്നവനുമായ ഒരു വ്യക്തിയെ സമൂഹം എങ്ങനെ നോക്കി കാണുന്നു എന്നതും അയാളുടെ മാനസിക വ്യാപാരങ്ങള്‍ എങ്ങനെ ആയിരിക്കാം എന്നതും ആണ് ലീല എന്ന കഥയിലെ പ്രധാന കഥാ ബീജം. കഥ വായിക്കുന്ന ഏതൊരു വ്യക്തിക്കും ഇതു ഉള്‍ക്കൊള്ളാനും കഴിയുന്നു എന്നതാണ് ലീല എന്ന കഥയെ മലയാള കഥാസാഹിത്യത്തില്‍ ലബ്ദപ്രതിഷ്ഠമാക്കുന്നത് . ഈ സത്യസന്ധമായ അന്വേഷണങ്ങളെ സിനിമ മറച്ചു പിടിക്കുന്നു.
ഒരു ഉദാഹരണം എടുത്തു പരിശോധിക്കാം, ഒരു മനുഷ്യന്‍ വിശന്നു വലഞ്ഞു നടക്കുന്നു എന്ന് കരുതുക. അയാള്‍ വീടുകളില്‍ നിന്നും വീടുകളിലേയ്ക്ക് തന്‍റെ നടപ്പു തുടരുന്നു. ലക്ഷ്യം ആഹാരം തന്നെ ആണ്, പക്ഷെ സാമൂഹ്യമായ ചുറ്റുപാടുകള്‍ അയാളെ അത് തുറന്ന് ചോദിക്കുന്നതില്‍ നിന്നും വിലക്കുന്നു. ഒടുവില്‍ വിശന്നു താഴെ വീഴുന്ന അവസരത്തില്‍ തന്‍റെ ആവശ്യം മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നു. പക്ഷെ ആ സമയം ആഹാരം എന്ന ആവശ്യം അയാള്‍ക്ക്‌ ഏതാണ്ട് അപ്രസക്തമാവുകയും , മറ്റു ചില ഘടകങ്ങള്‍ കൂടിചേര്‍ന്ന കുറച്ചുകൂടി സങ്കീര്‍ണമായ പുതിയ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതായത് അയാളുടെ ദൈന്യത എന്ന അവസ്ഥയെ ഒരു തലത്തില്‍ നിന്നും അടുത്ത തലത്തിലേയ്ക്ക് നയിക്കുന്നു . ഇതു ഒരു മെലോഡ്രാമയാണ്. ദൈന്യത്തെ അതിനാടകീയത അണിയിച്ചു, പ്രേക്ഷകന്‍റെ ആകാംഷ അവസാന അങ്കം വരെയും കാത്തുവയ്ക്കുന്ന ഒരു പഴകിയ നാടകസങ്കേതം. നടേ പറഞ്ഞ കഥയില്‍ വിശപ്പിനെ, ലൈംഗികത എന്ന വാക്കുമായി വെച്ച് മാറിയാല്‍ , ഏതാണ്ട് ലീല എന്ന സിനിമയായി. ഉത്തരാധുനിക കഥയുടെ ക്രാഫ്റ്റില്‍ പരിണാമഗുപ്തി എന്ന സങ്കല്പമോ, രേഖീയമായ അല്ലെങ്കില്‍ ഏകതാനമായ ഒഴുക്കാവണം കഥ എന്ന നിര്‍ബന്ധം പോലുമോ ഇല്ല. ഈ നിര്‍ബന്ധബുദ്ധി ഇല്ലാതെ കഥ പറഞ്ഞ, ക്രാഫ്റ്റ് ആണ് ലീല എന്ന കഥയുടെ ഏറ്റവും വലിയ മികവ്. സത്യസന്ധമായ അന്വേഷണം..അത് ദൈന്യത ഉളവാക്കുന്നില്ല അതുപോലെ ആകാംഷ നിറയ്ക്കുന്നുമില്ല. അത് തേടല്‍ ആണ്. സഹജമായ വാസനയെ അതിന്‍റെ പൂര്‍ത്തീകരണത്തിനായി തുറന്നു വിടുന്നു. അതിനോടുള്ള സമൂഹത്തിന്‍റെ പ്രതികരണങ്ങള്‍ ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്.
കുട്ടിയപ്പന്‍ എന്ന കഥാപാത്രം കേരള ആണ്‍ സമൂഹത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന ഒരു അന്വേഷണം കൂടി വളരെ പ്രസക്തമാണ് എന്ന് ഞാന്‍ കരുതുന്നു. കഥയിലെ കുട്ടിയപ്പന്‍ fetishism ത്തിന്‍റെ അതി ലോലവും അതേ സമയം സങ്കീര്‍ണവുമായ തലങ്ങളെ നമുക്കു മുമ്പില്‍ വരച്ചിടുന്ന അനിതരസാധാരണമായ ഒരു കഥാപാത്രം ആണ്. Sadism ത്തില്‍ തുടങ്ങി Dacrylagnia, Autassassinophilia തുടങ്ങിയ സങ്കീര്‍ണമായ മനോനിലകളിലൂടെ കടന്നുപോകുന്ന ഒരു Paraphiliac കഥാപാത്രം. മലയാളക്ലാസ്സിക് കഥാകാരന്മാര്‍ ഏറെക്കുറെ സമീപിക്കാത്ത ഒരു വിഷയം ആണ് ഭിന്നലൈംഗികത (ഒരു പരിധി വരെ പുനത്തില്‍ കുഞ്ഞബ്ദുള്ളയും , മാധവിക്കുട്ടിയും ഈ വിഷയത്തെ അഭിമുഖീകരിച്ചിരുന്നുവെങ്കിലും , ആ കാലഘട്ടത്തില്‍ നില നിന്നിരുന്ന സാമൂഹ്യ/സാംസ്കാരിക നിയമങ്ങള്‍, കൂടുതല്‍ തുറന്ന് എഴുതുന്നതില്‍ നിന്നും അവരെ അകറ്റി നിരത്തിയിരുന്നു എന്ന് വിസ്മരിക്കുന്നില്ല) എങ്കില്‍ പുതു തലമുറയിലെ എഴുത്തുകാര്‍ ഭിന്നലൈംഗികതയെയും, അതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളെയും വളരെ തുറന്ന് തന്നെ സമീപിക്കുന്നു. ഈ തുറന്ന സമീപനത്തില്‍ ആണ്‍ പെണ് ഭേദം ഇല്ല എന്നതും ശ്രദ്ധേയം ആണ്. പക്ഷെ അവരാരും തന്നെ കുട്ടിയപ്പനെ പോലെ ഇത്ര സങ്കീര്‍ണമായ ഒരു കഥാപാത്ര സൃഷ്ടി നടത്തിയതായി എന്‍റെ വായനയില്‍ പതിഞ്ഞിട്ടില്ല. പ്രമോദ് രാമന്‍റെ കഥകളില്‍ ഭിന്നലൈംഗികത അതിന്‍റെ സാമാന്യമായ അര്‍ദ്ധങ്ങളില്‍ കടന്നു വരുന്നു എങ്കിലും, ഒരു കഥാപാത്രവും ഇത്രയേറെ സങ്കീര്‍ണമായ വ്യക്തിത്വം കാഴ്ചവെയ്ക്കുന്നില്ല.. Transvestic fetishism (നപുംസകരുടെ പത്ത് അടവുകള്‍ ),Raptophilia (അപസ്മാരകം), തുടങ്ങി മറ്റുള്ള courtship disorder കള്‍ വരെ പ്രമോദിന്‍റെ കഥകളില്‍ ചര്‍ച്ച ചെയപ്പടുന്നുമുണ്ട് . പക്ഷെ പ്രമോദിന്‍റെ തന്നെ പ്രതിശീര്‍ഷഭോഗം എന്ന കഥയില്‍ പ്രത്യക്ഷപ്പെടുന്ന പ്രൊഫസര്‍ അവിരാ മാക്കന്‍ എന്ന കഥാപാത്രം മാത്രം ആണ് എന്‍റെ വായനയില്‍ പതിഞ്ഞ കുറച്ചെങ്കിലും സാമാന്യതകള്‍ കണ്ടെത്താവുന്ന മറ്റൊരു Paraphiliac.

ഇനി ഇതാണോ കേരള ആണ്‍ സമൂഹത്തിന്‍റെ പ്രതിനിധി എന്ന ചോദ്യം. തികച്ചും വ്യക്ത്യാധിഷ്ടിധം ആയ ഒരു സംഗതിയോ/ പ്രശ്നമോ ആണ് സ്വന്തം ലൈംഗികത. അതിന്‍റെ പൂര്‍ത്തീകരണത്തിനായി, നിയമ വിരുദ്ധ/ക്രിമിനല്‍ തലങ്ങളിലേയ്ക്ക് വ്യക്തി തുനിഞ്ഞിറങ്ങാത്തിടത്തോളം , സമൂഹം അറിയുകയോ വിധിക്കുകയോ ചെയ്യേണ്ടുന്ന ഒരു ഘടകമേ അല്ല ഇത്. പക്ഷെ നിയമ വിരുദ്ധവും, കുറ്റകരവുമായ അവസ്ഥകളിലേയ്ക്ക് നയിക്കാവുന്ന ഒരു അടിസ്ഥാനപ്രശ്നം ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന വസ്തുതയും വളരെ പ്രസക്ത്മാണ്. അടിസ്ഥാനപരമായി ചികിത്സ അര്‍ഹിക്കുന്ന ഒരു “ക്ലിനിക്കല്‍” പ്രശ്നം എന്ന നിലയില്‍ തന്നെ ഇതിനോട് സമീപിക്കുകയാണ് വേണ്ടത് . ഇതിനെ സമൂഹത്തിന്‍റെ പൊതു സ്വഭാവം അല്ലെങ്കില്‍ അതിന്‍റെ ട്രെയിറ്റ് ആയി കാണാണമെങ്കില്‍ അതിനു ഉപോത്ബലകമായ കണക്കുകള്‍ വേണ്ടതുണ്ട് . കേരളീയ ഗ്രമാന്തരങ്ങളില്‍ ഇത്തരം കഥകള്‍ ധാരാളം ആയി നമ്മള്‍ കേള്‍ക്കാറുണ്ട്എങ്കിലും, “സെക്ഷ്വലി പെര്‍വെര്‍ട്ടട്” എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ, ഫെറ്റിഷിസം പ്രകടിപ്പിക്കുന്ന വ്യക്തികളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല, അതിനുപുപരി സാമൂഹ്യമായി നിര്‍ദോഷമായ ചില ഫെടിഷിസം വെച്ച് പുലര്‍ത്തുന്ന വ്യക്തികളെ ഈ കണക്കുകള്‍ക്ക്‌ പുറത്തു നിര്‍ത്തേണ്ടിയും വരും. ഇതിനെ ഒരു സാമൂഹ്യ പ്രശ്നം എന്ന നിലയില്‍ കാണണം എങ്കില്‍, മലയാളിസമൂഹത്തില്‍ ചുരുങ്ങിയത് ഒന്നോ രണ്ടോ ശതമാനം പുരുഷന്മാര്‍ എങ്കിലും കുട്ടിയപ്പനെ പോലെ ഭാവനാലോകത്ത് തന്‍റെ ലൈംഗികതയെ വിചിത്രവും അപകടകരവുമായ രീതിയില്‍ തേടുന്നവര്‍ ആയിരിക്കണം. അങ്ങനെ ഒരു തീര്‍ച്ചപ്പെടുത്തലില്‍ എത്താന്‍ ആവശ്യമായ വിവരം ഇനിയും നമ്മുടെ പക്കല്‍ ഇല്ലാത്തിടത്തോളം, കുട്ടിയപ്പനില്‍ മലയാളി പുരുഷസത്വത്തെ ആരോപിക്കുന്നതില്‍ വലിയ പ്രസക്തി ഇല്ല എന്നാണ് എന്‍റെ നിരീക്ഷണം.
വേറൊരു കോണില്‍ നിന്നും നോക്കുമ്പോള്‍, ലൈംഗികതയെ സംബന്ധിച്ച് മലയാളി സമൂഹം ഇപ്പോഴും അടഞ്ഞ നിലപാട് തുടരുന്നതിനു പിന്നില്‍ ഒരു പാട് ഘടകങ്ങള്‍ ഉള്ളതായി കാണാം. കുടുംബം എന്ന മൈക്രോ പോളിടിക്കല്‍ സ്ഥാപനത്തില്‍ ഊന്നിയ ഈ സാമൂഹിക ജീവിതക്രമത്തില്‍ വിവാഹത്തെ ഒരു ഉടമ്പടി എന്നതിനപ്പുറം നോക്കികാണുന്ന കാഴ്ചപ്പാടുകളുടെ പ്രശ്നങ്ങള്‍, പൊരുത്തപ്പെടുക എന്ന അടിസ്ഥാന ശിക്ഷണം മൂലം മൂടി വെയ്ക്കാന്‍ നിര്‍ബന്ധിതമായി തീരുന്ന പൊരുത്തക്കേടുകള്‍, വിവാഹമോചനത്തില്‍ അടങ്ങിയ സാമൂഹ്യ അവമതിപ്പും സാമ്പത്തിക ഘടകങ്ങളും തുടങ്ങി വേറിട്ട ഘടകങ്ങള്‍, സ്വന്തം ലൈംഗികതയെ തുറന്ന് പറയുന്നതില്‍ നിന്നും ഒരു വ്യക്തിയെ ഇപ്പോഴും അകറ്റി നിര്‍ത്തുന്നു. ഇത് കൊണ്ട് തന്നെ സ്വന്തം ലൈംഗികത ഇപ്പോഴും ശരാശരി മലയാളിക്ക് “ബ്ലാക്ക് ബോക്സ്‌” ആണ്. ഈ മുരടിപ്പ് മറികടക്കാന്‍ അവന്‍ പലപ്പോഴും ഭാവനയെ കൂട്ട് പിടിക്കുന്നു എന്നു നമ്മുടെ ഡോക്ടര്‍മാര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട് . ഈ ഭാവനയെ ഫെടിഷിസം തുടങ്ങിയ ക്ലിനിക്കല്‍ പ്രശ്നങ്ങളായി കൂട്ടിക്കിഴിക്കുന്നതോ അല്ലെങ്കില്‍ തെറ്റിധരിക്കുന്നത് മൂലമാണ്, മലയാളി ആണ്‍ സമൂഹത്തിന്‍റെ പ്രതിനിധി എന്ന നിലയില്‍ കുട്ടിയപ്പന്‍ നിരൂപിക്കപ്പെട്ടത്‌ എന്ന് കരുതേണ്ടിയിരിക്കുന്നു.
വീടിനുള്ളില്‍ ചൂഷണം നേരിടേണ്ടി വരുന്ന കുട്ടികള്‍ എന്ന ഘടകം സിനിമയില്‍ അടിവരഇട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. കഥയില്‍ ഈ വിഷയത്തിന് കൊടുക്കുന്ന പ്രധാന്യത്തെക്കാള്‍ സിനിമ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് മെലോഡ്രാമയ്ക്ക് കൊടുത്ത അമിത പ്രാധാന്യം മുന്‍നിര്‍ത്തി ആണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. എങ്കിലും ഇതിലൂടെ മറ്റൊരു തരം ചൂഷണത്തെയും മറ്റൊരു തരം മാനസിക വയ്കല്യത്തെയും കൂടി വരച്ചു കാട്ടിയിരിക്കുന്നു കഥയും സിനിമയും.
അഭിനേതാക്കളുടെ സ്വന്തം മാനറിസം കൊണ്ട് തന്നെ സിനിമ പുതുമ ഇല്ലാത്ത എന്തോ ചില ഭാവാഭിനയ കോലാഹലമായി മാറിയിരിക്കുന്നു ലീലയില്‍. എം.ജി.ആര്‍ അഭിനയിച്ചാല്‍ എഴൈ തോഴന്‍ ..എം.എന്‍. നമ്പ്യാര്‍ അഭിനയിച്ചാല്‍ ചൂഷണം , ബലാല്‍ക്കാരം എന്ന പഴയകാല തമിഴ്സിനിമാ ട്രാക്കുകള്‍ പോലെ ബിജു മേനോനില്‍ നിന്നും നായകഹാസ്യം, വിജയ രാഘവനില്‍ നിന്നും സൈഡ് റോളിന്‍റെ ഹാസ്യം.. ഇന്ദ്രന്‍സില്‍ നിന്നും സാദാ ഹാസ്യം എന്ന മട്ടിലാണ് സിനിമ പോകുന്നത്. ദൈന്യം എന്നാല്‍ പനി കഴിഞ്ഞ് എഴുനേറ്റ അവശതയാണ് എന്ന് തെറ്റിധരിച്ച നായിക, ഇങ്ങനെ പാടേ പാളിയ കാസ്റ്റിങ്ങും കൂടി ആയപ്പോള്‍ ലീല പ്രതീക്ഷകളെ തെറ്റിച്ചുകളഞ്ഞ സിനിമ എന്നതിനപ്പുറം ഒരു ദുരന്തം കൂടി ആയി മാറി. കുട്ടിയപ്പന്‍ എന്ന സാധാരണ മനുഷ്യനില്‍ നിന്നും ഒരു കുട്ടിയപ്പന്‍ എന്ന കോമാളിയിലേക്കുള്ള യാത്രയാണ് ലീല എന്ന സിനിമ. ഒരു വരിയില്‍ ചുരുക്കിയാല്‍ ഇതാണ് കഥയില്‍ നിന്നും തിരക്കഥയില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന മെറ്റാമോര്‍ഫോസിസ്..
രാജേഷ്‌ പത്തില്‍

Tuesday, November 3, 2015

കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം - ഒരു ഇന്ദു മേനോന്‍ മാജിക്കല്‍
രാജേഷ്‌ പത്തില്‍



ഏതാണ്ട് ആറോ ഏഴോ മാസങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ദു മേനോന്‍റെ പുതിയ നോവല്‍ ആരംഭിച്ചപ്പോള്‍ , വല്യ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് വായിച്ചു തുടങ്ങിയത്. പക്ഷെ ആദ്യത്തെ ലക്കം വായിച്ചു തീര്‍ന്നപ്പോള്‍  തോന്നിഒരു കുറിപ്പ് എഴുതണം – മലയാളത്തില്‍ ഇത്തരം ഒന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന്  ..പിന്നെ തീരുമാനിച്ചു, കുറച്ചു കഴിഞ്ഞു ആവട്ടെ.കാരണം പല പുസ്തകങ്ങളും തുടക്കം വളരെ നന്നാവുകയും പിന്നീടു ശരാശരിയോ അതിലും താഴേക്ക് പോവുകയോ ചെയുന്ന ശീലം  പുതു തലമുറ എഴുതുക്കാരില്‍ പതിവാണ് എന്നതും , ഇന്ദു മേനോന്‍ തന്നെ പഴയ കാലങ്ങളില്‍ എഴുതി വന്നിരുന്ന പതിവ് ആഖ്യാന രീതിയിലേക്ക് പോയാലോ എന്ന ചിന്തയും എന്നെ അതില്‍ നിന്നും പിന്‍ തിരിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ അവസാനത്തെ അധ്യായം വായിച്ചപ്പോള്‍ തന്നെ ഒരു കുറിപ്പ് എഴുതുന്ന കാര്യം വീണ്ടും മനസ്സില്‍ വന്നതിനാല്‍ , മലയാള സാഹിത്യ തല്പരര്‍ക്ക് വേണ്ടി ഈ കുറിപ്പ് എഴുതുന്നു

ഇനി “കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം” എന്ന നോവലിനെ കുറിച്ച് . ആമുഖം ആയി പറഞ്ഞ പോലെ ഇതു മലയാളത്തില്‍ പുതിയതാണ് ,അല്ലെങ്കില്‍ എന്‍റെ മലയാള വായനയില്‍ ഇതു പുതിയതാണ്. എഴുത്ത് രീതികളുടെ അളവ് അടയാള സമവാക്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇത്‌ ഒരു പക്ഷെ മാജിക്കല്‍ റിയലിസം ആയിരിക്കില്ല , കാരണം ഇതില്‍ റിയലിസം ഉണ്ടോഅവര്‍ പറയുന്ന ഭൂമിക ഉള്ളതോ അതോ ഭാവനാ കല്പിതമോഅതിലെ അന്തര്‍ധാര ചരിത്രോന്മുഖമോ അല്ലെയോ  തുടങ്ങിയ  പണ്ഡിത ജന്യമായ തര്‍ക്കങ്ങള്‍ പരിശോധിച്ച്  അക്കാഡിമിക് ഡോക്ടര്‍മാര്‍ വിധി എഴുതട്ടെ..പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ,  അടുത്ത ലക്കത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു ഞാന്‍ വായിച്ച  നോവലുകള്‍ ഇതിനു മുമ്പ് , എം.പി. നാരായണ പിള്ളയുടെയും,മൂത്താരുടെയും (V.K.N) രചനകള്‍ മാത്രം. അലസമായൊരു താരതമ്യത്തില്‍,പരിണാമത്തില്‍ നാരായണ പിള്ള ഉപയോഗിച്ച രചനാ സങ്കേതങ്ങള്‍ ഇന്ദു ഈ നോവലില്‍ അവലംബിക്കുന്നുണ്ടോ എന്നും തോന്നി പോകും. പക്ഷെ അത് ഈ കൃതിയോട് ചെയ്യുന്ന അനീതി എന്ന നിലയിലും,ആഴത്തിലുള്ള വായനയ്ക്ക് ശേഷം മാത്രം എത്താവുന്ന നിലപാട് എന്ന നിലയിലും ഇപ്പോള്‍ തീരെ അപ്രസക്തം.

രണ്ടു കാരണങ്ങള്‍ ആണ് ഈ കൃതിയെ ഇഷ്ടപ്പെടാനും പിന്തുടരാനും എന്നെ പ്രേരിപ്പിച്ചത്. ഒന്ന് വളരെ സത്യസന്ധമായ കാഴ്ചപ്പാടുകള്‍. രണ്ട്, ആദ്യാവസാനം  നിറഞ്ഞു തൂവുന്ന രൂപകങ്ങള്‍. സ്വപ്നാടനോന്‍മുഖമായ ആഖ്യാനം. ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളും , സ്വപ്നത്തില്‍  നിന്നും വരുന്ന കാഴ്ചകളും..ജന്മാന്തരങ്ങളില്‍ കൂടി ഒഴുകി നിറയുന്ന പ്രണയം. കാട്ടുതീ പോലെ പടരുന്ന കാമംപിന്നെ അനിവാര്യതയായി നീറിപ്പടരുന്ന രതി.ഒരു ശരാശരി മലയാളി വായനക്കാരന് വേറിട്ട പല കാരണങ്ങള്‍കൊണ്ട് അജീര്‍ണം വരാനുള്ള മരുന്നുകള്‍ എല്ലാം ഇന്ദു ഇതില്‍ ചേര്‍ത്തിട്ടുണ്ട്. രതിയെക്കുരിച്ചോ കാമത്തെക്കുറിച്ചോ തുറന്ന് എഴുതുന്നത്‌ എല്ലാം അസന്മാര്‍ഗീകം എന്ന് വിവക്ഷിക്കുകയുംഎന്നാല്‍ നാല്പതു പേര്‍ നടത്തുന്ന ചുംബന സമരം കാണാന്‍ നാലായിരം പേര്‍ കൂടുകയും ചെയ്യുന്ന മലയാളി സദാചാരം ഈ കൃതിയെ എങ്ങനെ കാണും എന്നത് കൌതുകകരം തന്നെ ആയിരിക്കും.

സമൂഹത്തിലെ സദാചാര ചതുരക്കളങ്ങളില്‍ ഒതുക്കപ്പെട്ട ബന്ധങ്ങളെ, സാഹചര്യങ്ങളുടെ അല്ലെങ്കില്‍  അവസരങ്ങളുടെ  ക്രമീകരണങ്ങളിലൂടെയോ  പുനക്രമീകരണങ്ങളിലൂടെയോ വാസനയ്ക്ക് വഴങ്ങാന്‍ ഉള്ള പഴുതുകളിലേയ്ക്ക് തുറന്ന് വിടുന്നു. ഇതിലൂടെ കുടുംബം എന്ന അടിസ്ഥാന രാഷ്ട്രീയ യൂണിറ്റിനെ തന്നെ ഒരു പക്ഷെ ചോദ്യം ചെയ്യാന്‍ ഇന്ദു ശ്രമിക്കുന്നുണ്ടാകാം. ഒരു ലെസ്ബിയന്‍ പശുഇന്ദു മേനോന്‍റെ കഥകള്‍ചുംബന ശബ്ദതാരാവലി  തുടങ്ങിയ  നോവലിസ്റ്റിന്റെ മുന്‍കാല കൃതികളില്‍ പ്രകടമായി നില്‍ക്കുന്ന സ്ത്രീപക്ഷ വാദങ്ങളാല്‍ രൂപപ്പെട്ട മുന്‍വിധിയികള്‍ ആയിരിക്കാം എന്നെ ഇത്തരം ഒരു നിരീക്ഷണത്തില്‍ എത്തിച്ചത്. കാമത്തെ കുറിച്ചോ രതിയെക്കുറിച്ചോ ഇത്രയേറെ വസനോന്മുഖമായി സംസാരിക്കുന്ന ഒരു കൃതി എന്തായാലും മലയാളത്തില്‍ ഇല്ല തന്നെ. മുമ്പേ പോയവര്‍ കാര്യങ്ങള്‍ അറിയാത്തവരോപറയാന്‍ ശ്രമിക്കാത്തവരോ അല്ല. പദ്മരാജനും ,മാധവിക്കുട്ടിയും ഈ വഴി നടന്നവര്‍ തന്നെ ആണ് . പക്ഷെ ഇത്രയും നിറഞ്ഞഅല്ലെങ്കില്‍ തുറന്ന ഒരു പറച്ചില്‍  അവര്‍ തീര്‍ച്ചയായും അവലംബിക്കുന്നില്ല. കുറച്ചുകൂടി ആര്‍ദ്രവും ദുര്‍ബോധമായ (subtle)വഴികള്‍ ആയിരുന്നു അവര്‍ സ്വീകരിച്ചത്. കടല്‍ മയൂരവും , രതി നിര്‍വേദവും ചില ഉദാഹരങ്ങള്‍ മാത്രം.
  
ഈ ആഖ്യായികയില്‍ പ്രകടമായ സ്ത്രീ വിമോചന രാഷ്ട്രീയ സൂചനകള്‍ ഉണ്ട്. പുരുഷ മേധാവിത്ത്വം എങ്ങനെ കാര്യങ്ങളെ അവര്‍ക്ക് അനുകൂലമായി മാറ്റുന്നു എന്ന ഒരു അടിസ്ഥാന വീക്ഷണത്തോടൊപ്പം,  സ്ത്രീ പുരുഷ ബന്ധത്തിലെ  അടിസ്ഥാന ഘടകം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമാണ് എന്നതുംപുരുഷന് സ്നേഹം  എന്നാല്‍ കാമം ആണെന്നും, മറിച്ച് സ്ത്രീക്ക് അത് ക്രമേണ രതിയിലേക്ക് വളരുന്ന പ്രണയം ആണെന്നും ഉള്ള ഒരു അന്തര്‍ധാര നോവലില്‍ ഉടനീളം പുലര്‍ത്തിക്കാണുന്നു.  നോവലിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെ പുരുഷന്‍റെ ചൂഷണത്തിന് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിധേയരാകുന്നവര്‍ തന്നെയാണ്. ഒരു പടി കൂടി കടന്ന്, സ്ത്രീ ചൂഷണത്തെയും  അടിച്ചമര്‍ത്തലിനെയും (ലൈംഗികമായ ചൂഷണവും  ലിംഗാധിഷ്ഠമായ  ചൂഷണവും )    ജന്മാന്തരങ്ങളിലൂടെയുള്ള  ജൈവികമായ  തുടര്‍ച എന്ന നിലയിലും, തലമുറകളില്‍കൂടിയുള്ള  സാമൂഹികമായ തുടര്‍ച്ച എന്ന  നിലയിലുമാണ് പലപ്പോഴും അവതരിപ്പിക്കുന്നത് . ഒരേ സ്ത്രീയുടെ മാറത്തേക്ക്   ഒരേ സമയം  തുറിച്ചു നോക്കുന്ന രണ്ടു പുല്ലിംഗ ധാരികളുടെ - ചെറു വാല്യക്കാരന്‍റെയും വൃദ്ധന്‍റെയും -   മനോ നിലയും മനോവ്യാപാരവും ഒന്ന് തന്നെ എന്ന  മുന്‍വിധിയോളം പോകുന്നു നോവലിസ്റ്റ്. സമൂഹിക സാംസ്കാരിക ഘടകങ്ങളെയും, വ്യക്തികള്‍ക്ക് മേല്‍ അവയ്ക്കുള്ള സ്വാധീനത്തെയും കണക്കില്‍എടുക്കാത്ത ഒരു “സിനിക്ക്” മുന്‍വിധിയിലേക്ക് ചിലപ്പോഴെങ്കിലും നോവല്‍ വഴുതി പോകുന്നുമുണ്ട്.  ഈ നിലപാട് ആരെയെങ്കിലും  അത്ഭുതപ്പെടുത്തുന്നതാണ്‌ എന്ന് കരുതാനാവില്ല.  ജീവിതത്തിന്‍റെ,  നിലനില്‍പ്പിന്‍റെ  പ്രസക്തിയെ   ശരീരങ്ങളുടെ മാത്രം ആഘോഷം ആയി കൊണ്ടാടുന്ന ഒരു  തലമുറയുടെ സമൂഹത്തില്‍ , ഈ നോവല്‍ പുലര്‍ത്തുന്ന മുന്‍വിധി ഒരു പരിധി വരെ “prophetic” ആയി മാറിയേക്കാം.            

ലൈംഗിക അസമത്വത്തിനേയും അടിച്ചമര്‍ത്തലുകളേയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍  നോവലിസ്റ്റ് പലപ്പോഴും കടും നിറങ്ങള്‍  മാത്രം ഉപയോഗിക്കുന്ന  ചിത്രകാരനെ അനുസ്മരിപ്പിക്കുന്നു. പീടോഫീലിയ, മസോകിസം, ശവരതി തുടങ്ങി നിരവധി ഉദാഹരങ്ങള്‍ ഇത്തരത്തില്‍ ഈ ആഖ്യായികയില്‍  കാണാന്‍കഴിയും.     
പീടോഫെലിയ (pedophilia) എന്ന ഒരു എലമെന്റ്റ് (element)  മാത്രം  എടുത്തു പരിശോധിച്ചാല്‍  മതി ഇതു മനസിലാവാന്‍. ഇന്ദുവിന്‍റെ  നോവലില്‍  വേറിട്ട പല  സാഹചര്യങ്ങളിലും  ഇത് കടന്നു വരുന്നു. പ്രണയത്തില്‍ നിന്നും (പൂര്‍ണമായും പ്രണയമല്ലെങ്കില്‍ കൂടി infatuation-ല്‍ നിന്നും )  രതിയിലക്ക് സഞ്ചരിക്കുന്നതും  സാമൂഹിക സാഹചര്യങ്ങള്‍ ചൂഷണത്തിനായ് തുറക്കുന്ന പുരുഷന്‍റെ അവസരവാദ സമീപനത്തില്‍ നിന്നും, അവസരം എന്ന പ്രലോഭനത്തിനു മുമ്പില്‍ ശരീരത്തിന് കീഴടങ്ങുന്ന പുരുഷ മനോനിലയില്‍ നിന്നും, ,(ശാരീരിക  തൃഷ്ണയ്ക്കു മുമ്പില്‍ മറ്റെന്തും മാറ്റി വെച്ച് കീഴടങ്ങുന്ന ദുര്‍ബലന്‍ ആണ് പുരുഷന്‍ എന്ന്‍ ഇതിന്‌ ഒരു  മറു വായന ഉണ്ട്), നൈമിഷികമായ കേവലാസക്തികളില്‍ നിന്നും ഉടലെടുക്കുന്ന തൃഷ്ണ  പുരുഷന്‍റെ  മേധാവിത്ത മനോനില  ഒന്ന്  കൊണ്ട്  മാത്രം ദുര്‍ബലമായ ഇരകളില്‍ പെയ്തിറങ്ങുന്നതായും ..അങ്ങനെ പല കാരണങ്ങളാല്‍, പലകുറി ഈ അവസ്ഥ    നോവലില്‍ പ്രതിപാദിക്കപ്പെടുന്നു  . ലൈംഗികമായോ അല്ലാതെയോ പീഡനം നേരിടുന്ന ബാല്യം  ഈ  സമൂഹത്തിന് പത്രത്താളിലോ/ടെലിവിഷന്‍ സ്ക്രീനിലോ കടന്നു വരുന്ന  വളരെ സാധാരണയായ ഒരു പത്രവാര്‍ത്ത‍യാണെങ്കില്‍ കൂടി, ഒരു സാഹിത്യ സങ്കേതം എന്ന നിലയില്‍ കണ്ണില്‍ കുത്തുന്ന തരത്തിലുള്ള കടുത്ത പ്രയോഗം തന്നെയാണ്. ചപല കൌമാരങ്ങളുടെ തൃഷ്ണാ പര്യവേഷണങ്ങള്‍ എന്ന നിലയില്‍ കഴിഞ്ഞ തലമുറയിലെ എഴുത്തുകാര്‍ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെങ്കിലും, പദ്മരാജന്‍റെ “മൂവന്തി”, എന്‍.എസ്.മാധവന്‍റെ – ഹുമയൂണിന്‍റെ ശവകുടീരത്തില്‍, ഉണ്ണി .ആറിന്‍റെ – ലീല, പ്രമോദ് രാമന്‍റെ റെഡ് ക്രോസ്,   മുതലായവ ഈ സാമൂഹ്യ പരിസരങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു എഴുതപ്പെട്ട  അതിമനോഹരമായ കഥകള്‍ ആണെങ്കിലും, ഈ സാമൂഹിക പ്രശ്നത്തെ ബിംബവല്ക്കരിക്കാനും, മെലോഡ്രാമയിലേക്ക് വീഴാതെ, ഒരു തുടര്ക്കാഴ്ച പോലെയോ പിന്‍തുടരുന്ന ഒരു നിലവിളി പോലെയോ നമ്മുടെ മുമ്പില്‍ എത്തിക്കാനും ഇന്ദു ഈ നോവലിലൂടെ  നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു മുന്‍ മാതൃക ഉണ്ട് എന്ന് തോന്നുന്നില്ല. നടേ പറഞ്ഞ മറ്റു കൃതികള്‍ ഈ വിഷയത്തിന്‍റെ സമൂഹിക ചുറ്റുപാടുകളില്‍ നിന്നും വളരെ subtle –ആയി വിഷയത്തെ സമീപിക്കുമ്പോള്‍ ഈ നോവലില്‍ അത് ചെണ്ടകൊട്ടി നേരെ അരങ്ങിലെത്തുന്നു,  രൌദ്ര ഭീമനെ പ്പോലെ നമ്മുടെ സാമൂഹിക നിലപാടുകളെ  നോക്കി ഗോ ഗ്വാ വിളിക്കുന്നു .  നമ്മുടെ സാംസ്കാരിക  നിലപാടുകളുടെ  നെഞ്ചു പിളര്‍ന്ന് രക്തം കുടിക്കാനുയുന്നു.
      
പാപ ബോധം ഈ നോവലില്‍ സജീവമായ ഒരു മനോ വ്യാപാരമായി കടന്നു വരുന്നു. പുരുഷ സ്നേഹത്തിന്‍റെ ഉപോത്പന്നം എന്ന നിലയില്‍ ആണ് നോവലിസ്റ്റ്‌ അതിനെ പലപ്പോഴും വരച്ചിടുന്നത്. പുരുഷന്‍ തന്‍റെ സ്നേഹത്തിന്‍റെ ഏറ്റവും കാതലായ വഴിയിലേയ്ക്ക്- ശാരീരിക ആസക്തികളിലേക്ക്  വളരെ പെട്ടന്ന് കാല്‍ വഴുതി വീഴുന്ന ഒരു വര്‍ഗം ആണെന്നും, യുക്തി, സാമൂഹിക നിയമങ്ങള്‍ , ചുറ്റുപാടുകള്‍ മുതലായവയ്ക്ക് രണ്ടാമത് മാത്രം പ്രാധാന്യം കല്‍പ്പിക്കുന്ന വെറും വികാര ജീവി മാത്രമാണെന്നും പറഞ്ഞു വയ്ക്കുന്നതിനു പുറമേ, ഈ സാമൂഹിക/ജീവിത  യഥാര്‍ധ്യങ്ങളുടെ മുമ്പില്‍ അധീരനായി പോവുന്ന , തന്മൂലം  അനാവശ്യവും നിയതമല്ലാത്തതുമായ   പാപബോധത്താല്‍, സാഹചര്യത്തില്‍ നിന്നോ ചിലപ്പോള്‍ ജീവിതത്തില്‍ നിന്നോ പോലും ഓടി ഒളിക്കാന്‍ മാത്രം ഭീരുവും ചപലനും ആണെന്ന് തോന്നിപ്പിക്കുന്ന  പാത്ര സൃഷ്ടികള്‍ ഈ നോവലില്‍ ഉണ്ട് . ഇതിലൂടെ നോവലിസ്റ്റ്‌ തന്‍റെ സ്ത്രീ പക്ഷവാദത്തിന്‍റെ പഴയ നിലപാടു തറകളില്‍ ഊന്നി നില്‍ക്കുവാന്‍ ഭംഗ്യന്തരേണ ശ്രമം നടത്തുക തന്നെയാണ്. അല്ലെങ്കില്‍ ലിംഗ സമത്വം എന്ന പഴയ സ്ത്രീ പക്ഷ വാദത്തില്‍ നിന്നും ഒരു പടി മുന്നോട്ടു കടന്ന് സ്ത്രീ വര്‍ഗ  മുന്‍തൂക്കം (മേല്‍ക്കോയ്മയല്ല) എന്ന ഒരു  പുതിയ  നിലപാടില്‍ എത്തിയിരിക്കുന്നു . അതായതു , ഇന്നിന്‍റെ പ്രകടമായ സാമൂഹിക ക്രമത്തില്‍ പുരുഷ മേല്‍ക്കോയ്മ നില നില്‍ക്കുന്നു എങ്കിലും അടിസ്ഥാനപരമായി സ്ത്രീ തന്നെയാണ് മുന്തിയ വര്‍ഗം എന്നു പറയാനുള്ള പരോക്ഷ പ്രവണത ഈ നോവലില്‍ തെളിഞ്ഞു കാണുന്നു. എന്നിരിക്കിലും, ഒരിടത്ത്  ഒഴികെ, മറ്റൊരു കഥാപാത്രവും   പ്രത്യക്ഷത്തില്‍ ഇതിനു വേണ്ടിയുള്ള ഒരു ശ്രമവും നടത്തുന്നില്ല എന്നുള്ളത്‌ സൂക്ഷ്മമായി വിലയിരുത്തേണ്ട ഒരു വിഷയം തന്നെയാണ്. ഈ ചെറിയ കുറിപ്പിന്‍റെ പരിധിയില്‍ ഒതുക്കാനാവാത്തതിനാലും, ഇന്നത്തെ സമൂഹത്തില്‍  വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം  എന്നതുകൊണ്ടും, സാമൂഹികസമത്വം കൈവരിക്കുന്നതിനായുള്ള സമരത്തില്‍ സ്ത്രീയെ പിന്നോട്ടുവലിക്കുന്ന സാഹചര്യങ്ങളെ പറ്റിയുള്ള അന്വേഷത്തിനു നമ്മള്‍ ഇവിടെ മുതിരുന്നില്ല. തുടര്‍ന്നുള്ള വായനകളില്‍ നിന്നും അത്തരം വിചാരധാരകള്‍ ഉരുത്തിരിഞ്ഞു  വരും എന്ന് പ്രതീക്ഷിക്കുന്നതിനോപ്പം ആ ശ്രമങ്ങളെ തിരസ്കരിക്കുന്ന ഘടകങ്ങളെയും, അതിലേയ്ക്ക് നയിക്കുന്ന കാരണങ്ങളെയും , അതിനു അനുയോജ്യമായ പ്രതികരണങ്ങളെയും കുറിച്ച് നമ്മുടെ സ്ത്രീപക്ഷ ചിന്തകര്‍ ഇഴപിരിച്ച്  പഠനം നടത്തട്ടെ എന്നും നമുക്കു ആശിക്കാം.
..


ഇതിന്‍റെ മറുപുറം രസാവഹമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ഒരു പക്ഷെ കാവ്യനീതി എന്ന പഴയ സങ്കല്പത്തില്‍ കഥാകാരി എത്തുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നവയാണ് ഈ പാപബോധ പാത്ര സൃഷ്ടികള്‍ എല്ലാം തന്നെ. ഏതു സാഹചര്യങ്ങളില്‍ കൂടിയും ചൂഷണം ചെയ്യുകയും , തന്‍റെ ലൈംഗിക ചോദനകളെ ശമിപ്പിക്കുകയും ചെയ്യുന്ന പുരുഷന്‍ , അതിനു ശേഷം പാപബോധത്തില്‍ നില തെറ്റി ജീവിതം നരക തുല്യമാക്കി അവസാനിപ്പിക്കുകയോ  , അല്ലെങ്കില്‍ ചൂഷിതയായ സ്ത്രീയുടെ കരുണ കാംഷിക്കുന്നതോ അര്‍ഹിക്കുന്നതോ ആയ  ജീവിത സാഹചര്യങ്ങളില്‍  എത്തി ചേരുകയോ ചെയ്യുന്നു. ഇതൊന്നുമല്ലെങ്കില്‍ സ്വപ്‌നങ്ങള്‍ തകര്‍ന്ന്, ജീവിതത്തിന്‍റെ നാഴികവിനാഴിക കണക്കുപുസ്തകത്തിന്‍റെ ചെപ്പേടുകളില്‍ മുപ്പത്തിയേഴ് തികയ്ക്കാനാവാതെ, ഒരു ദുരന്തമായി ഒടുങ്ങുന്നുമുണ്ട്. പ്രകൃത്യാതീത ശക്തികള്‍  കണക്കുതീര്‍ക്കുന്ന പഴയ ക്ലാസിക് ക്രാഫ്റ്റ് ചിലപ്പോഴെങ്കിലും കുട  നിവര്‍ത്തുന്നുമുണ്ട് ഈ നോവലില്‍.  പുരുഷ മേല്‍ക്കോയ്മയോട് നേരിട്ടുള്ള  സമരത്തില്‍ ജയത്തിന്‍റെ വിദൂരപ്രതീക്ഷയും   കൈവിട്ട എഴുത്തുകാരി, അതിനായി വിധിയെ കൂട്ട് പിടിക്കുന്നു,  എന്ന് വേണമെങ്കില്‍  വ്യാഖ്യാനിക്കാവുന്ന രീതിയില്‍ ആണ് ,  ഈ കഥാപാത്രങ്ങളുടെ  വിധി നിയോഗങ്ങള്‍.  
പുരുഷന്‍ സ്ത്രീയോട് ചെയ്യുന്ന ചൂഷണത്തെ , അത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമെങ്കിലും, ചൂഷണമായി തന്നെ  പ്രതിഭലിപ്പിക്കുന്ന നോവലിസ്റ്റ്‌, പലപ്പോഴും ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സമാനമായ സാഹചര്യങ്ങളില്‍ എത്തിക്കുമ്പോള്‍ വിധിയെ യോ, സാഹചര്യങ്ങളെയോ പഴിക്കുന്നു എന്നല്ലാതെ, അവരുടെ നേരിട്ടോ അല്ലാതെയോ ഉള്ള പങ്കിനെ  ചൂഷണം എന്നു മുദ്രകുത്താന്‍ തയാര്‍ ആകുന്നില്ല എന്നുള്ളതും വളരെ ശ്രദ്ധേയമായ മറ്റൊരു വസ്തുത ആണ്.


ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു നിലപാടു കൂടി പരിശോധിനാവിധേയമാക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. സ്ത്രീ എന്നാല്‍ സഹനമാണ് എന്ന ആ പഴയ സാമൂഹിക കാഴ്ചപ്പാടിനെ  – (സ്ത്രീ ഉള്‍പെടുന്ന ഇന്നിന്‍റെ സമൂഹം ഒരു ക്ലീഷേ ആയി മാത്രം പരിഗണിക്കുന്ന ആ നിലപാടിന്‍റെ  ശരി തെറ്റുകള്‍ ഇതള്‍ വിടര്‍ത്തി പരിശോധിക്കാന്‍ ഇവിടെ മുതിരുന്നില്ല)  -   അറിഞ്ഞോ അറിയാതെയോ നോവലിസ്റ്റ്‌  പിന്തുടരുന്നു, ചിലപ്പോഴെങ്കിലും അതിനെ ഉദാത്തവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് അത്    . ഉദാഹരണത്തിന് , നോവലിലെ ബഹുഭൂരിപക്ഷം സ്ത്രീ കഥാപാത്രങ്ങളും തന്‍റെ പ്രേമത്തിനായി തന്നെ തന്നെ സമര്‍പ്പിച്ചു, കാത്തിരിക്കുന്നവരാണ്. സരസ്വതിയും                                    ആന്‍റനീറ്റയും ജന്മാന്തരങ്ങളില്‍ കൂടി കാത്തിരിക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയും ഉമ്മുല്‍ ഹസ്നത്തും പ്രേമത്തിനായി സ്വയം  മരണത്തിനു സമര്‍പ്പിക്കുന്നു,  സരസ്വതിയുടെ  അമ്മ വഞ്ചിക്കപ്പെടുമ്പോഴും തിരിച്ചറിയാനാവാതെ കുടുംബത്തിനോടുള്ള പൂര്‍ണമായ സമര്‍പ്പണത്തില്‍ ജീവിക്കുന്നു... പുരുഷ വികാരങ്ങള്‍ക്ക് തീ കൊളുത്തുന്ന അസ്ലീല നൃത്തപ്രകടനത്തിനിടയില്‍ പോലും  ബാര്‍ നര്‍ത്തകി കര്‍ത്താവിനോടുള്ള പ്രേമത്തില്‍ പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. , എല്ലാം നഷ്ടപ്പെട്ടു രോഗിയായി  തിരിച്ചു വന്ന അച്ഛനെ ചികിത്സിക്കാന്‍ കടം വാങ്ങുന്ന ഏത്തല അതിനായി  സ്വന്തം ജീവിതം തന്നെ കൊടുത്ത് സ്വയം ഇല്ലായ്മയില്‍ അലിയുന്നു . ഈ പാത്ര നിര്‍മിതികളും സാഹചര്യങ്ങളും കഥകധനത്തില്‍ സമ്പൂര്‍ണമായി ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു എന്നു മാത്രവുമല്ല മുമ്പ് പരിശോധിച്ച, കാവ്യനീതിയില്‍ അധിഷ്ടിതമായ വിധിവിളയാട്ടങ്ങളെ ചിത്രീകരിക്കുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയില്‍ വളരെ അത്യാവശ്യം വേണ്ടുന്ന ഒരു രചനാ സങ്കേതവും ആണ്. എന്നിരിക്കിലും ഇതിന്‍റെ രാഷ്ട്രീയ പരിസരം കൈകാര്യം ചെയ്യുമ്പോള്‍ ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന അവധാനത കഥാകാരി പുലര്‍ത്തിയോ എന്ന ഒരു സംശയം ഉയര്‍ന്നു വരുന്നു, കാരണം ഇതു നമ്മള്‍ മുമ്പേ കണ്ട പഴയ നിലപാടിന്‍റെ  മറ്റൊരു വശം തന്നെ ആണ്. സ്ത്രീ എന്നാല്‍ ഭോഗവസ്തു മാത്രം – “തൊലിയുടെ നിറത്തിലും ശരീരത്തിന്‍റെ മുഴുപ്പിലും ഗന്ധത്തിലുമുള്ള വെത്യാസം ഒഴിച്ച് നിര്‍ത്തിയാല്‍”  മുഖം പോലും അപ്രസക്തമായ ശരീരങ്ങള്‍. കാമ പൂരണത്തിന് ശേഷം അല്ലെങ്കില്‍  കാര്യസാദ്ധ്യത്തിനുശേഷം അറപ്പും വെറുപ്പും അര്‍ഹിക്കുന്ന ജീവികള്‍ - ചിലപ്പോഴെങ്കിലും മരണം മാത്രം  അര്‍ഹിക്കുന്നവര്‍. ഈ മട്ടില്‍ ആണ് സ്ത്രീയെക്കുറിച്ചുള്ള  പുരുഷ പക്ഷ കാഴ്ചപ്പാടിനെ നോവല്‍ മുന്നോട്ടു വയ്ക്കുന്നത്. ഈ കാഴ്ചപ്പാടിനെ ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍  എന്ന മട്ടില്‍ ആണ്   "സ്ത്രീ എന്നാല്‍ സഹനം"  എന്ന നിലപാട്  കഥാകാരി നമ്മെ അനുഭവിപ്പിക്കാന്‍ ശ്രമിക്കുന്നത് .  ഇതില്‍ പ്രഥമ ദ്രിഷ്ട്യാ തെറ്റില്ലാ താനും. പക്ഷെ ഇന്ന് നാം കാണുന്ന സമൂഹത്തില്‍ സ്ത്രീയെ തുല്യതയോടെ  പരിഗണിക്കുന്ന ഒരു ചെറിയ വിഭാഗം എങ്കിലും  ഉണ്ട് എന്ന വസ്തുത പാടെ തള്ളിക്കളഞ്ഞു കൊണ്ടു മുന്നോട്ടു വയ്ക്കുന്ന നിലപാടിനോട് പൂര്‍ണമായും യോജിക്കാനാവില്ല. സ്ത്രീയാല്‍ അല്ലെങ്കില്‍ സ്ത്രീകളാല്‍ ചൂഷണ വിധേയമാകുന്ന പുരുഷ വര്‍ഗം എന്നൊന്നില്ല എന്നും മറ്റുമുള്ള മറുവായന ഇതിനുണ്ട് എന്നതുകൊണ്ടും കൂടി  ,  സ്ത്രീ മാത്രം ചൂഷണം സഹിക്കുന്നു എന്ന സൂഷ്മരാഷ്ട്രീയ നിലപ്പാട് അവരുടെ മുന്‍കാല സ്ത്രീ പക്ഷ  നിലപാടിന്‍റെ  തന്നെ   ബാക്കി പത്രം ആയി രേഖപ്പെടുത്തേണ്ടതുണ്ട്.  
     

ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇതാണ്ഇത്രയേറെ തുറന്ന് എഴുതാനുറച്ച ഇന്ദു എന്തു കൊണ്ട് ഒരു സ്ത്രീ കഥാപാത്രത്തെപ്പോലും പുരുഷാധിപത്യത്തിനു നേരെ, എതിര്‍ത്തു  നിന്ന് പോരാടി ജയിക്കാന്‍ വിടുന്നില്ല ?ഏതൊരു സമൂഹത്തിലും എന്ന പോലെ ഇവയൊക്കെ മലയാളി സമൂഹത്തിലും നിലനില്‍ക്കുന്ന കാര്യങ്ങള്‍ തന്നെ ആണ് . പക്ഷെ നമ്മുടെ കപട സദാചാര സാമൂഹിക നിലപാടുകള്‍  ഇതിനെ പ്രത്യക്ഷത്തില്‍ കൊല്ലാനും തല്ലാനും യാറെടുത്തു നില്‍ക്കുകയും,സ്വകാര്യത്തില്‍ അനുഭവേദ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ഇതില്‍ ആണ് പെണ് ഭേദം ഉണ്ടാവാരുമില്ല – പക്ഷെ അടുത്ത് നിന്ന് നോക്കുമ്പോള്‍ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ ,പുരുഷന്‍ നിര്‍മിക്കുന്ന ച്ഛായാ /പ്രതിച്ഛായാ ദന്ദ്വത്തിന്റെ ഇരകള്‍ ആയി മാത്രം ആണ് ഏതു സ്ത്രീയും പുരുഷന്‍റെ ഇഷ്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന “നല്ല സ്ത്രീ” അല്ലങ്കില്‍ “കുല സ്ത്രീ” സങ്കല്പത്തെ പ്രകീര്‍ത്തിക്കുന്നത്.  മേല്‍ പ്രസ്താവിച്ച വസ്തുതകളെ കണ്ടില്ലെന്നു നടിക്കുക മാത്രമല്ലഅതിനെ കുറിച്ച് സംസാരിക്കുന്ന വ്യക്തിയെ അല്ലെങ്കില്‍ കൃതിയെ മറ്റൊരു കുപ്പായം ധരിപ്പിചു പാര്‍ശ്വവല്ക്കരിക്കാന്‍ സാദാ  സമൂഹ മധ്യത്തില്‍ ഊറ്റം കൊല്ലുകയും ചെയ്യുന്നു, ഒരു ശരാശരി മലയാളി മനസ്. ഒരു പക്ഷെ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രം ആവാം നോവലിസ്റ്റും മനസ്സില്‍ കണ്ടിട്ടുള്ളത്അതിനപ്പുറത്തെക്ക് വളര്‍ന്നാല്‍ മലയാളി ആസ്വാദകന്‍ വാളെടുക്കാം എന്ന തിരിച്ചറിവാകാം അവരെ അതില്‍ നിന്നും തടഞ്ഞത്.  പക്ഷെ എന്തൊക്കെ ആയാലും കൃഷ്ണചന്ദ്രന്‍ കണ്ട മാരികോ ദ്വീപില്‍ ലിവിംഗ് ടുഗെതെര്‍ (living together)s ആണ് രീതി. കൂടെ പൊറുത്തു ഇഷ്ടപ്പെട്ടാല്‍ മാത്രം കല്യാണം. അങ്ങനെ ലിംഗസമത്വം ഉറപ്പാക്കുന്ന ഒരു കാലവും  ദേശവും  സ്വപ്നം കാണുമ്പോഴും മലയാള സമൂഹത്തിലുംസാഹിത്യത്തില്‍ പ്രതെയ്കിച്ചും ചര്‍ച്ച ചെയ്യാത്ത ചില മേഖലകള്‍ അനാവരണം ചെയ്യപ്പെടുമ്പോഴുംനോവലിസ്റ്റ്‌ പൊതുവില്‍ സ്ത്രീയെ ഇര എന്ന നിലയില്‍ മാത്രം – ചില അവസരങ്ങളില്‍ പൊരുതാനുറച്ചാലും അവസാനം ഇരയായി തന്നെ ഒടുങ്ങാന്‍ - പാത്രീകരിക്കുന്നു.  .
         
ഇതൊരു വിചിത്ര പുസ്തകം തന്നെ. കഥാകാരി പറയുന്ന പോലെ കപ്പലിനെ കുറിച്ച്, പ്രേമത്തെക്കുറിച്ച്, മരണത്തിനെക്കുറിച്ച് ഒരു വിചിത്ര പുസ്തകം തന്നെ  . പക്ഷെ നാലാമതൊരു വിചിത്ര പുസ്തകം എന്‍റെ വായനയില്‍ പതിഞ്ഞു. ഗന്ധത്തിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം. എന്‍റെ വായനയില്‍ ഗന്ധം കൈയടക്കിയ കഥകള്‍ എണ്ണത്തില്‍ വളരെ കുറവ് മാത്രം . Patrick Suskind എഴുതിയ  Perfume – The story of a murderer എന്ന ഫ്രഞ്ച് നോവലും, പരാശരനെ ഗന്ധത്തില്‍ മയക്കിയ , അതേ ഗന്ധത്തില്‍ ശന്തനുവിനെ അനുരാഗ പരവശനാക്കി  വിവാഹം ചെയ്ത മത്സ്യഗന്ധിയുടെ മഹാ ഭാരത കഥയും ,  പിന്നെ ഒരു പരിധിവരെ കെ.ആര്‍ മീരയുടെ “വാര്‍ത്തയുടെ ഗന്ധം” എന്ന ചെറുകഥയും. പഞ്ചേന്ദ്രിയാനുഭവങ്ങളില്‍ ഒരു പക്ഷെ ഒരു സാഹിത്യ രൂപത്തില്‍ personify ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ അനുഭവമായിരിക്കും  ഗന്ധം. ഗന്ധങ്ങളാല്‍ അനുഭവങ്ങളെ വേര്‍ തിരിക്കണമെങ്കില്‍ അതിലും വലിയ ബുദ്ധിമുട്ട് തന്നെ. ഇന്ദു അവരുടെ നോവലില്‍ ഈ സാധ്യത നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരായിരം ഗന്ധങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു നോവലില്‍. ഗന്ധമാണെവിടെയും..മയക്കുന്ന, മടുപ്പിക്കുന്ന, ഭയം ജനിപ്പിക്കുന്ന ഗന്ധങ്ങള്‍ .... ജന്മത്തിന്‍റെ ജീവിതത്തിന്‍റെ പ്രണയത്തിന്‍റെ വിരഹത്തിന്‍റെ രതിയുടെ  ചതിയുടെ മരണത്തിന്‍റെ ഗന്ധങ്ങള്‍....കടലിന്‍റെ ഗന്ധം, കരയുടെ ഗന്ധം.. ഗന്ധം ഒരു വ്യക്തിയാകുന്ന അപൂര്‍വമായ പാത്ര ശ്രിഷ്ടിയും നോവലില്‍ കടന്നു വരുന്നു . പാരിജാതത്തിന്‍റെ ഗന്ധമുള്ള സൈദാനിയത്ത് ബീവി. തൊടുന്നതിലെക്കെല്ലാം തന്‍റെ പാരിജാത ഗന്ധം പകര്‍ന്നു കൊടുത്ത്‌ അതേ മാന്ത്രിക ഗന്ധം തന്നോടൊപ്പം തിരികെ എടുത്തു  ഖബറില്‍ നിറച്ചവള്‍. പശ്ചാത്തല  സംഗീതം കൊണ്ട് സിനിമയില്‍ രംഗത്തിന്‍റെ മൂഡ്‌ നിയന്ത്രിക്കുന്നത് പോലെ ഗന്ധങ്ങള്‍ കൊണ്ട് ചുറ്റുപാടുകള്‍ നിര്‍വചിക്കുന്നതില്‍ ഇന്ദു അസാധാരണമായ കൈയ്യടക്കം കാണിച്ചിരിക്കുന്നു. ഏതാനും ചില ഉദാഹരങ്ങള്‍ എടുത്താല്‍.. ചിങ്ങപ്പൂമണം പരത്തുന്ന മഴക്കാടുകള്‍   , ലാവെണ്ടര്‍ പൂക്കളുടെ നീരൂറ്റിയെടുത്ത മഷിയുടെ മദിപ്പിക്കുന്ന വശ്യവും രതിയുണര്‍ത്തുന്നതുമായ ഗന്ധം, കടല്‍ വെരുകുകളുടെ ചെടിപ്പിക്കുന്ന മാംസഗന്ധം ഉതിര്‍ക്കുന്ന ഭൂപടം , അരികു മൊരിഞ്ഞു വരുന്ന തേങ്ങാപ്പലഹാരത്തിന്‍റെ മധുരമണം, അലമാരയുടെ പഴകിയ പൊടി മണം, മന്തിന്‍റെ കനച്ച നീര്‍മണം, കാട്ടുജീവിയുടെ പോലെയുള്ള വന്യമായ ഉടല്‍ മണം പൊഴിക്കുന്ന സ്ത്രീകള്‍ , സ്ത്രീയുടെ മദിപ്പിക്കുന്ന മുലപ്പാല്‍ ഗന്ധം, പുക്കിള്‍ക്കുഴിയുടെ കാട്ടു കൃഷ്ണതുളസിപ്പൂ മണം, വേശ്യപെണ്ണുങ്ങളുടെ മുലയിടുക്കുകളില്‍ നിന്നും പുറപ്പെടുന്ന അമ്ലമണം , പുത്തിലഞ്ഞി മണം പരത്തുന്ന കഴുത്തിലെ കാക്കപ്പുള്ളി, റബറിന്‍റെ ചോക്ലേറ്റ് ഗന്ധം , ഒസ്സാന്‍റെ മുശുക്ക് മണം. ബിരിയാണിയുടെ ,പത്തിരിയുടെ, നെയ്യുടെ, ഹല്‍വതെരുവിന്‍റെ, മരത്തിന്‍റെ, മാരിജുവാനയുടെ ഗന്ധങ്ങള്‍ , അസ്ഥികള്‍ പൂക്കുന്ന, മനുഷ്യനെയ്യ് ഉരുകുന്ന, വേവുന്ന മനുഷ്യ മാംസത്തിന്‍റെ മൃത വാസന ഉറഞ്ഞുകൂടിയ സിമിത്തേരിയുടെ ഗന്ധം -  മരണത്തിന്‍റെ  രൂക്ഷഗന്ധം. അങ്ങനെ അങ്ങനെ പോകുന്ന ഗന്ധ നിര്‍വചനങ്ങളും ഗന്ധ വര്‍ണനകളും. അതുകൊണ്ട് തന്നെ  ഞാന്‍ ഇതിനെ ഗന്ധത്തിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന് കൂടി വിളിക്കുന്നു.    
      





ഒരിക്കല്‍ ഒരു രാജ്യത്തു ഒരു മന്ത്രവാദി ഉണ്ടായിരുന്നു. അയാള്‍ തന്‍റെ മന്ത്രവടി ചുഴറ്റി നാട്ടുകാരുടെ പണവും ചെറു വാല്ല്യക്കാരി പെണ്‍കുട്ടികളേയും തട്ടിക്കൊണ്ട് പോയിരുന്നു. ഒരിക്കല്‍ ആ രാജ്യത്തെ രാജകുമാരന്‍ വിവാഹം ചെയ്യാന്‍ നിശ്ചയിച്ച പെണ്‍കുട്ടിയെ മന്ത്രവാദി തട്ടി എടുത്തു . ഇതില്‍ മനം മടുത്ത രാജകുമാരന്‍  പ്രതികാരത്തിനായ് മാന്ത്രിക കോട്ടയില്‍ കടന്നുകൂടി. മന്ത്രവാദി ഉറങ്ങുന്ന സമയം കഥ കഴിക്കാനായിരുന്നു ഉദ്ദേശം. രാത്രി ഊരിപ്പിടച്ച വാളുമായി ഇറങ്ങിയ രാജകുമാരന്‍ മന്ത്രവാദിയുടെ ഉറക്കറ ലക്ഷ്യം വെച്ച് നടന്നു. പക്ഷെ എല്ലാ മുറിയിലും അയാള്‍ മന്ത്രവാദിയെ കണ്ടു..എല്ലാ മുറിയിലും മന്ത്രവാദിക്കൊപ്പം  പെങ്കുട്ടിയെയും കണ്ടു .അയാള്‍ ആഞ്ഞ് ആഞ്ഞുവെട്ടി പക്ഷെ ആര്‍ക്കും മുറിവേറ്റില്ല..എവിടെയും ചോര പോടിഞ്ഞില്ല..വിയര്‍ത്തു തളര്‍ന്ന അയാള്‍ക്ക്‌ ഇരുട്ടില്‍ ആരോ കുടിക്കാന്‍ വെള്ളം നല്‍കി .. ഞെട്ടി തിരിഞ്ഞ അയാള്‍ കണ്ടത് പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മന്ത്രവാദിയെ ആയിരുന്നു. ഈ കഥ ഇത്രയും എത്തുമ്പോള്‍ സാധാരണ ഞാന്‍ ഉറങ്ങിയിരിക്കും ...രാജകുമാരനെ മന്ത്രവാദി കൊന്നോ ? കണ്‍കെട്ടു വിദ്യക്ക് ഇരയായ രാജകുമാരന് വെള്ളം കൊടുത്തു ഉണര്‍ത്തിയത്‌  അയാളുടെ പെണ്‍കുട്ടിയാണോ ? അവര്‍ മന്ത്രവാദിയുടെ കഥ കഴിച്ച് തട്ടി കൊണ്ട് പോയ പെണ്‍കുട്ടികളെ രക്ഷിച്ചോ ?? ഇവയെല്ലാം മനോവ്യാപാരങ്ങള്‍ക്ക് അനുസൃതമായി ഓരോ ദിവസവും ഞാന്‍ പുനസൃഷ്‌ട്ടിച്ചുകൊണ്ടിരുന്നു..അങ്ങെനെ ഞാന്‍ പുനസൃഷ്‌ട്ടിച്ച എന്‍റെ മനോ വ്യപാരങ്ങള്‍ ജാക്കിന്‍റെ പയര്‍ ചെടി പോലെ ആകാശത്തേയ്ക്ക് പടര്‍ന്നു കയറി..അതിലൂടെ കയറിപ്പോയ ഞാന്‍ ഓരോ ദിവസവും പുതുക്കിയ ഒരേ കഥ കേട്ടു ..ഓരോ കഥാപാത്രവും എന്നോട് അവരുടെ കഥയായി അതേ കഥ വേറൊരു രീതിയില്‍ പറഞ്ഞു.  മന്ത്രവാദിയും രാജകുമാരനും കുമാരിയും തട്ടികൊണ്ട്പോകപ്പെട്ട ഓരോ പെണ്‍കുട്ടിയും, രാജ്യത്തിന്‍റെ മഹാരാജാവും  എന്നോട് അവരവരുടെ കഥ പറഞ്ഞു ..ഓരോന്നും ഒന്നിനൊന്നു വെത്യസ്ഥമായിരുന്നു.. എല്ലാ കഥകളിലും ഞാന്‍ ന്യായാധിപനായി..വിധി പറഞ്ഞു..ഒരു രാത്രി മന്ത്രവാദിയെ കൊല്ലാന്‍ ഉത്തരവിടുന്ന ഞാന്‍ അടുത്ത രാത്രി മഹാരാജാവിനെ കൊല്ലാന്‍ ഉത്തരവിട്ടെങ്കില്‍ പിന്നീടു ഞാന്‍ കുമാരിക്ക് തടവു ശിക്ഷ വിധിച്ചു..  ഓരോ തവണയും എന്‍റെ ന്യായ പ്രമാണങ്ങള്‍ മാറ്റി മറിക്കപ്പെട്ടു.. കഥയുടെ പൊരുള്‍ ചുറ്റുകള്‍ എനിക്ക്‌ ചുറ്റും കറങ്ങി തിരിഞ്ഞു ..അങ്ങനെയാണ് ഞാന്‍ വായന പഠിച്ചത് ....

ഈ വിചിത്രപുസ്തകവും എഴുതപ്പെട്ടിട്ടുള്ളത്‌ ഏതാണ്ട് ഈ ഒരു ക്രാഫ്റ്റില്‍ തന്നെ  ആണ്. ചിലപ്പോള്‍ ഇതു ഒരു കാറ്റലോണിയന്‍ ഫേയറി ടെയ്ല്‍ പോലെ ഒഴുകുന്നു ..പിന്നീടു അത്  മലബാറിന്റെ നാടോടി കഥയായി രൂപാന്തരപ്പെടുന്നു..ചിലപ്പോള്‍ അതു തീര്‍ത്തും ഒരു ഉത്തരാധുനിക സ്ത്രീപക്ഷ നോവലായി അവതരിക്കുന്നു...അടുത്ത നിമിഴം ഒരു നിധിവേട്ട ത്രില്ലര്‍ ആയി അവതരിക്കുന്നു . കഥാതന്തു തികച്ചും ലളിതമാണ്. ഇംഗ്ലീഷും, സ്പാനിഷും , ഫ്രെഞ്ചും അടങ്ങുന്ന യൂറോപ്യന്‍ ഭാഷകളില്‍ എല്ലാം കാലങ്ങള്‍ ആയി പ്രചാരത്തില്‍ ഉള്ള നിധി വേട്ട..പ്രത്യേകിച്ചും കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍  തകര്‍ന്ന് നഷ്ടപെട്ട നിധി വീണ്ടെടുക്കാനുള്ള നിധി വേട്ട എന്നതാണ് ഇതിന്‍റെയും അടിസ്ഥാന കഥാ ബീജം. കൊമാറാടോവോ റിവാഡാവിയയില്‍ നിന്നും സ്വര്‍ണ ആയിരുമായി വന്ന ആവിക്കപ്പല്‍ അപകടത്തില്‍പ്പെടുന്നു . കപ്പലും അതിലെ നിധിയും അതില്‍ ഉണ്ടായിരുന്ന ആള്‍ക്കാരും കടലില്‍ മുങ്ങിത്താഴുന്നു. അത് തേടി എത്തുന്ന ഉടമകളും , നിധി വേട്ടക്കാരും ദുര്‍ഗ്രഹമായ രീതിയില്‍ മരണപ്പെടുന്നു.... കഥയെ   ഏതാണ്ട് ഇങ്ങനെ  സംഗ്രഹിക്കാന്‍ നമുക്കു സാധിക്കുമെങ്കിലും, ഇന്ദുവിന്‍റെ നോവലിലേക്ക് എത്തുമ്പോള്‍  ഇതിനൊക്കെ അപ്പുറത്ത് അത് പൂര്‍ണമായും നമുക്കു മുമ്പില്‍ മറ്റൊരു രൂപം കൈക്കൊള്ളുന്നു, കഥകളും ഉപകഥകളും ആയി നമ്മെ ഭ്രമിപ്പിക്കുന്നു. കഥയുടെ അതിശയിപ്പിക്കുന്ന ഭൂമിക നമ്മുടെ മുമ്പില്‍ ചുരുളഴിയുന്നു. തുറന്നു പറയുന്ന പുരുഷ സ്വവര്ഗാനുരാഗവുംഅടക്കി പറയുന്ന സ്ത്രീ സ്വവര്ഗാനുരാഗവും...പ്രകൃതി വിരുദ്ധം എന്ന് വിളിക്കാവുന്ന ബന്ധവര്‍ണനകളുംDemonization എന്ന രചനാ സങ്കേതത്തെ രതിവര്‍ണനയില്‍ ആവാഹിച്ച പാത്ര സൃഷ്ടികളും ,  മസോകിസവും എല്ലാം ചേര്‍ന്ന് ഈ നോവല്‍ മലയാള സാഹിത്യത്തില്‍ പുതുമയുള്ള ഒരു വായനാനുഭവം  വായനക്കാര്‍ക്ക്‌ മുമ്പില്‍ തുറക്കുന്നു.
   
           

മലയാളനോവല്‍ സാഹിത്യശാഖയില്‍ വളരെ അപൂര്‍വമായി മാത്രം ഉപയോഗിക്കപ്പെട്ടിടുള്ള ഏതാനും ചില പ്രതിഭാസങ്ങളെ ഇന്ദു തന്‍റെ നോവലില്‍ ഉപയോഗിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിരിക്കുന്നു എന്നതും ഈ നോവലിന്‍റെ പ്രത്യേകതയായി എടുത്തു പറയേണ്ടുന്ന കാര്യം തന്നെ ആണ്. ശവരതി ഇതിനു മുമ്പ് (എന്‍റെ വായനയില്‍)  ധര്‍മ പുരാണത്തില്‍ , ഒ.വി.വിജയന്‍ ആണ് ഒരു പ്രതീകം എന്ന നിലയില്‍ ഉപയോഗിച്ചത്. അത് രാഷ്ട്രീയമായ കയോസിനെ (chaos)  അടയാളപ്പെടുത്താന്‍ ആയിരുന്നു എങ്കില്‍, ഇന്ദു അതിനെ തന്‍റെ ഭൂമികയുടെ വാസ്തവികമായ അവാസ്തവികതയെ അടയാളപ്പെടുത്താനുള്ള രൂപകം എന്ന നിലയില്‍ ആണ് ഉപയോഗിചിരിക്കുന്നത്. ഇതു തീര്‍ച്ചയായും ഒരു നാടോടിക്കഥാ കഥനത്തിനു , അത് ആവശ്യപ്പെടുന്ന pseudo seriousness നല്‍കുന്നുമുണ്ട്. പ്രക്രത്യാതീത ശക്തികള്‍ പാത്രീകരിക്കപ്പെടുകയും അവയുമൊത്തുള്ള ശയനവും മറ്റൊരു ഉദാഹരണം. ഇതിനു മുമ്പ് ജനപ്രിയ സാഹിത്യധാരയില്‍ വന്ന പി.വി .തമ്പിയുടെ “ശ്രീകൃഷണ പരുന്ത്”  എന്ന മാന്ത്രിക നോവലില്‍ (പിന്നീടു സിനിമയും) ആണ് ഇത്തരം ഒരു രചനാ സങ്കേതം മുമ്പ് കണ്ടിട്ടുള്ളത്. “Cannibalism” മറ്റൊരു ഉദാഹരണം.  ഇങ്ങനെ സ്ഥലങ്ങളും, ക്രിയകളും, അവസ്ഥകളും നോവലില്‍ സചേതനങ്ങളായി കടന്നു വരുന്നു.. വായനക്കാരനോട് വ്യക്തി എന്ന നിലയില്‍ സംവദിക്കുന്നു, ഈ നോവലിന്‍റെ രചനയില്‍ ഒരു പക്ഷെ ഏറ്റവും ശക്തവും ശ്രധേയമായതുമായ വസ്തുത ഇതു തന്നെ യാവണം. സാധാരണ ലോകത്തില്‍ അചേതനമായ വസ്തുക്കളെ സചേതനമായി ആവിഷ്കരിക്കുക എന്നതും അവയ്ക്ക് മുഴുനീള പാത്രഭാവം കൊടുക്കുക എന്നതും ഒരു നോവലിനെ, പലപ്പോഴും മുന്‍ നിശ്ചയിച്ച ചില സാഹിത്യ കളങ്ങളില്‍ കുരുങ്ങാന്‍ നിര്‍ബന്ധിതമാക്കും.   ഫെയറി , ഹൊറര്‍ ത്രില്ലറുകളിലും, മറ്റുള്ള ജനപ്രിയ സാഹിത്യ സരണികളിലും ആവും കാലം അവയ്ക്കായി കാത്തു വയ്ച സ്ഥാനം. ഈ ഒരു ക്രാഫ്റ്റ് ഇങ്ങനെ ഏറെ അപകടം പിടിച്ചത് ആയിരിക്കെ തന്നെ , വളരെ വിജയകരമായി ഇന്ദു ആ നൂല്‍ പാലത്തിലൂടെ അക്കരെ കടന്നു എന്നത് മാത്രമല്ല ഈ നോവലിന്‍റെ പ്രസക്തി ...അതിനെ ഗൌരവതരമായ ഒരു വയനയായി മലയാളി ആസ്വാദകന്‍റെ മുമ്പില്‍ പ്രതിഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു എന്നത് തന്നെയാണ്.

സാഹിത്യ രൂപങ്ങളില്‍  ആവിഷ്കരിക്കപ്പെട്ട  ജനന വര്‍ണനകളില്‍ എനിക്ക്‌ എക്കാലത്തും പ്രിയപ്പെട്ടവയില്‍ ഒന്ന് ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളിലെ ജെസീക്കയുടെ ജന്മവും  , രണ്ടാമത് സരമാഗുവിന്റെ“Gospel according to Jesus Christ” ല്‍ കര്‍ത്താവിന്റെ തന്നെ ജനനവും ആണ്. ഒന്നില്‍ പ്രസവിക്കുന്ന സ്ത്രീ ആയി എങ്കില്‍ മറ്റേതില്‍ മാധ്യസ്തയായി പരിശുദ്ധ കന്യാമറിയത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതില്‍ നിന്നും തികച്ചും വെത്യസ്ഥമായി മൂന്നാമതൊരു ജനന വര്‍ണന എന്‍റെ മനസ്സില്‍ തട്ടിയത് ഈ നോവലില്‍ ആണ്. ആദ്യ രണ്ടു സാഹചര്യങ്ങളിലും പരിശുദ്ധ കന്യാമറിയത്തിന്‍റെ സാന്നിധ്യം എടുത്തു കാട്ടിയത് , അവയുടെ ദൈവിക ഭാവവും  ശാന്തതയും  എടുത്തുകാട്ടാന്‍ വേണ്ടി ആയിരുന്നു, എങ്കില്‍ ഇവിടെ മരണവും   ജീവനും ഒരുമിച്ചു ,   കലാപോന്മുഖവും വിഹ്വലവുമായ സാഹചര്യങ്ങളില്‍ പിറന്നു വീഴുന്നു..കടല്‍ കൊള്ളക്കാരി അവളുടെ അവസാനത്തെ കൊള്ളയ്ക്കിടയില്‍ കടലില്‍ ജന്മം നല്‍കുന്ന കുഞ്ഞിനൊപ്പം മൃതിയെ പുല്കുന്നത് അമ്പരപ്പിക്കുന്ന സാഹിത്യ കല്പന  തന്നെ. സ്ത്രീയുടെ അടിസ്ഥാന സ്വത്വനിര്‍മിതിയുടെ  വൈരുധ്യം  തന്നെയാണ് ഇതിലൂടെ കഥാകാരി വരച്ചു കാട്ടുന്നത്. ചുറ്റുപാടിനെ വെല്ലുവിളിക്കാനും എതിര്‍ത്തു പോരാടാനും തയ്യാറാണെങ്കില്‍ക്കൂടി,  അടിസ്ഥാന ഭാവത്തില്‍ സ്ത്രീ പ്രസവിക്കാനും പോറ്റിവളര്‍ത്താനും നിയോഗിക്കപ്പെട്ടവള്‍ തന്നെ എന്നും , ആത്യന്തികമായി അവള്‍ തോല്‍ക്കാന്‍ വിധിക്കപ്പെട്ടവള്‍ തന്നെ  എന്നുമുള്ള  സന്ദേഹം കഥാകാരി വെച്ച് പുലര്‍ത്തുന്നതിന്‍റെ പ്രതിഫലനം ആണ് ഈ കഥാപാത്ര നിര്‍മിതി. ഒരു പക്ഷെ തുല്യതയ്ക്കായുള്ള സമരമുഖത്ത് എറിഞ്ഞുടച്ച സ്ത്രീ കഥാപാത്രം അല്ലെങ്കില്‍ സ്ത്രീ പുരുഷ വര്‍ഗ സമരത്തിന്‍റെ രക്തസാക്ഷി എന്ന നിലയില്‍ ആവാം കഥാകാരി ഒരു പക്ഷെ ഈ പാത്ര ശ്രിഷ്ടി നടത്തിയിരിക്കുക.
നോവലില്‍ ഉടനീളം മേല്‍മൂടിയിട്ട് കടന്നു വരുന്ന ആക്ഷേപഹാസ്യം, മിക്കപ്പോഴും സ്ത്രീയെ സംബന്ധിച്ചുള്ള പുരുഷാധിപധ്യ സമൂഹത്തിന്‍റെ മുന്‍വിധികളെ അല്ലെങ്കില്‍ അവയെ പ്രതിനിധാനം ചെയ്യുന്ന ഇമേജുകളെ തോണ്ടി കടന്നു പോകുന്നു. കന്യാചര്‍മം , ഹസ്തിനി ,മുട്ടമുറി കല്യാണം, മുലച്ചി തള്ള , കാബറെ നൃത്തം... ഇങ്ങനെ കടന്നു വരുന്ന ഇമേജുകളെ, സൂഷ്മാവലോകനം ചെയ്താല്‍ , ഇവയൊക്കെ തന്നെ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ പുരുഷന്‍ തന്‍റെ ലൈംഗിക താല്പര്യങ്ങളെ മുന്‍നിര്‍ത്തി നിര്‍വചിച്ചിട്ടുള്ളവയാണെന്നും , ഇത്തരത്തിലുള്ള ബിംബങ്ങളെ അല്ലെങ്കില്‍ പ്രയോഗങ്ങളെ  സ്വകാര്യമായെയെങ്കിലും ആസ്വദിക്കുന്നു എന്നതും  ഒരു വസ്തുത തന്നെയാണെങ്കിലും. ഇവയില്‍ ചിലതെങ്കിലും നോവല്‍ ക്രാഫ്റ്റിന്‍റെ  സ്വാഭാവികമായ അതിരിന്  പുറത്തേക്കു  മുഴച്ചു നില്ല്ക്കുന്നു എന്ന് പറയാതെ വയ്യ.

കഥാബീജത്തിനെ നമ്മുടെ ഇന്നത്തെ  സാമൂഹിക പരിതസ്ഥിതിയിലേക്ക് പറിച്ചു നടുമ്പോള്‍ , ഈ നോവല്‍ നമ്മോടു പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ ? നിധിയും നിധി വേട്ടക്കാരും കാലാകാലങ്ങളായി ഇവിടെ ഉണ്ട്. തലമുറകളിലൂടെ അവര്‍ പുനര്‍ജനിച്ചു കൊണ്ടേയിരുന്നു .. പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു..എല്ലാക്കാലത്തും പുരുഷന്‍ പെണ്ണിനും പൊന്നിനും മുകളില്‍ ആധിപധ്യം ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു.. ആത്യന്തികമായ് ആരും ഒന്നും നേടുന്നില്ല, പക്ഷെ എല്ലായ്പ്പോഴും പെണ്ണ് നഷ്ടങ്ങളുടെ വര്‍ഗം ആകുന്നു ..അവളെ ഭരിക്കുക എന്നത്  ജന്മാവകാശമായി പുരുഷന്‍ കൊണ്ടാടുന്നു...അതിനു മാത്രം കാല ദേശ വര്‍ഗ്ഗ  ഭാഷാ അതിരുകള്‍ ഇല്ല ...ഒരേ ഒരു അതിര് മാത്രം ലിംഗം !! ഇനി മറ്റൊരു സമീപനത്തില്‍ ഇതൊരു ഓര്‍മപ്പെടുത്തലാണ്. പ്രകൃതിയെയും സഹ ജീവികളെയും പരിഗണിക്കാതെ ചൂഷണം എന്ന ഏക ലക്ഷ്യം തലയില്‍ ഏറ്റിയ മനുഷ്യ കുലത്തിനോടുള്ള ഓര്‍മപ്പെടുത്തല്‍. സ്നേഹം, കരുണ, അലിവ്, സഹജീവനം ഇതൊന്നും നാം കാണാറെ ഇല്ല. നോവലിലെ ഭൂമിക എന്ന നിലയില്‍ അവതരിപ്പിക്കുന്ന കടലും മലയും  ദ്വീപും ഒന്നും ചൂഷണത്തില്‍ നിന്നും മുക്തമല്ല. എല്ലാം വാരിക്കൂട്ടാന്‍ വെമ്പുന്ന, വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന  അടങ്ങാത്ത മനുഷ്യദുരയ്ക്ക് നേരെ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന തടുക്കാനാവാത്ത വിധിയുടെ വരവ് വിളംബരം ചെയ്യുന്ന കൃതി എന്ന വലിയ തലത്തിലും  ഇതിന്‍റെ ഒരു  വായന സാധ്യമാണ് ...

ഇതൊക്കെ ഉണ്ട് ..നാം ഇതിനും മുകളില്‍ അല്ലഅടക്കി വച്ച കാര്യങ്ങള്‍ നമ്മെ എങ്ങോട്ട് നയിക്കുന്നു ,അടങ്ങാത്തതിനെ അടക്കിയാല്‍ അങ്ങിങ്ങു മുഴയ്ക്കും ..ഈ മട്ടില്‍ നമ്മുടെ മുമ്പില്‍ പറഞ്ഞു വെച്ച ഒരു രാഷ്ട്രീയം,കുറുച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഒരു micro politics  ഉള്ളപ്പോള്‍ തന്നെ ഇതിന്റെ പ്ലോട്ട് എന്നെ അമ്പരപ്പിച്ചു കളഞ്ഞു. കടലും കടലിന്‍റെ കഥകളും നമ്മെ എന്നും മോഹിപ്പിച്ചിട്ടുണ്ട്‌. പക്ഷെ ജീവനുള്ള കപ്പലുംകപ്പലിന്റെ മരണവുംസ്വര്‍ണ മണല്‍ നിധിയുംക്വാറ്റാകൂം എന്ന സിമിത്തേരിയും,കപ്പലുകളുടെ സ്മശാനവുംഎനിക്ക് മറ്റേതോ ഭാഷയില്‍ ഉള്ള നോവല്‍ വായിക്കുന്ന തോന്നല്‍ ഉളവാക്കി. അല്പം കൂടി കടന്നു പറഞ്ഞാല്‍ മാരിക്കോ എന്ന മൃതരുടെ ദ്വീപും അതിലെ പാത്രങ്ങളും എവിടെയോ എന്നെ മക്കെണ്ടോ ഓര്‍മപ്പെടുത്തി. മഞ്ഞ മേഖം പോലെ ചിത്ര ശലഭങ്ങള്‍ പറന്നിറങ്ങിയ മക്കെണ്ടോയുംമഞ്ഞ മരക്കുടിലിലിരുന്നു കൃഷ്ണചന്ദ്രന്‍ കണ്ട മാരിക്കോ കാഴ്ചകള്‍ക്കും എന്നില്‍ സൃഷിക്കാന്‍ കഴിഞ്ഞ ജാലവിദ്യ ഒന്ന് തന്നെ. മാര്‍ക്കെസിനെ ഇന്ദു പകര്‍ത്തി എന്നോ ,അനുകരിചെന്നോ അല്ല ഇതു കൊണ്ട് അര്‍ഥം ആക്കുന്നത്. പ്രണയവും മരണവും കടലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു നാടോടിക്കഥ പോലെ എന്നിലെക്കിറങ്ങിയ രൂപകങ്ങള്‍എടുത്തു പറയാത്തത് ഏത് തിരഞ്ഞെടുക്കും എന്ന സന്ദേഹത്താല്‍ മാത്രം...പൊള്ളുന്ന ഭാഷ തികച്ചും ഒരു പുതിയ അനുഭവം . തീര്‍ച്ചയായും വീണ്ടും വായിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റില്‍ എഴുതി ചേര്‍ക്കേണ്ടുന്ന ഒന്ന് ..